ധ്രുവനക്ഷത്രങ്ങൾ പ്രണയിക്കുമ്പോൾ

നിലാവായിരുന്നു
പ്രണയത്തിന്റെ
ഹിമബിന്ദുവിനെ
വെയിൽനൃത്തമാടാൻ
മരുഭൂവിലേക്കു
ക്ഷണിച്ചത്.

പിന്നെ, ആ നിലാവ്
തന്നെയായിരുന്നു
പൊള്ളിയുരുകിയ
മഞ്ഞുതുള്ളിയെ മറന്നു
കാർമേഘക്കൂട്ടിലെ
കുളിരിൽ
പോയൊളിച്ചത്

കാറ്റായിരുന്നു
കടലിലേക്ക്
ഒഴുകാമെന്നു പറഞ്ഞു
പുഴയെ ക്ഷണിച്ചത്.

എന്നിട്ടും
അഴിമുഖത്തെത്തും മുൻപ്
വഴിമാറി പോകേണ്ടിവന്ന
പുഴയെ മറന്നാണ്
കാറ്റ് പൂത്തുലഞ്ഞ കാടി
നുള്ളിലൊളിച്ചത്

ഉരുകിയ മഞ്ഞുതുള്ളിയെയും
വഴിമാറിയ പുഴയെയും
ഉറ്റുനോക്കി വിതുമ്പിയ
ധ്രുവനക്ഷത്രങ്ങളിൽ
ഞാനും നീയും
ഉണ്ടായിരുന്നു.

നമ്മുടെ പ്രണയവും
വിരഹവും വേനലും
തീമഴയും
ഉണ്ടായിരുന്നു.

എന്നിട്ടും ഇപ്പോഴും
ഒരു സ്വപ്നം
നിദ്രയിൽ വന്ന്
മരുഭൂമിയിലെ
മഴപ്പച്ചയിലേക്കും
വെയിലിറമ്പിൽ
പൂത്തു നിന്ന
മഞ്ഞമന്ദാരത്തിലേക്കും
വിരൽ ചൂണ്ടിക്കൊണ്ടേയിരിക്കുന്നു

ഇന്നലെകളിലെ
ഹിമമഴകളെ നീ
എന്നിലേക്ക്‌
കുടഞ്ഞെറിയവെ
പ്രണയം ഒരു ചുംബനപ്പൂവായി
വിടർന്ന ധ്രുവങ്ങൾക്കിടയിൽ
നീയും ഞാനും
ഒന്നായലിഞ്ഞു
ഒറ്റ നക്ഷത്രമായി
മാറുന്നു

കോട്ടയം ജില്ലയിലെ മേവെള്ളുർ സ്വദേശിനി. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്. 'സംശയങ്ങളിൽ ആഞ്ചല മേരി ഇങ്ങനെ' എന്ന ചെറുകഥയ്ക്കു 2014 ലെ വനിത ചെറുകഥ അവാർഡ്, 2017 ലെ കേരള കലാകേന്ദ്രം കമല സുരയ്യ പുരസ്കാരം, 2018.ലെ ദേവകി വാര്യർ സ്മാരക പുരസ്കാരം ഇവ ലഭിച്ചു. വിവിധ പ്രസാധകർക്കായ് പരിഭാഷകൾ ചെയ്യുന്നു.