ദീപാ നിശാന്ത്
ഓർമ്മ എഴുത്തുകളുടെ സമാഹാരമായ “കുന്നോളമുണ്ടല്ലോ ഭൂതകാല കുളിർ” ഏറെ ശ്രദ്ധിക്കപ്പെട്ട കൃതി. പുതിയ പുസ്തകം “അന്നു നനഞ്ഞ മഴയിൽ”. തൃശൂർ കേരള വർമ്മ കോളേജിൽ അദ്ധ്യാപിക.
ഭൂതകാലക്കുളിരുമായി കുന്നു കയറി വിസ്മയിച്ചവരെ ആനന്ദിപ്പിച്ചുകൊണ്ട്, നനഞ്ഞു തീർത്ത മഴകളിലൂടെ കുന്നിറങ്ങി വരികയാണ് ദീപ നിശാന്ത്. ഓർമ്മകൾ കടുത്ത വർണ്ണങ്ങളിൽ ചാലിച്ചതാണ് പക്ഷെ ആ ഓർമ്മകളിൽ നനഞ്ഞു നടക്കുമ്പോൾ ചിലപ്പോഴെങ്കിലും നമ്മുടെ കാഴ്ച്ചകൾ കണ്ണീരണിഞ്ഞു മങ്ങിപ്പോവും.
ഈ പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് പ്രിയ എ എസ് എഴുതിയ വളരെ രസകരമായ ഒരു അവതാരികയുണ്ട് – ഒരു മഴ നനയുമ്പോൾ പല മഴ നനയുന്നു, എന്ന പേരിൽ. പ്രിയ എഴുതിത്തുടങ്ങുന്നത് അവരുടെ അനുഭവക്കുറിപ്പായ എട്ടാം ക്ലാസ്സിലെ സ്റ്റേറ്റ് സിലബസ്സിൽ പഠിക്കാനുള്ള നനയാത്ത മഴയെ കുറിച്ചാണ്. ആ പഴയ ആശൂത്രികുട്ടിയായ അസുഖക്കാരിയായ ഒരിക്കലും മഴനനയാത്ത ഒരാൾ, മറ്റൊരാൾ നനഞ്ഞ മഴയ്ക്ക് കുട പിടിച്ചതെന്നത് ദീപ നിശാന്നതിന്റെ എഴുത്തിന്റെ വിജയമാണ്.
നവമാധ്യമമായ സോഷ്യൽ മീഡിയയിൽ എഴുതുന്നവർ ഒരുപാടുണ്ട്. പക്ഷെ ചിലർ എഴുതുമ്പോൾ അത് ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ, കുറിക്കുകൊള്ളും വിധം, വായനക്കാരനെ ഇരുത്തി ചിന്തിപ്പിക്കാൻ പ്രേരകമാവുന്നു. സംവിധായകൻ കമൽ, ദീപ നിശാന്തിന്റെ എഴുത്തിനെ, വി കെ എൻ മാതൃക എന്ന് ഉപമിച്ചിട്ടുണ്ട്. ‘പെൺ വേഷത്തിൽ ഒരു പയ്യൻസ്’ എന്നാണു അദ്ദേഹം ദീപയെ കുറിച്ച് എഴുതിയിട്ടുള്ളത്. സത്യമാണ്, ഇരുപത്തിമൂന്നു അദ്ധ്യായങ്ങളിലായി ദീപ കുറിച്ച കാര്യങ്ങൾ വെറുതെയങ്ങ് വായിച്ചു തീർക്കാൻ അനുവദിക്കുന്നതല്ല. ചിരിക്കാനും ചിന്തിക്കാനും ഊർജ്ജമുൾക്കൊള്ളാനും പ്രേരിപ്പിക്കുന്നവയാണ്. സിലബസ്സിലില്ലാത്ത പാഠങ്ങളിൽ’ തുടങ്ങി, പ്രണയത്തിന്റെ സൂയിസൈഡ് പോയിന്റ് കടക്കുമ്പോൾ ദീപയുടെ മൊഴികൾക്കൊപ്പം വായനക്കാരുടെയും മിഴികളിലൂടെ ഒരുപാട് മഴക്കാലങ്ങൾ കുളിരണിഞ്ഞു പെയ്യുമെന്നു ഉറപ്പാണ്.
ഇതുപോലെ ദീപയുടെ ഓരോ ഓർമ്മകളും നമ്മെ പലയോർമ്മകളിലെത്തിക്കുന്നു. ദീപ ഒരു മഴ നനഞ്ഞു വരുമ്പോൾ വായനക്കാർ പലമഴ നനയുന്നു. അമ്മപ്പുതപ്പ് ഒന്നൂടെ വലിച്ചിടുമ്പോൾ നെഞ്ചിലിരുന്നൊരു അമ്മക്കിളി കുറകുന്നു. അമ്മയായിക്കഴിഞ്ഞതിൽ പിന്നെയല്ലേ ഞാനും പ്രാർത്ഥിച്ചു തുടങ്ങിയത് അമ്മമാർക്കൊന്നും അസുഖമൊന്നും വരുത്തല്ലേ നാഥായെന്ന്. ഓർമ്മയിലെ ചില്ലുഭരണിയിൽ ഉപ്പാന്റെ ഓർമ്മകൾക്കൊപ്പം കടന്നുവരുന്ന കോലുമുട്ടായിയും ഒയലിച്ചയും വയറു കാണൽ വായിക്കുമ്പോൾ അരുതുകൾ മാത്രം കേൾക്കുന്ന, അതിനീയൊക്കെ നിസ്സാരവത്കരിച്ചു വല്യവർക്കൊപ്പം ചെറിയവായിൽ വല്ല്യ വർത്താനം പറയുന്ന, ആരുപറഞ്ഞാലും പാട്ടോ ഒപ്പനയോ ഡാൻസോ അവതരിപ്പിക്കുന്ന, ഉറക്കത്തിൽ എഴുന്നേല്പിച്ചു ചോദിച്ചാലും ഹൺഡ്രഡ് വരെ ഒറ്റവീർപ്പിനു എണ്ണിത്തീർത്ത് മിഠായി വാങ്ങിത്തിന്നുന്ന ആ നിഷ്കളങ്ക – സർവ്വ സ്വതന്ത്ര ബാല്യത്തിലേക്ക് നടന്നുപോയി.
എ പ്ലസ് എന്ന അദ്ധ്യായം ആനുകാലികമാണ്. ഫുൾ എ പ്ലസ് അഭിമാന പ്രശ്നമാണ് നമുക്കെല്ലാം. അതിനിടയിൽ കൈവിട്ടുപോവുന്നവരെ, താരതമ്യ പഠനങ്ങളുടെ വ്യർത്ഥതയെ ചൂണ്ടിക്കാണിക്കുന്നു. വറീതാപ്ലയിൽ വംശനാശം വന്ന മനുഷ്യഗ(ഗു) ണങ്ങളിലൊന്ന്, ഹൃദയസ്പർശിയായ വരച്ചിരിക്കുന്നു.
കലാഭവൻ മണിയുടെ, ങ്ങീഹാഹാ എന്ന മുഴക്കമുള്ള ചിരി വരേണ്യ വർഗ്ഗത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലായിരുന്നു എന്ന ഓർമ്മപ്പെടുത്തലാണ് വേണമെനിക്കൊരു കറുത്ത താജ്മഹൽ. മറ്റുള്ളവരെ ഒരുപാട് ഉപദേശിച്ചു, പെട്ടന്നൊരുനാൾ സ്വയം ജീവത്യാഗം ചെയ്യുന്ന ചിലരുണ്ട്, അങ്ങനൊരു കഥാപാത്രമാണ് വാസു. സമീപ കാലത്തു ചർച്ചയായ
ആൺപെൺ മതിലുകളും, ജീവിതത്തിൽ നമ്മൾ പങ്കെടുക്കുന്ന തോൽക്കുമെന്നുറപ്പുള്ള ചിലയുദ്ധങ്ങളും അടച്ചുവേവിച്ച കറി! അടിച്ചുവളർത്തിയ പെണ്ണും നമ്മെ ഒരു വീണ്ടുവിചാരത്തിലേക്ക് നയിക്കാൻ പ്രാപ്തമാണ്. ജിഷ്ണുവിനെ കുറിച്ചുള്ള ഓർമ്മകൾ, ഒരു താരാട്ടുപോലെ. വേദനയറിയാതെ സൗമ്യമായി ഉറങ്ങു നീ.
ജീവിതത്തിലെ ഓരോ നിമിഷങ്ങളും, നിറഞ്ഞ ആഹ്ലാദത്തോടെ, ഒറ്റമരക്കാട് നിറഞ്ഞ ജീവിതത്തെ, വിശാലമായ കാൻവാസിൽ വരച്ചു വെച്ചാണ് മുട്ടറ്റമേയല്ല ഭൂതകാലക്കുളിർ എന്ന ദീപ നിശാന്ത് ഉറപ്പു വരുത്തുന്നത്.
നനഞ്ഞുതീർത്ത മഴകളിലൂടെ, മുഷിഞ്ഞ ചുവരുകളുള്ള വീട്ടിലെ ഒറ്റമരക്കാട് തേടി, തോൽക്കുമെന്നുറപ്പുള്ള ചില യുദ്ധങ്ങളിൽ പങ്കെടുത്ത, ജീവിതത്തിലെ ചില സഡൻ ബ്രേക്കുകളിൽ ഓർമ്മയിലെ ചില്ലുഭരണിയിലടച്ച കേരളവർമ്മയുടെ മണത്തെ, ഒരു കുറ്റസമ്മതത്തിലൂടെ കെട്ടഴിച്ചു വിട്ട ഒരു പെണ്ണ്.