പരാജിതരുടെ വിശുദ്ധഗ്രന്ഥം

കണ്മുന്നിൽ കാണുന്ന കാഴ്ച്ചകളുടെ നേരവതരണമാണ് പലപ്പോഴും എഴുത്തുകാരുടെ തൂലികയുടെ ശക്തിയും ശ്രോതസും. അത്തരമൊരു കാലിക പ്രസക്തമായ കാഴ്ച്ചയുടെ അക്ഷര ചിത്രമാണ് വെള്ളിയോടൻ രചിച്ച ‘പരാജിതരുടെ വിശുദ്ധഗ്രന്ഥം’ എന്ന നോവൽ.

കഥാനായികയായ ഷാസിയായും നായകൻ ഫർഹാനും വായനക്കാരുടെ മുന്നിൽ തുറന്നുവച്ച ഗ്രന്ഥം കണക്കെ ഈ ലോകത്തിൻറെ പ്രതിനിധികളും ദർപ്പണവുമായി ഭവിക്കുന്നു. ഭയം എന്ന വികാരം തണുത്തുറഞ്ഞ ഒരു ചെകുത്താനെപ്പോലെ അവളെ പിടിമുറുക്കുന്ന രംഗത്തോടെയാണ് നോവൽ ആരംഭിക്കുന്നത്. ചകിതമാനസത്തോടെ കതക് തുറക്കേണ്ടി വരുന്ന അരക്ഷിതാവസ്ഥയുടെ നേർചിത്രീകരണം. ഏതു നിമിഷവും പിടിക്കപ്പെടുമെന്നും, നാടുകടത്തപ്പെടുമെന്നും, അരുമ മക്കളെയും ഭർത്താവിനെയും വിട്ടു പിരിഞ്ഞ് ജന്മദേശമായ പാകിസ്താനിലേക്ക് ഏകയായി പലായനം ചെയ്യപ്പെടേണ്ടിവരും എന്നുമുള്ള ആ ഭയം ഇന്ന് ഇന്ത്യയിൽ പൗരത്വനിയമം പോലെയുള്ള സാമൂഹികവും സാംസ്‌കാരികവും അങ്ങേയറ്റം മതപരവുമായ പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.

ഷാസിയായുടെയും ഫർഹാൻ മാലികിന്റെയും പ്രണയം മൊട്ടിടുന്നതും പുഷ്‌പ്പിക്കുന്നതും ഷാർജയിൽ ജോലിയിടത്തിൽ വച്ചാണ്. പാകിസ്താനിയായ അവളുടെ ഹൃദയത്തിൽ ഭാരതമണ്ണിനോടുള്ള ഇഷ്ടം തിരയൊടുങ്ങാതെ അലതല്ലുന്നു. വിഭജന കാലത്ത് ഇന്ത്യ വിട്ട് പാകിസ്താനിലേക്ക് പോയത് എന്നും ഘനീഭവിച്ച ദുഃഖമായി അവളുടെ കുടുംബത്തിൽ കിടക്കുന്നുണ്ട്. ആരോ വരച്ച അതിർവരമ്പുകൾ ഭേദിച്ച് ഷാസിയ ഫർഹാൻ മാലിക് എന്ന കാശ്മീരി യുവാവിനോട് അടുക്കുകയും അവരുടെ വിവാഹം ഷാർജയിൽ നടക്കുകയും ചെയ്യുന്നു. പാകിസ്താനും കാശ്മീരും എന്നും ഭാരതമണ്ണിൽ ചൂടൻ വിഷയമാണല്ലോ. അതാണ് കഥയിൽ വില്ലനായി തീരുന്നതും, ഭയം എന്ന നിസ്സഹായാവസ്ഥയിലേക്ക് ദമ്പതികളെ കൊണ്ടുചെന്നെത്തിക്കുന്നതും.

മുന്നോട്ടുള്ള പോക്കിൽ അവർക്ക് രണ്ട് കുട്ടികൾ ജനിയ്ക്കുകയും തിരികെ ഡൽഹിയിൽ വന്ന് ചേക്കേറുകയും ചെയ്യുന്നു. ജനിച്ച നാടും ബന്ധുജനങ്ങളെയും ത്യജിച്ചാണ് ഫർഹാൻ അവിടെ താമസിക്കുന്നത്. ജെ.എൻ.യു.വിലെ വിദ്യാഭ്യാസ കാലത്തെ കമ്യുണിസ്റ്റ് പ്രവർത്തനവും കാശ്മീരും വിട്ട് അവൻ മറ്റൊരു വ്യക്തിത്വമായി. അതേപോലെ പാകിസ്താനിൽ നിന്നും നാടും വീടും വിട്ടാണ് ഷാസിയായും അവനോടൊപ്പം കൂടുന്നത്. ഇന്ത്യ നൽകിയ വിസ നിയമങ്ങൾ ലംഘിക്കാതെ വാടക ഫ്ലാറ്റിൽ ഒതുങ്ങിക്കൂടി ഒരിക്കൽ പൗരത്വം ലഭിക്കും എന്ന പ്രത്യാശയും ഉത്തമ ഭാര്യയായി ജീവിക്കുവാനുള്ള അഭിവാഞ്ജയും നിറഞ്ഞ ജീവിതം. എന്നാൽ വിധി എന്ന വെള്ളിടി അവരിൽ തണുത്തുറഞ്ഞ ഭീതി പടർത്തി ജീവിതഗതിയാകെ മാറ്റിമറിക്കുന്നു. ആരോ പോലീസിൽ പരാതിപ്പെട്ട് അവരിൽ ചാരവൃത്തി ആരോപിക്കപ്പെടുമ്പോൾ ഫ്ലാറ്റുടമ ദയയില്ലാതെ കുടുംബത്തെ പെരുവഴിയിലേക്ക് ഇറക്കി വിടുന്നു. ഭാര്യയും കുട്ടികളുമായി തെരുവിലേക്ക് ഇറങ്ങേണ്ടിവരുന്ന ഫർഹാന്റെ മാനസിക വ്യാപാരങ്ങൾ സമൂഹത്തിലേക്ക് ഒരുപാട് ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്.

132 പേജുകൾ ഉള്ള പുസ്തകത്തിൽ വെള്ളിയോടൻ ഒട്ടേറെ കാര്യങ്ങൾ പറഞ്ഞുവയ്ക്കുവാൻ ശ്രമിക്കുന്നു. ആനുകാലിക സംഭവങ്ങളിൽ തുടങ്ങി, ഷാർജയും പാകിസ്താനും, ഇന്ത്യയും, ഇന്ത്യയിലെ തന്നെ കാശ്മീരും അജ്മീറും എന്തിന് കേരളംപോലും കഥയിൽ നിറയുന്നു. ചരിത്രത്തിൻറെ ഏടുകളിലൂടെ സമാന്തര അന്വേഷണവും എഴുത്തുകാരൻ നിർവഹിക്കുന്നത് വായന രസകരമാക്കുന്നുണ്ട്. അധികാരത്വരയും വ്യക്തിധാർഷ്ട്യവും ഒക്കെ നമുക്കവിടെ ദർശിക്കാം. സ്വതന്ത്ര ഇന്ത്യ ആഘോഷങ്ങളിൽ നിറയുമ്പോൾ ബംഗാൾ തെരുവുകളിൽ വ്രണിത ഹൃദയത്തോടെ നടന്നുപോകന്ന അർദ്ധനഗ്നനായ ഫക്കീർ. സഹോദരിയുടെ കടും പിടിത്തത്തിന് ഗത്യന്തരമില്ലാതെ വഴങ്ങുന്ന മുഹമ്മദാലി ജിന്ന. സർദാർ വല്ലഭായി പട്ടേലിൻറെ ഉരുക്കു ചിന്തകൾ, ജവഹർലാൽ നെഹ്‌റുവും കാശ്മീരും എന്നിങ്ങനെ വേവൽ പ്ലാനും എഡ്വിന മൗണ്ട് ബാറ്റണും ഒക്കെ നോവലിൻറെ ഗതിയെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചിന്തകൾക്ക് കനൽ കോരിയിടുകയും ചെയ്യുകയാണ്.

എത്ര പറഞ്ഞാലും എഴുതിയാലും തീരാത്ത വണ്ണം നടന്ന വിഭജനകാലത്തെ പലായനങ്ങളും ജാതി-മത വെറികളും, ലഹളകളും കഥയിലുടനീളം സങ്കടകാഴ്ചകളായി പരന്നു കിടക്കുന്നു. മാനുഷികതയെ അധികാരം മുറിവേൽപ്പിക്കുന്ന പരിഷ്‌കൃത സമൂഹത്തിൻറെ അപകടം നോവലിൽ നന്നായി അടയാളപ്പെടുത്തുകയാണ് വെള്ളിയോടൻ. ജനാധിപത്യത്തിൻറെ പേരിൽ ആട്ടിൻ തോലിട്ട ചെന്നായ്ക്കളെപ്പോലെ ഫാഷിസം ആഴ്ന്നിറങ്ങുന്നതും കഥയിൽ ചർച്ചയാവുന്ന മറ്റൊരു പ്രമേയമാണ്. ജാതിയുടെയും മതത്തിന്റെയും ലേബലിൽ ഹനിക്കപ്പെടുന്ന ജനാധിപത്യവും ശത്രുരാജ്യം എന്നൊരു രാക്ഷസരൂപം ഉണ്ടാക്കി, ജനതയിൽ ഭയവിഹ്വലതകൾ പാകി, അത് വോട്ടാക്കി മാറ്റുകയും ശത്രുവിൽ നിന്നും രക്ഷിക്കാനുള്ള രക്ഷിതാവോ അവതാരമോ ആണ് താൻ എന്ന ഏകാധിപത്യത്തിന്റെ പ്രവണതകളെ വരച്ചിടാനും കഥാകൃത്ത് ശ്രമിക്കുന്നു. വർണ്ണവും ജാതിയും ശത്രുരാജ്യവും ആണ് ഫാഷിസത്തിന്റെ മൂലക്കല്ലുകൾ. ഒരുപക്ഷെ കൃത്രിമയായി പോലും അവർ ശത്രുക്കളെ സൃഷ്ടിക്കുന്നു. അത്തരം ഒരു സൃഷ്ടിയാണ് നോവലിൽ ശത്രുരാജ്യത്തിൻറെ ചാരന്മാരായി ചിത്രീകരിക്കപ്പെടുന്ന ഷാസിയായും ഫർഹാനും കുട്ടികളും. വായനക്കാരൻറെ ഹൃദയം അറിയാതെ പിടച്ചുപോകുന്നുണ്ട് അവിടെ. ആ പിടപ്പും തുടിപ്പുമാണ് വെള്ളിയോടൻറെ എഴുത്തിൻറെ ശക്തിയും സൗന്ദര്യവും.

ഏറെ കാര്യങ്ങൾ ഒതുക്കത്തോടെ ചെറിയ പുസ്തകത്തിൽ നിറച്ചിരിക്കുന്നു. എന്താണ് പരാജിതരുടെ വിശുദ്ധ ഗ്രന്ഥം? നമ്മളിൽ പലരുടെയും ഒപ്പം ഈ ചെറു ഗ്രന്ഥം പരാജിതരുടെയും വിജയികളുടെയും അടയാളപ്പെടുത്തലുകളായി ഉണ്ട്. ഈ ചിന്ത വായനയിലും വായനയ്ക്ക് ശേഷവും ചേതന നിറയ്ക്കുന്ന സംഗതിയാകുന്നു. കാവ്യഭംഗിയുള്ള ഭാഷയിലൂടെ നോവലിന് ചാരുത നൽകുവാൻ എഴുത്തുകാരൻ നടത്തുന്ന ശ്രമം ശ്ലാഖനീയം. വായനക്കാർക്ക് ചിന്തയുടെയും കാഴ്ച്ചയുടെയും വലിയ വാതായനമാണ് വെള്ളിയോടൻ നോവലിൻറെ പ്രമേയത്തിലൂടെ തുറന്നിടുന്നത്. കഥാന്ത്യം, അതിരുകളില്ലാതെ നടന്നു നീങ്ങുന്ന ഗുരുനാനാക്കിൻറെ കാല്പാദങ്ങൾക്ക് പിന്നിൽ നടക്കുന്ന ഷാസിയയിൽ നിറയുന്ന ചുടുനിശ്വാസം വായനക്കാരിലേക്കും പടരും. അപൂർണ്ണതയിൽ നിറയുന്ന പൂർണ്ണതയുടെ ഭംഗി.

നിരാശയില്ലാതെ വായന പ്രദാനം ചെയ്യുന്ന പുസ്തകമാണ് ‘പരാജിതരുടെ വിശുദ്ധഗ്രന്ഥം’. പ്രസാധകർ പൂർണ്ണ പബ്ലിക്കേഷൻസ്, വില 145 രൂപ.

പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശി. 'ഖിസ്സ' എന്ന പേരിൽ രണ്ട് കഥാസമാഹാരങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. പുക്രൻ ആദ്യ നോവൽ. 2021-ലെ പാം അക്ഷരതൂലിക കഥാപുരസ്‌കാരം ലഭിച്ചു.