നീലി

ആകാശം കാണാതെന്നോ
സൂക്ഷിച്ച പീലിത്തുണ്ട്
ഇരിപ്പൂയിത്രകാലം
പുസ്തകത്താളിന്നുള്ളില്‍

പഴകി പൊടിഞ്ഞുള്ള
താളുകള്‍ മറിച്ചതും  
പതിയെയുതിര്‍ന്നതിന്നിതളും
കൊഴിഞ്ഞുപോയ്

പുസ്തകത്താളില്‍ വച്ചാല്‍
പെറ്റിടും പീലിയെന്നു
പറഞ്ഞ സതീര്‍ത്ഥ്യയെ
നീലിയെയോര്‍ത്തുമപ്പോള്‍

നാലു -ബി ക്ളാസ്സിലെന്നും
നീലീയാണൊന്നാമത്
പിന്‍ബെഞ്ചിലവസാന-
മിരിപ്പൂ മടിയൻ ഞാൻ

കറുത്തുമെലിഞ്ഞുള്ള
നീലിയെ കാണുന്നേരം
കളിയാക്കീടും ഞങ്ങള്‍
“കറുമ്പീ  കാക്കപെണ്ണേ”

കറുത്തുപോയെങ്കിലും
വെളുത്ത ഹൃത്തിലെന്നും
കളങ്കമില്ലാ സ്നേഹം
കരുതിവച്ചുമവള്‍

ആരുമേ കാണാതെന്റെ-
യരികെവന്നിട്ടവള്‍
നീട്ടുന്നുയുപ്പിലിട്ട-
മാങ്ങയും നെല്ലിക്കയും

“ചോക്കിന്റെ പെന്‍സിലൊന്നു
ചെക്കനു തന്നീടട്ടെ
പകരമെനിക്കൊരു
സ്ലേറ്റുമായ്ക്കുന്ന കള്ളി”

പാടത്തിന്‍ വക്കിലൂടെ
പകുതി വഴിവരെ
സ്കൂളു വിട്ടാലെന്നും
നീലിയുമൊപ്പം കാണും

തോട്ടിലെ ആമ്പല്‍പൂക്കള്‍
കൈനീട്ടി പറിച്ചീടും  !
വേലിയില്‍ നില്ക്കു-
ങ്കാരപ്പഴങ്ങള്‍ നുണഞ്ഞീടും!

പാടവും തോടുങ്കേറി-
യക്കരെ കുന്നില്‍ ചെറു-
മാടത്തിലാണുവാസം
നീലിയും കുഞ്ഞിപ്പെണ്ണും

അച്ഛനേ കണ്ടിട്ടില്ല
പോയത്രേ! അകാലത്തില്‍
വേലയ്ക്കു പോയിട്ടമ്മ
നീലിയെ പോറ്റീടുന്നു

പരീക്ഷ കഴിഞ്ഞിട്ടു
മടങ്ങുന്നേരത്തന്ന്
പുസ്തകം തുറന്നവ-
ളെടുത്തു മയില്‍പ്പീലി

“ആകാശങ്കാണിച്ചീടാ-
തൊളിച്ചുവച്ചേക്കണേ “
കളങ്കമില്ലാതവള്‍
മൊഴിഞ്ഞു നല്‍കി പീലി

വേനലു പഴുത്തീടും
മേടത്തിലൊരു രാവില്‍
പനിച്ചുത്തുള്ളിയവള്‍
ചുമച്ചു ചോരത്തുപ്പി

കുന്നിലെ കുഞ്ഞിപ്പെണ്ണിന്‍
മകളു മരിച്ചെന്ന് !!
കുന്നിലേയ്ക്കേതോ വഴി-
പോയവർ ചൊല്ലീടുന്നു

വേനലും കടന്നുപോയ്
വര്‍ഷവും മഞ്ഞും പിന്നെ-
കൊഴിഞ്ഞു മാമ്പൂക്കളും
മറന്നൂ പീലിത്തുണ്ടും

ചിതലു തിന്നാതൊക്കെ-
യിടയ്ക്കു പൊടിത്തട്ടി
തിരികെ വയ്ക്കുന്നേര-
മുതിര്‍ന്നു പീലിത്തുണ്ട്

ചിരിച്ചോ മൊഴിഞ്ഞുവോ
കറുത്ത കവിളിലെ
നീലിതന്‍ നുണക്കുഴി
വിരിഞ്ഞോയൊരു മാത്ര!

പുസ്തകത്താളില്‍ മയില്‍-
പ്പീലിയോ നീലിപ്പെണ്ണോ
നിര്‍മ്മല മനസ്സോടെ-
യിരിപ്പൂയിത്രകാലം.

തൃശ്ശൂര്‍ ജില്ലയില്‍ മാപ്രാണത്ത് മാടായിക്കോണം സ്വദേശി. ജൂഡീഷ്യറി വകുപ്പില്‍ സീനിയര്‍ ക്ളാര്‍ക്കായി സേവനമനുഷ്ഠിക്കുന്നു. വിവിധ ആനുകാലികങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും നിരവധി കവിതകളും കഥകളും അച്ചടിച്ചു വന്നിട്ടുണ്ട് . 'യാത്രാമൊഴി', 'മഴനൂല്‍ക്കനവുകള്‍', 'സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍', 'ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍' എന്നീ കവിതാസമാഹാരങ്ങളും 'വളഞ്ഞരേഖകള്‍' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.