നിദ്രയിൽ നിന്ന്

നിദ്രയിലാണ്
നീ എനിക്ക്
നീലശംഖുപുഷ്പങ്ങൾ
സമ്മാനിച്ചത്.

അവയുടെ ഇതളുകൾ
കൊണ്ടാണ്
ഞാൻ ഓരോ
സ്വപ്നത്തെയും
അലങ്കരിച്ചത്.

നിദ്രയിലാണ്
നീ എന്നിലേക്ക്‌
കിനാവിന്റെ
വെൺതൂവലുകൾ
കുടഞ്ഞെറിഞ്ഞത്

അവയാൽ മൂടി
പൊതിഞ്ഞാണ്
ഞാൻ നിലാവിനെ
നെഞ്ചോട്
ചേർത്തു വെച്ചത്.

എന്നിട്ടും സ്വപ്നത്തിൽ
നിന്ന് പൂക്കളെയും
നിലാവിൽനിന്നു
വെൺതൂവലുകളെയും
വേർതിരിക്കും
മുൻപാണ്
നീ നിദ്രയിൽ
ആണ്ടു പോയത്.

നീ ഇല്ലാത്ത കറുത്ത
ഭൂഖണ്ഡത്തിൽ  
വെച്ചാണ്
എന്നിൽ നിന്നും
നിദ്രയും
സ്വപ്നവും
എന്നെന്നേക്കുമായി
വേർപിരിഞ്ഞത്.

കിനാവ്,  
രാവിരുട്ടിലും
നിലാവ്
പൊള്ളുന്ന പകലിലും
അലിഞ്ഞു പോയത്.

കോട്ടയം ജില്ലയിലെ മേവെള്ളുർ സ്വദേശിനി. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്. 'സംശയങ്ങളിൽ ആഞ്ചല മേരി ഇങ്ങനെ' എന്ന ചെറുകഥയ്ക്കു 2014 ലെ വനിത ചെറുകഥ അവാർഡ്, 2017 ലെ കേരള കലാകേന്ദ്രം കമല സുരയ്യ പുരസ്കാരം, 2018.ലെ ദേവകി വാര്യർ സ്മാരക പുരസ്കാരം ഇവ ലഭിച്ചു. വിവിധ പ്രസാധകർക്കായ് പരിഭാഷകൾ ചെയ്യുന്നു.