വിനായകന് ഉറക്കംവരണില്ല. വല്ലാത്തൊരു പൊല്ലാപ്പിലാണ് ചെന്നുപെട്ടിരിക്കണത്. എറങ്ങേട് തന്നെ. എത്ര ആലോചിച്ചിട്ടും എങ്ങനെ പരിഹരിക്കുമെന്ന് പിടിക്കിട്ടണില്ല. സംഭവം ഇതാണ്.
യൂണിവേഴ്‌സിറ്റിയിൽ എം.എ.യ്ക്ക് പഠിക്കുന്ന കാലം തൊട്ടേ സിതാര ബാലകൃഷ്ണനെ പരിചയമുണ്ട്. നന്നായി പഠിക്കുന്നവളും രാഷ്ട്രീയബോധമുള്ളവളുമാണ്. അന്നേ അവളുടെ ലേഖനങ്ങൾ ആനുകാലികങ്ങളിൽ അച്ചടിച്ചു വരുമായിരുന്നു. എം.എ. മലയാളം പഠിക്കുന്നവരോട് അസൂയ തോന്നിയ സമയമാണത്. എന്നാലും അവളെന്റെയടുത്ത് കാര്യമായി സംസാരിക്കുമായിരുന്നു. പൊതുവെ അത്ര സംസാരിക്കാത്ത ഞാൻ സിതാരയുമായി അടുത്തു.
റാങ്ക് നേടി ജയിച്ച ഞാൻ ഉപരിപഠനത്തിനായി വിദേശസർവ്വകലാശാലയിലേക്ക് പോയി. തിയേറ്ററിൽ പി.എച്ച്.ഡി. കഴിഞ്ഞ ശേഷം യൂറോപ്പിലെ സർവ്വകലാശാലകളിൽ അദ്ധ്യാപകനായി കഴിയുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞാണ് ഇപ്പോൾ നാട്ടിലേക്കെത്തിയിരിക്കുന്നത്. കുറേ വർഷങ്ങൾ കഴിഞ്ഞ് ഇന്നലെയായിരുന്നു ഞാൻ സിതാര ബാലകൃഷ്ണനെ കണ്ടത്. ഫെയ്‌സ് ബുക്കും, വാട്‌സ് ആപ്പും ഒക്കെ ഉള്ളതുകൊണ്ട് വല്യ സംഭവമായിട്ടൊന്നും ഞാനതിനെ കാണുന്നില്ല. എങ്കിലും കണ്ട സന്തോഷത്തിന് അവൾ എന്റെയടുത്തേക്ക് ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു. എന്റെ കവിളത്ത് ഉമ്മ തന്നു. ഞാനും തിരിച്ചു ഉമ്മ കൊടുത്തു. ‘ലക്ഷ്മി മൈ ഫ്രണ്ട്’ എന്നു പറഞ്ഞ് കൂട്ടുകാരിയെ പരിചയപ്പെടുത്തി. ഞാൻ വേഗം തന്നെ കൂട്ടുകാരിയെ കെട്ടിപ്പിടിച്ചു, കവിളിൽ ഉമ്മ വെച്ചു. അതാണിപ്പോൾ ഉറക്കം കെടുത്തുന്നത്. ലക്ഷ്മിയുടെ ഭർത്താവിന്റെ രൗദ്രത്തോടെയുള്ള തുറിപ്പിച്ച നോട്ടം. അത്തരത്തിലുള്ള നോട്ടം എന്റെ കുട്ടിക്കാലത്തും വിദ്യാഭ്യാസ കാലത്തും ഞാൻ കണ്ടിട്ടുണ്ട്. ആരേയും ഭസ്മമാക്കുന്ന നോട്ടം.
വിനായകാ…. അമ്മയുടെ നീട്ടിവിളിയിൽ ഞാൻ ഇരുപത്തിയെട്ടു വർഷം മുമ്പുള്ള ഓർമ്മകളിലേക്കെത്തി. ആന്റണി മുതലാളിയുടെ വീട്ടിലായിരുന്നു അമ്മയ്ക്ക് അന്ന് പണിയുണ്ടായിരുന്നത്. ആ നാട്ടിലെ പലരും ആന്റണി മുതലാളിയുടെ പറമ്പിലും പാടത്തും പണിയെടുത്തിരുന്നു. അമ്മ പറമ്പിൽ പണിയെടുക്കുകയായിരുന്നു. അമ്മയെ പാടത്തേക്ക് പറഞ്ഞുവിടാനായി ആന്റണി മുതലാളിയുടെ ഭാര്യ ത്രേസ്യാ വന്നു. ത്രേസ്യ അമ്മ ചെയ്തു കൊണ്ടിരുന്ന പണി, തേങ്ങ പൊതിക്കുന്നത് എന്നോട് ചെയ്യാൻ പറഞ്ഞു. നല്ല വലുപ്പമുള്ള ഉണങ്ങിയ തേങ്ങകൾ ഞാൻ പൊതിച്ചുതുടങ്ങി. പൊതിച്ചു പൊതിച്ചു ഞാൻ രസം പിടിച്ചു. മുമ്പും ഞാനിത് ചെയ്തിട്ടുണ്ട്. ഇതിനു പ്രതിഫലമെന്നോണമായിരിക്കും അമ്മ എനിക്കു ചില്ലറപൈസ തരുമായിരുന്നു. ആകാശംമുട്ടെ വളർന്നു നിൽക്കുന്ന ഈ തെങ്ങുകളൊക്കെ വെച്ചത് ആരാണെന്ന് ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട്. നമ്മുടെ പൂർവ്വികരാണെന്നും മുത്തപ്പന്മാരാണെന്നുമാണ് മറുപടി കിട്ടിയിരുന്നത്. ഇന്നെനിക്ക് കാര്യങ്ങളറിയാം.
കുട്ടികളുടെ പൊട്ടിച്ചിരികൾ കേട്ടാണ് ഞാൻ അങ്ങോട്ട് നോക്കിയത്. ആന്റണി മുതലാളീടെ മോളും സ്വന്തക്കാരായ മറ്റു കുട്ടികളുമാണത്. അവര് വട്ടത്തിലിരുന്ന് ഒരു കളിയ്ക്ക് തുടക്കമിടുകയാണ്. അവരുടെ പറച്ചിലിൽ നിന്ന് കളി എങ്ങനെയെന്ന് എനിക്കു പിടികിട്ടി. കൈയ്യെണ്ണി സ്ഥാനങ്ങൾ നിശ്ചയിച്ച് കണ്ണ് കെട്ടിയ ആൾ ഒരു തൂണിനെ കാവൽ നിൽക്കും. മറ്റുള്ളവർ ഇയാൾ മാറുന്നതിനനുസരിച്ച് ഓടിവന്ന് തൂണുമേൽ തൊടണം. സാറ്റ് എണ്ണികളിക്കൽ എന്ന് ചിലയിടങ്ങളിൽ ഇതിനെ പറയുന്നുണ്ട്. അയൽപക്കത്തുള്ള ഒരു പെൺകുട്ടിയ്ക്കാണ് ആദ്യത്തെ കണ്ണുകെട്ടൽ. അവൾ കണ്ണ്‌കെട്ടി തൂണിനടുത്ത് നിന്ന് നീങ്ങി നീങ്ങി നടന്നു പോയപ്പോൾ മറ്റുള്ളവർ ഓടി വന്ന് സാറ്റടിച്ചു. അവൾക്ക് പോയന്റ് ഒന്നും തന്നെയില്ല. രണ്ടാമത് എന്റെ ഊഴമാണ്. എന്നെ അവർ കണ്ണുകെട്ടി കറക്കിവിട്ടു. ഞാൻ തൂണിനടുത്തു നിന്ന് വലതുവശത്തും പിന്നെ ഇടതുവശത്തേക്കും നടക്കും. എന്തു ചെയ്താലും തൂണിനടത്തുനിന്ന് അകലേക്ക് ഞാൻ നീങ്ങില്ല. ഇതു ഞാനെടുത്ത ഒരു തന്ത്രമായിരുന്നു. അങ്ങനെ വരുമ്പോൾ ആർക്കും തന്നെ സാറ്റടിക്കുവാൻ സാധിക്കുകയില്ല. ഒരുവൾ ഇതിനിടയിൽ എന്നെ വെട്ടിച്ച് സാറ്റടിച്ചു. രണ്ടാമത് ഒരു പരാജയത്തിന് മുതിരാതെ ഞാൻ മറ്റുള്ളവരുടെ കാലൊച്ച ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഒരു കാലൊച്ച അതിവേഗത്തിൽ തൂണിനടുത്തേക്ക് നീങ്ങുന്നതായി ഞാൻ ശ്രവിച്ചു. ഒരു ഞൊടിയിടനീക്കത്തിലൂടെ ഞാനാകൂട്ടിയെ പിടിച്ചു. ഞാൻ മുറുക്കി പിടിച്ചു കൊണ്ടിരുന്നു.അവൾ എന്നെ തല്ലി. ഞാനെന്റെ കണ്ണിൽ കെട്ടിയിരുന്ന തൂവാല പൊക്കിയെടുത്തു. മുൻപിൽ ആന്റണി മുതലാളീടെ ഭാര്യാ ത്രേസ്യ നിൽക്കുന്നു.
”എന്താടാ ചെക്കാ നീയീ കാണിച്ചേ…,നിനക്ക് എന്ത് അഹമ്മതിയാ, ഇവളെ കേറി പിടിക്കാൻ?
ആന്റണിച്ചായൻ കണ്ടാ നിന്റെ കൊടലു വലിച്ചങ്ങ്ട് ഇടുക്കും പറഞ്ഞേക്കാം. കളിക്കാണ്ട് പോയി പണിയെടുക്കടാ, പൊലേചെക്കാ.”
അമ്മ ഇതൊക്കെ കാണുന്നുണ്ടായിരുന്നുവെന്നു എനിക്കു തോന്നി. അമ്മയുടെ കണ്ണിൽ നിന്ന് കണ്ണീരു വരുന്നുണ്ടായിരുന്നു. എന്നാലും അമ്മ എന്നോടൊന്നും ചോദിച്ചില്ല.
തൃക്കല്ലൂർക്കുന്നിൽ നിന്ന് സാധാരണ ആരും തന്നെ കോളേജിലേക്ക് പോയിട്ടില്ലാ. ഞാൻ സ്‌കൂളിൽ വച്ച് മൂന്നാമനായി പാസായതിൽ പലരും അതിശയപ്പെട്ടു. ത്രേസ്യചേച്ചിയും എന്നെ കണ്ടപ്പോൾ കുന്തം വിഴുങ്ങിയതുപ്പോലെ നിന്നു.
”അല്ലാ, യീ പയ്യനെങ്ങനെയാടീ പഠിച്ച് ഇത്രേം മാർക്കു വാങ്ങിയത്. കോപ്പിയടിച്ചിട്ട് വല്ലതുവാണോ?” അമ്മേടെയടുത്ത് ചോദിച്ചപ്പോൾ അവർ എന്തു പറയണമെന്നറിയാതെ മിഴിച്ചു നിന്നുപോയി.
”ഏതായാലും അവനെ പഠിപ്പിച്ചൊന്നും സമയം കളയണ്ടാ, വേഗം വല്ല പണിക്കൊക്കെ വിട്ടോ”.
അവർ അമ്മയെ സഹായിക്കാനെന്നോണം പറഞ്ഞു. നീയിങ്ങനെ പണിക്കു പോയിട്ടാണല്ലോ മക്കളെ പഠിപ്പിക്കുന്നത്. നിനക്കൊരു വിശ്രമം വേണ്ടേ എന്നർത്ഥത്തിൽ.
കേരളീയ സമൂഹം ഇപ്പോഴും ജാതിശരീരത്തിൽ നിന്ന് മുക്തമായിട്ടില്ലെന്ന് എനിക്കു തോന്നി. എവിടേയും ജാതിയുടെ ദൃശ്യങ്ങൾ തന്നെ. മഹാബലിയെ അവതരിപ്പിക്കുമ്പോൾ വെളുത്ത, തുടുത്ത, വണ്ണമുള്ള, (ആരോഗ്യമായിരിക്കാം) ആളുകളെയാ പൊതുവെ കാണാറുള്ളത്. മെലിഞ്ഞിട്ട്, കറുത്ത നിറമുള്ള മഹാബലി എന്നാണ് കേരളത്തിലിറങ്ങുന്നത്. പുരോഗമന പ്രസ്ഥാനങ്ങൾ പോലും ഇക്കാര്യത്തിൽ കാര്യമായി ശ്രദ്ധിക്കാറില്ലായെന്ന് എനിക്കു തോന്നിയിട്ടുണ്ട്. പണ്ട് നാടകം കളിക്കാനായി, ഞാൻ മഹാബലിയുടെ വേഷം കെട്ടാമെന്ന് പറഞ്ഞപ്പോൾ മാഷ് സമ്മതിച്ചില്ലായെന്ന് ഞാനോർക്കുന്നു.
പരസ്യങ്ങളിലും കറുത്ത ശരീരത്തെ വെളുത്തതാക്കുവാനുള്ള കഠിന ശ്രമങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. വെളുക്കുവാൻ വേണ്ടി നടത്തുന്ന നമ്മുടെ അഭ്യാസപ്രകടനങ്ങളാണ് ഇവിടെത്തെ ശ്രേണികൃതമായ ജാതിവ്യവസ്ഥയെ വളർത്തിക്കൊണ്ടിരിക്കുന്നത്. കോർപ്പറേറ്റുകളുടെ കറുപ്പിനെ ഇല്ലായ്മ ചെയ്യുന്ന വിപണന തന്ത്രം യഥാർത്ഥത്തിൽ നവ ഹൈന്ദവ വാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്.
കൃഷ്ണനും, ശിവനും ഇപ്പോൾ വെളുത്തനിറമുള്ളവരായി മാറിയിരിക്കുന്നു. സീരിയലുകളിലും ബിഗ്ബജറ്റ് സിനിമകളിലും പരസ്യങ്ങളിലുമെല്ലാമിവർ വെളുത്തവരുടെ അക്രമാസക്ത രൂപങ്ങളായി മാറികൊണ്ടിരിക്കുന്നു.
യൂറോപ്പിൽ നടക്കുന്ന കറുപ്പിന്റെ കലാവിഷ്‌ക്കാരങ്ങളെ ഇവിടെയാരും കാണുന്നില്ലേയെന്നെനിക്ക് തോന്നി. ചന്ദ്രശേഖരൻമാഷ് ഈയടുത്ത കാലത്ത് ‘കാട്ടാളൻ’ നാടകമാക്കുകയുണ്ടായി. മലയാളത്തിലെ ഒരു പുതിയ കവിതയാണ്. പാമ്പ് ചുറ്റിയ സവർണ്ണ സ്ത്രീയെ കാട്ടാളൻ രക്ഷിച്ചപ്പോൾ അതിന് നന്ദി പോലും പറയാതെ അയാളെ ശപിച്ചെന്ന്. ഏതായാലും മാഷിനെ ഒന്നു കാണുക തന്നെയെന്ന് ഞാൻ തീരുമാനിച്ചു.
ഒരു പുഴയുടെ അടുത്ത് അമ്പത് സെന്റിലാണ് മാഷിന്റെ വീട്. വീടെന്ന് പറഞ്ഞാൽ അഭിനയശാലയാണ്. മാഷ് നാടകത്തിനുവേണ്ടി ജീവിക്കുന്നു. നാടക പരിശീലനവും അവരുടെ താമസവുമെല്ലാം ഇവിടെ തന്നെ. മാഷിനെ കണ്ടുമുട്ടിയതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്. നാട്ടിൽ നാടകം കളിച്ച് നടന്ന എന്നെ ഉപരിപഠനത്തിനായി വിദേശത്തേക്ക് അയച്ചതിനു പിന്നിൽ മാഷിന്റെ കരങ്ങളായിരുന്നു.
നാടകത്തിൽ ശരീരത്തെ കുറിച്ചുള്ള അമിതശ്രദ്ധ നമ്മുടെ അഭിനയത്തെ ബാധിക്കുമെന്ന് ഞാൻ അവിടെ നിന്നാണ് കൂടുതലായി മനസ്സിലാക്കിയത്. ഇവിടത്തെ ശരീരചലനങ്ങളിൽപോലും ജാതി വ്യക്തമാണ്. ഇതിനെ മറിക്കടക്കുവാൻ എനിക്കു സാധിച്ചത് പുറം ലോകമാണ്. മാഷ് പിന്നീടത് പറയുകയും ചെയ്തു.”വിനായകന്റെ ശരീരഭാഷ തന്നെ വളരെയധികം മാറി”യെന്ന്. ശരിയാണ്. ഞാൻ മാറിയിരിക്കും. പക്ഷേ ഇവിടം മാറിയിട്ടുണ്ടോ? ഒരാളെ ഒന്നു കെട്ടിപിടിച്ച് കവിളത്തൊന്നുമ്മ കൊടുത്തതിന് കേസ് കൊടുക്കുകയെന്ന് വെച്ചാൽ?
ഏതൊക്കെ ചാനലിലും, ഓൺ ലൈൻ പത്രത്തിലും ഈ വാർത്ത വന്നെന്നു ചന്ദ്രശേഖരൻമാഷ് പറഞ്ഞു. രാഷ്ട്രീയ നേതാവും ക്ഷേത്രഭരണ സമിതി സെക്രട്ടറിയുമായ രമേഷ് കൃഷ്‌ണന്റെ ഭാര്യയാണ് ഈ ലക്ഷ്മി. അതിനാലായിരിക്കാം ഇത് വാർത്തയായതെന്ന് ചന്ദ്രശേഖരൻ മാഷ് പറഞ്ഞു. ഇല്ലെങ്കിൽ ഇത് വാർത്തയാകുകയില്ല. കൂടാതെ നീ കെട്ടിപ്പിടിച്ച രംഗം ഏതൊ ഒരുത്തൻ മൊബൈൽ ഫോണിൽ പിടിച്ചിരുന്നു. അത് പുറത്തുവന്നതാവാം വിഷയം ഇത്രമാത്രം രൂക്ഷമാകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ”മാഷ്‌ക്ക് അറിയാമല്ലോ. ലക്ഷ്മി ഒരു ഡാൻസറാണ്. അവർ പാരീസിൽ വന്നപ്പോൾ അവരെ ഞാൻ പരിചയപ്പെട്ടിരുന്നു. ഞങ്ങൾ ഒരുമിച്ച് ഭക്ഷണവും കഴിച്ചിരുന്നു. ആ ഒരു പരിചയം കൂടിയാണ് അങ്ങനെ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്.”. ഞാൻ പറഞ്ഞു.
”അവരുടെ ഭർത്താവ് പറയുന്നത്, നിങ്ങൾ അനുവാദമില്ലാതെ, അവരുടെ ഇഷ്ടമില്ലാതെ അവരെ കെട്ടിപ്പിടിച്ചുവെന്നാണ്. അയാളുടെ ഭാര്യയും അത് നിഷേധിച്ചിട്ടില്ല. ലക്ഷ്മി ചിലപ്പോൾ ഇയാളുടെ അഭിപ്രായത്തെ അനുസരിക്കുമായിരിക്കും.” ചന്ദ്രശേഖര മാഷിന്റെ ഈ മറുപടി എന്നെ ചിന്താകുലനാക്കി.
മാഷിന്റെ വീട്ടില് ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകത്തിന്റെ പോസ്റ്റ്‌മോഡേൺ പരിശീലനം നടന്നുകൊണ്ടിരിക്കുകയാണ്. രാത്രിയിലും ആൺതുണയില്ലാതെ സ്ത്രീകൾ പൊതുയിടങ്ങളിൽ സഞ്ചരിക്കുന്നതും സമരം ചെയ്യുന്നതുമൊക്കെയുള്ള രംഗങ്ങളാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഞാനാ രംഗം കണ്ടുകൊണ്ടിരുന്നു. പൊട്ടിച്ചിരിച്ചുകൊണ്ട് മാഷിനെ ഞാനൊന്നു നോക്കി. ”നിന്റെ ഈ നോട്ടത്തിന്റെ അർത്ഥം എന്താണ് എനിക്കറിയാം. അയ്യപ്പന്റെ ശുദ്ധിയ്ക്കുവേണ്ടി കുലസ്ത്രീകൾ തെരുവിലിറങ്ങിയ ഈ കാലത്തും നമുക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ടിവരുമെന്നത് ദുര്യോഗമാണ്. നാടകത്തിലൂടെ പുതിയൊരു ലോകം ഭാവന ചെയ്യാൻ നമുക്ക് സാധിക്കട്ടെ. കുറച്ചുപേർ ഇതുകണ്ട് സംതൃപ്തിപ്പെടട്ടെ. നാളെയെങ്കിലും പുതിയലോകം വരുമെന്ന് കരുതട്ടെ.”
”കേരളം എങ്ങോട്ടാണ് പോകുന്നത് എന്ന കാര്യത്തിൽ എനിക്കു സംശയമൊന്നുമില്ലാ. നാട്ടുഗദ്ദിക, ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്നിവയൊക്കെ കളിച്ചപ്പോൾ കലാകാരന്മാരെ ജയിലിലടച്ച നാടല്ലേ? മാഷ് ഒക്കെ എപ്പോൾ വേണമെങ്കിലും ജയിലിലായേക്കാം. ഓർത്തോ”.
ഞാൻ വളരെ ദേഷ്യത്തോടെയാണത് പറഞ്ഞത്. നാടകകളരിയിലെ കുട്ടികൾ അവരുടെ അഭിനയം തകർക്കുകയാണ്. നാടകം കൊണ്ട് പുതിയ ലോകം പടുത്തുയർത്തുവാൻ ശ്രമിക്കുന്നവർ.
”കലാകാരന്മാർ പലരും എല്ലാ നാടുകളിലും ജയിലിൽ കിടന്നിട്ടുണ്ട്. കൊല ചെയ്യപ്പെട്ടിട്ടുണ്ട്. അറിയാം. ജയിലിൽ കിടക്കാനുമാണ് ഞാൻ കലാകാരനായത്. പ്രണയത്തെ ലൗജിഹാദെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കുമ്പോൾ അശ്ലീലമെന്നുമൊക്കെ പറയാനും നമ്മൾ പഠിച്ചു കഴിഞ്ഞു. നവോത്ഥാനമെന്നു പറയുന്നത് തുടർന്നുകൊണ്ടിരിക്കുന്ന ഒരു സമരമാണ്, സാമൂഹ്യപരിഷ്‌ക്കരണമാണ്. ”
മാഷിന്റെ ശബ്ദത്തിന്റെ ഉറപ്പ് ഞാൻ ശ്രദ്ധിച്ചു. ഈ പ്രായത്തിലും ജയിലിൽ കിടക്കാൻ ഇയാൾക്ക് പറ്റുമെന്ന് ഞാനുറപ്പിച്ചു.
”ഇവിടത്തെ പ്രശ്‌നം, ഞാൻ ഹഗ്ഗ് ചെയ്തത് മൊബൈൽ വീഡിയോ വഴി, ലക്ഷ്മിയുടെ ഭർത്താവും ബന്ധുക്കളുമൊക്കെ കണ്ടതാകാം. അതിലൂടെ ഉയർന്നുവന്ന പ്രശ്‌നങ്ങളാകാം. ഒരു കലാകാരൻ / കലാകാരി എന്ന നിലയിലുള്ള നോട്ടം ഈ സമയത്ത് ഭർത്താവിൽ നിന്നോ കുടുംബത്തിൽ നിന്നോ വന്നിട്ടില്ല.” എന്റെ ശബ്ദം ഉയരുന്നത് ഇപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. നാടക പരിശീലനം നടത്തുന്നവർക്ക് അത് ബുദ്ധിമുട്ടുണ്ടാക്കും. ഞാൻ എണീറ്റു നടന്നു. മാഷ് എന്റെയൊപ്പം നടന്നു.
”നമ്മുടെ കുടുംബങ്ങളിലെ സ്ത്രീകളുടെ സ്വാതന്ത്ര്യം ഇപ്പോഴും പരിമിതമാണ്. പ്രത്യേകിച്ചും സവർണ്ണമധ്യവർഗ വിഭാഗങ്ങളിൽ. സ്ത്രീയുടെ, ഭാര്യയുടെ ആൺ സൗഹൃദങ്ങളോ, യാത്രകളോ അവർ ഇഷ്ടപ്പെടുന്നില്ല. രമേശ് കൃഷ്ണൻ അവർ നിൽക്കുന്ന പാർട്ടിയോ, കുടുംബഘടനയോ നിന്റെ പ്രവർത്തിയെ അംഗീകരിക്കുകയില്ല. നാടകവും കീഴാളജാതിയും തമ്മിലുള്ള ബന്ധം ഇവിടുള്ളോർക്കറിയാം.”
മാഷിന്റെ അഭിപ്രായങ്ങളോട് തർക്കിക്കാൻ എനിക്കാകുന്നില്ല. നാളെയോ മറ്റന്നാളോ പോലീസ് എന്നെ വിളിക്കുമായിരിക്കും. പിന്നെ കേസിന്റെ പിന്നാലെ പോകേണ്ടതാണ്.
വല്ലാത്തൊരു പൊല്ലാപ്പിലാണല്ലോ താൻ ചെന്നുപെട്ടിരിക്കുന്നതെന്ന് വിനായകൻ ഓർത്തു. വിട്ടിൽ ചെന്നപ്പോൾ അമ്മയുടെ സ്‌നേഹപൂർണ്ണമായ നിമിഷങ്ങളെ ഏറ്റുവാങ്ങി. അമ്മ ഒന്നും അറിയണ്ടാ. ഞങ്ങളെപ്പോലെയുള്ളവർ മറ്റുള്ളവരെ കെട്ടിപ്പിടിക്കുന്നത് തെറ്റാണെന്ന് അമ്മയ്ക്ക് പണ്ടേ അറിയാം. ആന്റണി മുതലാളിടെ വീട് അങ്ങ് ദൂരെ ഇപ്പോഴും ഉയർന്നു തന്നെ നിൽക്കുന്നുണ്ട്.
പാരീസിൽ ഞങ്ങളുടെ സർവകലാശാലയിലെ നാടകസംഘത്തിൽ പല രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുണ്ട്. നടന്മാരും സംഗീതജ്ഞരും ടേക്‌നീഷ്യരുമൊക്കെ കൂട്ടമായി അവിടെ ജീവിക്കുന്നു. നാടകത്തിൽ ഞങ്ങൾ ദേശം മറന്ന്, ലിംഗം മറന്ന്, മതം, ജാതി മറന്ന് അഭിനയിക്കുന്നു. നഗ്നരായി, കഥാപാത്രങ്ങളായി ജീവിക്കുന്നു. അശ്ലീലമില്ലാത്ത കുഞ്ഞുങ്ങളായി കലാകാരന്മാർ ഒന്നിച്ചഭിനയ്ക്കുന്നു. അടുത്ത നാടകമാരംഭിക്കുന്നതിനുള്ള ഇരുട്ടിലേക്ക് ഞാൻ കടന്നു.
വാൽകഷ്ണം
ആ കുട്ടികൾ ഒന്നിച്ച് അവിടെ വന്ന് ഐസ്‌ക്രീം കഴിക്കാൻ തുടങ്ങീട്ട് കുറച്ചു ദിവസമായി. അവൾ തന്നെയാണ് ഐസ്‌ക്രീമിന്റെ കാശ് പലപ്പോഴും കൊടുക്കാറുള്ളത്. അവനെ കണ്ടാലറിയാം കാൽകാശിനു കൊള്ളാത്തവനാണെന്ന്. അതെങ്ങനെ അറിയാമെന്ന് നിങ്ങൾ ചോദിക്കരുത്. ചിലതിങ്ങനെയാണ്. പറഞ്ഞു തരുവാൻ പറ്റില്ല. സാംസ്‌കാരിക ചിഹ്ന ശാസ്ത്രത്തിന്റെ സഹായത്തോടെ മനസ്സിലാക്കണം. ടൗണിലെ ഏതോ കോളേജിൽ പഠിക്കുന്നവരാണിവർ. ഗണപതിയുടെ ഫോട്ടോയ്ക്കു മുന്നിൽ രണ്ടുനേരവും തിരികത്തിച്ച് ഐസ്‌ക്രീം നടത്തുന്ന വിഷ്ണുപ്രസാദിന് ഇവരെ അത്ര പിടിക്കുന്നില്ല. എന്താണെന്നു ചോദിച്ചാൽ അത്രതന്നെ. അതൊക്കെ നിങ്ങൾ മനസ്സിലാക്കുക.
”കൊച്ചേ, നിനക്ക് ഇവനല്ലാതെ വേറെയാരെയും കൂട്ടിനു കിട്ടിയില്ലേ? കുറച്ചു നാളായല്ലോ ഇവിടെ ചുറ്റി കറങ്ങാൻ തുടങ്ങീട്ട്.” വിഷ്ണു പ്രസാദ് ആദ്യത്തെ അമ്പെയ്തു.
ചേട്ടന് വേറൊരു പണീം ഇല്ലേ. ആരെ കൂടെ കൂട്ടണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. താനല്ല.” പെൺകുട്ടി വിഷ്ണു പ്രസാദിന്റെ അമ്പിനെ തടുത്തു.
വിഷ്ണുവിന് കോപം വരാൻ വേറെ കാരണമൊന്നും വേണ്ടാലോ. ആയാൾ ഫോണിൽ കുറച്ചു വിളി. നിമിഷനേരങ്ങൾക്കകം കുറച്ചുപേർ അവിടെയെത്തി. അവർ പയ്യനെ അവിടെയിട്ട് തല്ലിത്തുടങ്ങി. അവനെ അവർ ചവിട്ടികൂട്ടി. അവൻ പ്രതികരിച്ചപ്പോൾ അവന്റെ മുഖത്ത് ഒരുത്തൻ പ്രഹരിച്ചു. അവന്റെ പല്ല് പോയി വായിൽ നിന്ന് ചോരയൊഴുകി. ആ ചോരയൊഴുകിയൊഴുകി നഗരത്തിലെ റോഡാകെ നിറഞ്ഞു. ചോരയിൽ ചവിട്ടി നടക്കാനാകാതെ ജനം സ്തംഭിച്ചു നിന്നു.