
പുതുവർഷം ആഘോഷിക്കുന്ന തിരക്കിലാണ് ഭൂമിയിൽ മനുഷ്യർ. വരാൻ പോകുന്നത് 2024 ആണ്. പുതു നൂറ്റാണ്ടു തുടങ്ങിയിട്ട് 23 വർഷം പിന്നിടുന്നു. ചരിത്രഗതി ഏറ്റവും വേഗതയിൽ കടന്നുപോയ വർഷങ്ങളാണ് നമ്മൾ പിന്നിട്ടത്. ലോകം അതിവേഗതയിൽ കറങ്ങുകയായിരുന്നുവെന്നോ, കുതിച്ചു പൊങ്ങുകയായിരുന്നുവെന്നോ വിശേഷിപ്പിക്കാം ഈ അവസ്ഥയെ. ആയിരങ്ങളിൽ, ലോകം എത്ര മെല്ലെയാണ് ചലിച്ചിരുന്നത് എന്ന് ആലോചിക്കുവാൻ സാധിക്കുമോ? വാഹനങ്ങൾ ഇല്ലായിരുന്ന അക്കാലത്ത്, ഒരു മനുഷ്യനു നടന്നെത്താവുന്ന ദൂരം, അതിനിടയിൽ നേരിടേണ്ടി വരുന്ന ആക്രമണങ്ങൾ ഒക്കെയും താണ്ടിയുള്ള അവൻ്റെ ജീവിതത്തിൻ്റെ മന്ദഗതിയിലുള്ള താളം നമുക്കു കാണാനാകുന്നുണ്ട്. എന്നിട്ടും അവർ യാത്ര ചെയ്തു എന്നത് അമ്പരപ്പിക്കുന്നതുമാണ്. നോർത്ത് അമേരിക്കൻ ഭൂഖണ്ഡത്തിൽ എത്തിയ ആദ്യ മനുഷ്യർ കൊളമ്പസിനോ അമേരിഗോ വെസ്പുചിക്കോ പിന്നാലെ വന്ന യൂറോപ്യന്മാർ അല്ല. അവർക്കും മുന്നേ ആഫ്രിക്കക്കാർ അറ്റ്ലാൻ്റിക് സമുദ്രം തരണം ചെയ്ത് അന്നാട്ടിൽ എത്തിയിരുന്നു. (നമ്മുടെ ചരിത്രം നമുക്കുവേണ്ടി നമ്മൾ എഴുതിയതല്ലല്ലോ, അത് ഏതു നാടിൻ്റെ ചരിത്രം നോക്കിയാലും തിരിച്ചറിയാം, ചിലർക്കു വേണ്ടി എഴുതപ്പെട്ടതാണ് ചരിത്രം) പറഞ്ഞു വന്നത്, നൂറ്റാണ്ടുകൾക്കു മുൻപ് വൻകരകൾ താണ്ടാൻ മനുഷ്യനു സാധിച്ചു. പക്ഷേ, അതിനു കാലങ്ങൾ വേണ്ടിവന്നിരുന്നു. ഇന്ന്, 2000-നു ശേഷം, മൊബൈൽ ഫോൺ എന്ന വിപ്ലവത്തിനുശേഷം, ഇൻ്റർനെറ്റ് യുഗത്തോടെ എല്ലാം വിരൽത്തുമ്പിലായി. ഗൂഗിൾ മാപ്പ് വന്നതോടെ ഇവിടെ ദുബായിലിരുന്ന് കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളും എനിക്കു നേരിട്ടു തന്നെ കാണാം എന്നായിട്ടുണ്ട്. യാത്ര, ഭക്ഷണം, ജീവിതരീതി ഇവയെല്ലാം കഴിഞ്ഞ 23 വർഷങ്ങൾക്കിടയിൽ വലിയ മാറ്റങ്ങൾ കടന്നുവന്നയിടങ്ങളാണ്. വിമാനയാത്രയിൽ വലിയ മുന്നേറ്റമാണ് സംഭവിച്ചത്. ഭക്ഷണത്തിലോ… അറേബ്യൻ, ചൈനീസ്, കോണ്ടിനൻ്റൽ വിഭവങ്ങൾ കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പോലും പരിചിത വിഭവങ്ങളായി. കപ്പയും കാന്താരിയും, പഴങ്കഞ്ഞിയും വരെ സ്റ്റാർ മെനുവിൽ ഇടം പിടിച്ചു. ചുരുക്കത്തിൽ ഭക്ഷണത്തിൽ നിലനിന്നിരുന്ന ജാതി വ്യത്യാസങ്ങൾ അപ്രത്യക്ഷമായി. പാനിപൂരി, ഗോൾഗപ്പ വാലകൾ നമ്മുടെ നിരത്തുകളിലും സ്ഥിരം കാഴ്ചയായി.
അങ്ങനെ നോക്കുമ്പോൾ കടന്നുപോയ ഈ നൂറ്റാണ്ടിലെ 23 വർഷങ്ങൾ അഭിവൃദ്ധിയുടേതാണ്. എന്നാൽ എല്ലാം അത്ര ഭദ്രമോ? രണ്ടു ലോകയുദ്ധങ്ങൾ കണ്ട ആയിരത്തിത്തൊണ്ണൂറുകൾ വിതച്ച നാശം നമ്മുടെ മുന്നിലുണ്ട്. ഇന്നു സ്ഥിതി മാറി, എന്നും യുദ്ധമാണ്, എന്നും സമാധാനവുമാണ്! ആ പരസ്യം പോലെ, ‘ചിലയിടത്തു റോക്കറ്റാക്രമണം ചിലയിടത്തു കരയാക്രമണം’ എന്നേ വ്യത്യാസമുള്ളൂ! പശ്ചിമേഷ്യയിൽ സമാധാനം ഇനിയും അകലെയാണ്. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ ജെറുസലേമിൽ ഈ വർഷം ക്രിസ്മസ് ഘോഷയാത്ര നടന്നില്ല, ബാൻഡ് വാദ്യം മുഴങ്ങിയില്ല. ഉണ്ണിയേശു അനാഥനായി വീണ്ടും കാലിത്തൊഴുത്തിൽ അല്ല, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പിറന്നു വീണു. അവൻ പറയട്ടെ ഇനി മനുഷ്യരാശിയുടെ ഗതിയെന്തെന്ന്.
എ ഐ പിറന്നു വീണപ്പോൾ ഡീപ്പ്ഫേക്കുകളും ഉടലെടുത്തു. ദൈവത്തിനു ചെകുത്താൻ, ദേവന് അസുരൻ എന്ന മട്ടിൽ എ ഐ യുടെ നന്മകൾക്കുമേൽ ഡീപ്പ് ഫേക്കുകൾ കഴുകനെപ്പോൽ ചിറകു വീശിപ്പറക്കുന്ന കാഴ്ച! ഒരു പാൻഡമിക്ക് യുഗം കൂടിയാണിത്. കോവിഡ് 19 കടന്നുവന്നശേഷം ഭൂമിയിൽ നിന്നും അപ്രത്യക്ഷരായ മനുഷ്യരുടെ എണ്ണത്തിനിന്നും കൃത്യമായ കണക്കില്ല. ഭരണകൂടങ്ങൾ മൂടിവെച്ചു പുറത്തുവിട്ട കണക്കുകൾ സത്യമാണെന്ന് ആരും പറയില്ല.
എന്നാൽ ഈ കോവിഡ് ബാധയ്ക്കു ശേഷം ഉണ്ടായ ഒരു വലിയ മാറ്റം… കഞ്ചാവ് മറ്റ് ലഹരികൾ എന്നിവയുടെ വ്യാപനം, അക്രമങ്ങൾ നിസ്സാര പ്രശ്നങ്ങളെ കൊലപാതകത്തോളം എത്തിക്കുന്നു എന്നിവയാണ്. ജപ്പാനിൽ ഇപ്പോൾ മുതിർന്നവരെ ആക്രമിച്ചു കൊലപ്പെടുത്തുന്നതു വ്യാപകമായെന്നു വാർത്ത, കൊലപാതകം നടത്തുന്നത് ആ വ്യക്തിയെ നോക്കാൻ ചുമതലപ്പെട്ട കുടുംബാംഗം ആയിരിക്കും. കൊലപാതകത്തിനു ശേഷം അയാൾ ആത്മഹത്യയും ചെയ്യുന്നു. ഇതിൻ്റെ മറ്റൊരു വശം നമ്മുടെ കേരളത്തിലും നിത്യ വാർത്തയാണിന്ന്. നവജാത ശിശുക്കളെ കൊല്ലുന്ന അമ്മമാരുടെ നാടു കൂടിയാകുന്നോ നമ്മുടെ നാടെന്നു സംശയിക്കും വിധമാണ് വാർത്തകൾ വരുന്നത്.
ഏതായാലും, ഒരു വർഷം കൂടി കടന്നു പോകുന്നു. വരുന്നത് യുദ്ധങ്ങൾ ഒഴിഞ്ഞ, അക്രമങ്ങൾ അവസാനിച്ച ഒരു വർഷമാകട്ടെ എന്നു മാത്രമേ ആശംസിക്കാനുള്ളൂ.
ഏവർക്കും പുതുവത്സരാശംസകൾ.
