പലതരം കാഴ്ചകളുള്ള കണ്ണടകൾ

കവിയും കണ്ണടയും പലപ്പോഴും
ഇരട്ടപിറന്നവരാണ്.
ഇറയത്തിരുന്നവർ ഒരുപോലെ
ഉറങ്ങുകയും വായിക്കുകയും
മരണത്തോടെ അപൂർണമായി
ഉപേക്ഷിക്കപ്പെടുകയും ചെയ്യും.

അറിയപ്പെടുന്ന ചുരുക്കം ചില
കണ്ണടകളിലെ അപ്പോസ്തലൻമാർ
മലയാളത്തിൽ നിന്നുള്ള ബഷീറിന്റെ
കറുത്തു മെലിഞ്ഞ വട്ടക്കണ്ണടയും
ഉപ്പുകുറുക്കി ഇന്ത്യ മുതൽ
ഇന്ത്യവരേയ്ക്കും ചരിത്രത്തിലേക്ക്
നോക്കിയ ഗാന്ധിക്കണ്ണടയുമാണ് .

കവിയും കണ്ണടയും എല്ലായ്പ്പോഴും
സഹയാത്രികരായിരുന്നു.
കാഴ്ച മങ്ങിയ കണ്ണട
യാത്രക്കിറങ്ങിയ കവിയുടെ വഴിയിൽ
വെളിച്ചം വിതറുന്നു, കൈ പിടിക്കുന്നു.
കുഴിഞ്ഞ കണ്ണുകളിലേക്ക്
അക്ഷരങ്ങളെ പടിയിറക്കുന്നു.
ഉന്നതിയുടെ പടി കയറ്റുന്നു.
‘നോക്കി നടക്കു’ എന്ന് നിശബ്ദ ശാസന.
കവിയപ്പോൾ കണ്ണട ഉയർത്തിയും
താഴ്ത്തിയും വെക്കുന്നു.

കണ്ണുകളും കണ്ണടകളും
രണ്ട് രൂപാന്തരങ്ങളാണ്.
യൗവനത്തിലെ നീണ്ട മിഴികളിൽ
കണ്ണട നിറങ്ങളണിയുന്നു.
മഴവില്ല് ചാർത്തുന്നു.
വാർദ്ധക്യത്തിലെ കുഴിഞ്ഞ
കണ്ണുകളിൽ നരച്ച നിറം മാത്രം വിരിക്കുന്നു .

വട്ടക്കണ്ണടകൾ ചതുരക്കണ്ണടകൾ…
രണ്ട് തോണിയിലേക്കവ
മെലിഞ്ഞ കാലുകൾ നീട്ടിവെച്ചിരിക്കുന്നു.
ഏത് നിമിഷവും ഉടഞ്ഞേക്കാം.
തോണിക്കടിയിൽ നരവീണ
ഒന്നുരണ്ട് തിരകളുടെ അവശേഷിപ്പ്.
ഏത് നിമിഷവും വറ്റിയേക്കാം.

കവിയും കണ്ണടയും പലപ്പോഴായി
ഉറക്കം നഷ്ടപ്പെട്ടവരാണ്.
നരച്ച കണ്ണട
നരച്ച കാഴ്ച
നരച്ചൊരു കവി
പുതിയ കണ്ണട വാങ്ങി
അക്ഷരം തെറ്റിയ കവിതയെ
തിരുത്തുന്നു.
പക്ഷെ, പുതിയ കണ്ണട
കവിയുടെ പഴയ കാലത്തെ
കണ്ടതേയില്ല.
അത്,നരച്ചൊരു കോടി മാത്രം കണ്ടു.
ആകാശം പോലെ വിളറിയ ഒന്ന്.

കവിയും കണ്ണടയും ഇടയ്ക്ക് ബദ്ധശത്രുക്കളെപ്പോലെയാണ്.
നേർത്ത മഞ്ഞുകൊണ്ട്
അക്ഷരങ്ങളെ മായ്ച്ചുകളയും.
മെലിഞ്ഞ കാലൊന്നുടയ്ക്കും.
ചില്ലുഗ്ലാസിൽ പോറൽ വരയ്ക്കും.
കവിക്കപ്പോൾ എത്രപെട്ടെന്നാണത്
മങ്ങിയ പുകക്കണ്ണടയാകുന്നത്!

കവി കോന്തലയിൽ
കണ്ണടയുടെ കണ്ണുകൾ തുവർത്തുന്നു.
കരയുന്ന കണ്ണടയെ
കവിയാദ്യം കാണുകയായിരുന്നു.
കവി കണ്ണടച്ചു.
രണ്ട് തോണിയിൽ നിന്നുമിറങ്ങി
മെലിഞ്ഞ കാലുകൾ മടക്കി വച്ചിരുന്ന്
മുഷിഞ്ഞ കണ്ണടയും മിഴിയടയ്ക്കുന്നു.
ആത്മീയത
കാലധ്യാനം.

കവിയും കണ്ണടയുമിപ്പോൾ
പരസ്പരം നോക്കുന്ന
രണ്ട് നിഴലുകളാണ്.
ഡിസംബറിനും ജനുവരിക്കുമിടയിലെ
രണ്ട് കാലങ്ങൾ പോലെ.
ആരോഹണത്തിനും
അവരോഹണത്തിനുമിടയിലെ
ശ്വാസഗതിയുടെ ഇടവേള.
ഭിത്തിയിലിരുന്ന കവിക്ക്
കണ്ണടയുണ്ടായിരുന്നില്ല.

മരിച്ചകവി കണ്ട ലോകങ്ങളെയും
സർവ രഹസ്യങ്ങളുമായി
കണ്ണട മേശവലിപ്പിലുറങ്ങി.
കവിയുടെ കണ്ണടയിട്ടവരെല്ലാം
പുതു കവികളായി.
പുതിയ കാഴ്ചകൾ.
പിന്നീട് കണ്ണടയുടെ കാണാപ്പുറങ്ങളും
വരികൾക്കിടയിലെ വായനയും
അവസാനിച്ചതേയില്ല.
ഭാഷയിൽ കവിയും കണ്ണടയും കവിതയും
നിരന്തരം പൂത്തുകൊണ്ടേയിരുന്നു.

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു