ചരിത്രം തിരയുമ്പോൾ
കൊത്തിവച്ച
ശിലാലിഖിതങ്ങളിൽ
നേരെത്ര ?
ആരോ
പണിതീർത്ത
മഹനീയ ഗോപുരങ്ങളിൽ,
കൊത്തുശിൽപ്പങ്ങളിൽ
തൻ പേരു
ചേർത്തുവച്ച
ശിലാശാസനങ്ങളിൽ
നേരെത്ര ?
പഠിച്ചുവച്ച
ചരിത്ര പുസ്തകങ്ങളിൽ
നേരെത്ര ?
പഴയശിലാലിഖിതങ്ങൾ
കാലമേറുമ്പോൾ
പഴംപുരാണമായി
മാറുന്നു
ചരിത്രത്തിൽ രേഖപ്പെടുത്താത്തവ
കണ്ടെടുക്കുന്നു
പുതിയ ശിലാലിഖിതങ്ങൾ
കൊത്തിവയ്ക്കപ്പെടുന്നു
ചരിത്ര പുസ്തകം
പഠിച്ചതൊക്കെയും
വൃഥാ
തെരയുന്നു….
സത്യമേത് ?
ചരിത്രങ്ങളിൽ
നേരെത്ര?