എന്നാണിനി പത്താം ക്ലാസിലെ
അവസാന ബെഞ്ചിലൊന്നിരിക്കുക.
വിടർന്ന കണ്ണുകൾ അടയ്ക്കാതെ
കലപില കൂട്ടിയ കൗമാരത്തെ
വാരി പുണരുക.
നരവീണ ജീവിത
കഷായ ചവർപ്പ് പേറുമ്പോൾ
ആരുടെ കൈയിലെ
ചോക്കു കൊണ്ടായിരിക്കും
ബോർഡിൽ ക്ലാസ്സിൽ
വർത്തമാനം പറഞ്ഞവരുടെ
പേരിന്റെ കണക്കെഴുതി വെയ്ക്കുക..
സമരകാഹളങ്ങളിൽ
മുഷ്ടിചുരുട്ടിയ വിപ്ലവത്തിന്റെ
ബാലികേറാമലകളുടെ
മുകളിലെത്തി
ചെങ്കൊടി പാറിയ്ക്കുക.
പിടഞ്ഞ മിഴികളുമായി
നിന്റെ ലാവണ്യമെന്റെ
നെഞ്ചിനുള്ളിലെ
തേൻ കൂടുകൾ എയ്തുവീഴ്ത്തുന്നു..
നിറങ്ങളില്ലാത്ത നരച്ച
എന്റെ കുപ്പായത്തിലെ
കരിമ്പൻ പൂശിയ മഴക്കാലത്തിൽ
ഒന്നു നനഞ്ഞു
കുളിരുകോരുക.
ഒട്ടിയ വയറിന്റെ
ഓവുചാലിലൂടെ നീയെന്ന
തീവണ്ടി പ്രേമത്തിന്റെ
ചൂളം വിളികളുമായി
രാത്രിയുടെ പാളങ്ങൾ താണ്ടുക.
അപ്പാപ്പന്റെ പെട്ടിക്കടയ്ക്ക്
മുന്നിൽ വച്ച
ജയഭാരതിയുടെ രതിനിർവേദം
സിനിമാപടം നോക്കുമ്പോൾ
അറിയാതെ നീ പുഞ്ചിരിച്ച്
മൂക്കത്ത് വിരൽ വെച്ചുപോയ
വെള്ളിയാഴ്ച്ച.
സ്കൂൾ വരാന്തയിലെ
ഉച്ച നടപ്പിനൊടുവിൽ
എത്ര മൗനവില്ലുകളാണ്
നാം കുലച്ചു തീർത്തത്.
മരബെഞ്ചിലാണി കൊണ്ടെഴുതിയ
നമ്മുടെ പേരുകൾ
കാലൊടിഞ്ഞ സ്വപ്നങ്ങളുമായി
ആരോ കൂട്ടിയിട്ട
മുറിയിൽ ഇപ്പോഴും
പുണർന്നു കിടക്കുന്നു.
നാലുമണിയിലെ അവസാന
ബെല്ലടിയിൽ എത്ര
കരളുരുക്കത്തോടെയാണ്
നാം പകലുകളെ
പിരിഞ്ഞുപോയത്.
മേരി ടീച്ചറുടെ
മലയാള കവിതയിൽ പെയ്തു പോയ
എത്ര പ്രണയാക്ഷരങ്ങളാണ്
ആകാശങ്ങളിൽ ഇന്നും
കൗമാര നക്ഷത്രങ്ങളാകുന്നത്..
നിന്റെ വിരലുകളിലെ
നനുത്ത രോമങ്ങൾ
എത്ര മയിൽപ്പീലി കാടുകളെയാണ്
ഉന്മാദിനിയാക്കിയത്..
അരക്കൊല്ല പരീക്ഷയിൽ
ഉത്തരക്കടലാസിൽ എനിക്കു
കിട്ടിയ മുട്ടകൾക്കൊപ്പം
നീലാഞ്ജനം പൂശിയ
നിന്റെകണ്ണുകൾ വരച്ച
എന്റെ കൈയ്യേറ്റു വാങ്ങിയ
ചൂരൽ പരീക്ഷകൾ.
അന്നു പിരിഞ്ഞതിൽ
പിന്നെ നേരിൽ കാണാതെ പോയ
വർഷങ്ങൾ ഇപ്പോഴും
കൊഴിയാതെ കലണ്ടറിൽ
പൂക്കളായി വിരിയുന്നു.
നീ ഏതോ ആശ്രയമറ്റ പക്ഷിയായി
ക്രിസ്തുവിന്റെ മണവാട്ടിയായി
കടൽതാണ്ടിയപ്പോൾ
ഞാൻ ഈ കാഴ്ച മങ്ങിയ
നിറമില്ലാത്ത പട്ടങ്ങൾക്കൊണ്ട്
നീലാകാശങ്ങളിൽ
നിന്നെ തിരഞ്ഞിരുന്നു..
നീ നടന്ന നാട്ടിടവഴികൾ,
പാടവരമ്പുകൾ,
ഓർമ്മയുടെ ശീവേലിയുമായി
വെഞ്ചാമരം വീശി
മനസ്സിന്റെ ഉൽസവപ്പറമ്പുകളിൽ
ഇപ്പോഴും നിന്നെയന്വേക്ഷിച്ച്
കപ്പലണ്ടി കൊറിച്ചു നടക്കുന്നു..