പാനപാത്രങ്ങൾ നിറയ്ക്കപ്പെടുമ്പോൾ

കണ്ണുകൾ കുടിച്ചുവറ്റിച്ച
ജലമൊഴിഞ്ഞ നീലത്തടാകത്തിൻ്റെ
വേരുകൾ തെളിഞ്ഞിരിക്കുന്നു.
കരൾ കുളിരുകോരിക്കോരിയുണങ്ങി
മെലിഞ്ഞു തീർന്ന പുഴ,
മണൽക്കാടുകൾ വളർന്ന്
ശ്വാസം നിലയ്ക്കാറായിരിക്കുന്നു.
നിഴൽ ചിത്രങ്ങൾ തുന്നിയ
ചാഞ്ഞ ചില്ലയിലെ ചക്കരമാമ്പഴം
കൊത്തിയ കിളി പറന്നനാൾ,
കടയ്ക്കൽ കത്തിവീണ
ആയുസ്സറ്റതേന്മാവ്.

ഇളം പുല്ലു ചവച്ചലസമലഞ്ഞ
മാൻപേടകളെയും മുയൽക്കുഞ്ഞുങ്ങളെയും
കോരിയെടുത്ത ബലിഷ്ഠകരങ്ങൾ,
ആ പുൽപ്പരപ്പു മുഴുവൻ
ഒറ്റ വലിക്കകത്താക്കി.

പഴങ്ങളോ തേൻകുടമോ
മരണശയ്യയിലായ പുഴയോതാണ്ടി
വിശപ്പുകത്തിയ വയറുമായി പാഞ്ഞ
ജന്തുക്കളുടെ കാലുകൾക്കടിയിൽ,
ഉണങ്ങിയ കരിയിലയിലേക്ക്
ആരോ തീതുപ്പി.
ആകാശത്തോളം വളർന്ന തീമരം
കാടും മേടും കടന്നു പോയി
സർവ്വനാശത്തിൻ്റെ തീത്തിരയിൽ
ഞാനും നീയുമടക്കം
നമ്മുടേതായതെല്ലാം അടക്കംചെയ്യപ്പെട്ടു

ചെർപ്പുളശ്ശേരി, ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയാണ്..ആനുകാലികങ്ങളിലും നിരവധി ഓൺലൈൻ മാസികകളിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാക്കിൻ്റെ വെളിപാട്, വെയിൽപ്പൂക്കൾ, അതേ വെയിൽ എന്നീ കവിതാ സമാഹരങ്ങളിലും കവിതകൾ വന്നിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി