
ആകാശത്തിന്റെ
അതിരുകളിലേക്ക്
നീട്ടിയ
അവളുടെ കൈവിരൽത്തുമ്പിൽ
വാടാത്ത പനിനീർ പൂവ് …..
അന്തിമേഘം ചായംതേച്ച
ചക്രവാളത്തിന്റെ അതിരുകൾ
ചോര വാർന്ന് ചുവന്നിരുന്നു,
അവളുടെ മനസ്സുപോലെ.
അവൻ …..
സ്വപ്നങ്ങൾക്ക്,
പനിനീർപൂവിൻറെ ഗന്ധമുണ്ടെന്നും,
പൂവിതളുകൾ പോലെ
മൃദുവായിരിക്കുമെന്നും
അവളെ പഠിപ്പിച്ചവൻ….
അവളുടെ…
പനീർപ്പൂക്കൾ നിറഞ്ഞ
ഉദ്യാനസ്വപ്നങ്ങൾക്ക്
മിഴിവേകാനായി
പിറവികൊണ്ടവൻ
പിന്നെയെപ്പൊഴോ
അന്ധകാരത്തിന്റെ
ചുടലപ്പറമ്പിൽ
അവൻ അവൾക്കായി
ജീമൂതവവാഹനനായി.
അവളുടെ
കൈവിരൽത്തുമ്പിൽ
അവന്റെ ആകാശങ്ങളിലേയ്ക്ക്
നീട്ടിയ
വാടാത്ത ഒരു പനിനീർ പൂവ് …..
രാത്രി,
ആകാശത്തിന്റെ ശോണിമ
വഴിമാറിവന്ന അന്ധകാരം
നിലാവുദിക്കുന്ന സമയം
സ്വപ്നാടകനെ
അടക്കം ചെയ്ത
ചെത്തിമിനുക്കിയ
കരിങ്കൽ പാളികളാൽ തീർത്ത
കല്ലറയ്ക്ക് മുകളിൽ
അവളുടെ
വാടിത്തുടങ്ങിയ പനിനീർ പൂവ്…
മുകളിൽ..
രാത്രിയുടെ ആകാശങ്ങളിൽ
പറന്നു നടക്കുന്ന വെൺമേഘങ്ങൾ ,
അതിനിടയിൽ ഒളിച്ചുകളിക്കുന്ന
നറുനിലാവ്,
പറുദീസയിലെ പരവതാനിപോലെ
ആകാശനക്ഷത്രങ്ങൾ.
അനന്തരം….
അവളുടെ ഭൂമിയിലും
ആകാശത്തെന്നപോലെ
നിലാവ് നിറയുന്നു.
ശ്മശാനഭൂമി പൂന്തോട്ടമായി മാറുന്നു.
പലനിറങ്ങളിലുള്ള
പനിനീർപ്പൂക്കൾ മാത്രം നിറഞ്ഞ
ഒരുദ്യാനം.
നിലാവിൽ മുങ്ങിക്കുളിച്ച്
മദിപ്പിക്കുന്ന ഗന്ധമുതിർത്ത്
പൂങ്കുലകൾ…..
രാത്രിയിലും പാറിനടക്കുന്ന
മഞ്ഞശലഭങ്ങൾ….
അവയുടെ ചിറകുകളിൽ
അതി മനോഹരമായ
കാമനയുടെ കാലിഗ്രാഫി
പിന്നെ ,
ആകാശത്തേയ്ക്ക്
പറന്നകലുന്ന
വർണ്ണ ബലൂണുകളെപ്പോലെ,
ശലഭങ്ങൾ നിലാവിലേയ്ക്ക്
പറന്നു പൊങ്ങുകയായി…..
പൊടുന്നനെ…..
എവിടെനിന്നോ എന്നപോലെ
വീശി അടിച്ചുതുടങ്ങിയ
ചെറുകാറ്റിൽ
പ്രണയത്തിൻറെ മാദകഗന്ധം …..
കാറ്റ് ഉദ്യാനമാകെ നിറഞ്ഞു,
നനുത്ത മൂടൽ
മഞ്ഞിലെന്നപോലെ
നിയതിതിയുടെ ഗാഢമായ
ഒരാശ്ലേഷത്തിൽ
അവൾ നനഞ്ഞു…
ജ്ഞാനസ്നാനത്തിലെന്നപോലെ
ഒരു പുനർജനി
അനന്തരം..,
ഒരു ചുവന്ന പനിനീർ
പൂമൊട്ടായി
ആകാശങ്ങളിലേയ്ക്ക് …,
അവളുടെ ആകാശങ്ങളിലേയ്ക്ക് …
വീണ്ടും…
ഒരു വർണ്ണശലഭമായി അവൾ.
കാലമിപ്പോഴും
തുടരുകയാണ്….,
അവിരാമം.









