നിലം പൂത്തു മലർന്ന നാൾ

ലോകം കൊറോണയിൽ കത്തി നിൽക്കുമ്പോൾ ഒരു പുസ്തകത്തിലേക്ക് മനസ് നങ്കൂരമിടുക അത്രയെളുപ്പമായിരുന്നില്ല. ജോലി ചെയ്യുന്ന ആശുപത്രിയിൽ
ക്ഷണിക്കാത്ത അതിഥിയായ് എത്തിയ പുത്തൻകൂറ്റ് വൈറസിനെ നേരിടാനുള്ള അധികൃതരുടേയും സഹപ്രവർത്തകരുടെയും കഠിനശ്രമങ്ങങ്ങക്കൊപ്പം
ചേർന്ന് നിന്ന് ഏറെ വൈകി മുറിയിലെത്തിയിട്ട്, ഓഫീസിലെന്നോ റൂമിലെന്നോ ചിന്തിക്കാതെ കൊറോണ മനസ്സ് നീറ്റിക്കൊണ്ടിരിക്കുന്നതിനിടയിൽ, രോഗികളുടെ എണ്ണം കൂടുമ്പോൾ പുതുതായി രൂപം കൊടുക്കേണ്ട ഐസോലേഷൻ വാർഡുകളുടെ ക്രമീകരണങ്ങൾ ചിന്തിച്ച് ഉറങ്ങാതുറങ്ങുന്നതിനിടയിൽ, പുസ്തക ഷെൽഫിൽ നിന്നൊരു പുസ്തകം തല നീട്ടി,

“നിലം പൂത്തു മലർന്ന നാൾ “
മനോജ് കുറൂർ.

പ്രവാസിയുടെ വായന പലപ്പോഴും സാഹസികമാണെന്നു തോന്നാറുണ്ട്. കൊതിച്ചത് വായിക്കാനാകില്ല, വായിക്കാൻ താത്പര്യമില്ലാത്തത് വായിക്കുകയും വേണം. ഇതു വായിക്കണമെന്ന് നിശ്ചയിച്ച് പലവട്ടം മാറ്റിവച്ചത്. ഉറക്കത്തിന്റെ നേർത്ത തിരശ്ശീല മാടിയൊതുക്കി വായനയിലേക്ക്.

കൊലുമ്പനും, ചീരയും ചിത്തിരയും, ചന്തനും, അതുവരെ പിടി തരാത്ത മകീരനും നട്ടെല്ലിലൊരു തരിപ്പ് പടർത്തി. ഒറ്റവരിയിൽപ്പോലും, സംസ്കൃതക്കുറി തൊട്ട മലയാള പദങ്ങളില്ല, പരിചിതമല്ലാത്ത തനി മലയാള പദങ്ങളാണ് മുഴുവനും, എന്നിട്ടും വിരലുകളിൽ വിരലുകൾ കോർത്ത്, ആ പഴയ മലയാള നാട്ടുവിചാരങ്ങളിലേക്കൊരു ഊളിയിടൽ.

ഒരു നിമിഷം താനൊരു പ്രവാസിയെന്നത് മറന്നു, നൂറ്റാണ്ടുകൾക്ക് മുമ്പ് ചേരളമെന്ന പേരു പോലും രൂപപ്പെടും മുമ്പ് ചേരചോര പാണ്ടിയന്മാർ എന്ന മൂവേന്തർ നാടുവാണിരുന്ന കാലത്തേക്ക് മനസുകൊണ്ടൊരു മലക്കം മറിച്ചിൽ.

വിസ്മയിപ്പിക്കുന്ന ഭാഷാ പ്രയോഗങ്ങൾ, ചടുലമായ അവതരണ ഭംഗി. എല്ലാം ചേർന്ന് നേരം പുലരും വരെ വായിച്ചവസാനിപ്പിച്ചപ്പോൾ നോവ്, ആരെപ്രതിയെന്ന് തിരിച്ചറിയുവാനാകുന്നില്ല.

നോവലിന്റെ ഉൾക്കാമ്പിങ്ങനെ വായിച്ചെടുക്കാം.
കൊലുമ്പനെന്ന പാട്ടുകാരൻ, പാട്ടും കൂത്തും തൊഴിലാക്കിയവർക്കിടയിലെ ഒരംഗം. വറുതി കൊണ്ട് നിൽക്കക്കള്ളിയില്ലാതെ അവനും കൂട്ടരും യാഴും പറകളുമെടുത്ത് ഏതെങ്കിലുമൊരു നാട്ടിലെത്തി പാട്ടും കൂത്തും അവിടുത്തെ അരചനു മുന്നിൽ നടത്തി, അദ്ദേഹത്തെ സന്തോഷിപ്പിച്ച് ജീവൻ നിലർത്താൻ വേണ്ടത് വാങ്ങുക തന്നെയെന്ന് നിശ്ചയിച്ചു. അതിനായി സ്വന്തം ഊര് വിട്ട് യാത്ര തുടങ്ങി. ആ യാത്രക്ക് കൊലുമ്പനും ഭാര്യക്കും മറ്റൊരു ലക്ഷ്യവുമുണ്ടായിരുന്നു. പട്ടിണികൊണ്ട്, വർഷങ്ങൾക്കു മുമ്പ് വീടുവിട്ടു പോയ മൂത്ത മകൻ മയിലനെ കണ്ടെത്തണം. ഒരിക്കൽ അവനുണ്ടെന്നറിഞ്ഞ ഏഴിമലയിലേക്കാണവരേവരും യാത്ര തിരിക്കുന്നത്. കൊലുമ്പന് പിന്നേയും മൂന്നു മക്കൾ, ചിത്തിര, ഉലകൻ, ചീര.

പെരുംപാണന്റെ നേതൃത്വത്തിൽ അറിയാത്ത വഴികളിലൂടവർ നടന്നു തളർന്നു. കൂട്ടത്തിലെ കുഞ്ഞുങ്ങളുടെ തളർന്ന കാലടികൾ വായനക്കാരന്റെ ഹൃദയത്തിലും നനവ് പടർത്തും. കൊലുമ്പന്റെ ഹൃദയവേദന ഓരോ വരിയിലും തൊട്ടെടുക്കാം. നായാടികളുടേയും മറ്റും ആതിഥ്യം സ്വീകരിച്ച്, പാട്ടും കൂത്തുമവർക്കായ് നടത്തി, അന്നന്നത്തെ വയറു നിറച്ച് അവർ യാത്ര തുടർന്നു. അവിടെ കല്ലളയിൽ രാത്രി തങ്ങവേ അവർ പെരുംപുലവരായ പരണരെ കണ്ടു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമവർ വേൾപാരിയെന്ന പറമ്പുമലയിലെ അരചനക്കാണാൻ തീരുമാനിക്കുന്നു. പരസ്പരം പോരടിക്കുന്ന മന്നൻമാർ ഭരിച്ചിരുന്ന നമ്മുടെ മലയാള നാട്. ഒപ്പം മന്നന്മാരുടെ ചെയ്തികളിലെ അൻപില്ലായ്മ, ഒരു പെൺകിടാവിനു നേരെപോലും കനിവു കാട്ടാത്ത അരചൻ മാരെക്കുറിച്ചുള്ള അറിവ്, ഒടുവിൽ വേൾ പാരിയുടെ മുന്നിൽ അവതരിപ്പിച്ച കുത്തിനിടയിൽ കടന്നു കൂടിയ ശത്രുക്കളുടെ അപ്രതീക്ഷിത നീക്കത്തിൽ ജീവൻ നഷ്ടമാകുന്നുണ്ട് കൊലുമ്പനും അരചനും.

പിന്നീട് കഥ അപ്രതീക്ഷിതമായി ചിത്തിരയിലെത്തുന്നു.
പെണ്ണ്!
അതാണ് ചിത്തിര. അച്ഛൻ മരിച്ചതോടെ ദുർബലയായ അമ്മക്ക് താങ്ങായ് ചീര സ്വയം മുതിർന്നവളായ് നടിക്കുമ്പോൾ, ചിത്തിരയുടെ യഥാർത്ഥ മനസ് വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് കിളിയോലമെന്ന പെൺകിടാവിനൊപ്പമുള്ള അവളുടെ ഇടപെടലിലൂടെയാണ്. പിന്നീട് മകീരനെന്ന, അവൾക്ക് തീർത്തും പിടികിട്ടാത്ത ചേരമന്നന്റെ പടയാളിയുടെ ഭാര്യാപദവി, അതൊരു ചേർച്ചയില്ലാത്ത പദമാണെന്നവൾ തിരിച്ചറിയുന്നു. പിന്നെ അവ്വയാരെന്ന വിദുഷിക്കൊപ്പം ‘ജീവിതം നയിക്കുവാനവൾ തീരുമാനിക്കുന്നു. കൊലുമ്പൻ കണ്ട ചിത്തിരയല്ല യഥാർത്ഥ ചിത്തിരയെന്ന്, അവളുടെ ഉള്ളകങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണ് വ്യക്തമാക്കുന്നത്.

ചിത്തിരക്കും ശേഷം മയിലൻ അവതരിക്കുന്നു. ചടുലത നിറഞ്ഞ, രാജ്യതന്ത്രങ്ങൾ മാറിമറിയുന്ന വിവരണം, ചാരന്മാരുടെ ഗതികേടുകൾ, ഒക്കെ മയിലനെ വായിക്കുമ്പോൾ കണ്ടെടുക്കാം.

ഒടുവിൽ സ്വന്തം സുഹൃത്തായ മകീരനാണ് അനുജത്തിയെ വേട്ടതെന്നും, വഞ്ചിച്ചതെന്നും തിരിച്ചറിഞ്ഞ്, ഹതാശനായ്.അച്ഛന്റെ മരണവും താൻ കാരണമെന്നുഴറി കോമരമായ് ഉറഞ്ഞു തുള്ളുന്ന, ചീരക്ക് മുന്നിൽ പെട്ട്, തന്റെ ഉപദേശത്താൽ ഏഴിമല നന്നൻ കൊന്നുകളഞ്ഞ കുഞ്ഞുപെൺകൊടി തന്റെ പൊന്നുപെങ്ങൾ ചീരയെന്നറിഞ്ഞ്, അവൻ യവനർക്കൊപ്പം കടൽ താണ്ടി നാടുപേക്ഷിക്കുവാൻ നിശ്ചയിക്കുന്നു. ഏറെ സഹിച്ച ആ പാണന്മാരെ മയിലൻ ഗുരുവായിക്കണ്ട പെരുംപുലവർ തന്നെ സ്വന്തം സ്വത്ത് നൽകി അഭയം നൽകുന്നു.

ഇത്തരത്തിലൊരു രചന മലയാളത്തിന് തീർത്തും അപരിചിത ശൈലിയാണ്. സംസ്കൃതപദങ്ങങ്ങളുടെ ആധിക്യം പാണ്ഡിത്യമെന് ചിന്തിച്ചു വശായവർക്കിടയിലേക്കൊരു തനി മലയാള കൃതിയാണിത്. സി ആർ പരമേശ്വരൻ ”നമ്മുടെ നോവൽ അപരിചിതവും വെല്ലുവിളി ഉയർത്തുന്നതുമായ പ്രദേശങ്ങളിലേക്കു സഞ്ചരിക്കുവാൻ തുടങ്ങുന്നുവെന്നതിന്റെ ഉദാഹരണമാണ് മനോജ് കുറൂരിന്റെ നിലം പൂത്തു മലർന്ന നാൾ ” എന്നെഴുതിയത് സത്യമാണ്. ഇതൊരു വേറിട്ട വായനയാണ്.അപരിചിത പദങ്ങളിലൂടെ തീർത്തും അപരിചിതത്വമില്ലാതെ കൈ പിടിച്ചു നടത്തുന്ന രചനാ വൈഭവം!

നേരം പുലരുന്നു.
വീണ്ടും വർത്തമാന കോറോണ വാർത്തകളിലേക്കും പുതിയ കോവിഡ് 19 കേസുകൾ ഉണ്ടാകരുതെന്ന പ്രാർത്ഥനകളിലേക്കും മനസ് ഉണരുന്നു.

ഒപ്പം കാലങ്ങൾക്കു മുമ്പാണെങ്കിലും നാടുവാഴിക്കഥകൾക്കിടയിൽ, ചോരയും നീരും മനസും മനസാക്ഷിയുമുള്ള കുറേ മനുഷ്യരുണ്ടായിരുന്നുവെന്നും, അവർ എന്നും തോൽവിയുടെ ഭാരമേറ്റു തളർന്നവരായിരുന്നുവെന്നും, അവരുടെ കൂടി കഥകൾ എഴുതപ്പെടുമ്പോഴാണ് നാം നമ്മുടെ സ്വത്വം കണ്ടെത്തുകയെന്നും തിരിച്ചറിയുന്നു.

പ്രസാധകർ: ഡി സി ബുക്സ്

ഓർമ്മകളുടെ ജാലകം, അബ്സല്യൂട്ട് മാജിക്, പുരുഷാരവം (എഡിറ്റർ) എന്നീ കഥാസമാഹാരങ്ങളും മണൽനഗരത്തിലെ ഉപ്പളങ്ങൾ എന്ന ഓർമ്മകുറിപ്പും പ്രസിദ്ധീകരിച്ചു. ഓർമ്മ കഥാ പുരസ്കാരം, മെഹ്ഫിൽ ഇന്റർനാഷണൽ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ പുരസ്‌കാരം, കേസരി നായനാർ പുരസ്‌കാരം, അക്കാഫ് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.