ദേവാല – 6 : ബോർഡർ

ദേവാല – കഥ ഇതു വരെ
തങ്ങൾ ഉണ്ടാക്കിയ സോഫ്റ്റ്‌വെയർ പ്രൊഡക്ടിന്റെ വിജയകരമായ റിലീസിനു ശേഷം, അത് ആഘോഷിക്കാനായി എം എൻ സിയിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം സോഫ്റ്റ്‌വെയർ എഞ്ചിനിയർമാർ, ദേവാല എന്ന സ്ഥലത്തുള്ള ഒരു റിസോർട്ടിൽ പോകാൻ തീരുമാനിച്ചു. ടീമിന്റെ സീനിയർ മാനേജറായ നിരഞ്ജൻ ടീമിന് പോകാൻ അനുവാദം കൊടുത്തെങ്കിലും ടീമിലെ സ്ത്രീകൾ, നിരഞ്ജൻ തങ്ങളുടെ കൂടെ വരണമെന്ന് നിർബന്ധിക്കുന്നു. ഈ നിർബന്ധിക്കൽ, നിരഞ്ജനും സുഹൃത്ത് ശശിക്കും ഉത്തരമില്ലാത്ത ഒരു ചോദ്യമായി തോന്നുന്നു ; കാരണം മാനേജർ കൂടെയില്ലാത്തതാണല്ലോ സാധാരണ, ടീമിന് കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുക. ടൂർ കഴിയുമ്പോഴേക്കും ആ ചോദ്യത്തിന് ഒരു ഉത്തരം കിട്ടിയേക്കും എന്ന് അവർ കരുതുന്നു.യാത്ര ദിവസം, ടീമിലെ സ്ത്രീകളുടെ സുഹൃത്തായ, വേറൊരു ടീമിലെ അംഗമായ അനാമികയും ഇവരുടെ കൂടെ കൂടുന്നു. ഇത്, സീനിയർ മാനേജരായ നിരഞ്ജനും, നിരഞ്ജന് റിപ്പോർട്ട് ചെയ്യുന്ന മാനേജരായ കാർത്തിക്കിനും ബുദ്ധിമുട്ടുണ്ടാക്കുന്നു. കാരണം, ദേഷ്യക്കാരനായ അനാമികയുടെ മാനേജർ ചോദിച്ചാൽ ഉത്തരം പറയണമല്ലോ. എല്ലാ സ്ത്രീകളും രാജീവിന്റെ കാറിലും പുരുഷന്മാർ നിരഞ്ജന്റെ കാറിലും പോകുന്നു. ടൂർ സംഘാടകയായ ശ്വേതയ്ക്ക് കാൽ ഉളുക്കുന്നു. യാത്രയ്ക്കിടയിൽ അനൂപ്, താൻ മുൻപ് നടത്തിയ ഒരു ബൈക്ക് യാത്രയിൽ രാത്രിയിൽ പ്രേതങ്ങളെ കണ്ട സംഭവം വിവരിക്കുന്നു.അടുത്ത കാറിൽ, രാജീവ് താൻ സ്കൂളിൽ പഠിക്കുമ്പോൾ ഒരു ടൂറിന് പോകാൻ സ്കൂളിൽ താമസിക്കുകയും, രാത്രി പടക്കം പൊട്ടിക്കുകയും, പിടിയ്ക്കപ്പെടാതെ രക്ഷപെടുകയും ചെയ്ത കാര്യം വർണിക്കുന്നു

വിദ്യ ഓടിച്ചിരുന്ന രാജീവിന്റെ കാറിന്റെ പിറകെ വന്നിരുന്ന നിരഞ്ജൻ കണ്ടത്, ബന്ദിപ്പൂർ മേഖലയിൽ നിന്നും മുതുമലൈ കടക്കുന്നതിനിടയിൽ അനവധി വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതായിരുന്നു. അക്കൂട്ടത്തിൽ രാജീവിന്റെ വണ്ടിയും ഉണ്ടായിരുന്നു. രാജീവും വിദ്യയും പുറത്തിറങ്ങി നിൽക്കുന്നുണ്ടായിരുന്നു. നിരഞ്ജന്റെ കാർ കണ്ടപ്പോൾ, രണ്ടു പേരും വേഗം അവരുടെ അടുത്തേക്ക് വന്നു.

നിരഞ്ജൻ: എന്ത് പറ്റി?

രാജീവ്: കാവേരി നദി ജല പ്രശ്നത്തിൽ ഇന്നലെ ഒരു വിധി വന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ, കർണാടക രെജിസ്ട്രേഷൻ ഉള്ള വണ്ടികൾ കടത്തി വിടുന്നില്ല.

ഉദയ്: അയ്യോ, ഇനി എന്താണ് ചെയ്യുക?

വിദ്യ: ശ്വേത റിസോർടുമായി ഫോണിൽ കോൺടാക്ട് ചെയ്യുന്നുണ്ട്.

ബോബി: ശരിക്കും കടത്തി വിടാത്ത പ്രശ്നമുണ്ടോ? പല വണ്ടികളും പോകുന്നുണ്ടല്ലോ.

രാജീവ്: കർണാടക രെജിസ്ട്രേഷൻ ആണ് പ്രശ്നം. കേരള രെജിസ്‌ട്രേഷൻ, തമിഴ് നാട് രെജിസ്ട്രേഷൻ, വേറെ ഏത് സംസ്ഥാനത്തേയും രെജിസ്‌ട്രേഷൻ, ഈ വണ്ടികൾക്ക് പ്രശ്നമില്ല.

ബോബി: ശ്ശെടാ, ഇതൊരു പ്രശ്നമായല്ലോ. നമ്മുടെ രണ്ടു വണ്ടിയും കർണാടക രെജിസ്‌ട്രേഷൻ ആണ്.

അനൂപ്: ഞാൻ ഒന്ന് പോയി അന്വേഷിക്കട്ടെ. പണ്ട് കോയമ്പത്തൂർ എം സി എ ക്കു അവിടത്തെ കോളേജിൽ പോയപ്പോൾ പഠിച്ച തമിഴ് ഒന്ന് പ്രയോഗിക്കട്ടെ.

കാർത്തിക്: ഞാനും വരുന്നു. ഞാൻ ട്രിച്ചിയിലാണ് പഠിച്ചത്.

എല്ലാവരും ചിരിക്കുന്നു.

നിരഞ്ജൻ: നിങ്ങൾ രണ്ടു പേരും ഏതായാലും തമിഴ് പേശിയിട്ടു വാ. നമ്മുക്കെല്ലാം ശ്വേതയുടെ അടുത്ത് പോകാം. റിസോർട്ടിൽ നിന്നും എന്തു പറയുന്നു എന്ന് നോക്കാം.

കാർത്തിക്കും അനൂപും മുൻപിൽ, പാലം കടന്നു നടന്നു പോകുന്നു. ബാക്കി എല്ലാവരും രാജീവിന്റെ കാറിൽ ഉള്ള ശ്വേതയുടെ അടുത്തേക്ക് നടക്കുന്നു. ഏറ്റവും മുന്നിൽ നിരഞ്ജനും, ഏറ്റവും പിറകിൽ ബോബിയും, വിദ്യയും.

വിദ്യ: എന്താണ് ബോബി, വാസ്തവത്തിൽ ഈ കാവേരി പ്രശ്നം?

ബോബി: ഇന്ത്യയിൽ കർണാടകത്തിനും, തമിഴ്‌നാടിനും ഇടയിലൂടെ ഒഴുകുന്ന നദിയാണ്‌ കാവേരി. രണ്ടു സംസ്ഥാനങ്ങളും കാവേരി നദിയിലെ ജലം പങ്കുവെയ്ക്കുന്നതിനെ കുറിച്ച്‌ സ്ഥിരം തർക്കത്തിലാണ്‌. ഈ തർക്കം പലപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്നതിലേക്ക് പോലും എത്തിച്ചേരാറുണ്ട്‌.

നൂറ്റാണ്ടുകളായി കർണാടക-തമിഴ്‌ കർഷകരുടെ പ്രധാന ജലസ്രോതസ്സാണ്‌ കാവേരി നദി. ബ്രിട്ടീഷ്‌ ഭരണകാലത്തായിരുന്നു ആദ്യം തർക്കം ഉടലെടുത്തത്‌. മൈസൂർ, കൃഷ്ണരാജ സാഗർ അണക്കെട്ട്‌ നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ മദ്രാസ്‌ അത്‌ എതിർത്തു. തമിഴ്‌നാട്ടിൽ ജലം എത്തുകയില്ലാ എന്നായിരുന്നു അവരുടെ വാദം. തർക്കത്തിനൊടുവിൽ വന്ന കരാറനുസരിച്ച്‌ മൈസൂറിന്‌ അണക്കെട്ടുണ്ടാക്കാനുള്ള തടസ്സം മാറി. അതോടൊപ്പം തന്നെ മദ്രാസിനു ‌ ജലം എത്താൻ തടസ്സം ഉണ്ടാകാനും പാടില്ലാ എന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. മാത്രമല്ല, പുതിയതായി കർണാടകഭാഗത്ത്‌ ഉണ്ടാക്കുന്ന അണക്കെട്ടുകൾക്ക്‌ തമിഴ്‌നാടിന്റെ സമ്മതവും ആവശ്യമായിരുന്നു. പിന്നെ, കാവേരി പ്രശ്നം ഒരു ട്രൈബ്യൂണലിനു വിടണമെന്ന് തമിഴ്‌നാട്‌ ആവശ്യപ്പെടാൻ തുടങ്ങി. തർക്കം തുടർന്നുകൊണ്ടിരിക്കുന്നു. കാവേരി, കേരളത്തിലും പോണ്ടിച്ചേരിയിലൂടെയും ഒഴുകുന്നതുകൊണ്ട്‌ അവരും ഈ തർക്കങ്ങളിൽ ഇടപെടുകയുണ്ടായി.

വിദ്യ: വാവ്, ബോബിക്കു കാര്യങ്ങൾ നന്നായി അറിയാമല്ലോ.

ബോബി: ഞാൻ ലണ്ടനിൽ കുറച്ചു കാലം ഉണ്ടായിരുന്നല്ലോ. അപ്പോൾ എന്റെ റൂം മേറ്റ്സ് ആയി മൂന്ന് കന്നഡിഗക്കാരുണ്ടായിരുന്നു. ഏതാണ്ട് എല്ലാ കാര്യത്തിനും പ്രതിഷേധമായി ബന്ദ്, ഹർത്താൽ എന്നിവ നടത്തുന്ന നമ്മുടെ സംസ്ഥാനത്തെ പോലെയായിരുന്നില്ല ബാംഗ്ലൂരിലെ കാര്യങ്ങൾ. എന്റെ ഓർമയിൽ ഇവിടെ ബന്ദ് നടന്നത്, രാജ്‌കുമാർ, വിഷ്ണുവർധൻ എന്നീ നടൻമാർ ആന്തരിച്ചപ്പോഴും, കാവേരി ജല പ്രശ്നത്തിനുമായിരുന്നു. അങ്ങനെ, ലണ്ടനിൽ താമസിച്ച സമയത്താണ് ഞാൻ അവരോടു അവരുടെ കാര്യങ്ങൾ കൂടുതൽ ചോദിച്ചു മനസ്സിലാക്കിയത്. ചുരുക്കി പറഞ്ഞാൽ, ഇരുപത് വർഷം ബാംഗ്ലൂരിൽ നിന്നിട്ടു കർണാടകയെ പറ്റി മനസ്സിലാക്കിയതിലും കൂടുതൽ രണ്ടു വർഷത്തെ ലണ്ടൻ ജീവിതം കൊണ്ട് മനസ്സിലാക്കാൻ പറ്റി.

അപ്പോഴേക്കും എല്ലാവരും നടന്ന് കാറിൽ ഇരിക്കുന്ന ശ്വേതയുടെ അടുത്തെത്തി.

ശ്വേത: സോറി, നിരഞ്ജൻ. എനിക്ക് ഒരു അശ്രദ്ധ പറ്റി.

നിരഞ്ജൻ: എന്ത് പറ്റി, ശ്വേത?

ശ്വേത: ഞാനും ഫാമിലിയും കഴിഞ്ഞ തവണ പോയത്, നാട്ടിൽ നിന്നായിരുന്നു. നമ്മുടെ കേരള രെജിസ്ട്രേഷൻ വണ്ടിയായിരുന്നു. ഇത്തവണ ബുക്ക് ചെയ്തപ്പോൾ നമ്മൾ ബാംഗ്ലൂരിൽ നിന്നാണ് വരുന്നത് എന്ന് ഞാൻ സൂചിപ്പിച്ചിരുന്നില്ല. അത് പറഞ്ഞിരുന്നെങ്കില്‍, റിസോർട്ടിൽ നിന്നും ഈ കാര്യം അവർ ഉപദേശിച്ചേനെ.

നിരഞ്ജൻ: സാരമില്ല. നമുക്കാർക്കും ഇങ്ങെനെയാകും എന്നു തോന്നിയിരുന്നില്ലല്ലോ.

ഉദയ്: ഞാൻ യൂട്യൂബിൽ ചില റിസോർട്സ് നോക്കുകയായിരുന്നു. വയനാട്ടിലേക്ക് വിട്ടാലോ? ചില ചെറിയ റിസോർട്സിൽ റൂമുകൾ ഒഴിവ് കാണും.

നിരഞ്ജൻ: വേണ്ട, ഉദയ്.

ബോബി: ഇന്ന് രാത്രിത്തേക്കുള്ള കാര്യമല്ലേ? ചെറിയ റിസോർട്സ് ആയാൽ എന്താ? നമുക്ക് അഡ്ജസ്റ്റ് ചെയ്യാം.

നിരഞ്ജൻ: റിസോർട്സ് ചെറുത് ആയതല്ല പ്രശ്നം. ചിലത് ചെറുപ്പക്കാരായ ബാച് ലേർസിന് പറ്റിയതാവും. പലതിന്റെയും സേഫ്റ്റി ആസ്പെക്ടസ് നമുക്ക് അറിയില്ല. അതൊക്കെ നോക്കി ഉറപ്പു വരുത്തിയതിനാലാണ് നമ്മൾ ഇവിടത്തേക്കു വന്നത്.

വിദ്യ: തമിഴ് പേശി കാര്യം ശരിയാക്കാൻ പോയ നമ്മുടെ യോദ്ധാക്കൾ തിരികെ വരുന്നുണ്ട്.

രാജീവ്: എന്ത് പറ്റി? നിക്കണോ അതോ പോണോ?

കാർത്തിക്: കാര്യങ്ങൾ ഇങ്ങനെയാണ്. നമുക്ക് കാർ ഇവിടെ പാർക്ക് ചെയ്യാം. ഈ പാലം കഴിഞ്ഞാൽ മുതുമലൈയിൽ തമിഴ് നാട് ടാക്സി ജീപ്പുകൾ ഉണ്ട്. നമുക്ക് രണ്ടു ജീപ്പ് പിടിച്ചു റിസോർട്ടിലേക്കു പോകാം.

രാജീവ്: രണ്ടു കാറും രാത്രി മുഴുവൻ ഇവിടെ നിർത്തിയാൽ അതിന്റെ സെക്യൂരിറ്റി?

നിരഞ്ജൻ: കാര്യം പറഞ്ഞാൽ അത് ഒരു പ്രശ്നമാണ്. പക്ഷെ വേറെയും വണ്ടികൾ ഇവിടെ അത് പോലെ വച്ചിട്ടുണ്ടല്ലോ. വില കൂടിയ ഒന്നും കാറിൽ വെക്കേണ്ട. ലോക്ക് ചെയ്തു പോകാം.

രാജീവ്: ശരി. ബോസ്സ്, വണ്ടി ഇവിടെ വെക്കുന്നുണ്ടെങ്കിൽ ഞാനും വെക്കാം.

എല്ലാവരും പുഞ്ചിരിക്കുന്നു.

ശ്രേയ: പക്ഷെ, ശ്വേതയെ എന്ത് ചെയ്യും? അവളെ ഈ പാലം കടത്തണ്ടേ?

അനാമിക: ഞാനും വിദ്യയും അവളെ താങ്ങി പിടിച്ചു ഒരൊറ്റ പോക്ക് പോകാം.

നിരഞ്ജൻ: ഗുഡ്. നിങ്ങളുടെ ഉൾപ്പടെയുള്ള എല്ലാവരുടെയും ബാഗുകൾ മറ്റെല്ലാവർക്കും എടുക്കാം.
അനൂപ്: നല്ല ഐഡിയ. ലെറ്റ്സ് ഗോ…

(തുടരും…)

ബാംഗ്ലൂരിൽ ഐ ടി രംഗത്ത് ജോലി ചെയുന്നു. 2009-ൽ പ്രസിദ്ധീകരിച്ച "കൾച്ചർ ചെയ്ഞ്ച്" എന്ന ചെറുകഥാ സമാഹരണമാണ് ആദ്യത്തെ പുസ്തകം. പിന്നീട്,കുട്ടികളുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ കഥകൾ എഴുതുകയുണ്ടായി. 2020-ൽ പ്രസിദ്ധീകരിച്ച "ലോങ്ങ് സ്റ്റോറി ഷോർട്ട് - ടേർണിങ്ങ് ഫേമസ് ബുക്ക്സ് ഇൻടു കാർട്ടൂൺസ്" എന്ന പുസ്‌തകത്തിൽ ചിത്രകാരനായും രംഗത്തു വന്നു. മലയാളകഥകൾ ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.