ദേവാല-3 : കാത്തിരുപ്പ്

ദേവാല – കഥ ഇതു വരെ

തങ്ങൾ ഉണ്ടാക്കിയ സോഫ്റ്റ്‌വെയർ പ്രൊഡക്ടിന്റെ വിജയകരമായ റിലീസിനു ശേഷം, അത് ആഘോഷിക്കാനായി എം എൻ സിയിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം സോഫ്റ്റ്‌വെയർ എഞ്ചിനിയർമാർ, ദേവാല എന്ന സ്ഥലത്തുള്ള ഒരു റിസോർട്ടിൽ പോകാൻ തീരുമാനിച്ചു. ടീമിന്റെ സീനിയർ മാനേജറായ നിരഞ്ജൻ ടീമിന് പോകാൻ അനുവാദം കൊടുത്തെങ്കിലും ടീമിലെ സ്ത്രീകൾ, നിരഞ്ജൻ തങ്ങളുടെ കൂടെ വരണമെന്ന് നിർബന്ധിക്കുന്നു. ഈ നിർബന്ധിക്കൽ, നിരഞ്ജനും സുഹൃത്ത് ശശിക്കും ഉത്തരമില്ലാത്ത ഒരു ചോദ്യമായി തോന്നുന്നു ; കാരണം മാനേജർ കൂടെയില്ലാത്തതാണല്ലോ സാധാരണ, ടീമിന് കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുക. ടൂർ കഴിയുമ്പോഴേക്കും ആ ചോദ്യത്തിന് ഒരു ഉത്തരം കിട്ടിയേക്കും എന്ന് അവർ കരുതുന്നു.

ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം എന്നത് വിദേശികൾക്ക് ഇന്ത്യക്കാരുടെ കൃത്യനിഷ്ഠ വിമർശിക്കാനുള്ള ഒരു ഉപാധിയാണ്. പക്ഷെ, നിരഞ്ജൻ അങ്ങനെ ആയിരുന്നില്ല. കൃത്യ സമയത്തിനു മുൻപ് എത്തുന്ന വ്യക്തിയായിരുന്നു. അതിനാൽ തന്റെ ടീം അംഗങ്ങൾ എത്തുന്നതിനു മുമ്പേ നൈസ് റോഡിൽ പറഞ്ഞ സ്ഥാനത്തു എത്തിയ നിരഞ്ജൻ ലേശം നിരാശനാണ്. കാരണം, അവിടെ വേറെ ആരും എത്തിയിട്ടില്ല. നിരഞ്ജൻ കുറച്ചു നേരം കാറിന്റെ പുറത്തിറങ്ങി നിന്നു. അതു വഴി ഒരു ട്രക്ക് കടന്നു പോയി. ട്രക്ക് ഡ്രൈവർ നിരഞ്ജനെ തുറിച്ചു നോക്കി. അത് കണ്ട നിരഞ്ജൻ കൂടുതൽ അസ്വസ്ഥനായി. ആ ട്രക്ക് പോയി കഴിഞ്ഞപ്പോൾ പരന്നു കിടക്കുന്ന വിജനമായ ഹൈവേ മാത്രം മുന്നിൽ.

നിരഞ്ജൻ തന്റെ കാറിൽ കയറിയിരുന്നു. വാട്സ്ആപ്പിൽ, “ആക്സോനെറ്റ്” എന്നു പേരുള്ള, തന്റെ ടീം ഗ്രൂപ്പ് എടുത്തു.

“റീച്ഡ് ഹിയർ, ഫോക്സ്”, എന്ന് ടൈപ്പ് ചെയ്തു.

“ദാറ്റ്സ് വണ്ടർഫുൾ. ഹാവ് എ ഗ്രേറ്റ് ട്രിപ്പ്, ടീം!” – മോണിക്ക, ഫീനിക്സ്.

മോണിക്കയ്ക്കിപ്പോൾ വൈകുംന്നേരം 5 മണിയായിട്ടുണ്ടാവും. ഇന്നത്തെ ജോലി കഴിഞ്ഞു വീട്ടിൽ പോകേണ്ട തിരക്കായിരിക്കും. – നിരഞ്ജൻ ആത്മഗതം പറഞ്ഞു.

പക്ഷെ, ഇന്ന് ട്രിപ്പിന് വരുന്ന ഒരുത്തന്റെയും റെസ്പോൺസ് ഇല്ലല്ലോ. എഴുന്നേറ്റില്ലേ? ഇതും പറഞ്ഞു കൊണ്ട് നിരഞ്ജൻ മൊബൈലിൽ നോക്കിയിരുന്നു.

“ഓൺ ദി വേ” – ശ്വേത

മൂന്ന് പെൺകുട്ടികളെയും രാജീവ് തന്റെ കാറിൽ പിക്ക് ചെയ്തിരിക്കുന്നു. ആ കാറിൽ നിന്നും ശ്വേത ടൈപ്പ് ചെയ്തതാണ്. – നിരഞ്ജൻ ആത്മഗതം പറഞ്ഞു.

“ഓൺ ദി വേ” – കാർത്തിക് ബാക്കി എല്ലാവരും ഒരു ക്യാബ് പിടിച്ചു വരികയാണ്. – നിരഞ്ജൻ ആത്മഗതം പറഞ്ഞു.

രാജീവിന്റെ കാർ വന്നു നിന്നു. ശ്വേത ഒഴികെ, എല്ലാവരും പുറത്തിറങ്ങി.

എല്ലാവരും: ഹായ്, നിരഞ്ജൻ!

നിരഞ്ജൻ: ഹലോ ഓൾ!

നിരഞ്ജൻ നാലാമതൊരു പെൺകുട്ടി കൂടിയുണ്ടെന്നു കണ്ടു.

നിരഞ്ജൻ: ഇത്, അനാമികയല്ലെ?

വിദ്യ: അതെ, നിരഞ്ജൻ. അവളുടെ മാനേജർ, അമിതാഭ് ഇന്നലെ വൈകുംന്നേരം മാത്രമേ അവൾക്കു ഇന്നേക്കുള്ള ലീവ് കൊടുത്തുള്ളൂ. നിരഞ്ജന് അമിതാഭിനെ അറിയാമല്ലോ.

മറ്റുള്ളവരെ നോക്കികൊണ്ട് വിദ്യ തുടർന്നു.

വിദ്യ: നമ്മുടെ മാനേജർ നിരഞ്ജനെ പോലെ അല്ലല്ലോ മറ്റു മാനേജർമാർ. അവൾ ടൂറിന്റെ കാര്യം ഒന്നും പറഞ്ഞില്ല. പേർസണൽ കാര്യത്തിന് ലീവ് എടുക്കുന്നു എന്നാണ് പറഞ്ഞത്.

ശ്രേയ: അല്ലാ, ഈ ടൂറും പേർസണൽ ആണല്ലോ. കമ്പനി സ്പോൺസർ ചെയ്യുന്ന ഒന്നുമല്ലല്ലോ. നമ്മൾ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നു എന്ന് മാത്രം.പേർസണൽ ആയി പോകുന്നു.

അനാമിക: നിരഞ്ജൻ, എന്നെയും നിങ്ങളുടെ ടീമിന്റെ കൂടെ വരാൻ അനുവദിക്കുമോ? ഞാൻ ഒരു പ്രശ്നവും ഉണ്ടാകുകയില്ല.

എല്ലാവരും ചിരിക്കുന്നു.

നിരഞ്ജൻ: പിന്നെന്താ? അനാമിക രണ്ടു ദിവസത്തേക്ക് എന്റെ ദത്തു പുത്രിയാണ്.

എല്ലാവരും വീണ്ടും പൊട്ടിച്ചിരിക്കുന്നു.

നിരഞ്ജൻ ഒരു ചിന്തയിൽ മുഴുകുന്നു. ശ്വേത ഒരു സിഗരറ്റ് കത്തിക്കുന്നു.

ശ്വേത: നിരഞ്ജൻ, പെൺകുട്ടികളെല്ലാം ഇന്നലെ എന്റെ വീട്ടിലായിരുന്നു. ഞങ്ങൾ ഒരു ഡാൻസ് കളിച്ചു. അതിനിടയിൽ ഞാൻ ഒന്നു വീണു. അതാണ് പുറത്തിറങ്ങാത്തത്.

ശ്വേത തന്റെ കണങ്കാലിനിട്ട ക്രെപ് ബാൻഡേജ് നിരഞ്ജന് കാണിച്ചു കൊടുക്കുന്നു. ഒരു ക്യാബിന്റെ ഹോൺ കേൾക്കുന്നു. കാർത്തിക്, ഉദയ്, ബോബി, അനൂപ് – ഇവർ ആ വന്നു നിർത്തിയ ക്യാബിൽ നിന്നും ഇറങ്ങുന്നു. മറ്റുള്ള കാറിൽ ഉള്ള എല്ലാവരുമായി ഹൈ ഫൈവ് ചെയ്യുന്നു. നിരഞ്ജൻ വീണ്ടും ഒരു ചിന്തയിൽ മുഴുകുന്നു.

കാർത്തിക്: എന്തു പറ്റി, നിരഞ്ജൻ?

നിരഞ്ജൻ അല്പം മാറി നില്കുന്നു. കാർത്തിക് പിന്നാലെ പോകുന്നു.

നിരഞ്ജൻ: പെൺകുട്ടികളുടെ സുഹൃത്തായ അനാമികയും നമ്മുടെ കൂടെ വരുന്നുണ്ട്. കാർത്തിക് പെൺകുട്ടികളുടെ ഇടയിലേക്ക് നോക്കുന്നു. അനാമികയെ കാണുന്നു.

കാർത്തിക്: നമ്മൾ പേർസണൽ ആയി പോകുന്നതല്ലേ? നമ്മുടെ സുഹൃത്ത് എന്ന നിലയിൽ അനാമിക വന്നപ്പോൾ കൂടെ കൂട്ടി. എനിക്കു തോന്നുന്നു അതിനു പ്രശ്നമൊന്നുമുണ്ടാവില്ല എന്ന്.

നിരഞ്ജൻ: കാര്യം അതല്ല. കാർത്തിക്കിന് അവളുടെ മാനേജർ അമിതാഭിനെ അറിയില്ലേ? വെറുതെ ചൊറിഞ്ഞു കൊണ്ടിരിക്കും. അവൾ പേർസണൽ കാര്യത്തിന് ലീവ് എടുക്കുന്നു എന്നാണ് അമിതാഭിനോട് പറഞ്ഞത്. ഇതിനാണെന്നറിഞ്ഞാൽ വെറുതെ നമ്മളോട് ഉടക്കാൻ വരും.

കാർത്തിക്: ഇനിയെന്താ ചെയ്യുക, നിരഞ്ജൻ? അനാമികയോട് ഒരു നയത്തിൽ, വരേണ്ട എന്ന് പറയാൻ ശ്വേതയോടു ചോദിച്ചാലോ?

നിരഞ്ജൻ: അനാമിക ലീവെടുത്തു പോയില്ലേ? വന്നോട്ടെ. ഇനി എല്ലാം വരുന്നയിടത്തു വെച്ചു കാണാം.

ഇത്രയും പറഞ്ഞു നിരഞ്ജനും കാർത്തിക്കും തിരിച്ചു കാറുകളുടെ അടുത്തേക്ക് നടക്കുന്നു.

ബോബി: നമുക്ക് യാത്ര തുടങ്ങിയാലോ?

നിരഞ്ജൻ: ഷുവർ.

അനൂപ്: റൂട്ട് എങ്ങനെയാണ്?

ശ്വേത: ബാംഗ്ലൂർ – മൈസൂർ -ഗുണ്ടൽപേട്ട് -ബന്ദിപ്പൂർ. ബന്ദിപ്പൂർ കഴിഞ്ഞു തമിഴ് നാട് ബോർഡർ. മുതുമലൈ. പിന്നെ ദേവാല. റിസോർട്ടിലേക്ക് അഞ്ചു കിലോമീറ്റര് റോഡ്. മൂന്ന് കിലോമീറ്റർ കഴിഞ്ഞാൽ ടാർ ഇട്ട റോഡ് തീരും. പിന്നെ രണ്ടു കിലോമീറ്റർ മൺ റോഡ്. അവിടെ നിന്ന്, റിസോർട് വണ്ടിയിലാണ് പിന്നെ യാത്ര. അത് രണ്ട് കിലോമീറ്റർ ഉണ്ട്.

ഉദയ്: ബന്ദിപ്പൂർ കഴിഞ്ഞാൽ മുത്തങ്ങ അല്ലെ?

അനൂപ്: അത് കേരളത്തിൽ പറയുന്ന പേര്. ഗുണ്ടൽപെട്ട് നിന്നും വലത്തോട്ട് തിരിഞ്ഞാൽ എത്തുന്ന സ്ഥലമാണ് അത്. നമ്മൾ ഇന്ന് ഗുണ്ടൽപെട്ട് നിന്നും നേരെയാണ് പോകുന്നത്. തമിഴ് നാട്ടിൽ ആ വനത്തിന് മുതുമലൈ എന്നു പറയുന്നു. കർണാടകയിൽ ബന്ദിപ്പൂർ എന്നും. കേരളത്തിൽ മുത്തങ്ങ എന്നും.
നിരഞ്ജൻ: ഓക്കെ. രാജീവ് ഏതായാലും മുന്നിൽ വിട്ടോ. ശ്വേത അതിലല്ലേ ഇരിക്കുന്നത്. ഞാൻ ഫോള്ളോ ചെയ്യാം.

രാജീവ്: ഓക്കെ ബോസ്, ലെറ്റ്സ് ഗോ…

(തുടരും …)

ബാംഗ്ലൂരിൽ ഐ ടി രംഗത്ത് ജോലി ചെയുന്നു. 2009-ൽ പ്രസിദ്ധീകരിച്ച "കൾച്ചർ ചെയ്ഞ്ച്" എന്ന ചെറുകഥാ സമാഹരണമാണ് ആദ്യത്തെ പുസ്തകം. പിന്നീട്,കുട്ടികളുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ കഥകൾ എഴുതുകയുണ്ടായി. 2020-ൽ പ്രസിദ്ധീകരിച്ച "ലോങ്ങ് സ്റ്റോറി ഷോർട്ട് - ടേർണിങ്ങ് ഫേമസ് ബുക്ക്സ് ഇൻടു കാർട്ടൂൺസ്" എന്ന പുസ്‌തകത്തിൽ ചിത്രകാരനായും രംഗത്തു വന്നു. മലയാളകഥകൾ ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.