വായന മരിക്കുന്നു എന്ന പരിദേവനങ്ങള്‍ക്കിടയില്‍ അതിന്റെ കാരണം അന്വേഷിക്കുന്നവര്‍ ചെന്നെത്തി നില്ക്കുക നവമാധ്യമങ്ങള്‍ എന്ന ഇലക്ട്രോണിക്സ് ഗാഡ്ജറ്റ് ലോകത്താണ്. ബ്ലോഗുകള്‍, ഫേസ്ബുക്ക്, വെബ്സൈറ്റുകള്‍ എന്നിവ ചേരുന്ന നവമാധ്യമങ്ങള്‍ മലയാളസാഹിത്യത്തില്‍ ചെലുത്തുന്ന സ്വാധീനം ഇപ്പോള്‍ പ്രസക്തമായിരിക്കുന്നു. നവമാധ്യമങ്ങളാണോ, വാസ്തവത്തില്‍ വായനയെ കൊല്ലുന്നത് ? വായന എന്നത് അങ്ങനെ അകാലചരമമടയേണ്ട ഒന്നാണോ ?
നവമാധ്യമങ്ങളുടെ പ്രസക്തി
വായനക്കാരില്‍ പലരും എഴുത്തുകാരായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടം മുന്‍പേ ഉണ്ടായിരുന്നു. എന്നാല്‍ അന്നൊക്കെയും മുഖ്യധാര മാസികയില്‍ പ്രസിദ്ധീകരിക്കുക എന്ന വെല്ലുവിളി മൂലം സാഹിത്യകാരന് എന്ന ആഗ്രഹം പലരും മുളയിലെ നുള്ളിയിരുന്നു. ഇതിനെ പ്രതിരോധിക്കാനായി മിനി മാസിക പ്രസ്ഥാനം രൂപപ്പെട്ടു വന്നിരുന്നുവെങ്കിലും കേരളത്തില്‍ അല്പ്പായുസ്സാവാനായിരുന്നു ഇതിന്റെയും വിധി. ഈ ഘട്ടത്തിലാണ് ഫേസ്ബുക്ക് തരംഗം വ്യാപിക്കുന്നതും പ്രവാസികള്‍ അതിനെ എഴുത്തിടമാക്കി മാറ്റിയതും. ചെറിയ കുറിപ്പുകള്‍ (ഗദ്യമായും പദ്യമായും) എഴുതുന്നവര്‍ വ്യാപകമായതോടെ, നവമാധ്യമരംഗത്ത് കഴിഞ്ഞ കാല് പതിറ്റാണ്ടായി ഇത്തരക്കാരുടെ ഒരു വേലിയേറ്റമുണ്ടായി എന്നതാണ് യാഥാര്‍ത്ഥ്യം.
എന്നാല്‍ കേരളത്തില്‍ ഇന്റര്‍നെറ്റ് വ്യാപനം അത്ര സുദീര്ഘമായിരുന്നില്ല എന്നത് ഈ തരംഗത്തെ അല്‍പ്പം താഴ്ത്തി നിര്‍ത്തി. പക്ഷേ, വളരെപെട്ടെന്ന് സ്മാര്‍ട്ട് ഫോണ്‍ തരംഗവും, റിലയന്‍സ് ഇന്റര്‍നെറ്റ് (ജിയോ) ഇടപെടലും മൂലം കേരളത്തിലെ മുക്കിലും മൂലയിലും വളരെ കുറഞ്ഞ ചെലവില്‍ ഡാറ്റാ ഉപയോഗം വര്‍ദ്ധിച്ചു. ഇത് കേരളത്തിലും എഴുത്തുകാരുടെ എണ്ണത്തില്‍ കാതലായ വിപ്ലവമുണ്ടാക്കി. എന്നാല്‍ അതോടൊപ്പം തന്നെ, നവമാധ്യമങ്ങള്‍ തള്ളിപ്പറയുന്ന പുസ്തപ്രസാധന രംഗത്തും ഇതൊരു വന്‍ ചലനമുണ്ടാക്കി എന്നു വേണം പറയാന്‍. കാരണം, ഫേസ്ബുക്ക്- ബ്ലോഗ് എഴുത്തുകാര്‍ അവരുടെ എഴുത്തുകളെല്ലാം കൂടി സമാഹരിച്ച് ഗ്രന്ഥമാക്കാന്‍ ചെറുകിട പ്രസാധകരെ സമീപിച്ചതോടെ ഈ രംഗവും തഴച്ചു വളരുകയായിരുന്നു. എന്നാല്‍ ഇനിയാണ് പ്രസക്തമായ ചോദ്യം. എന്നിട്ട്, മലയാള സാഹിത്യത്തിന് എന്തു സംഭവിച്ചു. ഒന്നും സംഭവിച്ചില്ലെന്നു മാത്രമല്ല, ഈ പുസ്തകങ്ങളുടെയൊക്കെ വിതരണശൃംഖലയിലെ പാളിച്ചകള്‍ മൂലം ബഹുഭൂരിപക്ഷ വായനാസമൂഹവും ഇതൊന്നും കണ്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഈ സമാന്തര എഴുത്തുകള്‍ മലയാളത്തിന് അത്തരത്തില്‍ ഗുണപരമായ സംഭാവനകളൊന്നും സമ്മാനിച്ചില്ലെന്നും കരുതണം. പണം മുടക്കി പുസ്തകം പ്രസിദ്ധപ്പെടുത്തിയതു കൊണ്ടു മാത്രം കാര്യമാകുന്നില്ല. മറിച്ച്, ആ പുസ്തകത്തിലെ അക്ഷരങ്ങള്‍ക്ക് ആത്മാവും ജീവനും കൂടി ഉണ്ടാകണമെന്ന് ഓരോ എഴുത്തുകാരനും തിരിച്ചറിയേണ്ടിയിരിക്കുന്നു. നവമാധ്യമ എഴുത്തുകാര്‍ തൊഴുത്തില്‍ കെട്ടുന്നവരായി മാറുന്നത് ഇവിടെയാണ്. ഭാഷ കൊണ്ടും,സര്‍ഗ്ഗശേഷി കൊണ്ടും തങ്ങളുടെ എഴുത്തിനെ വായിക്കപ്പെടേണ്ടുന്ന ഒന്നാക്കി മാറ്റാനുള്ള അവരുടെ കഴിവില്ലായ്മയാണ് പലപ്പോഴും ഈ രചനകളില്‍ മുഴച്ചു നില്‍ക്കുന്നത്. ഗൃഹപാഠമില്ലായ്മ, ഉത്തരവാദിത്വമില്ലായ്മ, അറിവില്ലായ്മ എന്നീ ത്രിദുര്ഗുണങ്ങളില് പെട്ട് ഉഴലുന്നവരാണ് നവമാധ്യമ എഴുത്തുകാരില്‍ ബഹുഭൂരിപക്ഷവും എന്നു പറയേണ്ടിയിരിക്കുന്നു. പുതിയ തലമുറയില്‍പ്പെട്ട എത്രയോ എഴുത്തുകാരില്‍ വായനയുടെ അഭാവം വളരെ വലുതായി പ്രകടനമാണ്. ഇവരാണ് വായന മരിച്ചു എന്ന വാദത്തിന്റെ വക്താക്കളും. സൂര്യവംശവും, ഖസാക്കും, മുന്‍പേ പറക്കുന്ന പക്ഷിയും, കാലവും, രണ്ടിടങ്ങഴിയും, മരുഭൂമികളും എത്ര പേര് വായിച്ചിട്ടുണ്ടാവും? എത്ര പേര് മേതിലിനെയും ആനന്ദിനെയും അറിയും?. വികെഎന്‍, കാക്കനാടന് പോലെയുള്ളവര്‍ ഇവിടെ ജീവിച്ചിരുന്നവരാണോ എന്നു പോലും സന്ദേഹപ്പെടുന്നവരാണ് അധികവും. ഇതാണ് മുഖപുസ്തകത്തിലെ എഴുത്തിട സാഹിത്യകാരന്മാരുടെ അപചയം.
നവമാധ്യമങ്ങള്‍ എഴുത്തിനെ വളര്‍ത്തുന്നുവോ?
ഫേസ്ബുക്ക്-ബ്ലോഗ് എഴുത്തില്‍ വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്. എഴുത്തുകാര്‍-എഡിറ്റര്‍-വായനക്കാരന് എന്ന അച്ചടിമേഖലയിലെ കൃത്യമായ വിഭവസമാഹരണ വിതരണ ശൃംഖലയ്ക്ക് കോട്ടം തട്ടിയിരിക്കുന്നു. എഡിറ്റര്‍ എന്ന തസ്തിക നിഷ്ക്കരുണം തള്ളിക്കൊണ്ട് ആരുടെയും സഹായമോ, അധികാരമോ ഇല്ലാതെ ആര്‍ക്കും എന്തും എപ്പോള്‍ വേണമെങ്കിലും പ്രസിദ്ധപ്പെടുത്താമെന്ന അവസ്ഥ വന്നിരിക്കുന്നു. ഇതാണ് നവമാധ്യമങ്ങളിലെ സാഹിത്യ അപചയത്തിന്റെ വലിയൊരു കാരണം. എഡിറ്റര്‍ എന്ന മൂന്നാമതൊരാളുടെ കണ്ണും കാതും കൂര്‍പ്പിച്ച കാര്‍ക്കശ്യമായ വെട്ടിത്തിരുത്തലുകള്‍ക്ക് ഇവിടെ യാതൊരു സാഹിത്യവും വിധേയമാകുന്നില്ല. താനെഴുതുന്നതൊക്കെയും വേദവാക്യമെന്ന മട്ടില്‍ വിളമ്പുന്നവര്‍ എത്ര ലൈക്കുകള്‍ കിട്ടുന്നു, എത്ര ഷെയറുകള്‍ സംഭവിക്കുന്നു എന്ന മട്ടിലാണ് തന്റെ സാഹിത്യമേന്മയെ പരിശോധിക്കുന്നത്.
മലയാള ഭാഷയെ കാര്യമായി പഠിക്കുവാക്കുവാന് തയ്യാറാവാതെ, പത്താം ക്ലാസില്‍ വച്ച് മലയാളവുമായുള്ള പാഠ്യബന്ധം അവസാനിപ്പിച്ചവരാണ് ഇപ്പോള്‍ ഒരു നൊസ്റ്റാള്‍ജിയ പോലെ മലയാള സാഹിത്യ പ്രവര്‍ത്തനം നിര്‍വ്വഹിക്കുന്നത്. പലതും കാണുമ്പോള്‍ അറപ്പും വെറുപ്പും വരുന്നത് ഇതു കൊണ്ടാണെന്നു പറയേണ്ടിയിരിക്കുന്നു. സ്വരവും വ്യഞ്ജനവും മാത്രം അറിഞ്ഞു കൊണ്ട് ക്രിയയും നാമവും എവിടെ എങ്ങനെ ചേര്‍ക്കണമെന്ന നിശ്ചയമില്ലാതെ മംഗ്ലീഷ് ആയി എഴുതുന്നതു കാണുമ്പോള്‍ ഉറപ്പിക്കാം, ഇത് മലയാളസാഹിത്യത്തിന്റെ കടക്കല്‍ കത്തി വെക്കുകയാണെന്ന്. എഴുത്തിന്റെ എണ്ണം കൂടുന്നുവെന്നത് ശരി തന്നെ, എന്നാല്‍ ഇത് എഴുത്തല്ലെന്നും വായില്‍ തോന്നിയത് പോലെ എഴുതുന്ന നേരമ്പോക്ക് മാത്രമാണെന്നും സാഹിത്യകാരന്മാരും (കാരികളും) മനസ്സിലാക്കുന്നില്ല. ഈ നിലയില്‍ നവമാധ്യമ സാഹിത്യപ്രവര്‍ത്തന പരിപാടികളെ കൂട്ടത്തോടെ തന്നെ എതിര്‍ക്കപ്പെടേണ്ടതാണ്.
നവമാധ്യമങ്ങള്‍ ഗുണകരമോ?
ദേശത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് തത്സമയം എത്തുന്നുവെന്നതാണ് നവമാധ്യമങ്ങളുടെ വലിയ ഗുണം. അമേരിക്കയിലുള്ള പ്രവാസിക്കും, തിരുവനന്തപുരത്തുള്ള വായനക്കാരനും കൊച്ചിയിലുള്ള സാഹിത്യകാരന് പോസ്റ്റ് ചെയ്യുന്നത് വായിക്കുവാനും അപ്പോള്‍ തന്നെ അതിന്മേല് അഭിപ്രായ പ്രകടനം നടത്തുവാനും കഴിയുന്നുവെന്നത് സാങ്കേതികമായ മുന്നേറ്റമാണ്. അതിനെ കൃത്യമായി മലയാള ഭാഷയും സാഹിത്യവും ഉപയോഗപ്പെടുത്തുന്നുവെന്നത് വളരെ വലിയൊരു കാര്യവുമാണ്. ആ നിലയ്ക്ക് നൂറു ശതമാനം ഗുണകരവുമാണ് ബ്ലോഗും- ഫേസ്ബുക്കും- ഓണ്‍ലൈന്‍ വെബ്സൈറ്റുമൊക്കെ. എന്നാല്‍ വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുന്നതിനെയാണ് എതിര്‍ക്കപ്പെടേണ്ടത്. മിനിമാസിക പോലെയുള്ള സമാന്തര സാഹിത്യ പ്രവര്‍ത്തന കാലത്ത് സംഭവിച്ചതു പോലെയുള്ള വിപ്ലവകരമായ എഴുത്തും പ്രസാധനവുമൊന്നും നവമാധ്യമങ്ങളില്ല തന്നെ. എന്തിന് പറയുന്നു, ഈ നവമാധ്യമ സാഹിത്യകുതുകികളെല്ലാം തന്നെ ലക്കും ലഗാനുമില്ലാതെ അഴിച്ചുവിട്ട പട്ടം പോലെ എഴുതുന്നതു കാണുമ്പോള്‍ സഹതാപം തോന്നുമുണ്ട്. ഇവരൊന്നും വായിക്കുന്നില്ല, എഴുതുക മാത്രമാണ് ചെയ്യുന്നത്. മലയാളസാഹിത്യത്തിലേക്ക് നവമാധ്യമങ്ങളും നവസാഹിത്യകാരന്മാരും കയറിനില്ക്കാന് യോഗ്യതയില്ലാത്തവരായി മാറുന്നു എന്ന പരിഹാസവും പരിദേവനവും പ്രസക്തമാകുന്നത് ഇവിടെയാണ്. ഈ അര്‍ത്ഥത്തില്‍ ഉറപ്പിച്ചു പറയേണ്ടിയിരിക്കുന്നു, നവമാധ്യമങ്ങള്‍ മലയാളസാഹിത്യത്തിന് കാര്യമായ സംഭാവനകള്‍ നല്‍കുന്നില്ല. അത് നിര്‍വഹിക്കുന്നുവെന്ന തെറ്റായധാരണ പരത്തുകയും സമൂഹത്തിലേക്ക് വ്യാജമായ സന്ദേശം പ്രക്ഷേപണം ചെയ്യുകയുമാണ്.
നവമാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി
വായിക്കാന്‍ ഗാഡ്ജറ്റുകള്‍ (സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ്, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്) മാത്രം മതിയെന്നും, എപ്പോള്‍ എവിടെ വച്ചു വേണമെങ്കിലും ഇതു വായിക്കാന്‍ കഴിയുമെന്നതുമൊക്കെയായിരുന്നു തുടക്കത്തില്‍ അച്ചടി പ്രസിദ്ധീകരണങ്ങള്‍ക്കും പുസ്തകങ്ങള്ക്കുമെതിരേ നവമാധ്യമങ്ങള്‍ ഉയര്‍ത്തിയ വെല്ലുവിളി. എന്നാല്‍ പ്രസാധകപ്രമുഖരും പേരെടുത്ത എഴുത്തുകാരുമൊന്നും തന്നെ എഴുത്തിടങ്ങളായി നവമാധ്യമങ്ങളെ ഇപ്പോഴും സ്വീകരിക്കുന്നില്ലെന്നതും (സ്വീകരിച്ചിട്ടില്ലെന്നതു സത്യം തന്നെയാണ്) യാഥാര്‍ത്ഥ്യം. സമാന്തര എഴുത്തുകാര്‍ (മുഖ്യധാര പ്രസിദ്ധീകരണങ്ങള്‍ യോഗ്യമല്ലാതെ തിരസ്ക്കരിച്ചവര്‍) സംഘം ചേര്‍ന്നു നടത്തുന്ന സാഹിത്യപ്രവര്‍ത്തനം പരസ്പരം ആശ്ലേഷിക്കുന്നതിനപ്പുറത്തേക്ക് ഒരു ചെറു ചലനം പോലും മലയാസാഹിത്യത്തിന്റെ തളിര്ശാഖയില് നടത്താന്‍ കഴിയുന്നില്ല. യാത്രാവിവരണം മാത്രമാണ് ഇതില്‍ അല്‍പ്പമെങ്കിലും വായനപരമായി മാറുന്നത്. അതില്‍ യാത്രയുടെ വിവരണമോ അനുഭവങ്ങളോ മാത്രമായി പലപ്പോഴും അത് അധപ്പതിക്കുന്നുണ്ടെങ്കിലും തമ്മില്‍ ഭേദം തൊമ്മന് എന്ന മട്ടിലാണ് ഈ അഭിപ്രായപ്രകടനം. വൈജ്ഞാനികമായ യാതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന മട്ടിലാണ് പല എഴുത്തിന്റെയും നെഞ്ചുയര്‍ത്തി പിടിച്ചുള്ള പോക്ക്!
ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു പ്രധാന സംഗതി, കവികളുടെ സംസ്ഥാനസമ്മേളനമാണ് നവമാധ്യമങ്ങളിലെമ്പാടും എന്നതാണ്. താരതമ്യേന പേരുണ്ടാക്കാനും, താനൊരു വലിയ സാഹിത്യകാരന് (സംഭവമാണെന്നും) ആണെന്ന് വളരെയെളുപ്പത്തില്‍ സ്ഥാപിച്ചെടുക്കാനും കഴിയുന്ന പ്രവര്‍ത്തനമെന്ന മട്ടിലാണ് പല കവികളുടെയും കുതിച്ചു പായല്‍. എന്നാല്‍, പല കവിതകളിലും കവി ഉദ്ദേശിച്ചത് എന്താണെന്നു മനസ്സിലാക്കാന്‍ കവടി നിരത്തണമെന്നു മാത്രം. കല്‍പ്പിതമായ സര്‍ഗ്ഗശേഷിയുടെ അഭാവമാണ് പലരുടെയും പ്രശ്നം. ഉചിതമായ ഭാഷ ഉപയോഗിക്കുന്നതാണ് മറ്റൊരു പ്രതിസന്ധി. ബിംബകല്പ്പനകള് എന്നതു പോട്ടെ, പ്രതീകങ്ങളായി പലരും ഉപയോഗിക്കുന്ന ചിഹ്നങ്ങള്‍ കാണുമ്പോള്‍ ആടിനെ പട്ടിയാക്കുന്നതാണ് ഇതിലും ഭേദമെന്നു ചിന്തിച്ചു പോകും. നവമാധ്യമങ്ങളിലെ ഭൂരിപക്ഷത്തിന്റെയും പ്രശ്നമാണിത്. കവിതകളുടെയും കഥകളുടെയും കമന്റുകളില്‍ നിറയുന്ന അഭിപ്രായങ്ങള്‍ കാണുമ്പോഴാണ് അതിലും വലിയ തമാശ ഒളിഞ്ഞിരിക്കുന്നത്. കവിത്രയങ്ങള്‍ക്കു ശേഷം മലയാളം കണ്ട വലിയ കാവ്യഗീതമെഴുതുന്നവന് എന്നൊക്കെയാണ് പലരും വച്ചു കാച്ചുന്നത്. ഇത് ശരിയെന്ന മട്ടിലാണ് മറ്റു പല പ്രഗത്ഭരുടെയും പ്രതിഭാശാലികളുടെയും തഴുകലും തലോടലും.
ലിംഗപരമായ പ്രത്യയശാസ്ത്രം
നവമാധ്യമങ്ങളില്‍ ലിംഗപരമായ വിവേചനം ഇരുപക്ഷവും നേരിടുന്നില്ലെന്ന മനോഹരമായ സങ്കല്‍പ്പമാണ് മുഴച്ചു നില്‍ക്കുന്നത്. ഇതാണ് വലിയൊരു നേട്ടവും മെച്ചവുമായി പുരോഗമനവാദികളായ നവമാധ്യമവക്താക്കളും പ്രയോക്താക്കളും പുകഴ്ത്തി പാടുന്നതും. എന്നാല്‍ ഇവിടെ പുരുഷവിരോധികളുടെ പൂരപറമ്പായി പലപ്പോഴും എഴുത്തിടങ്ങള്‍ മാറുന്നുവെന്ന് തോന്നിയിട്ടുണ്ട്. സ്ത്രൈണഭാഷകള് പലപ്പോഴും ജ്വാലാമുഖിയായി മാറുന്നതു കൊണ്ടാവും കൂടുതല്‍ ഫോളോവേഴ്സും ലൈക്കും കമന്റുമൊക്കെ നല്ല പ്രൊഫൈല്‍ ചിത്രങ്ങള്‍ ഉള്ള, രാത്രി പത്തു മണിക്കു ശേഷം ഓണ്‍ലൈനില്‍ പച്ച കത്തിനില്‍ക്കുന്ന മഹിളാരത്നങ്ങള്‍ക്ക് അവകാശപ്പെട്ടതായി മാറുന്നത്. അവരാണ് ഭൂമിയുടെ അവകാശികളെന്നും അത്തരക്കാരുടെ പ്രത്യയശാസ്ത്രങ്ങളിലാണ് ഇനി മലയാളഭാഷയുടെ നിലനില്‍പ്പെന്നും വരെയുള്ള പൊങ്ങച്ചവര്‍ത്തമാനങ്ങള്‍ നവമാധ്യമങ്ങളിലെ ഒരു സ്ഥിരം ഏര്‍പ്പാടാണ്.
നവസാഹിത്യങ്ങളില് എഴുതപ്പെടുന്നത് കവിതയാണോ കഥയാണോ, ഗദ്യമാണോ പദ്യമാണോ എന്നതൊന്നും പരിശോധിക്കരുത്. അഥവാ പരിശോധിക്കേണ്ട ഒരു ഘട്ടം വന്നാല്‍ മൗനമാണ് ഏറ്റവും വലിയ മര്യാദ. ഇല്ലെങ്കില്‍ സംഘടിത ആക്രമണങ്ങളില്‍ പെട്ട് നവമാധ്യമം എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകത്തു നിന്നും എന്നെന്നേക്കുമായി പടിയിറങ്ങേണ്ടി വന്നേക്കാം. ഇവിടെയും ലിംഗപരമായ നീതിവ്യതിയാനങ്ങളില്ല. അച്ചടി ഭാഷയില്‍ നാം കണ്ടു ശീലിച്ചിട്ടില്ലാത്ത സ്ത്രൈണമുന്നേറ്റമാണ് നവമാധ്യമങ്ങളില്‍ ഏറെയും കാണുന്നത്. സ്ത്രീ എഴുത്തുകാരെ പുകഴ്ത്താനും ചുമലില്‍ ചുമന്നു കൊണ്ടു നടക്കാനുമുള്ള പുരുഷകേസരി ആസ്വാദകന്മാരുടെ നീണ്ടനിര നവമാധ്യമങ്ങളിലെ ട്രെന്‍ഡാണ്. അങ്ങനെ താരോദയമായി സമീപകാലത്ത് മാറിയ ചില എഴുത്തുകാര്‍ അവരുടെ ആദ്യ പുസ്തകം പ്രസിദ്ധപ്പെടുത്തിയതോടെ നവമാധ്യമങ്ങളെ പാടെ ഉപേക്ഷിക്കുന്നതും നാം കാണുന്നുണ്ട്. മുഖ്യധാരയിലേക്കു കടന്നു വരാനും കയറിക്കൂടാനുമുള്ള ഒരു കുറുക്കു വഴി മാത്രമാണ് നവമാധ്യമപ്രവര്‍ത്തനം എന്നതും അടിവരയിപറയേണ്ട ഒരു സംഗതിയാണ്.
മലയാളസാഹിത്യവും നവമാധ്യമങ്ങളും
മലയാളസാഹിത്യത്തിനു മുതൽക്കൂട്ടാവുന്ന രീതിയിൽ നവമാധ്യമങ്ങളെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കണം എന്നതാണ് നാം പരിശോധിക്കേണ്ട മുഖ്യമായ സംഗതി. ഉദാഹരണത്തിന്, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു കഥയോ പരമാവധി രണ്ടു കഥയോ മാത്രമാണ് ഒരു ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തുക. അതിന്റെ പേജുകളുടെ അഭാവമായിരിക്കാം ഇതിന്റെ ഒരു മുഖ്യപ്രതിസന്ധി. ഒരു കഥ അയച്ചു കഴിയുമ്പോള്‍ പ്രസിദ്ധീകരണയോഗ്യമല്ലാതെ തിരിച്ചയക്കുന്നതു പോലും കഥകളുടെയോ കവികളുടെയോ വ്യാപകമായ തള്ളിക്കയറ്റം കൊണ്ടായിരിക്കാം. അവിടെ മരിച്ചു വീഴുന്നത് സര്‍ഗ്ഗധനനായ ഒരു എഴുത്തുകാരന് ആയിരിക്കാം. അല്‍പ്പമെങ്കിലും പ്രസിദ്ധീകരണ യോഗ്യമായവ, പേജുകളുടെ അഭാവമാണ് പ്രശ്നമെങ്കില്‍ അവരുടെ ഓണ്‍ലൈന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാവണം. അതിനെ നവമാധ്യമപ്രവര്ത്തനമായി കരുതാന്‍ കൂട്ടാക്കണം. എല്ലാ മുഖ്യധാര പ്രസാധകരെയും ഉദ്ദേശിച്ചാണ് ഈ വാദം മുന്നോട്ടു വയ്ക്കുന്നത്.
സാഹിത്യത്തെ എങ്ങനെ പുതിയ സങ്കേതവുമായി കൂട്ടിയിണക്കണമെന്നു നാം എഴുത്തുകാരും വായനക്കാരും ഒരു പോലെ ചിന്തിക്കണം. കിന്‍ഡ്ലെ പോലെയുള്ള ഉപകരണങ്ങളുമായി മലയാളഭാഷയെ കൂടുതല്‍ അടുപ്പിക്കണം. വിക്കിപീഡിയ പോലെയുള്ള ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയകളില്‍ കൂടുതല്‍ ഭാഷാസാഹിത്യവും ഉപയോഗിക്കാന്‍ നാം ശീലിക്കണം. ഫേസ്ബുക്കില്‍ പോലും ഗ്രൂപ്പുകളും പേജുകളും നിര്‍മ്മിക്കുമ്പോള്‍ അഡ്മിന്മാരായി വരുന്നവര്‍ സാഹിത്യചോരന്മാര് ആവാതെ സാഹിത്യപ്രവര്ത്തകന്മാരായി മാറാന്‍ ശ്രമിക്കണം. അപ്പോഴൊക്കെയും അതു മലയാളസാഹിത്യത്തിനു സമ്മാനിക്കുന്നത് പുതിയ ഒരു സാഹിത്യ അനുഭവമായിരിക്കും. അന്റാര്‍ട്ടിക്കയിലും ടോക്കിയോയിലുമുള്ള മലയാളിക്ക് ഈ സാഹിത്യപ്രവര്‍ത്തനത്തില്‍ പങ്കാളിയാവാനും സാധിക്കും. അതാണ് വേണ്ടത്, അല്ലാതെ സാഹിത്യത്തെ ഗോതമ്പ് മാവായി കണ്ട് ദോശയും ചപ്പാത്തിയും ഉണ്ടാക്കുകയല്ല.