
ഞാൻ ഒരു വഴുതനങ്ങയോളം വലുതായത്രേ..!
ഏഴാമാസത്തെ സ്കാനിംഗ് നോക്കി ഡോക്ടർ പറയുന്നത് കേട്ട് ഉപ്പയുടെയും ഉമ്മയുടെയും സന്തോഷവും കൗതുകവും ഞാൻ അറിയുന്നുണ്ട്. സന്തോഷമില്ലാതിരിക്കുമോ…?
അവരുടെ ആദ്യത്തെ കണ്മണിയാണ് ഞാൻ. അതുകൊണ്ട് തന്നെ എല്ലാരും നല്ല ആകാംക്ഷയിലാണ്. ഉമ്മാനെ നോക്കുന്ന കാര്യത്തിൽ തല്ലാണ്. ആറുമാസം എത്രപെട്ടെന്ന കഴിഞ്ഞത്.
ഇനി ഏഴാമാസത്തിൽ ഉമ്മാന്റെ വീട്ടിലോട്ട് പോകുന്ന ഒരു ചടങ്ങുണ്ട്. എല്ലാവരും അതിന്റെ ഒരുക്കത്തിലാണ്. എനിക്കെന്തോ അസ്വസ്ഥത തോന്നുന്നു. ഉമ്മക്കും അത് മനസ്സിലായെന്നു തോന്നുന്നു. ഉമ്മ മാമിയോട് പറയുന്നത് കേട്ടു, കുട്ടി അനങ്ങുന്നില്ല എന്നൊക്കെ. ശെരിയാണ്, അപ്പോഴേക്കും ഞാൻ തളർന്നിരുന്നു. അപ്പോൾ മാമി ഉമ്മാന്റെ വീർത്തവയറിൽ കൈയ്യും തലയും ചേർത്ത് അനക്കമൊക്കെ ശ്രെദ്ധിക്കുന്നുണ്ട്. ശേഷം, കുറച്ചു ചൂടുവെള്ളം കുടിക്കാനൊക്കെ പറയുന്നു. അവർ കരുതിക്കാണും ഞാൻ എപ്പോഴത്തെയും പോലെ അവരെ പറ്റിക്കുകയാണെന്ന്.
ഉമ്മ കുടിച്ച ചൂടുവെള്ളം എന്നെ ഒന്ന് ചെറുതായെങ്കിലും അനക്കി എന്ന് തോന്നുന്നു. അതുകൊണ്ടാകുമല്ലോ ഉമ്മ അന്ന് ധൃതിപിടിച്ചു ഹോസ്പിറ്റലിൽ ഒന്നും പോകാതെ നേരം വെളുപ്പിച്ചതും. പിറ്റേന്ന് ഉമ്മാനെ കൂട്ടികൊണ്ടു പോകാൻ വലിയുപ്പയൊക്കെ വന്നിരുന്നു. എല്ലാവരും നല്ല സന്തോഷത്തിലാണ്. അപ്പോഴും ഉമ്മാക് ടെൻഷൻ മാറിയിട്ടില്ല എന്ന് മുഖം കണ്ടിട്ട് തോന്നുന്നു. ആ ടെൻഷൻ തന്നെയായിരുന്നു ഉമ്മാനെ അന്ന് വൈകീട്ട് ഹോസ്പിറ്റലിൽ എത്തിച്ചതും. ഉമ്മാനെ നോക്കിയ ഡോക്ടർ പറഞ്ഞു തീരും മുൻപ് തന്നെ ഉമ്മയുടെ ചുണ്ട് വിതുമ്പിയിരുന്നു.
എനിക്ക് മിടിപ്പില്ലെത്രെ..!
ഓപ്പറേഷൻ ചെയ്യാതെ പ്രസവിക്കണം എന്നാ ഡോക്ടർ പറഞ്ഞത്. ഞാൻ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്റുമ്മാനെ ? ഉമ്മാന്റെ ആ അവസ്ഥ കണ്ടു ഞാൻ വല്ലാതായി. എനിക്ക് വേണ്ടി ഖബർ കുഴിക്കാനൊക്കെ അപ്പോഴേക്കും ആരെല്ലാമോ നിർദ്ദേശിക്കുന്നുണ്ട്. അതിനു ഞാൻ പുറത്തോട്ടു വരണ്ടേ ?. പാവം ഉമ്മ രാവിലെ തുടങ്ങിയ കഷ്ടപ്പാടാണ്. രാത്രിയോടെ എന്നെ പ്രസവിച്ചു. ഞാൻ എന്റെ ഉമ്മാനെ കണ്ടു.
കണ്ണടച്ചാണെങ്കിലും കവിളിലൂടെ കണ്ണുനീരൊലിക്കുന്നുണ്ട്. എന്റെ ഉമ്മ ഭയങ്കര സ്ട്രോങ്ങ് ആണ്. അല്ലാതെ ഇത്ര കഷ്ടപ്പെട്ട് ജീവനില്ലാത്ത എന്നെ പ്രസവിക്കുമോ?.
വലിയുമ്മടെ കയ്യിൽ കിടന്നാണ് ഞാൻ എന്റെ വീട്ടിലോട്ട് പൊരുന്നേ. എന്നെ എടുത്തു കൊഞ്ചിക്കേണ്ട കൈകളാണ്. അത് വിറക്കുന്നുണ്ടോ ? ഉണ്ട് ! എനിക്ക് തോന്നിയത് ഒന്നുമല്ല.
എന്നെ കാണാൻ ആളുകളൊക്കെ കൂടിയിട്ടുണ്ട്. ഇനി ഇവർക്കെന്നോട് ദേഷ്യം കാണോ ? കൊതിപ്പിച്ചു കടന്നു കളഞ്ഞതിന് !
ഏയ് , ഉണ്ടാകില്ല.
ഞാൻ മനപ്പൂർവം അല്ലല്ലോ. ഒരു ടേബിളിൽ വെച്ച എന്നെ ഇത്താത്തമാരും ഇക്കാക്കമാരും ഒക്കെ വന്ന് എത്തിനോക്കുന്നുണ്ട്.
ആരൊക്കെയോ പറയുന്നതും കേട്ടു ഒരു സുന്ദരി കൊച്ചാണ് ഞാനെന്ന്. ചുണ്ടൊക്കെ ചുവന്ന ഒരു മാലാഖ കൊച്ച്. ആരോ എന്റെ ഒരു ഫോട്ടോയും എടുത്തു. ഉമ്മാക്ക് കാണിച്ചു കൊടുക്കാനാകും ,’ ഇതാടി നിന്റെ സുന്ദരികോത’ എന്ന് പറഞ്ഞിട്ട്.
വലിയുമ്മടെ നേതൃത്വത്തിൽ എനിക്ക് വേണ്ടി നിസ്കാരമൊക്കെ കഴിഞ്ഞു. ശേഷം ഉപ്പ എന്നെ കോരിയെടുത്തു കാറിന്റെ ഫ്രന്റ് സീറ്റിൽ കയറി ഇരുന്നു മടിയിൽ വെച്ചു.
പുറത്തു പെയ്യുന്ന മഴകാരണം കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ടൊന്നുമില്ല. എന്നാലും എന്റെമേൽ തെറിക്കുന്ന ആ ചുടുനീരിന്റെ ഉറവിടം അന്വേഷിച്ചു ഞാൻ ഉപ്പയുടെ മുഖത്തോട്ടൊന്ന് സൂക്ഷിച്ചു നോക്കി. അവിടെ കണ്ണൊക്കെ കലങ്ങി അടുത്തത് എന്റെ ഊഴമെന്ന നിലക്ക് ഒരു തുള്ളി കണ്ണുനീർ ഉപ്പയുടെ താടിയിൽ തൂങ്ങിക്കിടക്കുന്നു. എന്റെ ഉള്ളൊന്നു പിടഞ്ഞു.
പള്ളിയിലെത്തി ഉപ്പയുടെ മാറിന്റെ ചൂടോട് പറ്റികിടക്കുമ്പോൾ എനിക്ക് വേണ്ടിയുള്ള ഖബർ ഞാൻ കണ്ടു. മഴവെള്ളം വീഴാതിരിക്കാൻ വേണ്ടി ടാർപ്പായ ഒക്കെ കെട്ടി മറച്ചിരിക്കുന്നു അത്. എന്റെ ഉമ്മാടേയും ഉപ്പാടെയും നടുവിൽ കിടക്കേണ്ട ഞാൻ ഈ രണ്ടു മൺചുവരുകളുടെ നടുവിൽ. ആലോചിക്കാൻ തന്നെ കഴിയുന്നില്ല.
അവസാനമായി എല്ലാവരും മൂന്നുപിടി മണ്ണ് എന്റെ മേലേക്കിടുമ്പോൾ കണ്ണുകൾ ഉപ്പാക്ക് വേണ്ടി പരതി. ഉപ്പ പോയോ ? ഉപ്പ ഇടുന്നില്ലേ എന്റെ മേലേക്ക് മണ്ണ് ?.
പെട്ടെന്ന് ഒരു പിടി മണ്ണുമായി വന്ന ഉപ്പാനെ ഞാൻ നോക്കി നിന്നു. എനിക്ക് ഒരു രഹസ്യം പറയാനുണ്ടായിരുന്നു ന്റുപ്പാനോട്…..
ഉപ്പാ , ഉമ്മാനോട് പറയണം സങ്കടപെടരുത് എന്ന്. കാരണം, നമ്മടെ പടച്ചോൻ മോൾക്ക് ഒരു ഓഫർ തന്നതാണ്, പടച്ചോൻ മോളോട് പറഞ്ഞു, മോളിപ്പോൾ അങ്ങോട്ട് പോകുകയാണെങ്കിൽ കുറച്ചു കാലമേ എല്ലാവരുടെയും കൂടെ കഴിയാൻ പറ്റു. പിന്നെ ഒരുപാട് സങ്കടപ്പെടുകയും ചെയ്യുമത്രേ. അന്നേരം, പോകാതിരുന്നാൽ മോൾക്ക് മഹ്ശറയിൽ എല്ലാവരും ഒരുമിച്ച് കൂടുമ്പോൾ ഉപ്പാന്റെയും ഉമ്മാടേയും കൈകൾ കോർത്ത് സന്തോഷത്തോടെ സ്വർഗത്തിലേക്ക് കൊണ്ടുപോകാം എന്ന്. അതുകൊണ്ടാണ് ട്ടോ ഞാൻ വരാഞ്ഞത്. വല്യ ഓഫർ അല്ലെ ഇത് ?!. എന്നോട് പൊറുക്കണം. പടച്ചോൻ എനിക്ക് തന്ന വാക്കാണ് അതൊരിക്കലും വെറും വാക്ക് ആവില്ല. അന്ന് ഞാൻ ഇങ്ങനെ ചെയ്തതിന് എന്നോട് പിണങ്ങി വരാൻ മടികാണിക്കെരുത് കേട്ടോ. മോൾക്ക് സഹിക്കൂല. അവിടെയെങ്കിലും എനിക്ക് എന്റെ ഉപ്പയുടെയും ഉമ്മയുടെയും ചൂടുപറ്റി കിടക്കണം , ഉപ്പയുടെ വിരൽത്തുമ്പിൽ തൂങ്ങി നടക്കണം. വിഷമിക്കരുത്, അന്ന് നമുക്കവിടെ നിന്നും കാണാം.
ഇന്ഷാ അല്ലാഹ് .
