ദേവാല-4 : ദീർഘദൂര യാത്രകളിൽ കാണുന്ന പ്രേതങ്ങൾ

ദേവാല – കഥ ഇതു വരെ
തങ്ങൾ ഉണ്ടാക്കിയ സോഫ്റ്റ്‌വെയർ പ്രൊഡക്ടിന്റെ വിജയകരമായ റിലീസിനു ശേഷം, അത് ആഘോഷിക്കാനായി എം എൻ സിയിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം സോഫ്റ്റ്‌വെയർ എഞ്ചിനിയർമാർ, ദേവാല എന്ന സ്ഥലത്തുള്ള ഒരു റിസോർട്ടിൽ പോകാൻ തീരുമാനിച്ചു. ടീമിന്റെ സീനിയർ മാനേജറായ നിരഞ്ജൻ ടീമിന് പോകാൻ അനുവാദം കൊടുത്തെങ്കിലും ടീമിലെ സ്ത്രീകൾ, നിരഞ്ജൻ തങ്ങളുടെ കൂടെ വരണമെന്ന് നിർബന്ധിക്കുന്നു. ഈ നിർബന്ധിക്കൽ, നിരഞ്ജനും സുഹൃത്ത് ശശിക്കും ഉത്തരമില്ലാത്ത ഒരു ചോദ്യമായി തോന്നുന്നു ; കാരണം മാനേജർ കൂടെയില്ലാത്തതാണല്ലോ സാധാരണ, ടീമിന് കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുക. ടൂർ കഴിയുമ്പോഴേക്കും ആ ചോദ്യത്തിന് ഒരു ഉത്തരം കിട്ടിയേക്കും എന്ന് അവർ കരുതുന്നു.യാത്ര ദിവസം, ടീമിലെ സ്ത്രീകളുടെ സുഹൃത്തായ, വേറൊരു ടീമിലെ അംഗമായ അനാമികയും ഇവരുടെ കൂടെ കൂടുന്നു. ഇത്, സീനിയർ മാനേജരായ നിരഞ്ജനും, നിരഞ്ജന് റിപ്പോർട്ട് ചെയ്യുന്ന മാനേജരായ കാർത്തിക്കിനും ബുദ്ധിമുട്ടുണ്ടാക്കുന്നു. കാരണം, ദേഷ്യക്കാരനായ അനാമികയുടെ മാനേജർ ചോദിച്ചാൽ ഉത്തരം പറയണമല്ലോ. എല്ലാ സ്ത്രീകളും രാജീവിന്റെ കാറിലും പുരുഷന്മാർ നിരഞ്ജന്റെ കാറിലും പോകുന്നു. ടൂർ സംഘാടകയായ ശ്വേതയ്ക്ക് കാൽ ഉളുക്കുന്നു

രാജീവിന്റെ കാറിന്റെ തൊട്ടു പുറകെ തന്നെ സാമാന്യം വേഗത്തിൽ കാർ ഓടിച്ചിരുന്ന നിരഞ്ജൻ, ക്രമേണ വേഗത കുറച്ചു. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ, കാർ പതുക്കെ ഒരു ഭാഗത്തോട് ചേർത്തു നിർത്തി.

നിരഞ്ജൻ: ആരെങ്കിലും വണ്ടി ഓട്ടുമോ? എനിക്ക് ഉറക്കം വരുന്നു.

അനൂപ്: അതിനെന്താ? ഞാൻ ഓടിക്കാം.

നിരഞ്ജൻ: താങ്ക്സ്, അനൂപ്.

ഇത്രയും പറഞ്ഞു കൊണ്ട്, നിരഞ്ജൻ പിന്നിലും, അനൂപ് മുന്നിൽ ഡ്രൈവർ സീറ്റിലും സ്ഥലം മാറി ഇരുന്നു.

നിരഞ്ജൻ പുറകിൽ ഉറക്കം പിടിച്ചു.

അനൂപ് അത്യാവശ്യം വേഗത്തിൽ ഓടിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ,

കാർത്തിക്: നിരഞ്ജന് ഉറക്കം വരാൻ കാരണം എന്താണെന്ന് നിങ്ങൾക്കറിയാമോ?

പുറകിലിരിക്കുന്ന ബോബിയും ഉദയും പരസ്പരം നോക്കുന്നു.

ബോബി: ഇല്ല. എന്താണ് കാരണം?

കാർത്തിക്: നമ്മളോടെല്ലാം ഇന്നലെ നേരത്തെ കിടന്നോളാൻ പറഞ്ഞിട്ട് ഇന്നത്തെ ഓഫീസിലെ പണിയൊക്കെ ഏതാണ്ട് തീർത്തിട്ടേ, നിരഞ്ജൻ ഉറങ്ങിയിട്ടുണ്ടാവൂ. പാവം. എപ്പോഴാണ് ഉറങ്ങിയതെന്ന് ദൈവത്തിനറിയാം.

ബോബി: ദൈവമേ, എല്ലാ പണിയും ഇങ്ങനെ തിരക്കിട്ട് തീർക്കേണ്ട ആവശ്യമുണ്ടായിരുന്നോ?

കാർത്തിക്: പറയാൻ പറ്റില്ല, ബോബി. അധികവും നമ്മൾ ആരും സ്ഥലത്തിലാതിരികുമ്പോഴായിരിക്കും എന്തെങ്കിലും വന്നു പെടുന്നത്.

അനൂപ്: വലിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് തോന്നുന്നില്ല. മാത്രമല്ല, അപർണ്ണയും ഉണ്ടല്ലോ.

കാർത്തിക്: ശരിയാണ്. എങ്കിലും, ഈ യാത്രയ്ക്ക് സമ്മതിക്കുക വഴി ഒരു സാഹസികമായ ഡിസിഷൻ ആണ് നിരഞ്ജൻ എടുത്തത്. കാരണം, ടീമിൽ ഒരാളൊഴികെ എല്ലാവരും ഇന്ന് ലീവ് ആണ്. അപർണയ്ക്ക് വരാൻ പറ്റിയിരുന്നെങ്കിൽ എല്ലാവരും ലീവ് ആയേനേ.

ബോബി: അങ്ങനെ പറയാൻ പറ്റില്ല. ഫീനിക്സിൽ, മോണിക്ക ഇന്ന് ലീവ് അല്ലല്ലോ. ഉറങ്ങുന്ന നിരഞ്ജൻ ഒഴികെ എല്ലാവരും ചിരിക്കുന്നു.

കാർത്തിക്: കാര്യം പറഞ്ഞാൽ മോണിക്ക, നമ്മൾ ഒക്കെ യാത്രയിലല്ലേ, ഇന്ന് ലീവ് എടുത്തോട്ടെ എന്ന് എന്നോട് അപേക്ഷിച്ചിരുന്നു. ഞാൻ തിരിച്ചു അപേക്ഷിച്ചു: ഇന്ന് മാത്രം ലീവ് എടുക്കല്ലേ എന്ന്.

ഉറങ്ങുന്ന നിരഞ്ജൻ ഒഴികെ എല്ലാവരും ചിരിക്കുന്നു.

കാർത്തിക്: കാര്യം പറഞ്ഞാൽ അവൾ ഇനി ലോഗിൻ ചെയ്യുമ്പോഴേക്കും നമ്മുടെ രാത്രി ആകുമെങ്കിലും, അപർണയ്ക്ക് ചെയ്തു തീർക്കാൻ ഉള്ളതിലും കൂടുതൽ വല്ലതും വന്നിട്ടുണ്ടെങ്കിൽ, മോണിക്ക ഉള്ളത് തന്നെയാണ് ആശ്വാസം.

ഉദയ്: എന്തൊക്കെ പറഞ്ഞാലും മാനേജർമാരുടെ വെല്ലുവിളികൾ അനുഭവിച്ചാലേ അറിയൂ.

കാർത്തിക്: വാസ്തവം, ഉദയ്. നിരഞ്ജൻ, നിരഞ്ജന്റെ കീഴിൽ എന്നെ ഒരു മാനേജർ ആയി പ്രൊമോട്ട് ചെയ്യുന്ന വരെ, മാനേജർ ആയിരിക്കുന്നത് താരതമ്യേന എളുപ്പമുള്ള ഒരു ജോലിയാണെന്നായിരുന്നു ഞാൻ കരുതിയത്.

രാജീവിന്റെ കാർ മുന്നിൽ കാണുന്നു. അനൂപ് അല്പം കൂടി വേഗത കൂട്ടി, ആ വണ്ടിയെ കടത്തുന്നു. അപ്പോൾ, ആ കാറിൽ ഉള്ള പെൺകുട്ടികൾ തമാശരൂപേന ബഹളമുണ്ടാകുകയും, നൃത്തം ചെയ്യുകയും, കൊഞ്ഞനം കുത്തുകയും ഒക്കെ ചെയ്യുന്നു. ബഹളത്തിന്റെ ഇടയിൽ നിരഞ്ജന്റെ ഉറക്കം ഞെട്ടുന്നു.

ബോബി: ആ പെൺപിള്ളേരെ കൊണ്ട്! നിരഞ്ജന്റെ ഉറക്കം പോയി.

നിരഞ്ജൻ: ഏയ്, ഒരു കുഴപ്പവുമില്ല. ഒരു നാപ്. അത്ര മാത്രം. ഇപ്പോൾ കൂടുതൽ ഉഷാറായി. അനൂപ്, ഇനി ഞാൻ തന്നെ ഓടിക്കാം.

അനൂപ് കുറച്ചു കൂടി ഓടിച്ചതിന് ശേഷം, ഒരു വശത്തേക്ക് വണ്ടി നിർത്തുന്നു. നിരഞ്ജനും അനൂപും വീണ്ടും പരസ്പരം സീറ്റു മാറുന്നു. നിരഞ്ജൻ വണ്ടി ഓടിക്കുന്നു.

കാർത്തിക്: നമ്മൾ, മാനേജര്മാരുടെ ജോലിയിൽ ഉള്ള വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയായിരുന്നു.

നിരഞ്ജൻ: ഇന്ന് നമുക്ക് ജോലിയെ പറ്റി പറയേണ്ട. തിരക്കു പിടിച്ച ജീവിതത്തിൽ നിന്നും, ജോലി ഭാരങ്ങളിൽ നിന്നും ഒരു മോചനം എന്നു കരുതിയല്ലേ, നമ്മൾ ഈ യാത്ര പുറപ്പെട്ടത്? വേറെ എന്തെങ്കിലും പറയാം.

കാർത്തിക്: അനൂപ് ഒരു നല്ല ഡ്രൈവർ ആണെന്ന് തോന്നുന്നു. എന്തെങ്കിലും ഡ്രൈവിംഗ് അനുഭവത്തെ കുറിച്ച് പറയൂ.

ഉദയ്: അതെ. അനൂപ് ബൈക്കിംഗ് ക്ലബ്ബിൽ ഒക്കെ ഉണ്ട്. ഏതെങ്കിലും ദീർഘ ദൂര ഡ്രൈവിംഗ് അനുഭവം പറയൂ.

അനൂപ്: കാര്യം പറഞ്ഞാൽ, ഞാൻ പറയാൻ പോകുന്നത് അത്ര ദീർഘ ദൂര യാത്രയിൽ ഉള്ള അനുഭവമല്ല.
ഇത് പെട്ടെന്ന് ഓർമ്മ വരാൻ കാരണം, നിരഞ്ജൻ ഉറക്കം വരുന്നു എന്ന് പറഞ്ഞു എന്നോട് ഓടിക്കാൻ പറഞ്ഞില്ലേ? വളരെ നല്ല തീരുമാനമാണത്. ഞാൻ ഒരിക്കൽ ഉറക്കം വന്ന് ചില പ്രേതങ്ങളെ വരെ, ഓടിക്കുമ്പോൾ കണ്ടിട്ടുണ്ട്.

ബോബി: പ്രേതങ്ങളേയോ?

അനൂപ്: അതെ. അന്ന് നമ്മൾ എട്ട് ബൈക്കുയാത്രികരുണ്ടായിരുന്നു. നന്തി ഹിൽസിൽ സൂര്യോദയം കാണുക എന്നതായിരുന്നു പ്ലാൻ. പക്ഷേ, കൂട്ടത്തിലെ പലരും വൈകി. ഒടുവിൽ അവിടെ എത്തുമ്പോഴേക്കും വൈകി. എന്നാൽ സൂര്യാസ്‌തമയം എങ്കിലും കണ്ടിട്ട് പോകാം എന്നു പറഞ്ഞു, അവിടെ തന്നെ തിരിഞ്ഞു കളിച്ചു. സൂര്യാസ്തമയം കണ്ടു മടങ്ങാൻ തുടങ്ങി.

നിരഞ്ജൻ: പക്ഷെ, അവിടത്തെ സൂര്യോദയമല്ലേ, കൂടുതൽ മനോഹരം?

അനൂപ്: വാസ്തവം. കോടമഞ്ഞ് ഉണ്ടാകും. അത്രയേക്ക് ഉഗ്രനല്ല, സൂര്യാസ്തമയം. എങ്കിലും, അതും നല്ല കാഴ്ചയായിരുന്നു. അതും കണ്ട് മടങ്ങുമ്പോൾ, നമ്മൾ പല വഴികളായി പിരിഞ്ഞു. അതി രാവിലെ ഉണർന്നതിനാലും, ദിവസ്സം മുഴുവനുമുള്ള അലച്ചില് കാരണവും ഞാൻ നല്ല ക്ഷീണിതാനായിരുന്നു. അല്പം ഉറക്കം തൂങ്ങാൻ തുടങ്ങി. എങ്കിലും പെട്ടെന്ന് വീട്ടിൽ എത്താം എന്ന് കരുതി വിജനമായ ഒരു ഊടു വഴിയിലൂടെ ഞാൻ ബൈക്ക് തിരിച്ചു.

ഉദയ്: ദൈവമേ

അനൂപ് അത് കേട്ടില്ല. അവന്റെ മനസ്സ് അന്നത്തെ ഊടു വഴിയിലൂടെയുള്ള തന്റെ യാത്രയിലേക്ക് പോയി. അനൂപ് വണ്ടിയിൽ അല്പം ക്ഷീണിതനായി ഓടിക്കുന്നു. ബൈക്കിന്റെ ഹെഡ് ലൈറ്റ് അല്ലാതെ വേറെ വെളിച്ചമില്ല. പെട്ടെന്ന് ഹെഡ് ലൈറ്റ് ഫ്യൂസ് അടിച്ചു പോകുന്നു. ഇന്ഡിക്കേറ്ററിന്റെ പ്രകാശത്തിൽ വണ്ടി ഒരു വിധം മുന്നോട്ടു പോകുന്നു. കുറച്ചു മുൻപിൽ ഒരു കലുങ്കിന്റെ സമീപം ഒരു കരിങ്കൽ മതിൽ കാണുന്നു. അതിൽ ഇരുന്ന് ഹെഡ് ലൈറ്റ് പരിശോധിക്കുകയും, ബാഗിൽ ഉള്ള വെള്ളത്തിന്റെ ബോട്ടിൽ കൊണ്ട് മുഖം കഴുകുകയും ചെയ്യാം എന്നു കരുതുന്നു. നിർത്താൻ വേണ്ടി വണ്ടിയുടെ വേഗത കുറയ്ക്കുമ്പോളാണ് പൊട്ടി മുളച്ച പോലെ, കരിങ്കൽ മതിലിൽ ഒരു രൂപം!

ഒരു കുട്ടിയുടെ മാത്രം ഉയരം. കണ്ണുകളുടെ സ്ഥാനത്തു രണ്ടു ദ്വാരങ്ങൾ. മൂക്ക് ഉണ്ടെന്നു തോന്നുന്നില്ല. വായുടെ സ്ഥാനത്തു ഒരു വലിയ ദ്വാരം. ഒരു അലർച്ചയോടെ, അനൂപ് ബൈക്കിന്റെ ആക്സിലറേറ്റർ തിരിക്കുന്നു. വണ്ടി മുന്നോട്ടു കുതിച്ചു പോകുന്നു.

കാറിനുള്ളിലുള്ള മറ്റു നാലു പേരും നിശബ്ദരായി അനൂപിന്റെ വിവരണം കേട്ടിരുന്നു.

അനൂപ് വീണ്ടും തന്റെ സ്മരണയിലേക്കു പോകുന്നു. അത്ര നല്ലതല്ലാത്ത റോഡിൽ നല്ല വേഗതയിൽ പോകുന്ന അനൂപിന്റെ ബൈക്ക് പെട്ടെന്ന് വേറെ ഒരു കാഴ്ച്ച വന്നപ്പോൾ ബ്രേക്കിട്ടു നിന്നു. നേരത്തെ കണ്ട രൂപത്തെ പോലെയുള്ള ഒരു നാലഞ്ചു രൂപങ്ങൾ ഇത്തവണ ഓരോ വടിയും കുത്തി പിടിച്ചു റോഡ് കറുകെ കടക്കുന്നു.
ഇത്തവണ ഉറക്കം പൂർണമായും പോയ അനൂപ്, സമചിത്തതയോടെ തന്റെ ബൈക്ക് വീണ്ടും എടുക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു മെയിൻ റോഡ് കാണുകയും അവിടത്തേയ്ക്ക് വണ്ടി തിരിക്കുകയും ചെയ്യുന്നു.
കാറിനുള്ളിൽ ആരും കുറച്ചു സമയത്തേക്ക് മിണ്ടുന്നില്ല.

പിന്നീട്, ഉദയ്: ശരിക്കും അത് പ്രേതങ്ങൾ ആയിരുന്നോ?

അനൂപ്: എനിക്ക് ആ ക്ഷീണത്തിൽ തോന്നിയതാണോ എന്ന് അറിയില്ല. ഏതായാലും, മെയിൻ റോഡിൽ എത്തിയതിനു ശേഷം അവരെ കണ്ടില്ല. പിന്നെയൊരിക്കലും അവരെ കണ്ടില്ല.

ബോബി: എനിക്ക് തോന്നുന്നത്, അവർ അനൂപിനെ പേടിപ്പിക്കാൻ ശ്രമിച്ചതാവും. അനൂപ് പേടിക്കുന്നില്ല എന്ന് കണ്ടപ്പോൾ മാറിയതാവും.

അനൂപ്: കാര്യം പറഞ്ഞാൽ, ആദ്യം ഞാൻ ഒന്ന് പേടിച്ചിരുന്നു. പിന്നെ വരുന്നത് വരട്ടെ എന്ന മട്ടിൽ വണ്ടിയെടുത്തു.

( തുടരും ……)

ബാംഗ്ലൂരിൽ ഐ ടി രംഗത്ത് ജോലി ചെയുന്നു. 2009-ൽ പ്രസിദ്ധീകരിച്ച "കൾച്ചർ ചെയ്ഞ്ച്" എന്ന ചെറുകഥാ സമാഹരണമാണ് ആദ്യത്തെ പുസ്തകം. പിന്നീട്,കുട്ടികളുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ കഥകൾ എഴുതുകയുണ്ടായി. 2020-ൽ പ്രസിദ്ധീകരിച്ച "ലോങ്ങ് സ്റ്റോറി ഷോർട്ട് - ടേർണിങ്ങ് ഫേമസ് ബുക്ക്സ് ഇൻടു കാർട്ടൂൺസ്" എന്ന പുസ്‌തകത്തിൽ ചിത്രകാരനായും രംഗത്തു വന്നു. മലയാളകഥകൾ ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.