
മലമോളിലെ കൊടുങ്കാട്ടിൽ നിന്ന്
താഴ്വരയിലേക്കൊഴുകിയ
തെളിനീർച്ചാലിൽ നിന്ന്
പലരും വെള്ളം കുടിച്ചു കാണും
മാനവരും മൃഗങ്ങളുമെല്ലാം
ദാഹം മാറ്റിയ നീർച്ചാലിൽ നിന്ന്
മൺകുടങ്ങളിൽ കോരിയെടുത്ത്
ധാന്യമാവു കുഴച്ച് പുളിപ്പിച്ച്
ചുട്ടെടുത്ത ഗാഥകളും
‘ഭക്തിയുടെ ഉണക്കമുന്തിരി ചേർത്ത്
ചക്കിലാട്ടിയെടുത്ത കിളിപ്പാട്ടിൻ്റെ എണ്ണയും
ബ്രാൻ്റ് നാമങ്ങളായി
വിപണി പിടിച്ചപ്പോഴും
നീരൊഴുക്ക് തുടരുകയായിരുന്നു.
താഴ് വരയിലെ മണ്ണിൻ്റെ ജലസ്പർശമായി
മഴക്കലക്കവും വേനൽത്തെളിമയുമായി
കടലിലേക്കൊഴുകുമ്പോഴും
ആ നീർച്ചാൽ തന്നെയാണ്
എൻ്റെ കിണറ്റിലും
അയൽക്കിണറുകളിലും
ജലസാന്നിദ്ധ്യമായത്’ !
എൻ്റെ കിണറ്റിലെ തണുത്ത തെളിവെള്ളം,
അയൽക്കിണറ്റിലെ
ചെളിമണമുള്ള വെള്ളം,
അപ്പുറത്തെ വീട്ടുകാരൻ്റെ കിണറ്റിലെ
പാട പൊങ്ങിയ കറുത്ത വെള്ളം,
കുളത്തിലെ നീല ജലം,
തോട്ടിലൊഴുകുന്ന കലക്കവെള്ളം,
തുടുത്തു നിന്ന ഇളനീരിൻ്റെ മധുരജലം
എല്ലാം ആ നീർച്ചാലിലെ വെള്ളം തന്നെ !
എൻ്റെ പാത്രം കൊണ്ട് കോരിയെടുക്കുമ്പോൾ എൻ്റേതും,
നിൻ്റെ പാത്രം കൊണ്ട് കോരിയപ്പോൾ
നിൻ്റേതുമായെന്നുമാത്രം !
ഒഴുകുന്ന ആ നീർച്ചാലിൽ
കൈവശാവകാശത്തിൻ്റെ അണകെട്ടി
നമ്മളാരും
അഹങ്കരിക്കരുതെന്നുമാത്രം!
