സ്വതന്ത്ര പത്രപ്രവർത്തകൻ, പരിസ്ഥിതി പ്രവർത്തകൻ,പക്ഷിനിരീക്ഷകൻ, വൈജ്ഞാനിക സാഹിത്യകാരൻ, ബാലസാഹിത്യകാരൻ, കഥാകൃത്ത് എന്നീ
വ്യത്യസ്ത തുറകളിൽ ശ്രദ്ധേയനാണ് ശ്രീ മധു തൃപ്പെരുന്തുറ. പരിസ്ഥിതിയുടെ ലോലഭാവങ്ങളും, ദേശ സംസ്കാരങ്ങളും, ഭാഷയുമെല്ലാം ഇദ്ദേഹത്തിന്റെ കഥകളുടെ ഭൂപ്രകൃതിയെ മനോഹരമാക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് എഴുത്തുകൊണ്ട് സമൂഹത്തിൽ ചെറുചലനങ്ങൾ ഉണ്ടാക്കാനാവുമെന്ന് ഇദ്ദേഹം തെളിയിച്ചു കഴിഞ്ഞു. വിവിധ മേഖലകളിലുള്ള പരിജ്ഞാനം കൊണ്ടുതന്നെ അറിവും ആനന്ദവും (ഇൻഫോടെയ്ൻമെന്റ്) നൽകുന്നവയാണ് അദ്ദേഹത്തിന്റെ കഥകൾ. വ്യത്യസ്ത മാധ്യമങ്ങളിൽ പ്രസിദ്ധീകൃതമായ മധു തൃപ്പെരുന്തുറയുടെ മൂന്ന് കഥകൾ.
പൊന്നപ്പന്റെ രണ്ടാംവരവ്
‘അകം’ മാസികയിൽ പ്രസിദ്ധീകരിച്ച ശ്രീ. മധു തൃപ്പെരുന്തുറയുടെ’പൊന്നപ്പന്റെ രണ്ടാം വരവ് ‘ എന്ന കഥ അച്ഛനും അമ്മയും ഒരേയൊരു മകനും അടങ്ങുന്ന ഒരു കുടുംബത്തിന്റെ ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്. മകൻ വളർന്നപ്പോൾ കാലത്തിനനുസരിച്ച് കോലം മാറാനുള്ള അവന്റെ അഭിവാഞ്ച കുടുംബത്തിലുണ്ടാക്കിയ മാറ്റങ്ങളെ കഥാകൃത്ത് പഴഞ്ചൊല്ലുകളുടെ അകമ്പടിയോടെ അതിമനോഹരമായി അവിഷ്‌ക്കരിച്ചിരിക്കുന്നു.
മരംവെട്ടുകാരനായ തങ്കപ്പനും ഭാര്യ തങ്കമ്മ യും ഒരേയൊരു മകൻ പൊന്നപ്പനും അടങ്ങുന്ന കുടുംബം . മാതാപിതാക്കൾ തങ്ങളുടെ സ്വപ്നം മക്കളിൽ അടിച്ചേൽപ്പിക്കരുത്, അവർക്ക് അവരുടേതായ സ്വപ്നങ്ങളുണ്ട് എന്ന് തങ്കപ്പനും തങ്കമ്മയ്ക്കും അറിയാം.എന്നാലും മകൻ ഡോക്ടറാവണം എന്ന ആഗ്രഹത്താൽ സിറ്റിയിലെ മുന്തിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർത്തു . തുളയുള്ള ജീൻസ്, ഇൻ ചെയ്ത ഷർട്ട്,കൂളിംഗ് ഗ്ലാസ്,തുടങ്ങിയ ‘ചുറ്റുപാടുക’ളോടിണങ്ങിച്ചേർന്ന് പൊന്നപ്പൻ ആധുനികതയിലേക്ക് ഉറച്ച കാൽവെയ്പ്പുകൾ നടത്തി.
‘പൊന്നപ്പൻ’ എന്ന ആധുനികത തീരെ തൊട്ടു തീണ്ടിയിട്ടില്ലാത്ത പേരിനോട് അവന് അവജ്ഞ തോന്നി. പൊന്നപ്പൂപ്പന്റെ പേരാ യതുകൊണ്ടാണ് മാതൃകാ ദമ്പതികൾ മോന് ആ പേര് കൊടുത്തത്. ആ പേരിന്റെ കുഴപ്പം തങ്കപ്പൻ എത്ര ആലോചിച്ചിട്ടും പിടികിട്ടിയുമില്ല.
ചുരുക്കത്തിൽ പൊന്നപ്പന് വിദ്യാഭ്യാസ വളർച്ചയോടൊപ്പം സാമ്പത്തിക ആവശ്യങ്ങളും കൂടി . ക്ലാസ്സ് കട്ട് ചെയ്യുക, സിനിമയ്ക്കു പോവുക,ഹോട്ടൽ ഭക്ഷണം കഴിക്കുക, ബീച്ചിൽ കറങ്ങുക, അങ്ങനെ പോയി പരിഷ്കാരങ്ങൾ. കൂട്ടുകാരുടെ മുൻപിൽ ഒരു ‘നിലയും വിലയും ‘ഉണ്ടാവാൻ അച്ഛനമ്മമാർ വിലകൂടിയ ഒരു ഫോണും വാങ്ങിക്കൊടുത്തു. അതവനിൽ ഉണ്ടാക്കിയ മാറ്റം വളരെ വലുതായിരുന്നു.
ഒരു തുറന്നു പറച്ചിലിന് ആരും ഇല്ലാത്ത അവസ്ഥയും തങ്കപ്പന്റെയും തങ്കമ്മയുടേയും ജീവിതം വഷളാക്കി. പതിരില്ലാത്ത പഴഞ്ചൊല്ലുകൾ അവരെ പലതും പഠിപ്പിച്ചു. ‘കണ്ടാലറിയാത്തവൻ കൊണ്ടാലറിയും’ എന്നവർ മനസ്സിൽ പറഞ്ഞപ്പോൾ മുറ്റത്തെ മാവ് അപ്പോഴൊന്നു തിരിച്ചു പറഞ്ഞു: “മക്കളെ കണ്ടും മാമ്പൂ കണ്ടും മദിക്കരുത്”. കുട്ടികളോടുള്ള മാതാപിതാക്കളുടെ അന്ധവും അമിതവുമായ സ്നേഹം അവരെ കൂടുതൽ വഴിതെറ്റിക്കുമെന്ന് അധ്യാപകൻ കൂടിയായ കഥാകൃത്ത് നമ്മെ ഓർമിപ്പിക്കുന്നു.
പഴഞ്ചൊല്ലുകളെ ഉദ്ധരിച്ചു കൊണ്ടുള്ള മനോഹരമായ രചനയാണിത്.കഥയുടെ ഓരോ സീക്വൻസിലും സന്ദർഭാനുസരണം ഉപയോഗിച്ചിരിക്കുന്ന പഴഞ്ചൊല്ലുകൾ കഥയെ ചിന്തോദ്ദീപകമാക്കുന്നു.മുറ്റത്തെ മാവ് പൊന്നപ്പൻറെ ഓരോ നീക്കങ്ങളും കണ്ടു തങ്കപ്പനെ ആശ്വസിപ്പിക്കുന്നുണ്ട്. അതിപ്പോ ‘അടയ്ക്കയാണെങ്കിൽ മടിയിൽ വയ്ക്കാം, അടയ്ക്കാമരമായാലോ’എന്നിങ്ങനെ.
ഒരിക്കൽ കിഴക്കൻമലയിൽ പോയി മരം മുറിച്ച് തിരിച്ചു പാണ്ടിലോറി കയറി വന്ന തങ്കപ്പൻ യാത്രക്കിടയിൽ കണ്ട കാഴ്ച അയാളെ തകർത്തുകളഞ്ഞു. അച്ഛനെ പ്രതിരോധിക്കാൻ പഠിച്ചുകഴിഞ്ഞ മകൻ നന്നാവാൻ അമ്മ പ്രാർത്ഥിച്ചു. ഉറക്കം കിട്ടാത്ത രാത്രികളിൽ തങ്കപ്പൻ മാവിൻചോട്ടിൽ ചുറ്റിത്തിരിയുമെങ്കിലും ഒരു പഴഞ്ചൊല്ലു പോലും ഓർമ്മയിൽ വരാതെ നിരാശനായി. തളർന്ന മനസ്സുമായി മരം കയറിയ തങ്കപ്പൻ തകർന്നുവീണു കിടപ്പിലായി. പിന്നീട് വറുതിയുടെ കാലമായിരുന്നു. വിശപ്പിന്റെ ഉൾവിളികൾ പൊന്നപ്പനിലുണ്ടാക്കിയ മാറ്റങ്ങൾ മാതാപിതാക്കളിൽ അശ്രുദീപ്തികളായി വിരിഞ്ഞത് കഥാകൃത്ത് ഹൃദയസ്പർശിയായി വിവരിച്ചിരിക്കുന്നു.
ചാവുകടൽ
2019 ൽ ഇമയുടെ സാഹിത്യ അവാർഡും 2021 ൽ പുന്നപ്ര ഫാസിന്റെ ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനവും നേടിയ ‘ചാവുകടൽ’ പ്രസാധകൻ മാസികയിലാണ് പ്രസിദ്ധീകരിച്ചത്. ഈ കഥയിലെ കടൽ ഓരോ വായനക്കാരന്റെയും മനസ്സിൽ പതഞ്ഞു കയറി തിരക്കൈകൾ കൊണ്ടൊന്നുതൊട്ടു മടങ്ങും. പിന്നെ അപാരമായ ഒരു നിശബ്ദതയാണ്. കടലിനൊപ്പം മനസ്സും ശാന്തമാകുമ്പോൾ ആ നിശബ്ദതയിൽ
വായനക്കാരനും ചിന്തിക്കാൻ പലതുണ്ട്.
ആലപ്പാട്ടെ കരിമണൽ ഖനനത്തിനെതിരെ ആദ്യം പ്രതികരിച്ചത് ആന്റപ്പന്റെ അപ്പൻ ലോപ്പസ് സഖാവാണ്. തുറക്കാർക്ക് കൺകണ്ട ദൈവമാണയാൾ. കലാപോഷിണി വായനശാലയും ഹരിജനോദ്ധാരണി സ്കൂളും ഉയർന്നത് ലോപ്പസിന്റെ പരിശ്രമം കൊണ്ടാണ്.
കരിമണൽ ലോബിയെ പ്രതിരോധിച്ച സഖാവ് ലോപ്പസിന്റെ അന്ത്യം ഓടയിലായിരുന്നു. നെറ്റി പൊട്ടി കിനിഞ്ഞിറങ്ങിയ ചോര മഴ നക്കി മാറ്റിയിരുന്നു. വലതു മുഷ്ടിചുരുട്ടി ഉയർത്തി പ്പിടിച്ചിരുന്നു. ഭാര്യയുടെ വ്യാധിയിലും കൊച്ചു കുട്ടിയായ അന്തപ്പന്റെ ഭാവിയിലും ആകുലതകൾ ഉണ്ടായിരുന്നുവെങ്കിലും മുതലാളിമാർക്ക് മുൻപിൽ തലകുനിക്കാൻ കൂസാത്ത മനോഭാവമായിരുന്നു ലോപ്പസിന്.
കൂടെ നിന്നവരിൽ ചിലർ ഇരുണ്ടു വെളുത്തപ്പോൾ കമ്പനി പക്ഷം ചേർന്നു. വീടും കാറും വാങ്ങി. കൊള്ളപ്പലിശയ്ക്ക് പണം കൊടുത്തു. അവർക്കിടയിൽ ഒരു വന്മതിൽ പോലെ ലോപ്പസ് പ്രതിരോധം തീർത്തു. അവസാനശ്വാസം വരെ കമ്പനിക്കെതിരെ പോരാടി. കുത്തക മുതലാളിമാർ പ്രതിരോധിക്കുന്നവരെ പാട്ടിലാക്കി മോഹന വാഗ്ദാനങ്ങൾ നൽകിക്കൊണ്ടിരുന്നു.പലരും അത് മോഹിച്ചു സ്വന്തം നാടിനെ ഒറ്റിക്കൊടുത്തു.
ലോപ്പസ് കുടുംബത്തിനായി ഒന്നും സമ്പാദിച്ചിരുന്നില്ല.അപ്പന്റെ മരണശേഷം അന്തപ്പൻ കടൽപ്പണിക്കാരനായി. അമ്മയ്ക്ക് രോഗം കലശലായ ഒരു രാത്രിയിൽ അപ്പന്റെ ജീവനായ പുസ്തകങ്ങൾ കുട്ടിച്ചാക്കുകളിൽ നിറച്ചുകെട്ടി വള്ളത്തിലിട്ട് ആഴക്കടലിലേക്ക് വലിച്ചെറിഞ്ഞു. കടൽപ്പക്ഷിയെപ്പോലെ ചിറകു വിരിച്ചു പറന്നു നടന്ന പുസ്തകങ്ങൾക്കിടയിലൂടെ അന്തപ്പൻ കരയിലേക്ക് തുഴയെറിഞ്ഞു. നേരിന്റെ രാഷ്ട്രീയത്തിനിടയിൽ ജീവിതത്തിൽ ഒന്നും നേടിയിട്ടില്ലാത്ത അപ്പനോട് അന്തപ്പന് ആദ്യമായി വെറുപ്പ് തോന്നി.
റബേക്ക ജീവിതത്തിലേക്ക് കൂട്ടായി വന്നതോടുകൂടി അന്തപ്പന്റെ ജീവിതം ഒന്നു പച്ചപിടിച്ചു. കടൽവിളയാട്ടങ്ങളിൽ കുലുങ്ങാത്ത മനസ്സായിരുന്നു അന്തപ്പന്. ഇടഞ്ഞ കടലിനെ കൂസാതെ ചില ജീവിത സ്വപ്നങ്ങൾ അവൻ നെയ്തു കൂട്ടി. മുൻപില്ലാത്ത വിധം കടൽ ഉൾവലിഞ്ഞ ഒരു ദിവസം തീരത്ത് ഗന്ധകത്തിന്റെ മണമായിരുന്നു. കരിമണൽ എടുത്താൽ കടൽ കയറും എന്ന് പറഞ്ഞിട്ട് കടലിലിറങ്ങി പോണ കാഴ്ച കണ്ട് ചിലർ കളിയാക്കി. അന്തപ്പന് വള്ളമിറക്കണം. കാരണം. കുഞ്ഞു ണ്ടാവുമ്പോൾ പൊന്നരഞ്ഞാണം ഇടണം. റെബേക്ക വിലക്കിയെങ്കിലും അവളെ ഒന്ന് ചേർത്തുപിടിച്ച് അന്തപ്പൻ വള്ളമിറക്കി. പിന്നീടടിച്ച കടലിന്റെ കലിത്തിരകൾ വായനക്കാരുടെ മനസ്സും കടന്ന് ചിന്തകളെ കടലാസുപോലെ അകലങ്ങളിലേക്ക് പറത്തും .വലിയ പാറക്കല്ലിന്റെ വശങ്ങളിൽ അജ്ഞാതനായ ചിത്രകാരൻ വരച്ച 42 മരണ ചിത്രങ്ങളിൽ റബേക്ക ഉണ്ടായിരുന്നില്ല
എപ്പോഴോ ഇഴഞ്ഞു വന്ന ഒരു കടലാമ മുട്ടയിട്ട് പിൻ കാലുകൾ കൊണ്ട് കുഴി മൂടി. മുട്ടകൾ നഷ്ടപ്പെടാതിരിക്കാൻ ആമയുടെ ചൊരിമണലിലെ അടയാളങ്ങൾ മായ്ക്കുന്ന അന്തപ്പൻ വായനക്കാരുടെ മനസ്സിൽ ഒറ്റയ്ക്കങ്ങനെ നിൽക്കും. ആമക്കുഞ്ഞുങ്ങൾ ഒന്നിനുപിറകെ ഒന്നായി കടലിലേക്ക് ഇറങ്ങുമ്പോൾ പിറവിയുടെ അനർഘനിമിഷം അവൻ ആവോളം ആസ്വദിക്കുകയാണ്. ഓരോ പുതിയ പിറവികൾക്കും പിന്നിൽ ഒരുപാട് പേരുടെ രക്തസാക്ഷിത്വങ്ങളും ത്യാഗങ്ങളും, പ്രതിരോധങ്ങളും ഉണ്ടെന്ന് ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു. കഥയുടെ അപ്പുറത്തേക്ക് ചിന്തകളെ വ്യാപിപ്പിക്കാനുതകുന്ന പ്രമേയം.
ബാൽപാണ്ടി
മാധ്യമം ആഴ്ചപ്പതിപ്പിലാണ് ഈ കഥ അച്ചടിച്ചു വന്നത്. കാലികപ്രാധാന്യമുള്ള വിഷയമാണ് ഈ കഥയുടെ പ്രമേയം.
ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ജേർണൽ ‘ഹോൺബിലിൽ കൂന്തൽകുളത്തെപ്പറ്റി എഴുതാൻ തമിഴ്നാട്ടിൽ എത്തിയതാണ് സിദ്ധാർത്ഥൻ. അവിടെ വളരെ പ്രശസ്തനായ ധാരാളം ബഹുമതികൾ കിട്ടിയ, ഏഴു ഭാഷകൾ സംസാരിക്കാനറിയാവുന്ന, നിരവധി അന്താരാഷ്ട്ര ജേർണലുകളിൽ മുഖചിത്രം വന്നിട്ടുള്ള ബാൽപാണ്ടിയുണ്ട്. കൂന്തൽകുളത്തെപറ്റി വിശദീകരിക്കാൻ ബാൽപാണ്ടിയെക്കാൾ യോഗ്യതയുള്ള മറ്റൊരാളില്ലതന്നെ. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് യാത്രയിൽ സിദ്ധാർത്ഥൻ കാണുന്ന പാതയോര കാഴ്ചകളും പ്രകൃതിയുടെ മനോഹാരിതയും, എവിടെയോ വയൽ പണിക്ക് പോകുന്ന തെന്നൂരിലേ പിച്ചമുത്തുവിന്റെ കുടുംബവും അവരുടെ ജീവിതവും കഥാകൃത്ത് വളരെ കുറഞ്ഞ വാക്കുകളിൽ വ്യക്തമാക്കുന്നു. താമ്രപർണി നദിയോരത്തെ പനയോല മേഞ്ഞ മെഴുകിയതറയും, മൺചുവരും, പരമ്പുവാതിലുമുള്ള കുടിലിലേക്കാണ് ബാൽപാണ്ടി സിദ്ധാർത്ഥനെ കൂട്ടിക്കൊണ്ടുപോയത്.തനിക്ക് കിട്ടിയ ബഹുമതികൾ മൂടിയില്ലാത്ത ഏങ്കോണിച്ച ഫ്രെയിമിനുള്ളിൽ ഈർപ്പം തട്ടി തിരിച്ചറിയാനാവാത്ത വിധം കിടന്നിരുന്നു.
വീടും പരിസരവും കുന്നും താഴ്വാരവും ഒക്കെ വായനക്കാരന്റെ മനസ്സിൽ ഒരു തനിനാടൻ ഗ്രാമീണ സൗന്ദര്യം നിറയ്ക്കുന്നു. മനോഹരമായ പ്രകൃതി വർണ്ണന കഥാകൃത്തിന്റെ പ്രത്യേകതയാണ്. തടാകവും തടാകക്കരയും പലതരത്തിലുള്ള പക്ഷികളും മരങ്ങളും സവിസ്തരം പ്രതിപാദിക്കുന്നുണ്ട് കഥയിൽ.അതോടൊപ്പം പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം നമ്മെ ഓർമ്മപ്പെടുത്തുകയും കൂടി ചെയ്യുന്നു. കൂന്തൽ കുളത്തുകാർക്ക് മക്കളെപ്പോലെയാണ് പക്ഷികൾ. അവയെ പിടിച്ചാൽ നാട്ടുകൂട്ടം അവനെ ചാപ്പകുത്തി കഴുത പുറത്തേറ്റി ഊരു ചുറ്റിച്ച് അയൽ ഗ്രാമത്തിലേക്ക് നാടുകടത്തും.
പ്രകൃതിസ്നേഹിയാണ് ബാൽപാണ്ടി. മഴപെയ്ത് തടാകം നിറയാനും പറവകൾ എത്താനും വേണ്ടി അമ്മൻ കോവിലിലെ പെരിയ ശൂലം കുത്തി കാവടിയാടിയ അദ്ദേഹത്തിന്റെ കവിളിൽ ഇനിയുമുണങ്ങാത്ത ഒരു പാടുണ്ട്. കോഴികളും, കാട്ടുതാറാവുകളും, പെലിക്കണും പലജാതി പക്ഷികളും നീന്തുന്ന ഹൃദയ ആകൃതിയുള്ള ഒരു തടാകമാണ് കൂന്തൽകുളം. അക്കരെ മുൾമരങ്ങളിലും വേപ്പുമരങ്ങളിലും നിറയെ പക്ഷികളുടെ കൂടുകളാണ്. ലോകത്തിലേറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷികളായ കുറിത്തലയൻ വാത്തുകളെപ്പറ്റി ബാൽപാണ്ടി വിവരിക്കുന്നുണ്ട്. ടിബറ്റിലെ ബ്രീഡിങ് ഗ്രൗണ്ടിൽ നിന്ന് ഹിമാലയം മുറിച്ചുകടന്നു വർഷാവർഷം അവർ വരും. മുട്ടക്കൂസ് പാടത്ത് തളിച്ചവിഷം വേനൽമഴയെ തുടർന്ന് തടാകത്തിലേക്ക് പ്രവഹിച്ചതുകൊണ്ട് മീനുകൾ ജലനിരപ്പിൽ ചത്തു പൊങ്ങിക്കിടന്നിരുന്നതുകൊണ്ട് അവ തടാകത്തിന് മൂന്നു ചുറ്റുചുറ്റി മറ്റെവിടേയ്‌ക്കോ പറന്നുപോയി.
ആദ്യകാലങ്ങളിൽ വനംവകുപ്പ് വാച്ചറായിരുന്ന ബാൽപാണ്ടിക്ക് പിന്നീട് ആ ജോലി നഷ്ടപ്പെട്ടു.അതിനുശേഷമുള്ള അയാളുടെ ജീവിതകഥ സിദ്ധാർത്ഥനെയും വായനക്കാരനെയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നു . ഭയംമൂലം നേരം വെളുക്കും മുൻപ് സ്ഥലം വിടണമെന്ന് തീരുമാനിച്ചെങ്കിലും അവിടെ തടാകക്കരയിൽ, നിലാവത്ത് അരങ്ങേറിയ ഒരു സംഭവത്തിന് സിദ്ധാർത്ഥന് സാക്ഷിയാകേണ്ടിവന്നു.
ആലപ്പുഴ ജില്ലയിലെ മഹാദേവിക്കാട് എസ്.എൻ.ഡി.പി സ്കൂളിലെ മലയാളം അധ്യാപകനായി വിരമിച്ച ശ്രീ മധു തൃപ്പെരുന്തുറ 2016 ലെ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം നേടിയിട്ടുണ്ട്. ഷാർജയിൽ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കൈരളി ബുക്സ് പ്രസിദ്ധീകരിച്ച’മായമ്മ’എന്ന കഥാസമാഹാരം വയലാർ അവാർഡ് ജേതാവ് ശ്രീ കെ. വി മോഹൻകുമാർ പ്രകാശനം ചെയ്തിരുന്നു. 2019 ലെ അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാന തലത്തിൽ അധ്യാപകർക്കായി നടത്തിയ കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൃതിയാണ് മായമ്മ. ആഗോളതാപനവും പരിസ്ഥിതിയും, പക്ഷികളുടെ അത്ഭുതലോകം,നെരിപ്പോട്, മലമുഴക്കിയെ തേടി,ഒരു വനയാത്ര, അറിവ് അത്ഭുതങ്ങൾ എന്നിവയാണ് മറ്റു കൃതികൾ. വാരാന്ത്യ പതിപ്പുകളിൽ മുന്നൂറിലധികം ലേഖനങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. യാത്രകളിഷ്ടപ്പെടുന്ന ശ്രീ മധു തൃപ്പെരുംതുറക്ക് കരുവാറ്റ ചന്ദ്രൻ സ്മാരകപുരസ്കാരം, ടി.പി ജയചന്ദ്രൻ സ്മാരക കഥാപുരസ്കാരം, പുന്നപ്ര ഫാസിന്റെ കഥാപുരസ്കാരം എന്നിങ്ങനെ നിരവധി അവാർഡുകൾ കിട്ടിയിട്ടുണ്ട്.