ദേവാല -9 : വിവാഹ സങ്കല്പം

ദേവാല – കഥ ഇതു വരെ
തങ്ങൾ ഉണ്ടാക്കിയ സോഫ്റ്റ്‌വെയർ പ്രൊഡക്ടിന്റെ വിജയകരമായ റിലീസിനു ശേഷം, അത് ആഘോഷിക്കാനായി എം എൻ സിയിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം സോഫ്റ്റ്‌വെയർ എഞ്ചിനിയർമാർ, ദേവാല എന്ന സ്ഥലത്തുള്ള ഒരു റിസോർട്ടിൽ പോകാൻ തീരുമാനിച്ചു. ടീമിന്റെ സീനിയർ മാനേജറായ നിരഞ്ജൻ ടീമിന് പോകാൻ അനുവാദം കൊടുത്തെങ്കിലും ടീമിലെ സ്ത്രീകൾ, നിരഞ്ജൻ തങ്ങളുടെ കൂടെ വരണമെന്ന് നിർബന്ധിക്കുന്നു. ഈ നിർബന്ധിക്കൽ, നിരഞ്ജനും സുഹൃത്ത് ശശിക്കും ഉത്തരമില്ലാത്ത  ഒരു ചോദ്യമായി തോന്നുന്നു ; കാരണം മാനേജർ കൂടെയില്ലാത്തതാണല്ലോ സാധാരണ, ടീമിന് കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുക. ടൂർ കഴിയുമ്പോഴേക്കും ആ ചോദ്യത്തിന് ഒരു ഉത്തരം കിട്ടിയേക്കും എന്ന് അവർ കരുതുന്നു.യാത്ര ദിവസം, ടീമിലെ സ്ത്രീകളുടെ സുഹൃത്തായ, വേറൊരു ടീമിലെ അംഗമായ അനാമികയും ഇവരുടെ കൂടെ കൂടുന്നു. ഇത്, സീനിയർ മാനേജരായ നിരഞ്ജനും, നിരഞ്ജന് റിപ്പോർട്ട് ചെയ്യുന്ന മാനേജരായ കാർത്തിക്കിനും ബുദ്ധിമുട്ടുണ്ടാക്കുന്നു. കാരണം, ദേഷ്യക്കാരനായ അനാമികയുടെ മാനേജർ ചോദിച്ചാൽ ഉത്തരം പറയണമല്ലോ. എല്ലാ സ്ത്രീകളും രാജീവിന്റെ കാറിലും പുരുഷന്മാർ നിരഞ്ജന്റെ കാറിലും പോകുന്നു. ടൂർ സംഘാടകയായ ശ്വേതയ്ക്ക് കാൽ ഉളുക്കുന്നു. യാത്രയ്ക്കിടയിൽ അനൂപ്, താൻ മുൻപ് നടത്തിയ ഒരു ബൈക്ക് യാത്രയിൽ രാത്രിയിൽ പ്രേതങ്ങളെ കണ്ട സംഭവം വിവരിക്കുന്നു.അടുത്ത കാറിൽ, രാജീവ് താൻ സ്കൂളിൽ പഠിക്കുമ്പോൾ ഒരു ടൂറിന് പോകാൻ സ്കൂളിൽ താമസിക്കുകയും, രാത്രി പടക്കം പൊട്ടിക്കുകയും, പിടിയ്ക്കപ്പെടാതെ രക്ഷപെടുകയും ചെയ്ത  കാര്യം വർണിക്കുന്നു. മുതുമലൈയിൽ കർണാടകം – തമിഴ്നാട് അതിർത്തിയിൽ വണ്ടികൾ എത്തിയപ്പോൾ, തലേന്ന് ഉണ്ടായ കാവേരി നദി ജല കോടതി വിധി കാരണമുള്ള പ്രതിഷേധത്തിൽ കർണാടക രജിസ്‌ട്രേഷൻ വണ്ടികൾ അതിർത്തിയിൽ നിർത്തണം എന്നറിയുന്നു. അവർക്ക് ടാക്സി ജീപ്പുകളിൽ മാത്രമേ യാത്ര തുടരാൻ പറ്റൂ. ശ്വേതയെ താങ്ങി പിടിച്ചാണ്, അതിർത്തിയിലെ പാലം കടത്തുന്നത്. ജീപ്പിൽ വെച്ച് ശ്രേയ താൻ നടത്തിയ ലഡാക്ക് യാത്രയെ പറ്റി വിവരിക്കുന്നു. വിദ്യ, ഒരു ഐ ടി പ്രൊഫെഷനലിന്റെ ജീവിതം സിനിമയിലും മറ്റും ആരും യഥാർത്ഥമായി കാണിച്ചിട്ടില്ലെന്നു പറയുന്നു. ആ ജോലിയുടെ സവിശേഷതകളെ പറ്റിയും സംസാരിക്കുന്നു. അവർ റിസോർട്ടിലെത്തുന്നു. പ്രഭാത ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ കാർത്തിക്, ഹാലോവിന് ഡേയ്ക്ക് താൻ മകൾക്ക് പ്ലേഗ്  ഡോക്ടർ വേഷം ആക്കി കൊടുത്ത കാര്യം പറയുന്നു. എല്ലാവരും റിസോർട്ടിൽ  പല കാര്യങ്ങളിലും ഏർപെട്ടപ്പോൾ അനൂപ്, ബോബി, ശ്വേത എന്നിവർ നാടൻ മദ്യം സംഘടിപ്പിക്കാൻ ശ്രമിക്കുന്നത്, നിരഞ്ജൻ കാണാൻ ഇടയാകുന്നു. സ്വയം മദ്യപിക്കാറില്ലെങ്കിലും ടീമിന് വേണ്ടി നിരഞ്ജൻ അതിനു പണം കൊടുക്കുന്നു.


എല്ലാവരും കാർത്തിക്കും രാജീവും താമസിക്കുന്ന മുറിയിൽ ഒത്തു കൂടുകയും മദ്യപിക്കുകയും ചെയ്യുന്നു. നിരഞ്ജനും ശ്രേയയും മദ്യപിക്കുന്നില്ല.

ശ്വേത: എല്ലാവരോടുമായുള്ള എന്റെ അഭ്യർത്ഥന എന്താണെന്നു വെച്ചാൽ, ഇനിയും വൈകിയാൽ നമുക്കു ലഞ്ച് കിട്ടിയില്ലെന്നു വരും.

ഉദയ്: ഒരു റൌണ്ട് കൂടി കഴിഞ്ഞിട്ട് പോയാൽ പോരെ?

നിരഞ്ജൻ: വേണ്ട, ടീം. ശ്വേത പറയുന്നത് ശരിയാണ്. ഊണ് കഴിക്കുന്നയിടത്ത് നിന്ന് ബാക്കി സംസാരിക്കാം. എല്ലാവരും ലഞ്ച് കഴിക്കാൻ പോകുന്നു. പോകുന്ന വഴിക്കും, ഭക്ഷണം എടുക്കുന്ന സമയത്തുമെല്ലാം കാർത്തിക്കും ശ്വേതയും പരസ്പരം സംസാരിക്കുന്നു.

എല്ലാവരും ഒരുമിച്ചു ഡൈനിങ്ങ് ചെയറുകളിൽ ഇരിക്കുന്നു. കാർത്തിക്കും ശ്വേതയും ഒരുമിച്ചു ഇരിക്കുന്നു.

അവരെ നോക്കി നിരഞ്ജൻ: കാർത്തിക്, എന്താ പരിപാടി? ശ്വേതയെ ടീമിൽ എടുക്കേണ്ട പ്ലാൻ ആണോ?

ശ്വേത: അതായിരുന്നെങ്കിൽ നന്നായിരുന്നു. ഇതെന്റെ കല്യാണകാര്യമാണ്.

അനൂപ്: ശ്വേതയുടെ കല്യാണമോ? എപ്പോൾ?

ശ്വേത: ശ്ശൊ, ഒന്നും ആയില്ല. ഞാൻ പറയാം. ആദ്യം, നീ കഴിഞ്ഞ ആഴ്ച പോയ ആ റിസെപ്ഷന്റെ കാര്യം പറയൂ. എനിക്കും ഒന്ന് പ്ലാൻ ചെയ്യാനാ.

അനൂപ്: അത് ബാംഗ്ലൂരിൽ ഉള്ള ഒരു ക്രിസ്ത്യൻ വിവാഹത്തിന്റെ റിസപ്ഷൻ ആയിരുന്നു.  എനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു.

അനാമിക: ആഹാ. ഒന്ന് കൂടുതൽ വിശദീകരിക്കാമോ?

അനൂപ് (ഓർമയിൽ മുഴുകുന്നു): ഞാൻ അവിടെ എത്തിയപ്പോൾ വരനും വധുവും വരുന്നതായിരുന്നു കണ്ടത്. എല്ലാവരും എഴുന്നേറ്റു കൈയടിച്ചു. പിന്നെ അവർ സ്റ്റേജിൽ ഇരുന്നു. ആ ചടങ്ങിന് ഒരു ഡി ജെ ഉണ്ടായിരുന്നു. പുള്ളി ഒരു ഗെയിം കളിക്കാമെന്നു പറഞ്ഞു.

ശ്രേയ: എന്ത് ഗെയിം?

അനൂപ്: സ്റ്റാൻഡ് ഡൌൺ, സിറ്റ് അപ്പ്

എല്ലാവരും ചിരിക്കുന്നു.

അനൂപ്: പുള്ളി ചില ചോദ്യങ്ങൾ ചോദിക്കും. അതിനുള്ള ഉത്തരം നിങ്ങൾക്ക് ബാധകമാണെങ്കിൽ നിങ്ങൾക്ക് ഇരിക്കാം. ഇല്ലെങ്കിൽ നിൽപ് തുടരണം.

നിരഞ്ജൻ: ചില സാമ്പിൾ ചോദ്യങ്ങൾ പോരട്ടെ.

അനൂപ്: ഓക്കെ. സ്വന്തമായി ബൈക്ക് ഉള്ളവർ ആരൊക്കെ? അപ്പോൾ ബൈക്ക് ഉള്ളവർക്ക് ഇരിക്കാം.

ഉദയ്: എനിക്ക് തോന്നുന്നു, ഏതു പോലുള്ള ചില ചോദ്യങ്ങൾ ചോദിച്ചാൽ കൂടുതൽ പേരെ ഇരുത്താം. ഉദാഹരണത്തിന്, ലിപ്സ്റ്റിക്ക് ഇട്ട സ്ത്രീകൾ ആരൊക്കെ?

എല്ലാവരും ചിരിക്കുന്നു.

ബോബി: ഒടുവിൽ ഇരിക്കാതെ ബാക്കി ആയ വ്യക്തിക്ക് സമ്മാനം വല്ലതും ഉണ്ടോ?

അനൂപ്: ഉണ്ട്. ചോക്ലേറ്റുകൾ.

രാജീവ്: ഇതു കൊള്ളാം. നമുക്കും ഇവിടെ ആ ഗെയിം കളിച്ചാലോ?

നിരഞ്ജൻ: തീർച്ചയായും. ചോക്ലേറ്റ്സ് എന്റെ വക.

ശ്വേത: പക്ഷേ, ഇതു ആ ഡി ജെ ക്കു തോന്നിയ ഒരു കളി അല്ലെ? ചടങ്ങുകൾ എന്തൊക്കെയായിരുന്നു?

അനൂപ്: ആദ്യം തന്നെ, വധുവിന്റെ ചേച്ചി, രണ്ടു ഭാഗത്തേയും കുടുംബങ്ങളേയും എല്ലാവര്ക്കും പരിചയപ്പെടുത്തി.

ഉദയ്: അത് നന്നായി. അനൂപിനെ പോലെ വലിഞ്ഞു കയറി വന്നവർക്കു ഏതു സൈഡിലും പോകാം. ആളുകളെ പരിചയമായല്ലോ.

എല്ലാവരും ചിരിക്കുന്നു.

അനൂപ് ചിരിച്ചു കൊണ്ട്: ഞാൻ വലിഞ്ഞു കയറി പോയതല്ല. ചെറുക്കൻ എന്റെ സുഹൃത്താണ്.

വിദ്യ: വരന്റെ ഭാഗത്തു നിന്നും ആരെങ്കിലും സംസാരിച്ചോ?

അനൂപ്: ഉവ്വ്. സാധാരണ വരന്റെ സഹോദരനായിരിക്കും സംസാരിക്കുക. ഇവിടെ അവന് നേരെ ഏട്ടനും അനിയനും ഇല്ലാത്തതിനാൽ വരന്റെ കസിൻ ആയിരുന്നു വിഷസ് പറഞ്ഞു കൊണ്ട് ഒരു സ്പീച് നടത്തിയത്. അതിനു ശേഷം കേക്ക് മുറിക്കൽ, വൈൻ കഴിച്ചു ടോസ്സ്റ് റൈസ് ചെയ്യൽ മുതലായ ചടങ്ങുകൾ. പിന്നെ, വധു ഡ്രസ്സ് മാറാൻ പോയി.

ബോബി: ശരിയാ, അച്ചായന്മാരുടെ കല്യാണത്തിന് നാട്ടിലും, വധു ഡ്രസ്സ് മാറാൻ പോകുമ്പോൾ ഒരു വെയ്റ്റിംഗ് ഉണ്ട്.

വിദ്യ: അന്നേരം, മറ്റുള്ളവർക്ക് സൊറ പറഞ്ഞിരിക്കരുതോ?

അനൂപ്: ഇവിടെ ഭക്ഷണം കഴിക്കാം എന്ന് അനൗൺസ് ചെയ്തു.

ഉദയ്: അത് കേട്ട പാതി ആക്രാന്തം മൂത്തു അനൂപ് ഭക്ഷണം വിളമ്പുന്നയിടത്തേക്കു കത്തിച്ചു വിട്ടു.
എല്ലാവരാലും ചിരിക്കുന്നു.

അനൂപ്: പക്ഷെ, മെയിൻ കോഴ്സ് വരാൻ കുറച്ചു സമയം എടുത്തു.

ഉദയ്: ഞാൻ പറഞ്ഞില്ലേ, ആദ്യം അവിടെ എത്തിയത് അനൂപ് ആയിരിക്കും. അനൂപ്, നീ നമ്മൾ മലയാളികളുടെ മാനം കാത്തു.

എല്ലാവരും ചിരിക്കുന്നു.

നിരഞ്ജൻ: ഓക്കെ, ഇനി നമുക്ക് ശ്വേതയുടെ കല്യാണ കാര്യം കേൾക്കാം.

ശ്വേത: കല്യാണം ഒന്നും ആയില്ല, നിരഞ്ജൻ. ചില തടസ്സങ്ങൾ ഉണ്ട്.

നിരഞ്ജൻ: ഓ ഓക്കെ. പേർസണൽ ആണെങ്കിൽ പറയേണ്ട. നോ ഇഷ്യൂസ്.

ശ്വേത: പറയാൻ പറ്റാത്ത പ്രശ്നമല്ല, നിരഞ്ജൻ. സംഭവം എന്താണെന്നു വെച്ചാൽ, എന്റെ ബോയ് ഫ്രണ്ടും ഫാമിലിയും വെജിറ്റേറിയൻ ആണ്. ഞാൻ പക്കാ നോൺ വെജ്ജും.

ബോബി: ആ കാരണം, ഒരു തടസ്സമൊന്നുമല്ല.

അനൂപ്: തടസ്സമല്ലാതെ?

ബോബി: വെജ് ആയ ഒരാൾക്ക് നോൺ വെജ് കഴിക്കാൻ ബുദ്ധിമുട്ടുണ്ടാകും. നോൺ വെജ് ആയ ഒരാൾക്ക് തിരിച്ചു അഡ്ജസ്റ്റ് ചെയ്തു കൂടെ?

അനാമിക: ഒരു ദിവസം പോരല്ലോ, ബോബി. എന്നും അങ്ങനെ ചെയ്യണ്ടേ?

ബോബി: എന്നാലും, അത് ഒരു വലിയ ഇഷ്യൂ അല്ല. പരസ്പരം സ്നേഹിക്കുന്നവർക്ക് അത് ഒരു പ്രശ്നമേ അല്ല.

അനൂപ്: അല്ല, ഒരു കാര്യം ചോദിക്കട്ടെ, ബോബി എന്താണ് വിവാഹം കഴിക്കാത്തത്?

ബോബി: എന്റെ കാര്യത്തിൽ ചില തടസ്സങ്ങൾ ഉണ്ടായിരുന്നു.

കാർത്തിക്: അത് ശരി. അപ്പോൾ ബോബി, അഡ്ജസ്റ്റ് ചെയ്യാമായിരുന്നില്ലേ?

ബോബി: അല്ല, അത് ശരിയായില്ല.

വിദ്യ: ഇപ്പോഴല്ലേ, ബോബി പറഞ്ഞത് പരസ്പരം സ്നേഹിക്കുന്നവർക്ക് ഒരു പ്രശ്നമേ അല്ല, എന്ന്.

ഉദയ്: ബോബി പ്രശ്നം പറയൂ. നമുക്ക് തീരുമാനിക്കാം.

ബോബി: ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല.

കാർത്തിക്: അത് ശരിയാവില്ല.

ബോബി: (അല്പം ഉറക്കെ) ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞില്ലേ?

ഇതു കേട്ട് മറ്റുള്ള മേശകളിൽ ഇരിക്കുന്നവർ ഇവരെ നോക്കി. ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്നു നിരഞ്ജന് മനസ്സിലായി.

നിരഞ്ജൻ: ടീം, ഇവിടെ ശ്രേയയും ഞാനും ഒഴികെ എല്ലാവരും മദ്യപിച്ചിട്ടുണ്ട്. നമുക്ക് ഇപ്പോൾ അത് പറയേണ്ട. നമുക്കെല്ലാവർക്കും റൂമുകളിലേക്ക് തിരിച്ചു പോകാം.

എല്ലാവരും തിരികെ നടക്കുന്നു. ഏറ്റവും പിന്നിലുള്ള ഉദയും അനൂപും സംഭാഷണത്തിൽ ഏർപ്പെടുന്നു.

ഉദയ്: കൃത്യ സമയത്തു നിരഞ്ജൻ ഇടപെട്ടത് നന്നായി. അല്ലെങ്കിൽ കയ്യാങ്കളി ആയേനെ.

അനൂപ്: ശരിയാണ്. നിരഞ്ജനും ശ്രേയയും ഒഴികെ എല്ലാവരും ഫിറ്റ് ആണ്.

ഉദയ്: എന്തായിരിക്കും ബോബി, ക്രോണിക് ബാച്ച്ലർ ആയി തുടരാൻ കാരണം?

അനൂപ്: വിട്ടു കള, ഉദയ്. ചിലപ്പോൾ വല്ല സങ്കടകരമായ കാരണമായിരിക്കാം.

ഉദയ്: ഓക്കേ. പിന്നെ,  നിരഞ്ജനും ശ്രേയയും ഡ്രിങ്ക്സ് അടിക്കാറില്ലേ?

അനൂപ്: ശ്രേയ അടിക്കാറില്ല. നിരഞ്ജൻ അടിക്കാറുണ്ടോ എന്ന് എനിക്കറിയില്ല. ഒരു പക്ഷെ, നമ്മുടെ ലീഡർ എന്ന നിലയിൽ ഇപ്പോൾ ഉണ്ടായ പോലെയുള്ള സാഹചര്യത്തിൽ ഇടപെടാൻ മനഃപൂർവം അടിക്കാതിരുന്നതാവും.

ഉദയ്: കാര്യം പറഞ്ഞാൽ, മലയാളി പെൺകുട്ടികൾ മദ്യപിക്കുന്നതെല്ലാം ഞാൻ ഇപ്പോൾ ആണ് കാണുന്നത്. അത് മാത്രമല്ല, അവർക്കു കല്യാണം എന്നത് ഒരു വലിയ പ്രശ്നം ആയി തോന്നുന്നുമില്ല.

അനൂപ്: അതൊക്കെ അവരുടെ പേർസണൽ കാര്യം. നമ്മൾ ഇടപെടുകയോ ചോദിക്കാതെ അഭിപ്രായം പറയുകയോ ചെയ്യേണ്ട.

ഉദയ്: ഇവരുടെ വീട്ടിൽ നിന്നും പ്രഷർ ഉണ്ടാകില്ലേ?

അനൂപ്: ഞാൻ, ശ്രേയ, വിദ്യ, ശ്വേത – ഇവർ മൂന്ന് പേരുടെയും വീട്ടിൽ പോയിട്ടുണ്ട്. അവർക്കു അങ്ങനെ ഒരു വലിയ ടെൻഷൻ ഉള്ളതായി തോന്നിയിട്ടില്ല.

ഉദയ്: നിങ്ങളെയൊക്കെ വെച്ചു നോക്കുമ്പോൾ, ഞാൻ അത്ര ഫോർവേഡ് അല്ല. മുൻപ് ജീവിച്ച സാഹചര്യങ്ങൾ കാരണമാകും അത്. ഒന്നും വിചാരിക്കരുത്. അനൂപിന് അവരോട് ആരെങ്കിലുമായി വല്ല പ്രേമമോ മറ്റോ…

അനൂപ്: (ചിരിച്ചു കൊണ്ട് ) ഇല്ല. നമ്മൾ നല്ല ഫ്രണ്ട്‌സ് മാത്രമാണ്. പിന്നെ, ഡേറ്റിംഗ് ടിപ്സ് പരസ്പരം കൈ മാറാറുണ്ട്.

ഉദയ്: അതായത്, അനൂപ് ആരെയെങ്കിലും ഡേറ്റ് ചെയുമ്പോൾ അവരോട് ഉപദേശങ്ങൾ ചോദിക്കും. അതു പോലെ, അവർ തിരിച്ചും?

അനൂപ്: അതെ. ഏതാണ്ട് അങ്ങനെ തന്നെ.

ഉദയ്: ഒരു കാര്യം കൂടി ചോദിക്കട്ടെ. അനാമിക മാരീഡ് ആണോ?

അനൂപ്: അനാമിക ഡിവോർസി ആണ്.

ഉദയ്: ഓഹ്…

അപ്പോഴേക്കും അവർ, തങ്ങളുടെ റൂമിലേക്ക് എത്തുകയും ഉള്ളിലേക്ക് പോകുകയും ചെയ്യുന്നു.

രാജീവ് തന്റെ റൂമിൽ കയറുവാൻ പോകുമ്പോൾ, ഉദയ് കാണുന്നു. എന്തോ ഓർത്ത ഉദയ്, രാജീവിനോട് കൈ വീശുന്നു. രാജീവ് അത് കണ്ടില്ല. രാജീവും എന്തോ ചിന്തയിലാണ്. ഉദയ് പെട്ടെന്ന് രാജീവിന്റെ അടുത്തേക്ക് ഓടുന്നു. എന്നാൽ അത് കാണാതിരുന്ന രാജീവ്, മുറിയിലേക്ക് കയറി വാതിലടയ്ക്കുന്നു. ഓട്ടം നിർത്തിയ ഉദയ്, കൈകൾ രണ്ടും, തന്റെ രണ്ടു അരക്കെട്ടിലും വെച്ച് താഴോട്ട് നോക്കി എന്തോ ചിന്തിക്കുന്നു. എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ പെട്ടെന്ന് വെട്ടി തിരിഞ്ഞു, തിരക്കിട്ടു തന്റെ മുറിയിലേക്ക് പോകുന്നു.

( തുടരും ….)

ബാംഗ്ലൂരിൽ ഐ ടി രംഗത്ത് ജോലി ചെയുന്നു. 2009-ൽ പ്രസിദ്ധീകരിച്ച "കൾച്ചർ ചെയ്ഞ്ച്" എന്ന ചെറുകഥാ സമാഹരണമാണ് ആദ്യത്തെ പുസ്തകം. പിന്നീട്,കുട്ടികളുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ കഥകൾ എഴുതുകയുണ്ടായി. 2020-ൽ പ്രസിദ്ധീകരിച്ച "ലോങ്ങ് സ്റ്റോറി ഷോർട്ട് - ടേർണിങ്ങ് ഫേമസ് ബുക്ക്സ് ഇൻടു കാർട്ടൂൺസ്" എന്ന പുസ്‌തകത്തിൽ ചിത്രകാരനായും രംഗത്തു വന്നു. മലയാളകഥകൾ ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.