വാടക ഗർഭം ചുമക്കുന്നൊരുവൾ
മുഖപ്രസാദമില്ലാതെ
ആലസ്യം പുതച്ചിരിക്കുന്നു.
ഉപേക്ഷിക്കപ്പെട്ടയിടങ്ങളിൽ
ജൈവികമായ ഒന്ന് മുളപൊട്ടി
തളിർത്ത് പച്ചപിടിക്കാനൊരുങ്ങുമ്പോൾത്തന്നെ
ആശങ്കകളുടെ മനം പുരട്ടലുകളിൽ
വിളറിപ്പോകുന്നു.
യൗവ്വനനിറക്കൂട്ട് വാർന്നൊലിച്ച്
ഗ്രഹണമേറ്റെന്ന വണ്ണം ഇരുണ്ടു പോയവൾ .
അടുക്കും ചിട്ടയുമകലെയായ
അടുക്കളത്തളം പോലെ ,
കുഴഞ്ഞു മറിഞ്ഞ പെൺ മനം.
അരുചിവിളമ്പി വയ്ക്കുന്ന
പാചകപ്പുറമായവൾ .
കവചിതചിന്തകൾ കടന്നൊരു
വാക്കുപോലും സ്വതന്ത്രമായില്ല.
പുളിച്ചു തികട്ടലും ഛർദിയും കൊണ്ട്
ക്ഷീണിച്ചു പോകുന്നെങ്കിലും
കലാപ ഭൂമിയിൽ നിന്നുമൊളിച്ചുകടത്തിയ
പ്രാണൻ പോലെ
നിഴലിനെ പോലും ഭയക്കുന്ന
ഹൃദയവുമായി
സാന്ത്വനിപ്പിക്കലിന്റെ ,ആശ്വാസത്തിന്റെ
ആഴങ്ങൾ തേടിക്കൊണ്ടിരുന്നു.
പ്രതീക്ഷയുടെ ഓരോ വാതിലുകളിലും മുട്ടി,
വേദനയൊഴുകുന്ന കാലുകളോടെ
സ്വയം താരാട്ടു പാടി,
ഉറക്കമകന്ന് രക്തം കിനിഞ്ഞ്
നനഞ്ഞ കണ്ണുകളിലേക്ക്
ഒരുവെളിച്ചത്തുള്ളി നിറയ്ക്കുമ്പോഴും
നോവുചാരം മൂടി
അവളിലെ പെണ്ണ് കുമിഞ്ഞു കൂടിയിരുന്നു.
വിശപ്പുവളർന്ന വീട്ടിലേക്കേത്തിയ
അക്ഷയ പത്രം തേടിയത്
വംശ വൃക്ഷത്തിന്റെ വേരുകളാഴ്ത്താനൊരു
ഫല ഭൂയിഷ്ഠമായനിലമായിരുന്നു.
പറിച്ചുനടപ്പെട്ട തുടിപ്പിന്
കനം വച്ചുതുടങ്ങിയിട്ടും
തടവിലിട്ട ചിന്തകൾ കടന്നൊരു വാക്കു പോലും
തിക്കിത്തിരക്കിയില്ല.
വിചാരണക്കൂട്ടിൽ നിൽക്കുമ്പോഴും
വാക്ശരങ്ങളാൽ പ്രാണൻ എയ്തെടുക്കപ്പെട്ടപ്പോഴും ,
ഒടുവിൽ സുഖകരമായൊരിളക്കത്തിൽ
പ്രാണനുണരുന്നത്
അനുകൂലമായ നിലത്തു വീണ
വിത്ത് മുളപൊട്ടുമ്പോലെ
അനായാസമായിരുന്നുവെന്ന്
അകത്തിരുന്നാരോ പിറുപിറുത്തു .