നാളെ വേട്ടയാണ്

ബുച്ചിബൂബൂ നോവൽ – അദ്ധ്യായം 25

രാത്രി ഏറെ വൈകിയപ്പോഴാണ് മാണിക്കം കണ്ണ് തുറന്നത്. തലക്കുള്ളില്‍ ഭയങ്കര വേദന! അവന്‍ ചുറ്റും നോക്കി. മങ്ങിയ വെളിച്ചമേയുള്ളൂവെങ്കിലും ചുറ്റും കുറെ മൃഗങ്ങളുണ്ട്. അവനെ തന്നെ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്. അവന്റെ കാല്‍ക്കല്‍ ആ മനുഷ്യനുണ്ട്‌. ഇപ്പോള്‍ അവനയാളെ കാണാം. കൊമ്പന്‍ മീശ. ഉറച്ച ശരീരം, വേട്ടയാടി തഴമ്പിച്ച കൈകള്‍. അയാള്‍ അവനെ നോക്കി ചിരിച്ചു കൊണ്ട് അവിടിരുന്നു. പെട്ടന്ന്, മൂന്നു കാലുള്ള ആ കുറുക്കന്‍ വീണ്ടും അവന്റെ മുഖമാകെ നക്കി. പെരുംപാമ്പിന്റെ വായില്‍ വെള്ളപ്പാത്രം. അതവന്റെ വായിലേക്ക് കമിഴ്ത്തി. വെള്ളത്തിന്‌ കയ്പ്പായിരുന്നു. അവനയാളെ നോക്കി. അയാളുടെ കൈയ്യില്‍ ഒരു തോക്ക്. അവനെ ശ്രദ്ധിക്കാതെ അയാള്‍ അത് തുടച്ചുകൊണ്ടിരുന്നു. “നാളെ വേട്ടയാണ്. ഉറങ്ങിയില്ലെങ്കില്‍ ക്ഷീണമാവും.” പെരുംപാമ്പ് അയാളോട് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. അയാള്‍ ചെയ്തിരുന്ന കാര്യം നിര്‍ത്തി അവനെ കുറെ നേരം നോക്കിയിരുന്നു. തന്‍റെ ഓരോ രോമത്തിലും ഭയം നിറയുന്നപോലെ പോലെ അവനു തോന്നി. അടഞ്ഞ ശബ്ദത്തില്‍ അവന്‍ അലറി. ചുറ്റിലും വീണ്ടും ഇരുട്ടു പടര്‍ന്നു.

കട്ടിലിനു ചുറ്റുമുണ്ടായിരുന്നവര്‍ പരസ്പരം നോക്കി. ഇവിടെ കൊണ്ട് വന്നതിനു ശേഷം അവനിപ്പോഴാണ് കണ്ണ് തുറന്നത്. പനി മാറിത്തുടങ്ങിയിരിക്കുന്നു. ഉറക്കത്തിലും അവന്‍ ഇതേപോലെയുള്ള ശബ്ദത്തില്‍ കരയുന്നുണ്ടായിരുന്നു. സന്ധ്യക്ക്‌ വൈത്തിയര്‍ വന്നിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ പനി വിടുമെന്നാണ് പറഞ്ഞത്. എന്താണ് സംഭവിച്ചതെന്നും അവന്‍ എവിടെയായിരുന്നുവെന്നും അപ്പോഴേ അറിയാന്‍ പറ്റൂ. അവനെന്തിനാണ്‌ തന്നെ ഭയത്തില്‍ നോക്കി അലറി വിളിച്ചതെന്നും. നെടുമാന് കിടന്നിട്ടും ഉറക്കം വന്നില്ല. തന്‍റെ ഉറ്റചങ്ങാതിയുടെ മകന്‍. അവന്‍ മരിച്ചു എന്നുള്ള വാര്‍ത്ത കേട്ടപ്പോള്‍ സ്വന്തം മകന്‍റെ മരണവാര്‍ത്തയെന്ന പോലായിരുന്നു. ഇന്ന് രാവിലെ അഗിലന്‍റെ വീട്ടില്‍ ഒരാളെ കിട്ടി എന്നു കേട്ടപ്പോഴും അത് മാണിക്കനാണെങ്കില്‍ കറുംകൂന്തലിയമ്മയുടെ അടുത്ത വിഴാവിനു തന്‍റെ ഏറ്റവും നല്ല കാളയെ ബലിക്കായി നേര്‍ന്നതാണ്. പക്ഷെ അവന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടു നില്‍ക്കാനാവുന്നില്ല. എന്നാല്‍ വേട്ട മാറ്റി വയ്ക്കാനുമാവില്ല. മുക്കിയന്‍ പോകാത്ത വേട്ടയാണ്. അയാളുടെ അഭാവത്തില്‍ അത് കുഴപ്പങ്ങളൊന്നുമില്ലാതെ സുഗമമായി നടന്നുവെന്ന് ഉറപ്പാക്കേണ്ടത് തന്‍റെ കടമയാണ്.

പിറ്റേന്ന് പുലരും മുന്‍പേ വേട്ടസംഘം പുറപ്പെട്ടു. കഴിഞ്ഞ പ്രാവശ്യത്തെ ആവശം ആര്‍ക്കും ഉണ്ടായിരുന്നില്ല. മാണിക്കത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എല്ലാവരെയും കുറച്ചു ഭയപ്പെടുത്തിയിരുന്നു, പ്രത്യേകിച്ചും യുവാക്കളെ. ”നീ കാര്‍മേഘത്തെ കണ്ടപ്പോഴും ഇങ്ങനെ ആയിരുന്നില്ലേ?” അമുതന്‍ ചേരനോടു സ്വകാര്യമായി ചോദിച്ചു.

“വഴി തെറ്റി ചുറ്റി നടക്കുമ്പോള്‍ അകലെ നിന്നും മാത്രമാണ് ഞാന്‍ കാര്‍മേഘത്തെ കണ്ടത്. പുഴക്കരയില്‍ കതിരിനെ കണ്ടുമുട്ടും വരെ ആ ആത്മാവ് എന്റെ കൂടെ തന്നെയുണ്ടായിരുന്നു.“ ചേരന്‍ ഇപ്പോഴും വിശ്വസിക്കുന്നത് അന്ന് കാര്‍മേഘം കൂടെയുണ്ടായിരുന്നു എന്ന് തന്നെയാണ്. അല്ലെങ്കില്‍ അന്ന് പുഴക്കരയിലെ വെളിച്ചം കണ്ടു അങ്ങോട്ട്‌ പോകാനും കതിരിനെ കാണാനും കഴിഞ്ഞെനെയില്ല. താന്‍ മാണിക്കത്തെപ്പോലെ കാട്ടില്‍ ഇത് വരെ പോകാത്തയിടങ്ങളില്‍ പെട്ടു നഷ്ടപ്പെട്ടു പോവുകയോ കൊല്ലപ്പെടുകയോ ചെയ്തേനെ! കതിര്‍ പോലും പറയുന്നത് കാട്ടിലെ എല്ലാ വഴികളും കാര്‍മേഘമാണ് അവനെ പഠിപ്പിച്ചത് എന്നാണ്. ചിലപ്പോള്‍ ശരിയായിരിക്കും. കതിര്‍ ആവശ്യത്തിനു മാത്രമേ വേട്ടയാടാറുള്ളൂ. എന്നാല്‍ ഈ ഗ്രാമത്തിലെ വേട്ടക്കാരെക്കാള്‍ അധികം സമയം അവന്‍ കാട്ടില്‍ ചിലവഴിക്കുന്നുണ്ട്. ഒറ്റക്കാണ് യാത്രകള്‍ മുഴുവന്‍. എന്നാല്‍ തങ്ങളെ പഠിപ്പിച്ചിരിക്കുന്ന പോലെ അവനെ ഇത് വരെ ഒന്നും ആക്രമിച്ചിട്ടില്ല. കാര്‍മേഘം അല്ലെങ്കില്‍ പിന്നെ ഈ കാട്ടില്‍ ഒറ്റയ്ക്ക് കടക്കുന്നവനേ ആരാണ് ഇത്രയും കാക്കുന്നത്?

കാട് കുറച്ചു കൂടി വലുതായ പോലെ അവര്‍ക്ക് തോന്നി. ചീവീടുകളുടെ കരച്ചില്‍ കുറച്ചു കൂടി ഉച്ചത്തിലായത് പോലെ. താവളമൊരുക്കിയതും പിറ്റേന്നത്തെ വേട്ടക്കു തയ്യാറെടുത്തതുമെല്ലാം കഴിഞ്ഞ പ്രാവശ്യത്തില്‍ നിന്നും വളരെ നിശ്ശബ്ദതയോടെയാണെന്നു ചേരന്‍ ശ്രദ്ധിച്ചു. പക്ഷികളുടെയോ മൃഗങ്ങളുടെയോ കരച്ചില്‍ ഒരിടത്ത് നിന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഒരു തരം ആലസ്യം നിറഞ്ഞ, അസുഖകരമായ നിശ്ശബ്ദത! നാളെയാണ് വേട്ട. കൂടാരങ്ങള്‍ കെട്ടിക്കഴിഞ്ഞപ്പോള്‍ ചേരനും അമുതനും ശക്തിയും പുഴക്കരയിലേക്ക് നടന്നു. മീൻകൂടകള്‍ വെള്ളത്തില്‍ മുക്കി വച്ച് കുളിക്കാനിറങ്ങി. പക്ഷെ, എന്തൊക്കെയോ തങ്ങളുടെ ഓരോ നീക്കവും ശ്രദ്ധിക്കുന്ന പോലെ അവര്‍ക്ക് തോന്നി. പെട്ടന്ന് കുളി കഴിച്ചു അവര്‍ കരയ്ക്ക്‌ കയറി, “കൂടകള്‍ക്ക് വേണ്ടി നാളെ പുലര്‍ച്ചെ തിരിച്ചു വരാം. അപ്പോള്‍ കുറച്ചു കൂടുതല്‍ മീനും കിട്ടും. ഇന്നത്തേക്ക് നമ്മള്‍ കൊണ്ട് വന്നതെടുത്തു പാകം ചെയ്യാം.” ശക്തി പറഞ്ഞു. മറ്റു രണ്ടു പേര്‍ക്കും അത് തന്നെയാണ് ശരി എന്ന് തോന്നി.

അവര്‍ തിരിച്ചെത്തിയപ്പോഴേക്കും ബാക്കിയുള്ളവര്‍ വേട്ടക്കുള്ള ഇടങ്ങള്‍ കണ്ടെത്തി വന്നിരുന്നു. പിറ്റെന്നത്തേക്കുള്ള പദ്ധതികള്‍ തീരുമാനിച്ചു വീട്ടില്‍ നിന്നും കൊണ്ട് വന്ന അരിയും ഉണക്ക ഇറച്ചിയും പാകം ചെയ്തു കഴിച്ചു കിടന്നു.

ചേരന് ഉറങ്ങാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അമുതനുമായുള്ള സംസാരമായിരുന്നു അവന്റെ മനസ്സില്‍. ഗ്രാമത്തില്‍ തുടര്‍ച്ചയായി അനിഷ്ട സംഭവങ്ങളുണ്ടായതും അവയിലൊന്ന് മരണത്തിന്റെ അടുത്ത് വരെയെത്തിയതും നല്ലതിനല്ലെന്നാണ് മുത്തശ്ശി പറഞ്ഞത്. നാളെ മുതല്‍ താനും വേട്ട സംഘത്തിലുണ്ട്. നെടുമാന്റെ വേട്ട സംഘത്തിനോപ്പം. മാണിക്കത്തെ കാണാതായതിനു ശേഷം ചെറുക്കന്മാരെ ഒറ്റയ്ക്ക് വിടണ്ട എന്നത് മണ്ട്രത്തിലെടുത്ത തീരുമാനമായിരുന്നു. മുതിര്‍ന്നവരുടെ മതിപ്പ് സമ്പാതിക്കാന്‍ അവന്‍ ചെയ്ത പ്രവൃത്തിയാണ്‌ അവനെ ആ നിലയിലെത്തിച്ചത്. മുതിര്‍ന്നവരെ അനുസരിക്കുകയാണെങ്കില്‍ അങ്ങിനെ ഉണ്ടാവുകയില്ലായിരുന്നു എന്നാണു പെരിയോരോഴികെയുള്ളവര്‍ പറഞ്ഞത്. എന്നിട്ടും പെരിയോര്‍ കുട്ടികളെ അവരുടെ ഇഷ്ടത്തിനു വിടുകയായിരുന്നെങ്കിലും അങ്ങിനെ സംഭവിക്കുമായിരുന്നില്ല എന്നാണു വാദിച്ചത്. ഗ്രാമത്തിലുള്ളവര്‍ക്ക് അത് മനസ്സിലാവില്ല. പുരുഷന് വേട്ടയും പെണ്ണിന് കൃഷിയും കുടുംബവുമാണിവിടെ. അതിനപ്പുറമൊന്നുമില്ല. ഈ ഗ്രാമത്തിനു പുറത്തു വേറൊരു ലോകമുണ്ടെന്നു പലരുമറിയുന്നത് വിഴാവിനു വരുന്ന നാടോടികളുടെ കഥകളില്‍ നിന്നാണ്. ഒരു പക്ഷെ താമ സ്വന്തം ഇഷ്ടങ്ങള്‍ക്ക് വേണ്ടി പൊരുതുന്നത് കണ്ടില്ലായിരുന്നുവെങ്കില്‍, അസുഖത്തിന് ശേഷം ചിന്തിച്ചു തലപുണ്ണാക്കാതിരിക്കാന്‍ അമ്മ തന്നെ കൃഷിയിടത്തിലേക്ക് കൊണ്ട് പോയില്ലായിരുന്നില്ലെങ്കില്‍ വേട്ടക്കപ്പുറം ഒരു ജീവിതമില്ലെന്നും ഇഷ്ടമില്ലാത്തത് ചെയ്താണ് എല്ലാവരും ജീവിക്കുന്നതെന്നും താന്‍ ഇപ്പോഴും വിശ്വസിച്ചേനെ.

കൂടാരത്തിന് പുറത്തു ഏതൊക്കെയോ ചെറു ജീവികള്‍ നടക്കുന്നുണ്ട്. അവ നടക്കുമ്പോള്‍ കരിയിലകള്‍ ഞെരിയുന്ന നേര്‍ത്ത ശബ്ദം കേള്‍ക്കാമായിരുന്നു. അവന്‍ ശബ്ദമുണ്ടാക്കാതെ വെളിയില്‍ വന്നിരുന്നു. മരങ്ങള്‍ക്കിടയിലൂടെ നിലാവ്. പുറത്തു മൃഗങ്ങളെ അകറ്റി നിര്‍ത്താന്‍ വേണ്ടി കത്തിച്ചിരുന്ന ആഴി കെട്ടു തുടങ്ങിയിരുന്നു. അവന്‍ അതിനരികിലിരുന്നു ഒരു മരക്കമ്പെടുത്തു മെല്ലെ ഇളക്കി കൊടുത്തു. ചുറ്റുമുണ്ടായിരുന്ന കരിയിലകള്‍ കുറച്ചു പെറുക്കി അതിലേക്കിട്ടു. ചെറിയ നാളങ്ങള്‍ വന്നു തുടങ്ങിയപ്പോള്‍ അടുത്ത് കൂട്ടി വച്ചിരുന്ന ഉണങ്ങിയ കമ്പുകളില്‍ കുറച്ചെണ്ണം അതിലേക്കിട്ടു. കതിരിന്റെ കൂടെ കാട്ടില്‍ ചിലവഴിച്ച സമയം അവന്‍ ഓര്‍ത്തു. വേട്ടക്കാരനായത്തില്‍ പിന്നെ അത്രയും സമാധാനത്തോടു കൂടി ഉറങ്ങിയിട്ടില്ല. ഓരോന്നാലോചിച്ച് അവന്‍ ചൂടും കാഞ്ഞിരുന്നു. ഉറക്കം വന്നു തുടങ്ങിയപ്പോള്‍ അവന്‍ തീ കേടുത്താനാഞ്ഞു. അപ്പോഴാണ്‌ തന്നെതന്നെ ശ്രദ്ധിച്ചിരിക്കുന്ന ആ വല്യ എലിയെ അവന്‍ കണ്ടത്. അവനോന്നാഞ്ഞതും അതോടി കാട്ടിലെവിടെയോ അപ്രത്യക്ഷനായി.

പിറ്റേന്ന് അതി രാവിലെ തന്നെ വേട്ട സംഘങ്ങള്‍ ഇറങ്ങി. കെണികളിലൊന്നും ഒരു മൃഗം പോലും പെട്ടിരുന്നില്ല. കുറെ നേരം കാത്തിട്ടും ഒരു മൃഗത്തെപ്പോലും കിട്ടിയില്ല. പിറ്റേന്നും അതിനു പിറ്റേന്നും ഇത് തന്നെയായിരുന്നു ഫലം. നാലാം ദിവസം ആകെയൊരു കാട്ട് പൂച്ചയാണ് കെണിയില്‍ പെട്ടത്. അതിന്റെ തോല്‍ മാത്രമേ ഉപയോഗമുള്ളതുള്ളൂ. ഇറച്ചി വേട്ടപ്പട്ടികള്‍ക്ക് കൊടുക്കാം. അന്ന് ഗ്രാമത്തില്‍ നിന്ന് കൊണ്ട് വന്ന അരിയും തീര്‍ന്നു. കതിരും അമുതനും പിടിച്ച മീന്‍ മാത്രമായിരുന്നു അന്ന് ഭക്ഷണം. പിറ്റേന്ന് നിരാശരായി വേട്ട സംഘം കാടിറങ്ങി.

കാട്ടു കൂട്ടത്തില്‍ കൂടുതല്‍ പേര്‍ പോരാട്ടത്തിനെ പിന്തുണച്ചു തുടങ്ങിയിരുന്നു. ഇനിയും കുറച്ചു പേര്‍ മാത്രം മുഖം തിരിച്ചു നിന്നു . ”നേതാക്കളില്ലാത്തതാണ് അവരുടെ പ്രശ്നം. അവര്‍ കൂടെ വരും. തുടങ്ങിയതല്ലേയുള്ളൂ?”, കടുവ ബുച്ചിയെ ആശ്വസിപ്പിച്ചു. വളരെക്കാലങ്ങള്‍ക്കു ശേഷമായിരുന്നു നിറം മാറുന്നവര്‍ ആ കാട്ടില്‍ നിന്നും വെറും കൈയ്യോടെ തിരിച്ചു പോവുന്നത്. ചെറിയ നേട്ടങ്ങള്‍ വലുതായിത്തുടങ്ങിയെന്നവന് തോന്നിത്തുടങ്ങി.

“ഇനിയും ഏറെ പോകാനുണ്ട്. പക്ഷെ അകലെ വെളിച്ചം കാണുന്നുണ്ട്. “ കതിര്‍ തന്‍റെ സഞ്ചിയിലേക്ക് കുറച്ചു മാങ്ങകള്‍ പെറുക്കിയിട്ടു നിവര്‍ന്നു.

“കാട് വഴിയാണ് യാത്ര. ഇന്ന് കാടിറങ്ങുന്നതിനു മുന്‍പ് ഞാനവരെ കാണു മുട്ടും,” അവന്‍ പുറപ്പെട്ടു.

അടുത്ത തിങ്കളാഴ്ച്ച അദ്ധ്യായം 26: പ്രതീക്ഷയുടെ പുതുവഴികൾ

ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.