നിങ്ങൾ എവിടെയാണ് ജനിച്ചത്?

കോരിച്ചൊരിയുന്ന ഇടവപ്പാതിയിൽ, ചുറ്റും വീശിയടിക്കുന്ന ഭീതി വിതയ്ക്കുന്ന ശക്തമായ കാറ്റിൽ, ആകാശം കീറിമുറിച്ച് വെളിച്ചത്തിൻ്റെ വെള്ളിവാൾ വിടവുകൾ സൃഷ്ടിച്ച രാത്രിയിൽ വീടിൻ്റെ ചാണകം മെഴുകിയ അകത്തളത്തിൽ പതിച്ചിയുടെ കൈയിലേക്ക് ചോര പുരണ്ടദേഹത്തോടെ ലോകത്തോടുള്ള ശക്തമായ പ്രതിഷേധം കരഞ്ഞറിയിച്ചുകൊണ്ടു കടന്നുവന്ന കുഞ്ഞുങ്ങളും, അതേ രാത്രിയിൽ ശക്തമായ രക്തസ്രാവത്തിൽ മരണം ജീവനെ കട്ടെടുത്തു പാഞ്ഞ അമ്മമാരും നമ്മുടെ പഴയകാല ഓർമയിൽ ഇപ്പോഴും ഉയിർകൊണ്ടു നിൽപ്പുണ്ടാവും.

‘ഞാൻ കൊയ്ത്തുപാടത്തിൽ കറ്റ കെട്ടുകയായിരുന്നു. പെട്ടെന്നാണ് അടിവയറ്റിൽ വേദന കഴച്ചുപൊട്ടിയത്. ആ വരമ്പിലേക്കു കയറിക്കിടന്നു. അതാ കൊച്ചു പുറത്തു വന്നു, കഴിഞ്ഞു…’ ഇങ്ങനെയോ, ‘അരി ഇടിച്ചുകൊണ്ട് നിൽക്കുമ്പോഴായിരുന്നു നോവു തുടങ്ങിയത്. പിന്നെന്താ തെക്കിനിയിലേക്കു കയറിക്കിടന്നു, വയറ്റാട്ടി നാണിയെ വിളിക്കാൻ പോയത് മൂത്ത കൊച്ചാണ്. അവരെത്തുമ്പോഴേക്കും കൊച്ചു പുറത്തെത്തിക്കഴിഞ്ഞു’… ഇത്തരം കഥകൾ എത്രയെത്ര എണ്ണമാണീ നാട്ടിൽ ഇപ്പോഴും പറഞ്ഞു പറഞ്ഞു കൈമാറുന്നത്. ഒന്നും രണ്ടും മൂന്നുമല്ല പത്തും പതിനഞ്ചും പെറുന്ന അമ്മമാർ. പെറ്റുകൂട്ടുന്നതിൽ പാതിയും ബാല്യം താണ്ടില്ല. പട്ടിണിയും രോഗങ്ങളും അവരെ ഭൂമിയിൽ നിന്നും കടത്തിക്കൊണ്ടുപോകും.

വീട്ടിലൊരു പെൺകുട്ടി ഗർഭിണിയായാൽ വീട്ടിലേക്കു വന്നുകയറുന്ന കാറ്റു പോലും അവളെ ഉപദേശിക്കും, അതു പാടില്ല, ഇതു പാടില്ല, അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം, ഒപ്പം ചില വീരവാദങ്ങളും പുറത്തുവരും. എന്നാൽ പ്രസവത്തോടെ മരണപ്പെട്ട അമ്മമാരുടെ, പിറന്നു വീഴുന്നതു മരണമെത്തയിലേക്ക് ആയിപ്പോയ കുഞ്ഞുങ്ങളുടെ കണക്കുകൾ ഈ ഉപദേഷ്ടാക്കൾ പറയുകയുമില്ല. ഗർഭിണികളെ പ്രകോപിപ്പിക്കാനായി ഉപദേശിക്കുന്ന കഥകളിൽ, പ്രസവത്തേത്തുടർന്നുണ്ടായ അണുബാധയിൽ ജീവൻ നഷ്ടമായ അമ്മമാരുടെ കണക്കുകൾ ഉണ്ടാവില്ല, പ്രസവമെടുക്കുന്നതിനിടയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത പ്രതിസന്ധികളിൽ ജീവൻ നഷ്ടമായ കുഞ്ഞുങ്ങളുടേയും കണക്കുണ്ടാവില്ല.

എന്തുകൊണ്ടാണീ എഴുത്ത് എന്നുകൂടി പറയട്ടെ, കേരളത്തിൽ അടുത്തകാലത്തായി വീട്ടിലെ പ്രസവം വർദ്ധിക്കുന്നുവെന്നു കണക്കുകൾ പറയുന്നു.

അതിനെന്താണ് എന്ന ആ ചോദ്യത്തിൻ്റെ ഉത്തരമാണ് ആദ്യം പറഞ്ഞത്. പണ്ട്, ആധുനിക വൈദ്യശാസ്ത്രം പുരോഗമിക്കും മുൻപ്, ആശുപത്രികളിൽ കമ്പോണ്ടർ എന്നൊരു തസ്തിക ഉണ്ടായിരുന്നു. വെളളയും വെള്ളയും ധരിച്ച്, വലിയ സ്പടികപാത്രത്തിൽ അവർ നിർമിക്കുന്ന ചുവന്ന പനിമരുന്ന്, ഓർമയുണ്ടോ?എന്തിനും അതായിരുന്നു മരുന്ന്. പനിക്ക്, വയറുവേദനയ്ക്ക് എന്തിനും ആ ചുമന്ന വെള്ളം കണ്ണടച്ച് നെറ്റിയും മൂക്കും ചുളിച്ചു വലിച്ചു കയറ്റിയിരുന്ന കാലം. അന്നൊക്കെ നാല്പതുകളിൽ എത്തുന്നതോടെ യൗവ്വനം വിടപറഞ്ഞു എന്നു ധരിക്കുന്നവരാണ് ഏറെ. അമ്പതുകൾ വാർദ്ധക്യത്തിനും അറുപതുകൾ മരണമെപ്പോൾ വേണമെങ്കിലും കടന്നുവരാം എന്നും ചിന്തിച്ചിരുന്ന കാലം.

ഇന്ന് വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ചു. പല പകർച്ചവ്യാധികളും അപ്രത്യക്ഷമായി. ചിലതരം കാൻസർ ഉൾപ്പെടെ പല രോഗങ്ങളും രോഗശമനത്തിനുതകുംവിധം പിടിയിലായിക്കഴിഞ്ഞു. അത് ചികിത്സാരീതിയിൽ സംഭവിച്ച മുന്നേറ്റത്തിൻ്റെ ഫലം കൊണ്ടാണ്. എന്നാൽ കേരളത്തിൽ ചില പ്രദേശങ്ങളിൽ വിശേഷിച്ചും ആധുനിക ചികിത്സാ പദ്ധതികളോട് വിരോധം കടന്നുകൂടിയിട്ടുണ്ട്. അതിൽത്തന്നെ സ്ത്രീയുടെ ആരോഗ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന, ഗർഭാവസ്ഥയും പ്രസവവും പ്രസവാനന്തര ശുശ്രൂഷകളും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വൈദ്യസഹായം തേടേണ്ടതില്ല എന്നത് ചിലരുടെ ഇടപെടലിന്റെ ഫലമാണ്. പശുവും പട്ടിയും പൂച്ചയും പെറുംപോലെ മനുഷ്യനും പ്രസവിക്കാം, അതിൽ അസ്വാഭാവികമായി യാതൊന്നുമില്ല, അത് വീട്ടിനുള്ളിൽ ഒരു വയറ്റാട്ടിയുടെ സഹായത്തോടെ നടന്നുകൊള്ളും എന്നൊക്കെയാണ് ഇക്കൂട്ടർ പറഞ്ഞു വയ്ക്കുന്നത്. ഇന്ന് കേരളത്തിൽ ശിശുമരണനിരക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്. പ്രസവത്തോടെയുള്ള അമ്മയുടെ മരണവും അതുപോലെ തന്നെ. എന്നാൽ ഗർഭാവസ്ഥയിൽ ഒരു തരത്തിലുള്ള പരിശോധനകൾക്കും വിധേയമാകാതെ, ഗർഭസ്ഥശിശുവിൻ്റെ പ്രശ്നങ്ങൾ തിരിച്ചറിയാതെ, ഒരു മിഡ് വൈഫ് പ്രസവമെടുക്കുമ്പോൾ അണുബാധ മുതൽ അനേകം പ്രശ്നങ്ങൾ ഉടലെടുക്കുന്നുണ്ട്. ഈ അടുത്ത സമയത്ത് വീട്ടിൽ പ്രസവിക്കാൻ ശ്രമിച്ച് കുഞ്ഞിൻ്റെ തല പാതി പുറത്തു വന്ന നിലയിൽ ആശുപത്രിയിൽ എത്തിക്കേണ്ടിവന്ന സ്ത്രീയുടെ കുഞ്ഞ് മരിച്ച സംഭവം മറന്നുകാണില്ല. അതിനും മുൻപ് തിരുവനന്തപുരത്ത് ഗർഭകാല ശുശ്രൂഷകൾ എല്ലാം നിഷേധിച്ച് അക്യൂപങ്ചർ വഴി ചികിത്സിക്കാൻ ശ്രമിച്ചതും അവർ മരണപ്പെട്ടതും അധികകാലം മുന്നേയല്ല.

പനി വന്നാലോ മറ്റെന്ത് അസുഖം വന്നാലോ ആശുപത്രിയിലേക്ക് ഓടാൻ മടിക്കാത്തവർ പ്രസവം വീട്ടിൽ മതി എന്നു നിശ്ചയിക്കുന്നത് എന്തു വിശ്വാസത്തിൻ്റെ പുറത്തായാലും അത് പുരോഗമനവാദികൾ എന്നു നടിക്കുന്ന മലയാളികൾക്ക് അപമാനമാണ്. അമ്മയുടേയും കുഞ്ഞിൻ്റേയും ആരോഗ്യം സ്റ്റേറ്റിന്റെ കൂടി വിഷയമാണ്. അതു കേവലം വ്യക്തിപരമോ കുടുംബപരമോ ആയ ഒന്നല്ല. വീട്ടു പ്രസവത്തിൻ്റെ പ്രചാരകർ നിലവിൽ വാട്സ്ആപ് കൂട്ടായ്മകൾ ഉണ്ടാക്കി അവരുടെ പ്രവർത്തനമേഖല വിശാലമാക്കുകയാണ്. മൃഗങ്ങളുടെ പ്രസവം പോലെ അത്ര നിസ്സാരമായി കണക്കാക്കാവുന്ന ഒന്നല്ല മനുഷ്യൻ്റെത്. പത്തു പ്രസവത്തിനു തയ്യാറാകുന്നവർ ഇന്നും നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു എന്നതും അവർ യാതൊരു വൈദ്യസഹായങ്ങളും ഇക്കാര്യം പുറത്തറിയാതിരിക്കാൻ വേണ്ടന്നുവയ്ക്കുന്നതും പൊതുജനാരോഗ്യ രംഗത്ത് ഉയർന്നുവരുന്ന പുതിയ വെല്ലുവിളിയാണ്. ആശാവർക്കർമാരുടെ സമയേചിത ഇടപെടലാണ് പലപ്പോഴും ഗർഭിണികളുടെ ജീവൻ രക്ഷിക്കുന്നത്. എങ്കിലും സമൂഹത്തിനൊരു ഉത്തരവാദിത്തമുണ്ട്. പുതുവർഷത്തിലേക്കു കടക്കുമ്പോൾ പഴയകാല മാമൂലുകൾ ഉപേക്ഷിക്കാനും വിശാലമായ പുതിയകാല ചിന്തകൾ ഉണ്ടാക്കാനും എന്നും നമുക്കാവട്ടെ എന്ന് ആശിക്കുന്നു.

എല്ലാവർക്കും നന്മ നിറഞ്ഞൊരു പുതുവർഷം.

ഓർമ്മകളുടെ ജാലകം, അബ്സല്യൂട്ട് മാജിക്, പുരുഷാരവം (എഡിറ്റർ) എന്നീ കഥാസമാഹാരങ്ങളും മണൽനഗരത്തിലെ ഉപ്പളങ്ങൾ എന്ന ഓർമ്മകുറിപ്പും പ്രസിദ്ധീകരിച്ചു. ഓർമ്മ കഥാ പുരസ്കാരം, മെഹ്ഫിൽ ഇന്റർനാഷണൽ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ പുരസ്‌കാരം, കേസരി നായനാർ പുരസ്‌കാരം, അക്കാഫ് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.