നാം മാത്രമിങ്ങനെ

പ്രണയം
തീക്ഷ്ണമാകുമ്പോൾ
മെല്ലെ മെല്ലെ
ഒരു മേഘം
കാറ്റിലലിയും
പോലെ അവളിൽ
നിന്നിറങ്ങി പോരുക

വസന്തം
കുന്നുകളെ
മുകരും പോലെ
അവളുടെ
നെറ്റിയിൽ
ആർദ്രമായ
ഒരു ചുംബനംനൽകുക

പിന്നെ ആരുമറിയാത്ത
ഒരു വനനിഗൂഢതയിലെ
ഉൾവനങ്ങളിലേക്ക്
മൗനമായി
ചേക്കേറുക.

മറ്റൊരു പിൻവിളിക്ക്
കാതോർക്കാതെ
കാൽപാടുകൾ
ഒന്നായി മാറിയ
പ്രണയതീരത്ത് നിന്നും
നക്ഷത്രങ്ങളാൽ
അണിയിച്ചൊരുക്കിയ
ആകാശമേലാപ്പിലേക്കു  
പറന്നുയരുക.

കാതോർക്കവെ
പിൻവിളിയുടെ
ചിറകൊച്ചകൾ
നമ്മുടെതെങ്കിൽ
എനിക്ക് നിന്നിൽ നിന്നോ
നിനക്ക് എന്നിൽ നിന്നോ
അടരാനാകാതിരിക്കെ
നമുക്കിടയിലൊരു
പ്രണയാവസാനമേ
ഇല്ലെന്ന്‌ നാം മാത്രം
തിരിച്ചറിയുന്നു.

കോട്ടയം ജില്ലയിലെ മേവെള്ളുർ സ്വദേശിനി. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്. 'സംശയങ്ങളിൽ ആഞ്ചല മേരി ഇങ്ങനെ' എന്ന ചെറുകഥയ്ക്കു 2014 ലെ വനിത ചെറുകഥ അവാർഡ്, 2017 ലെ കേരള കലാകേന്ദ്രം കമല സുരയ്യ പുരസ്കാരം, 2018.ലെ ദേവകി വാര്യർ സ്മാരക പുരസ്കാരം ഇവ ലഭിച്ചു. വിവിധ പ്രസാധകർക്കായ് പരിഭാഷകൾ ചെയ്യുന്നു.