നെതർലാന്റിനെതിരെയുള്ള യുദ്ധത്തിന് തയ്യാറെടുക്കുന്ന തന്റെ അനുയായികളോട് ലഫ്റ്റനന്റ് കേണൽ ഐ ഗുസ്റ്റി നുറാ റായ് ആഹ്വാനം ചെയ്തു; പുപുതാൻ. പുപുതാൻ എന്ന ബാലിനീസ് വാക്കിന്റെ ഏകദേശ അർഥം സംഘം ചേർന്നുള്ള രക്തസാക്ഷിത്വമെന്നാണ്. ശത്രുവിന്റെ മുന്നിൽ കീഴടങ്ങുന്നതിലും നല്ലത്, അവസാന സൈനികനും ശത്രുവിന്റെ കയ്യാൽ കൊല്ലപ്പെടുന്നത് വരെ യുദ്ധം തുടരുക. ശത്രുവിന്റെ മുന്നിൽ കീഴടങ്ങേണ്ടി വരുന്ന സ്ഥിതി വന്നാൽ കൂട്ട ആത്മഹത്യ ചെയ്യുക. അതാണ് രാജ്യസ്നേഹികളായ യോദ്ധാക്കളുടെ അന്തസ്സിനു ചേർന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 1946-ലെ ബാറ്റിൽ ഓഫ് മർഗരാന എന്ന് പിന്നീട് അറിയപ്പെട്ട യുദ്ധത്തിനിടെ ഗുസ്റ്റി നുറാ റായിയും അദ്ദേഹത്തിന്റെ തൊണ്ണൂറ്റിയെട്ട് സഹപ്രവർത്തരും കൊല്ലപ്പെട്ടു. സ്വാതന്ത്ര്യ പ്രക്ഷോഭത്തിനിടെ മരണമടഞ്ഞ, അപ്പോൾ ഇരുപത്തിയൊമ്പത് വയസു മാത്രം പ്രായമുണ്ടായിരുന്ന നുറാ റായ് ബാലി ജനതയുടെ ആരാധ്യപുരുഷനാണ്, അവരുടെ പോരാട്ട വീര്യത്തിന്റെ പ്രതീകമാണ്, ഇന്തോനേഷ്യയുടെ ദേശീയ പുരുഷനും കൂടിയാണ് അദ്ദേഹം. നെതർലാന്റിൽ – അന്നത്തെ ഡച്ചിൽ നിന്നും തങ്ങളുടെ രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനായി നുറാ റായി പീപ്പിൾസ് സെക്യൂരിറ്റി ആർമി എന്ന സായുധ സംഘടനയ്ക്ക് രൂപം നൽകുകയും ഡച്ചുകാരുമായി ഏറ്റുമുട്ടി മരണമടയുകയും ചെയ്ത ഐ ഗുസ്റ്റി നുറാ റായിയുടെ പേരാണ് ബാലിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റേത്.
ഐ ഗുസ്റ്റി നുറാ റായ് ഇന്റർനാഷണൽ (ഡെൻസ്പാസർ) വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ ഗൈഡ് ലക്ഷ്മണ തങ്ങളുടെ വീരപുരുഷനെപറ്റിയും അദ്ദേഹത്തിന്റെ പേര് ഈ വിമാനത്താവളത്തിന് വരാൻ ഇടയായ സാഹചര്യത്തെയും കുറിച്ച് വാചാലനായി. രാജ്യത്തെത്തുന്ന സന്ദർശകരോടെല്ലാം ഓരോ ഗൈഡും തങ്ങളുടെ നായകന്റെ വീരകഥകൾ വിവരിക്കുന്നുണ്ടാവണം. ലക്ഷ്മണ ചരിത്രത്തിന്റെ മേൽപ്പാട വകഞ്ഞിറങ്ങുന്നതിന് ഇടയ്ക്ക് ആരെയോ വിളിച്ചു. ചെമ്പകപൂക്കൾ കോർത്ത ഹാരങ്ങളുമായി ഒരു വനിതയെത്തി. ലക്ഷ്മണ ഹാരങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചു, ശേഷം ഒരു ഫോട്ടോയും എടുത്തു. പിന്നെ പറഞ്ഞു, ഇതാണ് ഞങ്ങളുടെ രീതി.
മിത്തുകളും ചരിത്രവും ആചാരവും ശീലങ്ങളും കൊണ്ട് സമൃദ്ധമാണ് “ദൈവങ്ങളുടെ ദ്വീപ്” എന്നൊരു വിളിപ്പേരുള്ള ബാലി. നമ്മുടെ മുപ്പത്തിമുക്കോടി ദേവ ഗണങ്ങളെ മറികടന്നു പോവാൻ വേണ്ടത്ര ദൈവങ്ങൾ ബാലിയിൽ ഉണ്ടെന്നു തോന്നിപ്പോകും. ഇരുപതിനായിരത്തോളമുണ്ടെന്ന ഏകദേശ കണക്കല്ലാതെ എത്ര അമ്പലങ്ങൾ ഉണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം പൂർണമായി നൽകാൻ ആർക്കും കഴിഞ്ഞെന്നു വരില്ല.
ബാലിയിലെ ഹിന്ദുക്കളുടെ ദൈവ സങ്കൽപ്പങ്ങളിൽ പലതും ഭാരതീയ പുരാണ കഥാപാത്രങ്ങളുമായി ചേർന്ന് നിൽക്കുന്നതാണ്. ത്രി ഹിത കരാനാ (Tri Hita Karana) ജീവിത രീതി അനുസരിച്ചാണ് ബാലിയിലെ ജനങ്ങളുടെ ദൈനംദിനജീവിതം മുന്നോട്ടു പോവുന്നത്. സമാധാനപൂർണ്ണവും കൂടുതൽ മെച്ചപ്പെട്ടതുമായ ജീവിതത്തിന് അനിവാര്യമായ മൂന്നു ഘടകങ്ങളെ അവർ ജീവിതത്തിൽ മുറുകെ പിടിക്കുന്നു. ഓരോ വ്യക്തിയും ഈശ്വരനോടും പ്രകൃതിയോടും ജീവിക്കുന്ന സമൂഹത്തോടും സമരസപ്പെട്ടുകൊണ്ടും ഈ മൂന്നു ഘടകങ്ങളോടും ഐക്യപ്പെട്ടുകൊണ്ടും വേണം ജീവിക്കേണ്ടത്. ഈ പ്രദേശത്ത് ആരാധനാലയങ്ങളുടെ ആധിക്യത്തിന്റെ കാരണം, ഈശ്വരചിന്ത എന്ന ഒന്നാമത്തെ ഘടകമാണ്. ദേവാലയങ്ങൾ ഈശ്വരനുമായും വിശ്വാസങ്ങളുമായും ബന്ധപ്പെട്ടതാണല്ലോ. ഒരു ബാലി ഹിന്ദുവിന്റെ ഒരു ദിവസം ആരംഭിക്കുന്നത് പ്രാർത്ഥനയ്ക്ക് ശേഷമാണ്. പ്രഭാതത്തിൽ അയാൾ തന്റെ പൂർവികരുടെ ആത്മാവുകളോടും ഈശ്വരനോടും പ്രാർത്ഥനാ നിർഭരമായ കൃതജ്ഞത അർപ്പിക്കുന്നു. രണ്ടാമത്തെ ഘടകമായ പ്രകൃതിയുമായി ഈ നാടിനുള്ള ബന്ധത്തിന്റെ അതിന്റെ ആഴം വെളിവാക്കുന്നതാണ് നാടിന്റെ സസ്യവൈവിധ്യവും ജൈവ സമ്പത്തും. ഓരോ ഗ്രാമത്തിലും പ്രദേശവാസികൾക്ക് കൂടിച്ചേർന്നിരിക്കാനും പരസ്പരം സംവദിക്കാനും വേണ്ട ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്. കമ്യൂണിറ്റി ഹാളുകൾ പോലെയുള്ള ഈ ഇടങ്ങൾ തനതു വാസ്തുനിർമ്മാണ രീതി പിന്തുടർന്നു നിർമ്മിച്ചവയാണ്. അവയ്ക്ക് ചുറ്റും വിവിധ ദൈവങ്ങളുടെ ചെടികളും വൃക്ഷങ്ങളും വച്ച് പിടിപ്പിച്ചിരിക്കുന്നു. ഇത് ത്രി ഹിത കരാനായിലെ മൂന്നാമത്തെ ഘടകമായ സഹജീവികളുമായ സഹവർത്തിത്വത്തിന്റെ ഭാഗമായാണ്. പ്രകൃതി ക്ഷോഭങ്ങൾക്കും സജീവങ്ങളായ അഗ്നിപർവ്വതങ്ങളുമുള്ള ഒരു ദ്വീപിലെ ജനത (ഇന്തോനേഷ്യയിലെ ജനസംഖ്യയുടെ രണ്ടു ശതമാനത്തിൽ താഴെ മാത്രം വരുന്നവരാണ് ബാലിനീസ് ഹിന്ദുക്കൾ) ഈശ്വരനിൽ തങ്ങളെ അർപ്പിക്കുന്നതിൽ തെറ്റുപറയാൻ കഴിയില്ലല്ലോ. ഏതു പ്രവർത്തിയും ആരംഭിക്കുന്നതിനു മുന്നേ തങ്ങളുടെ ആചാരപ്രകാരം പ്രാർത്ഥിക്കുന്നതിൽ അവർ നിഷ്കർഷ പുലർത്തുന്നു.
വ്യത്യസ്തങ്ങളായ ജീവിതരീതികളാണ് ബാലി നിവാസികളുടേത്. ഉദാഹരണത്തിന്, ബാലിയിൽ എല്ലാ വർഷവും നിശ്ശബ്ദതയുടെ ആഘോഷം നടക്കാറുണ്ട്. ന്യേപി എന്ന ഈ ആഘോഷത്തിന്റെ മണിക്കൂറുകളിൽ പോലീസ് സംവിധാനം ഒഴികെ മറ്റെല്ലാം നിർജ്ജീവമാകുന്നു. സന്ദർശകർ ഉൾപ്പടെ എല്ലാവരും ഈ ഇരുപത്തിനാലു മണിക്കൂറുകൾ കഴിയുന്നത്ര നിശ്ശബ്ദരായി കഴിയുന്നു. മാർച്ച് മാസത്തിലെ പൂർണ്ണ ചന്ദ്രോദയത്തിനു ശേഷമുള്ള ഇരുപത്തിനാലു മണിക്കൂർ വെളിച്ചമെല്ലാം അണച്ച്, എല്ലാത്തരത്തിലുമുള്ള ശബ്ദങ്ങളും – സംഗീതവും നൃത്തവും എല്ലാം ഉപേക്ഷിക്കുന്നു. ഇന്റർനെറ്റ് ഉൾപ്പടെ എല്ലാം ഉപേക്ഷിക്കുന്ന ജനങ്ങൾ അവരവരുടെ വീടുകളിൽ കഴിയുന്നു. വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നില്ല. വിമാനത്താവളം അടഞ്ഞു കിടക്കുന്നതിനാൽ വിമാനങ്ങൾ വഴി തിരിച്ചു വിടുന്നു. ദ്വീപ് ജനതയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ 24 മണിക്കൂർ നേരം പ്രാർത്ഥനയിലും ധ്യാനത്തിലും മുഴുകുമ്പോൾ മറ്റ് മത വിശ്വാസികളും നിശ്ശബ്ദരായി അവരവരുടെ വീടുകളിൽ കഴിഞ്ഞ് ഈ ആഘോഷത്തിൽ പങ്കു ചേരുന്നു. ദിവസങ്ങൾക്കു മുൻപുതന്നെ പുതുവർഷത്തിലെ ഈ ദിവസത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നു. ന്യേപിക്ക് മണിക്കൂറുകൾ മുൻപാണ് മേലാസ്റ്റി എന്ന ശുദ്ധതാകർമ്മം നടക്കുന്നത്. ശുഭ്രവസ്ത്രധാരികളായ ജനങ്ങൾ തെരുവുകളിലേക്ക് ഒഴുകുന്നു. പ്രാർത്ഥനാലയങ്ങളിൽ എത്തുന്ന അവർ പൂജാദ്രവ്യങ്ങളുമേന്തി, പ്രാർത്ഥനകളോടെ തങ്ങളുടെ അടുത്തുള്ള സാഗരത്തെ ലക്ഷ്യമാക്കി പ്രദക്ഷിണം വയ്ക്കുന്നു. ദുഷ്ടശക്തികൾ ഭൂമിയിൽ തങ്ങൾക്ക് മനുഷ്യർക്ക് ഒപ്പം കഴിയാനുള്ള ഒരു വാസസ്ഥലം അന്വേഷിച്ചു ചുറ്റിത്തിരിയുന്നുണ്ടെന്നും ന്യേപി തലേന്ന് നടക്കുന്ന, ഉച്ചത്തിലുള്ള ശബ്ദത്തോടെയുള്ള ഒഗോ-ഒഗോ പ്രദക്ഷിണങ്ങൾ വഴി തങ്ങൾക്ക് ഈ ദുഷ്ടശക്തികളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ കഴിയുമെന്നുമാണ് വിശ്വാസം. ഒഗോ-ഒഗോ പ്രദക്ഷിണങ്ങളിൽ ഉപയോഗിക്കുന്ന സംഗീത ഉപകരണങ്ങളുടെ ഒച്ചയിൽ ആകൃഷ്ടരായി ഭൂമിയിൽ മനുഷ്യരുള്ള ഇടത്തേക്ക് പുറപ്പെടുന്ന പിശാചുക്കൾ ഭൂമിയിൽ എത്തുമ്പോഴേക്കും തെരുവുകളിൽ നിന്നും മനുഷ്യർ അപ്രത്യക്ഷരാവുന്നു. മനുഷ്യർ അവരവരുടെ വാസസ്ഥലങ്ങളിൽ നിശ്ശബ്ദരായി ഇരിക്കുന്നതിനാൽ, മനുഷ്യരും ശബ്ദങ്ങളും ഇല്ലാത്ത ദ്വീപിൽ എത്തുന്ന ദുഷ്ടശക്തികൾ മനുഷ്യരെ തേടി അലഞ്ഞ് നിരാശരാവുന്നു. കുറെ സമയം അലഞ്ഞു തിരഞ്ഞ് പരാജിതരാവുന്ന പിശാചുക്കൾ തങ്ങളുടെ ലോകത്തേക്ക് മടങ്ങിപ്പോവുന്നു. ഇങ്ങനെ ദ്വീപ് ദുഷ്ടർക്ക് ഇടം നൽകാതെ അതിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നു. പ്രദേശവാസികളാവട്ടെ കഴിഞ്ഞു പോയ ഒരു വർഷം തങ്ങൾ അറിഞ്ഞും അറിയാതെയും ചെയ്തു പോയ തെറ്റുകൾ ഏറ്റുപറയാനും സ്വയം ശുദ്ധീകരണം നടത്താനും ഈ ഇരുപത്തിനാലു മണിക്കൂർ വിനിയോഗിക്കുന്നു. ഏറ്റവും ശുദ്ധമായ മനസോടെ എല്ലാവരും പുതുവർഷത്തെ വരവേൽക്കുന്നതോടെ പ്രതീക്ഷകളുടെ പുതിയ വർഷം ആരംഭിക്കുകയായി.
സന്ദർശകരെ ആശ്രയിച്ചുള്ള വരുമാനത്തിൽ ശ്രദ്ധപതിപ്പിച്ച ഒരു രാജ്യത്തിന് ഈ നിശബ്ദതയുടെ ആഘോഷം പോലും സന്ദർശകരെ ആകർഷിക്കാനുള്ള വഴി കൂടിയാണ്. ഈ ദിവസത്തിന് തൊട്ടു മുൻപ് ദ്വീപിൽ എത്തുന്ന സന്ദർശകൾ യോഗയും ധ്യാനവും പ്രാർത്ഥനകളും പുസ്തകം വായനയും ഒക്കെയായി തങ്ങളുടെ താമസസ്ഥലത്ത് തുടരുന്നു.
ഇടയ്ക്ക് ഒരിടത്ത് പുര എഴുതിയതിനെ കുറിച്ച് ആരാഞ്ഞപ്പോൾ ലക്ഷ്മണ വാചാലനായി. ഒറ്റയ്ക്ക് ഒറ്റയ്ക്ക് നിൽക്കുന്ന ഓരോ ബാലി ഭവനത്തോടും ചേർന്ന് ഒരു കുടുംബ ക്ഷേത്രമുണ്ട്. ഒരു പക്ഷെ കേരളത്തിലെ അറിയപ്പെടുന്നതും വലിപ്പം കൂടിയതുമായ ക്ഷേത്രങ്ങളോളമുണ്ട് ചില കുടുംബ ക്ഷേത്രങ്ങൾ. പുര-എന്നത്രെ ബാലി ഭാഷയിൽ ക്ഷേത്രത്തിനും ആരാധനാലയത്തിനും പറയുക. പുരി എന്നാൽ രാജാക്കൻമാരുടെ താമസസ്ഥലമായ കൊട്ടാരമാണ്.
എല്ലാ പ്രഭാതത്തിലും പൂജയും പ്രാർത്ഥനയും ഓരോ ബാലി നിവാസിയുടെയും ഒഴിവാക്കാനാവാത്ത ശീലമാണ്. തളിർ ഓലകൾ കൊണ്ട് നിർമ്മിച്ച, ഒരു വട്ടിയോട് രൂപ സാദൃശ്യമുള്ള ഒരു പാത്രം (Canang sari) ഞങ്ങൾ സഞ്ചരിക്കുന്ന വാഹനത്തിലുണ്ട്. ആ വട്ടിയിൽ ചെമ്പക പൂക്കളുണ്ട്. “ഇത് നമ്മുടെ ഡ്രൈവറുടെ ഭാര്യ രാവിലെ ഉണ്ടാക്കിയതാണ്. പൂജ ചെയ്യുന്നതിനുള്ള പൂക്കൾ ഈ പാത്രത്തിലാണ് കൊണ്ട് പോവുക, ഇതൊന്നും വീട്ടിൽ ഉണ്ടാക്കാൻ സമയമില്ലാത്തവർക്ക് ചന്തയിൽ വാങ്ങാനും കിട്ടും. ബാലിയിൽ ഇത്രയധികം ചെടികളും മരങ്ങളും വളർത്തുന്നത് പൂജയ്ക്കുള്ള പുഷ്പങ്ങൾക്കായാണ്. ബാലി എന്ന പേര് വന്നത് തന്നെ പൂജയും നിവേദ്യങ്ങളും നല്കുന്നവരുടെ സ്ഥലം എന്ന അർത്ഥത്തിൽ കൂടിയാണ്. ലക്ഷ്മണ പറഞ്ഞുവെങ്കിലും പൊതുവെ ആ പേരിനു പറയപ്പെടുന്ന കാരണങ്ങൾ ഈശ്വരന് ബലി നൽകുന്നതുമായി ബന്ധപ്പെട്ടാണ് എന്ന് തോന്നുന്നു. ദാനം നൽകലും ഉപേക്ഷിക്കലും ഒക്കെ ചേർന്ന ബുദ്ധമതത്തിലെ ആചാരങ്ങളുമായും വലി/ വാലി ബാലി/ എന്നിങ്ങനെ പല മാറ്റങ്ങൾക്ക് വിധേയമായ ആ പേരിനു ബന്ധമുണ്ട് എന്നു തോന്നുന്നു. ബാലി എന്ന പേർ വന്നത് രാമായണത്തിലെ കഥാപാത്രമായ ബാലിയിൽ നിന്നാവും എന്ന് കരുതിയാൽ അത് തെറ്റാവും. വലി അഥവാ ബലി എന്നാൽ നേർച്ച നൽകിയത്, വിട്ടു നൽകിയത് , ഈശ്വരന് അർപ്പിച്ചത് എന്നൊക്കെയത്രേ അർഥം. ആ വാക്ക് പല രൂപാന്തരങ്ങൾക്ക് ശേഷം ബാലി എന്നായി മാറി.
ഏ. ഡി. പത്താം നൂറ്റാണ്ടിനോട് അടുത്ത് ബാലി ഭരിച്ചിരുന്ന കേസരിവർമ രാജാവിനോട് ചേർത്താണ് ആദ്യമായി ബാലി അഥവാ ബലി എന്ന ത്യാഗം, ത്യജിക്കൽ എന്നൊക്കെ അർഥം വരുന്ന വാക്ക് ഈ ദ്വീപിന്റെ പേരായി വരുന്നത്. കേസരി വർമ ബുദ്ധ മത രീതികൾ അനുസരിച്ച് രാജ്യം ഭരിച്ചു. പിന്നീട് ബുദ്ധമതത്തിൽ നിന്നും ദ്വീപ് ഹിന്ദുമത അനുയായികളുടെതായി മാറി. ബുദ്ധമതം ഒരു തിരിച്ചു വരവ് സാധ്യമല്ലാത്ത തരത്തിൽ പിൻവാങ്ങിയെങ്കിലും ആ മതത്തിന്റെ അടയാളങ്ങൾ ഈ രാജ്യത്ത് കാണാനാവും.
ബാലിയിലെ കുഞ്ഞുങ്ങൾ ഭാഗ്യവാന്മാരാണ്. അവരെ ഒരു പ്രത്യേക പ്രായം വരെ മാതാപിതാക്കൾ നിലത്ത് ഒറ്റയ്ക്ക് വിടാറില്ല. മുതിർന്നവർ പോവുന്ന ഇടങ്ങളിൽ എല്ലാം തന്നെ കുട്ടികളെ എടുത്തുകൊണ്ടാണ് പോവുക. ഭൂമിയിൽ കുട്ടികളുടെ ആത്മാക്കളെ മലിനപ്പെടുത്താനും അവരുടെ ദൈവീകമായ നിഷ്കളങ്കതയെ മോഷ്ടിക്കുവാനുമായി ദുഷ്ട ശക്തികൾ ഭൂമിയിൽ പതിയിരിക്കുന്നു എന്നാണത്രെ വിശ്വാസം. ഭൂമിയിൽ പതിയിരിക്കുന്ന ദുഷ്ടാത്മാക്കൾക്ക് കീഴടക്കാൻ സാധിക്കാത്തത്ര ഊർജ്ജം കുട്ടിക്ക് ലഭിക്കുന്ന പ്രായമായി എന്ന് ഉറപ്പുവന്നാൽ മാത്രമാണ് കുട്ടിയെ നിലത്ത് തനിയെ വിടുക. ആ പ്രത്യേക ദിവസം ഒരു വലിയ ആഘോഷം കൂടി സംഘടിപ്പിക്കാറുണ്ട്. ബാലിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും നാല് വയസു പ്രായമാകുന്നതുവരെ ദുഷ്ടശക്തികളിൽ നിന്നും സംരക്ഷിക്കുന്ന നാല് ദേവതമാർ ഉണ്ടെന്നാണ് വിശ്വാസം.
മുഗൾ സാമ്രാജ്യ കാലത്ത് പെൺകുട്ടികൾക്ക് പ്രായപൂർത്തിയാവുമ്പോൾ, പ്രത്യേകിച്ചും തവയിഫുകളായ പെൺകുട്ടികളെ, അവരുടെ ദന്തങ്ങളിൽ കറുപ്പു ചായം തേയ്ക്കാറുള്ളതായി എവിടെയോ വായിച്ചിട്ടുണ്ട്. അതുപോലെ ഒരു ചടങ്ങ് ബാലിയിലും ഉണ്ടത്രേ, ദന്തങ്ങൾ നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട ഈ ചടങ്ങ് ഒരു വ്യക്തി പ്രായപൂർത്തി ആവുമ്പോഴാണ് സംഘടിപ്പിക്കുന്നത്. അപ്പോഴാണ് ഒരു മനുഷ്യൻ മൃഗത്തിൽ നിന്നും മനുഷ്യനായി മാറുന്നതെന്ന് അവർ വിശ്വസിക്കുന്നു. പ്രായപൂർത്തിയായ മനുഷ്യന് മാത്രമാണ് ഹിന്ദു മത വിശ്വാസത്തിലെ ആറു ദുഷ്ട വിചാരങ്ങളിൽ നിന്നും സ്വയം വിട്ടുനിൽക്കാൻ കഴിയുന്നത്. ആർത്തി, അസൂയ, കോപം, ആഗ്രഹങ്ങൾ, മദ്യാസക്തി,ചിന്താക്കുഴപ്പം എന്നിവയത്രെ ആ ആറു ദൂഷ്യങ്ങൾ. വ്യാഴാഴ്ചകൾ നിയമപ്രകാരം പ്രാദേശിക വസ്ത്രം ധരിക്കാനുള്ള ദിവസങ്ങളാണ്. അതിനായി ഒരു നിയമം തന്നെ പാസാക്കിയിട്ടുണ്ടത്രേ. നിയമങ്ങളെപറ്റി പറയുമ്പോൾ ബാലിയിലെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ അനുസരിച്ച് ഒരു കെട്ടിടത്തിന് അനുവദനീയമായത് ഒരു തെങ്ങിന്റെ ഉയരമാണ്, പതിനഞ്ചു മീറ്റർ. ഈ നിയമം നിലവിൽ വരുന്നതിനു മുൻപ് നിർമ്മിച്ച ബാലി ബീച്ച് ഹോട്ടൽ മാത്രമാണ് ഈ നിയമത്തിന് ഒരു അപവാദമായിട്ടുള്ളത്. കൂടുതൽ നിലകൾ ആവശ്യമുള്ളവർ ഭൂമി നിരപ്പിന് താഴേയ്ക്ക് കെട്ടിടങ്ങൾ നിർമ്മിക്കേണ്ടിവരുന്നു.
കോപി ലുവാക്ക് കയ്പുള്ള, ഒരു പക്ഷെ എല്ലാവർക്കും ഇഷ്ടം തോന്നാൻ ഇടയില്ലാത്ത ലോകത്ത് ഏറ്റവും വിലയേറിയ കാപ്പികളിൽ ഒന്നാണ്. കോപ്പി ലുവാക്ക് ബാലിയിലാണ് കണ്ടെത്തിയത് എന്നാണ് പറയപ്പെടുന്നത്. കീരി വിഭാഗത്തിൽപെടുന്ന ജീവി പഴുത്ത കാപ്പി ഭക്ഷിച്ച ശേഷം വിസർജ്ജിക്കുന്ന കുരുവിൽ നിന്നാണ് ലുവാക്ക് നിർമ്മിക്കുന്നത്. ലുവാക്ക് കാപ്പി എന്ന വലിയ ബോർഡ് വച്ച കാപ്പി നിർമ്മാണ ശാലകൾക്ക് മുന്നിൽ ഈ ജീവിയെ പ്രദർശനത്തിന് വച്ചിരിക്കുന്നത് കാണാം. ആളുകൾ അതിന്റെ ചലനങ്ങൾ പകർത്തിയെടുക്കുന്നു. നാൽപ്പതിൽപരം വ്യത്യസ്ത രുചികളുമായി സന്ദർശകരുടെ രുചിമുകുളങ്ങളെ കോഫി സാമ്പിളുകൾ കാത്തിരിക്കുന്നുണ്ട്. ഓരോന്നും രുചിച്ചു നോക്കിയ ശേഷം സന്ദർശകനു ഏതാണ് വാങ്ങേണ്ടതെന്നു തീരുമാനിക്കാം.
മൌണ്ട് ബത്തൂർ, മൌണ്ട് അഗൂങ് എന്നീ രണ്ട് സജീവ അഗ്നിപർവതങ്ങൾ ബാലിയിലുണ്ട്. ബത്തൂർ പർവതം അഗൂങ്ങിനെക്കാൾ ചെറുതാണ്. രാവിലെ നാലുമണിയുടെ എത്തിയാൽ പർവത മുകളിലേക്ക് ട്രക്കിങ്ങ് പോകാൻ കഴിയും. ഈ മലയുടെ ഉച്ചിയിൽ നിന്നാൽ ബാലിയുടെ നല്ല ദൃശ്യം കാണാനാവുമത്രെ. ട്രക്കിങ്ങിനു ശാരീരിക ക്ഷമതയില്ലാത്തതിനാൽ പർവതത്തിന്റെ താഴെയുള്ള ഒരു വ്യൂ പോയിന്റിൽ നിന്ന് ഒരു ഫോട്ടോ എടുത്തു മടങ്ങി. ബാലിയുടെ വടക്കുകിഴക്കു ഭാഗത്തുള്ള ബത്തൂർ പർവതത്തിന് താഴെയാണ് കിന്താമണി ഗ്രാമം. വിവിധ ഭക്ഷണശാലകളും ഹോട്ടലുകളും കൊണ്ട് സമ്പന്നമാണ് ഈ ഗ്രാമം. ബത്തൂർ പർവതത്തിന് താഴെയാണ് ബത്തൂർ തടാകം. ചില ഭക്ഷണ ശാലകളിൽ നിർമ്മിച്ചിട്ടുള്ള ലൂക്ക് ഔട്ട് പോയിന്റുകളിൽ നിന്നും അഗ്നിപർവതവും തടാകവും കാണാനാവും. രണ്ടു കിലോമീറ്ററിൽ അധികം ഉയരമുള്ള ആറ് പർവ്വതങ്ങൾ ബാലിയിലുണ്ട്. ഒട്ടേറെ ചെറിയ കുന്നുകളും മലകളുമുണ്ട്. ഒരു പർവ്വതാരോഹകനെ മോഹിപ്പിക്കാൻ കൂടി പോന്നതാണ് ബാലിയെന്നർത്ഥം.
നിരവധി വെള്ളച്ചാട്ടങ്ങളുമുണ്ട് ബാലിയിൽ. ടെഗനുന്ഗാൻ വെള്ളച്ചാട്ടം സന്ദർശകർക്കിടയിൽ പ്രശസ്തമാവാൻ കാരണം അവിടേക്ക് എത്തിച്ചേരുന്നത് സുഗമമായതിനാലാണെന്ന് തോന്നുന്നു. കെമാനു ഗ്രാമത്തിലെ പെറ്റാനു നദിയിലാണ് ടെഗനുന്ഗാൻ. വിവിധ കലാകാരന്മാരുടെ ഉബൂദ് ഗ്രാമവും ഈ വെള്ളച്ചാട്ടത്തിലേക്ക് പോവുന്ന വഴിയിലാണ്. ഗോവരങ്ങ് റെങ് വെള്ളച്ചാട്ടവും ടെഗനുന്ഗാന് അടുത്താണ്. കുറച്ചു കൂടി സാഹസികത ഇഷ്ടപ്പെടുന്നവർക്ക് യോജിച്ച ഒന്നാണ് ഈ വെള്ളച്ചാട്ടം.
കേലുക് (Celuk), മാസ് (Mas) എന്നീ ഗ്രാമങ്ങൾ വിവിധ കലകളുടെയും കരകൌശല വസ്തുക്കളുടെയും പേരിൽ പ്രശസ്തങ്ങളാണ്. സന്ദർശകരുടെ വരവ് ഗ്രാമങ്ങളിലേക്കുള്ള വരുമാനത്തിന്റെ സ്രോതസ് ആയതുകൊണ്ട് തന്നെ ഗൈഡുകൾ സന്ദർശകരെ ഈ ഗ്രാമങ്ങളിലേക്ക് നയിക്കുന്നു. ചിലത് ചിത്രകാരന്മാരുടെത് ആണെങ്കിൽ ചിലത് വെള്ളിയും സ്വർണ്ണ ആഭരണങ്ങളുടെയും നിർമ്മാണങ്ങൾ സന്ദർശകർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നു. തടികൊണ്ടുള്ള വിവിധ കൊത്തുപണികൾ വാങ്ങാൻ ലഭിക്കുന്ന ഇടങ്ങളിലും ആ വിദ്യകൾ സന്ദർശകർക്ക് മുന്നിൽ പ്രദർശിപ്പിക്കുവാൻ പ്രത്യേക സജ്ജീകരണങ്ങളുണ്ട്. ബിദാദരി ബാടിക് വസ്ത്ര നിർമ്മാണശാലയാണ്. സന്ദർശകർ ഈ സുവനീറുകൾ വാങ്ങാൻ ചിലവഴിക്കുന്ന തുക ഈ ദ്വീപിന്റെ സാമ്പത്തികമായ നിലനിൽപ്പിന് നല്കുന്ന സഹായം കൂടിയാണ്.
ഒരിക്കൽ രാജകുടുംബാംഗങ്ങളുടെ താമസസ്ഥലമായിരുന്നു ഉബുദ് കൊട്ടാരം. ഉബുദ് എന്ന വാക്ക് മുറിവുണക്കൽ, ചികിത്സ എന്നൊക്കെ അർഥം വരുന്ന ഉബാദ് എന്ന വാക്കിൽ നിന്നും ഉണ്ടായതാണെന്ന് വിശ്വസിക്കുന്നു. ഈ പ്രദേശത്ത് വിവിധ ചികിത്സകൾക്ക് ഉപകരിച്ചിരുന്ന സസ്യങ്ങൾ (ഉബാദ്) ഏറെ വളർന്നിരുന്നതിനാൽ ഉബാദ് എന്ന പേരിൽ ഈ പ്രദേശത്തെ അറിയപ്പെടുകയും പിന്നീട് ഉബുദ് എന്ന് മാറുകയും ചെയ്തുവത്രെ. ഒരു വലിയ വിപണിയുണ്ട്, ഉബുദ് കൊട്ടാരത്തിന്റെ എതിർവശത്തായി. വിലപേശി വസ്ത്രങ്ങളും കരകൌശല വസ്തുക്കളും മറ്റും വാങ്ങാനാവും. രാത്രി ജീവിതം ഏറ്റവും മനോഹരമായി അനുഭവപ്പെടുന്നു ഉബുദിലെ തെരുവുകളിൽ. ഭക്ഷണശാലകളും സംഗീതവും കൊണ്ട് സമ്പന്നമാണ് രാത്രികൾ. തനതു നൃത്തരൂപങ്ങൾ അരങ്ങേറുന്നുണ്ട് ഉബുദ് കൊട്ടാരത്തിനുള്ളിൽ എല്ലാ വൈകുന്നേരങ്ങളിലും. ടിക്കറ്റ് എടുത്ത് അവ കാണാനാവും.
തന ലോട്ട് (Tanah Lot) എന്ന ബാലിനീസ് വാക്കിന്റെ അർഥം സമുദ്രത്തിനുള്ളിലുള്ള ഭൂമി അഥവാ കടലിനുള്ളിലേക്ക് കയറിനിൽക്കുന്ന പാറ-ഉൾപ്പെടുന്ന മുനമ്പ് പോലെയുള്ള ഭാഗമെന്നാണ്. നൂറ്റാണ്ടുകളായി സമുദ്രത്തിൽ നിന്നുള്ള തിരയുടെ താഡനത്താൽ പരുവപ്പെട്ടു വന്നതാണ് തന ലോട്ട് ദേവാലയം സ്ഥിതിചെയ്യുന്ന പാറയുടെ ഇന്നുള്ള ആകൃതിയും രൂപവും. തന ലോട്ട് പാറയുടെ മുകളിലുള്ള അമ്പലത്തിന്റെ നിർമ്മാണത്തിന് പിന്നിലും ഒരു കഥയുണ്ട്. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന താങ്യാങ് നിരാഥ അഥവാ പെദാന്ത ശക്തി വാവ് റൂഹ് എന്ന ശൈവഹിന്ദു സന്യാസിമാരുടെ ഗുരുസ്ഥാനീയനാണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രം. ദാലേം രാജാവിനെ മുഖം കാണിയ്ക്കാൻ ജാവ ദ്വീപിൽ നിന്നും ഒരു വലിയ മത്തങ്ങയുടെ പുറത്തിരുന്നാണ് കടലിലൂടെ അദ്ദേഹം ബാലിയിൽ എത്തിയത്. രാജാവ് തന്റെ രാജ്യത്തെ ബാധിച്ച വിവിധ തരത്തിലുള്ള പകർച്ച വ്യാധികളാൽ വ്യാകുലനായിരുന്നു. തന്നെ മുഖം കാണിക്കാൻ എത്തിയ സന്യാസിയോട് ഈ ദുഃഖപർവ്വം കടന്നുകിട്ടാനുള്ള വഴികൾ ആരാഞ്ഞ രാജാവിന് തന്റെ ശിരസിൽ നിന്നും ഒരു മുടി പറിച്ചു നൽകിയ സന്യാസി പറഞ്ഞു, “കുരുക്കിട്ട് കെട്ടിയ ഈ മുടി ബാലിയെ ബാധിച്ച വ്യാധികളിൽ നിന്നും രക്ഷിക്കും.” രാജാവിനോട് വിടവാങ്ങിയ സന്യാസി കടൽ ലക്ഷ്യമാക്കി നടന്നു. രാജ്യത്തിന്റെ തെക്കൻ തീരത്തെത്തിയ സന്യാസി ഒരു രാത്രി ആ കടൽ തീരത്തുള്ള പാറയിൽ ചിലവഴിക്കാൻ തീരുമാനിച്ചു. ഒരു സന്യാസി തങ്ങളുടെ തീരത്തെത്തിയത് അറിഞ്ഞ പ്രദേശവാസികളായ മുക്കുവർ അദ്ദേഹത്തെ മുഖം കാണിക്കാൻ എത്തി. അവർ അദ്ദേഹത്തിന് വിവിധ സമ്മാനങ്ങൾ കാണിക്കയായി നൽകി. മുക്കുവരുടെ ആതിഥേയത്വത്തിൽ സന്തുഷ്ടനായ സന്യാസി പറഞ്ഞു, “സമുദ്ര ദേവനായ ബരുണ ഭഗവാൻ ഈ തീരത്തിനടുത്ത് ഉണ്ട്. അദ്ദേഹത്തിന്റെ സന്തോഷത്തിനായി ഈ തീരത്ത് അമ്പലം നിർമ്മിക്കുക, ദേവൻ പ്രസന്നനായി സമുദ്രത്തിൽ നിന്നുള്ള ഭീഷണികൾ ഒഴിവാക്കി തീരദേശവാസികളുടെ ജീവിതം സമാധാനപൂർണ്ണമാക്കിത്തീർക്കും.”
തീരദേശ വാസികൾ ബരുണ ദേവനായി ആരാധനാലയം നിർമ്മിച്ചതിനൊപ്പം താങ്യാങ് നിരാഥയെ കൂടി തങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തി. കാലങ്ങൾ കഴിഞ്ഞപ്പോൾ സമുദ്രാക്രമണങ്ങളാൽ ദേവാലയം സ്ഥിതിചെയ്യുന്ന പാറയിൽ കേടുപാടുകൾ ഉണ്ടായി. ജപ്പാന്റെ സഹായത്തോടെ ഈ പാറയിൽ അറ്റകുറ്റപണികൾ ചെയ്യുകയും പാറയുടെ നശിപ്പിക്കപ്പെട്ട ഹൃദയഭാഗത്ത്, ഏകദേശം മൂന്നിൽ ഒരു ഭാഗം, കൃത്രിമമായി പാറ നിർമ്മിച്ച് കൂട്ടിച്ചേർക്കുകയും ചെയ്തു.
ബാലിയിലെ ദേവാലയങ്ങളിൽ ഭൂരിഭാഗത്തിലും ഉള്ളിലേക്ക് വിദേശികൾക്ക് പ്രവേശനം അനുവദനീയമല്ല. തന ലോട്ട് ക്ഷേത്രത്തിന്റെ സമുദ്രാഭിമുഖമായ പടികൾ കയറുന്നതിനു മുൻപായി ഒരു പൂജയിലൂടെ കടന്നു പോവേണ്ടതുണ്ട്. പുണ്യ ജലം (J) സന്ദർശകരുടെ കൈകളിലേക്ക് ഇറ്റുന്നു, ഒപ്പം ചെമ്പകപ്പൂവ് ചെവിയിലേക്ക് തിരുകുന്നു. ഈ ചെമ്പക പൂവ് അടയാളമാണ്. ഇത് കയ്യിലോ ചെവിയിലോ ഉള്ള സന്ദർശകരെയാണ് പടികടന്ന് ക്ഷേത്രത്തിന്റെ ഒരു ഭാഗത്തേക്ക് കടത്തിവിടുന്നത്. സന്ദർശകർ തങ്ങളുടെ മനസറിഞ്ഞ് ഒരു സംഖ്യ പൂജാരികൾക്ക് (?) സമ്മാനം നൽകേണ്ടതുണ്ട്. ഈ ക്ഷേത്രം സംരക്ഷിക്കപ്പെടുന്നത് കടൽ നാഗങ്ങളാണെന്നാണ് ഒരു സങ്കൽപ്പം. ഒരു ചെറിയ സംഖ്യ നൽകിയാൽ ഉഗ്രവിഷമുള്ള നാഗങ്ങളെ ദർശിക്കാൻ സന്ദർശകർക്ക് അവസരമുണ്ട്, ഇതുവരെ ആ പാമ്പ് ആരെയും ദംശിച്ചിട്ടില്ല എന്നാണ് ലക്ഷ്മണ പറയുന്നത്.
എഴുപത് മീറ്റർ ഉയരമുള്ള കിഴുക്കാൻ തൂക്കായ ഒരു പാറയുടെ ചരിവിലാണ് ഉലുവാടു (uluwatu) ദേവാലയം സ്ഥിതി ചെയ്യുന്നത്. Ulu എന്നാൽ മുനമ്പ് എന്നും watu എന്നാൽ കിഴുക്കാൻ തൂക്കായ പാറയെന്നുമാണ് അർഥം. പു കുറ്റുറാൻ, യമ്പു കുറ്റുറാൻ, ദങ് ഹ്യാങ് നിരർത്ഥ എന്നീ സന്യാസിമാരാണ് ഈ ഹിന്ദു ക്ഷേത്രങ്ങളുടെ നിർമ്മാണത്തിന് പിന്നിലെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആദ്യം ദീപിലെത്തിയ പു കുറ്റുറാൻ ദിവ്യോപദേശം അനുസരിച്ച് പാറമുനമ്പിൽ ഒരു ദേവാലയം നിർമ്മിക്കുകയും പിന്നീട് പിൻഗാമിയായി മാറിയ യമ്പു കുറ്റുറാൻ ദേവാലയം കൂടുതൽ വിപുലമാക്കി. ദങ് ഹ്യാങ് നിരർത്ഥ ദേവാലയത്തിൽ കൂടുതൽ വിഗ്രഹ പ്രതിഷ്ഠകൾ നടത്തി.
“മൊബൈൽ സൂക്ഷിച്ച് ഉപയോഗിക്കുക, തൊപ്പി, കണ്ണട തുടങ്ങിയവ ബാഗുകൾക്ക് ഉള്ളിലൊ പോക്കറ്റിലോ സുരക്ഷിതമായി വയ്ക്കുക.” – ഉലുവാടു അമ്പലത്തിൽ എത്തിയപ്പോൾ തന്നെ ലക്ഷ്മണ മുന്നറിയിപ്പ് നല്കി. ഈ പ്രദേശത്തെ വാനരന്മാർ ശല്യക്കാരും കൌശല്യക്കാരുമാണ്. സന്ദർശകരുടെ കയ്യിലുള്ള വസ്തുക്കൾ തട്ടിയെടുത്തു കടന്നുകളയും. ലക്ഷ്മണ പറഞ്ഞത് ശരിയാണെന്ന് പോകുവഴി കാണാൻ കഴിഞ്ഞു, ചിലരുടെ ഫോണുകളും കണ്ണടകളും തട്ടിയെടുത്ത് വാനരന്മാർ മരങ്ങളിലേക്ക് ഓടിപ്പോവുന്നത് കണ്ടു.
വൈകുന്നേരങ്ങളിൽ രണ്ടു തവണ കേചക്ക് നൃത്തം നടക്കാറുണ്ട് ഉലുവാടു ദേവാലയത്തിലെ ആംഫി തീയറ്ററിൽ. സംഗീത ഉപകരണങ്ങൾ ഒന്നും തന്നെയില്ലാത്ത ഒരു നൃത്ത രൂപമാണ് കേചക്ക്. ജർമ്മൻകാരനായ വാൾട്ടർ സ്പീസ് കണ്ടെത്തിയ ഈ നൃത്തരൂപം രാമായണ കഥാസന്ദർഭങ്ങളെ അവതരിപ്പിക്കുന്നു. വലിയ ഒരു ആൾക്കൂട്ടം തന്നെയാണ് ഈ നൃത്തരൂപത്തിൽ പങ്കെടുക്കുന്നത്. കലാകാരന്മാരുടെ ശബ്ദം തന്നെയാണ് പശ്ചാത്തല സംഗീതമായി മാറുന്നത്. ഞങ്ങൾ എത്തുമ്പോൾ ആറുമണിക്കുള്ള ആദ്യ ഷോ മുഴുവൻ ടിക്കറ്റും വിറ്റു തീർന്നുകഴിഞ്ഞിരുന്നു. രണ്ടാം ഷോ രാത്രി എട്ടുമണിക്കാണ്. അതിനായി കാത്തു നിന്നാൽ തിരികെ കുട്ടയിലെത്താൻ വൈകും.ലക്ഷ്മണ തന്നെ ഉപായം നിർദ്ദേശിച്ചു, മേലസ്റ്റി ബീച്ചിലും ഇതേ നൃത്തമുണ്ട്, ആറുമണിക്ക്. ഇപ്പോ പുറപ്പെട്ടാൽ അത് കാണാം. അങ്ങനെ വീണ്ടും മേലസ്റ്റി ബീച്ചിലേക്ക്.
ഹണ്ടാര ഗേറ്റ് (Handara Gate), ഗേറ്റ് ഓഫ് ഹെവൻ തുടങ്ങി ഇൻസ്റ്റാഗ്രാം വഴി പ്രശസ്തമായ പല സ്ഥലങ്ങളുമുണ്ട്. പാർക്കിങ് ഫീ, എൻട്രി ഫീ, ഫോട്ടോ എടുക്കുന്നതിനുള്ള ഫീ, തുടങ്ങി ചില ചിലവുകളോടെ അവ സന്ദർശകരെ കാത്തിരിക്കുന്നു. ഒപ്പം ചിത്രശലഭങ്ങളുടെ പാർക്കും, ആമകളുടെ ദ്വീപും മറ്റുമുണ്ട്.
മുഖ്യമായും രണ്ടു കാലാവസ്ഥകളാണ് ബാലിയിൽ. ഒന്ന് വരണ്ടതും രണ്ടാമത്തേത് നനവാർന്നതും. വർഷകാലത്തും വെയിൽ ലഭ്യമായതിനാൽ, എല്ലാ ഋതുവിലും ചൂടുള്ള കാലാവസ്ഥവയാണ് ബാലിയിൽ എന്നുപറയാം. അതേസമയം തന്നെ, അസ്ഥിരവും പ്രവചനാതീതവുമായ കാലാവസ്ഥയാണ് ഈ നാട്ടിലെത് എന്ന് തോന്നിപോകും. അറുപതോ എൺപതോ കിലോമീറ്ററിനുള്ളിൽ മഴയും വെയിലും ഇത് രണ്ടുമല്ലാത്ത കാലാവസ്ഥയും ഉണ്ടാവുന്നു. നനഞ്ഞത് കാരണം പിന്നാലെ എത്തിയേക്കാവുന്ന ജലദോഷം നിങ്ങളെ സാഹസികതകളിൽ നിന്നും വിലക്കുന്നില്ലെങ്കിൽ കടലിലേക്ക് ചാഞ്ഞു പെയ്യുന്ന മഴയെ നനഞ്ഞു നിന്നു കാണുന്നതിന്റെ ഭംഗി നിങ്ങൾക്ക് ആസ്വദിക്കാം.
ബാലി എന്ന ദ്വീപ് ഉരുവായതിന്റെ ഐതീഹ്യം കൂടി പറയാം എന്ന് തോന്നുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ്, പണ്ട് പണ്ട്, ബാലി ഇൻഡോനേഷ്യയിലെ മറ്റൊരു ദ്വീപായിരുന്ന ജാവയുടെ ഭാഗമായിരുന്നത്രെ. സിദ്ധി മന്ത്ര എന്നൊരു സന്യാസി ജാവയിൽ പാർത്തിരുന്നു. അയാൾക്ക് ഒരു മകനുണ്ടായിരുന്നു, മാണിക് അങ്കീരൻ. ബാല്യത്തിലും കൗമാരത്തിലും സദ്ഗുണ സമ്പന്നനും ബുദ്ധിശാലിയുമായിരുന്നു ഈ കുട്ടി യൗവനത്തിൽ കോഴിപ്പോരുമായി ബന്ധപ്പെട്ട വാതുവെപ്പിന് അടിമപ്പെട്ടു. ആദ്യമൊക്കെ അവന്റെ കോഴി പന്തയത്തിൽ വിജയിച്ചു. പക്ഷെ പിന്നീട് നിരന്തരം തോൽവി ഏറ്റുവാങ്ങിയ അവന്റെ സമ്പത്ത് മുഴുവനും നഷ്ടപ്പെട്ടു. ഒടുവിൽ അവൻ പിതാവിന്റെ ധനം മോഷ്ടിക്കാൻ തുടങ്ങി. അവസാനം പിതൃ ധനവും നഷ്‌ടമായ മകൻ കൂടുതൽ കടക്കെണിയിൽ അകപ്പെടുകയും പണം കടം കൊടുത്തവർ അവന്റെ ജീവന് ഭീഷണിയാകുകയും ചെയ്തു. അവൻ പിതാവിനോട് തന്നെ ഈ ആപത്തിൽ നിന്നും രക്ഷിക്കാൻ അപേക്ഷിച്ചു. ദുഃഖിതനായ സിദ്ധി മന്ത്ര മകന്റെ സദ്ബുദ്ധിക്കായി ധ്യാനത്തിൽ ഏർപ്പെട്ടു, അദ്ദേഹത്തിന് ഒരു ദിവ്യ സന്ദേശം ലഭിച്ചു, നീ അഗൂങ് മലയിലേക്ക് പോയി അവിടെയുള്ള വിശുദ്ധ വ്യാളിയായ ബെസൂക്കിയെ കാണുക. സിദ്ധി മന്ത്ര അഗൂങ് മലയിലെ വ്യാളിയുടെ വാതിലിൽ എത്തി തന്റെ കയ്യിലുള്ള മണി മുഴക്കി. വ്യാളി പുറത്തു വന്നു കാര്യങ്ങൾ അന്വേഷിച്ചു. കാര്യങ്ങൾ ഗ്രഹിച്ച ബെസൂക്കി വ്യാളി ഒരു വലിയ ചാക്കുനിറയെ രത്നങ്ങൾ സിദ്ധി മന്ത്രയ്ക്ക് നൽകി. അതുപയോഗിച്ച് മകന്റെ ബാധ്യതകൾ തീർക്കാൻ ഉപദേശിച്ചു.
കടങ്ങൾ വീട്ടിയ മകൻ ബാക്കി വന്ന രത്നങ്ങൾ ഉപയോഗിച്ച് വീണ്ടും വാതുവെപ്പിൽ ഏർപ്പെട്ടു. ഒടുവിൽ എല്ലാ ധനവും നശിച്ച് വീണ്ടും ദരിദ്രനായ അവൻ പിതാവിന്റെ മാന്ത്രിക മണിയുമായി അഗൂങ് മലയിലെത്തി മണി മുഴക്കി. ബസുക്കി നാഗത്തോട് തന്റെ പ്രശ്നങ്ങൾ അവതരിപ്പിച്ചു. – നീ ഇത്തവണ വന്നത് ശരി, ഇനി ഈ പ്രശ്നവുമായി ഇവിടേക്ക് വരരുത്, വ്യാളി പറഞ്ഞു. ഇനി വരില്ലെന്ന് ഉറപ്പു പറഞ്ഞ മാണിക് അങ്കീരനുമായി വ്യാളി തന്റെ ഗുഹയിലേക്ക് കയറി. അവിടെ കണ്ട ധനം മാണിക് അങ്കീരനെ അത്യാഗ്രഹിയാക്കി. ബസുക്കിയെ കൊലപ്പെടുത്തി മുഴുവൻ ധനവുമായി തിരികെ പോകുവാനായി അവന്റെ ചിന്ത. അവൻ ബസൂക്കിയെ ആക്രമിക്കാൻ ശ്രമിച്ചു. ബസുക്കി അവനു നേരെ തീ തുപ്പി.
ഇതിനിടെ മകൻ തന്റെ മാന്ത്രിക മണി മോഷ്ടിച്ചത് തിരിച്ചറിഞ്ഞ സിദ്ധി മന്ത്ര, അവൻ അഗൂങ് മലയിലേക്കാവും പോയതെന്ന് ഊഹിച്ചു. മലയിലെത്തിയ പിതാവ് കണ്ടത് അഗ്നിയിൽ വെന്തു ചാരമായി മാറിയ മകനെയാണ്. അയാൾക്ക് ദുഃഖം അടക്കാനായില്ല. “എന്റെ ബസൂക്കാ വ്യാളി, ഇവന്റെ തെറ്റുകൾ പൊറുത്ത് ജീവൻ തിരിച്ചു നൽകുക.” പിതാവ് കണ്ണീരോടെ വ്യാളിയോട് അപേക്ഷിച്ചു. പിതാവിന്റെ അപേക്ഷ കൈക്കൊണ്ട വ്യാളി മാണിക് അങ്കീരനെ പുനർജീവിപ്പിച്ചു. പക്ഷെ വ്യാളി ഒരു വ്യവസ്ഥ മുന്നോട്ടു വച്ചു. ഇനി മാണിക് അങ്കീരൻ ഇവിടെ നിൽക്കട്ടെ, ഞാൻ അവനെ ഒരു നല്ല മനുഷ്യനായി ജീവിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കാം.” അത് സമ്മതിച്ച സിദ്ധി മന്ത്ര മലയിറങ്ങി തിരിച്ചു പോയി. പോകുന്ന വഴി അയാൾ തന്റെ കയ്യിലുള്ള വടികൊണ്ട് ഭൂമിയിൽ സ്പർശിച്ചു കൊണ്ടിരുന്നു. ഭൂമിയിൽ അതൊരു വരയായി മാറി. ആ വര ജാവയെയും ബാലിയെയും വേർതിരിക്കുന്ന അതിരായി. ഈ വിടവിലേക്ക് കടൽ ജലം ഒഴുകിക്കയറി. ഒരു പുതിയ ദ്വീപ് ഉരുവം ചെയ്തു, അതായിരുന്നു ബാലി.
ദ്വീപിന്റെ വരുമാനത്തിന്റെ എൺപതു ശതമാനവും സന്ദർശകരിലൂടെ ലഭിക്കുന്നതാണ്. അതുകൊണ്ടു തന്നെ സന്ദർശകരോടുള്ള അവരുടെ പെരുമാറ്റം ഏറ്റവും സൗഹാർദ്ദപരമാണ്. തെരുവുകളും നിരത്തുകളും ഏറെ വൃത്തിയായി പരിപാലിച്ചിട്ടുണ്ട്. ഗൈഡ് ലക്ഷ്മണ തന്റെ ജീവിതത്തെ പറ്റി പറഞ്ഞത് ഈ ദ്വീപിലെ ഭൂരിപക്ഷം മനുഷ്യരുടെയും ജീവിതത്തെ പറ്റിയും കൂടിയാണ്. ലക്ഷ്മണ താമസിക്കുന്നത് കുട്ടയിൽ നിന്നും ഒരു മണിക്കൂർ അകലെയുള്ള ഗ്രാമത്തിലാണ്. കോവിഡ് കാലത്ത് സന്ദർശകർ എത്താതിരുന്നതിനാൽ ഒരു ഗൈഡ് എന്ന നിലയിൽ ലഭിച്ചിരുന്ന വരുമാനം നഷ്ടമായപ്പോൾ ലക്ഷ്മണ ഗ്രാമത്തിലേക്ക് പോയി. കൃഷി ചെയ്യാൻ ആരംഭിച്ചു. കൃഷി വിജയമായില്ല. കടക്കാരനായി. കോവിഡ് വേഗം തീരണേയെന്നു പ്രാർത്ഥിച്ചു. ഒടുവിൽ കോവിഡ് മാറി സന്ദർശകർ തിരികെ എത്തിയപ്പോൾ വീണ്ടും കുട്ടയിലേക്ക് തിരികെയെത്തി ഗൈഡായി ജീവിതം വീണ്ടും ആരംഭിച്ചു. അയാൾ മാത്രമല്ല, ടൂറിസം വരുമാനമാക്കിയ ഭൂരിഭാഗം വരുന്ന മനുഷ്യരും സാമ്പത്തികമായി ഏറെ ദുരിതങ്ങളിൽകൂടി കടന്നു പോയവരാണെന്ന് ലക്ഷ്മണ പറയുന്നു. അതുകൊണ്ടു തന്നെ ഓരോ സന്ദർശകനും തന്റെ രാജ്യത്തെ കുറിച്ച് നല്ല വാക്കുകൾ മറ്റുള്ളവരോട് പറയണം എന്ന് അയാൾ ആഗ്രഹിക്കുന്നു. ഒരു ഗൈഡ് ആകുവാൻ വേണ്ടി രാജ്യത്തിൻറെ ചരിത്രവും സംസ്കാരവും പെരുമാറ്റ രീതികളും അയാളും സഹപ്രവർത്തകരും സ്വായത്തമാക്കിയിട്ടുണ്ട്. ഒരു പക്ഷെ നമ്മളും ടൂറിസം സെക്ടറിൽ ഇടപെടുന്നവർക്ക് വേണ്ട കൃത്യമായ പരിശീലനം നൽകണം എന്ന സന്ദേശമാണ് ലക്ഷ്മണയെ പോലെയുള്ളവർ പങ്കുവയ്ക്കുന്നത്.