ദേവാല – 11 : രക്ഷ കർത്താവ്

ദേവാല – കഥ ഇതു വരെ
തങ്ങൾ ഉണ്ടാക്കിയ സോഫ്റ്റ്‌വെയർ പ്രൊഡക്ടിന്റെ വിജയകരമായ റിലീസിനു ശേഷം, അത് ആഘോഷിക്കാനായി എം എൻ സിയിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം സോഫ്റ്റ്‌വെയർ എഞ്ചിനിയർമാർ, ദേവാല എന്ന സ്ഥലത്തുള്ള ഒരു റിസോർട്ടിൽ പോകാൻ തീരുമാനിച്ചു. ടീമിന്റെ സീനിയർ മാനേജറായ നിരഞ്ജൻ ടീമിന് പോകാൻ അനുവാദം കൊടുത്തെങ്കിലും ടീമിലെ സ്ത്രീകൾ, നിരഞ്ജൻ തങ്ങളുടെ കൂടെ വരണമെന്ന് നിർബന്ധിക്കുന്നു. ഈ നിർബന്ധിക്കൽ, നിരഞ്ജനും സുഹൃത്ത് ശശിക്കും ഉത്തരമില്ലാത്ത  ഒരു ചോദ്യമായി തോന്നുന്നു; കാരണം മാനേജർ കൂടെയില്ലാത്തതാണല്ലോ സാധാരണ ടീമിന് കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുക. ടൂർ കഴിയുമ്പോഴേക്കും ആ ചോദ്യത്തിന് ഒരു ഉത്തരം കിട്ടിയേക്കും എന്ന് അവർ കരുതുന്നു.യാത്ര ദിവസം, ടീമിലെ സ്ത്രീകളുടെ സുഹൃത്തായ, വേറൊരു ടീമിലെ അംഗമായ അനാമികയും ഇവരുടെ കൂടെ കൂടുന്നു. ഇത്, സീനിയർ മാനേജരായ നിരഞ്ജനും, നിരഞ്ജന് റിപ്പോർട്ട് ചെയ്യുന്ന മാനേജരായ കാർത്തിക്കിനും ബുദ്ധിമുട്ടുണ്ടാക്കുന്നു.   എല്ലാ സ്ത്രീകളും രാജീവിന്റെ കാറിലും പുരുഷന്മാർ നിരഞ്ജന്റെ കാറിലും പോകുന്നു. ടൂർ സംഘാടകയായ ശ്വേതയ്ക്ക് കാൽ ഉളുക്കുന്നു. യാത്രയ്ക്കിടയിൽ അനൂപ്, താൻ മുൻപ് നടത്തിയ ഒരു ബൈക്ക് യാത്രയിൽ രാത്രിയിൽ പ്രേതങ്ങളെ കണ്ട സംഭവം വിവരിക്കുന്നു.അടുത്ത കാറിൽ, രാജീവ് താൻ സ്കൂളിൽ പഠിക്കുമ്പോൾ ഒരു ടൂറിന് പോകാൻ സ്കൂളിൽ താമസിക്കുകയും, രാത്രി പടക്കം പൊട്ടിക്കുകയും, പിടിയ്ക്കപ്പെടാതെ രക്ഷപെടുകയും ചെയ്ത  കാര്യം വർണിക്കുന്നു. മുതുമലൈയിൽ കർണാടകം – തമിഴ്നാട് അതിർത്തിയിൽ വണ്ടികൾ എത്തിയപ്പോൾ, തലേന്ന് ഉണ്ടായ കാവേരി നദി ജല കോടതി വിധി കാരണമുള്ള പ്രതിഷേധത്തിൽ കർണാടക രജിസ്‌ട്രേഷൻ വണ്ടികൾ അതിർത്തിയിൽ നിർത്തണം എന്നറിയുന്നു. അവർക്ക് ടാക്സി ജീപ്പുകളിൽ മാത്രമേ യാത്ര തുടരാൻ പറ്റൂ. ജീപ്പിൽ വെച്ച് ശ്രേയ താൻ നടത്തിയ ലഡാക്ക് യാത്രയെ പറ്റി വിവരിക്കുന്നു. വിദ്യ, ഒരു ഐ ടി പ്രൊഫെഷനലിന്റെ ജീവിതം സിനിമയിലും മറ്റും ആരും യഥാർത്ഥമായി കാണിച്ചിട്ടില്ലെന്നു പറയുന്നു. അവർ റിസോർട്ടിലെത്തുന്നു. പ്രഭാത ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ കാർത്തിക്, ഹാലോവിന് ഡേയ്ക്ക് താൻ മകൾക്ക് പ്ലേഗ്  ഡോക്ടർ വേഷം ആക്കി കൊടുത്ത കാര്യം പറയുന്നു. എല്ലാവരും റിസോർട്ടിൽ  പല കാര്യങ്ങളിലും ഏർപെട്ടപ്പോൾ അനൂപ്, ബോബി, ശ്വേത എന്നിവർ നാടൻ മദ്യം സംഘടിപ്പിക്കാൻ ശ്രമിക്കുന്നത്, നിരഞ്ജൻ കാണാൻ ഇടയാകുന്നു. സ്വയം മദ്യപിക്കാറില്ലെങ്കിലും ടീമിന് വേണ്ടി നിരഞ്ജൻ അതിനു പണം കൊടുക്കുന്നു. ശ്രേയയും നിരഞ്ജനും ഒഴികെ എല്ലാവരും മദ്യപിക്കുന്നു.  അനൂപ്, താൻ ബാംഗ്ളൂരിൽ പോയ ഒരു ക്രിസ്ത്യൻ കല്യാണ റിസെപ്ഷന്റെ കാര്യം സംസാരിക്കുന്നു. അതിനു ശേഷം മറ്റുള്ളവർ ശ്വേതയുടെ കല്യാണക്കാര്യം തിരക്കുന്നു. ഉദയ്, ബോബി അവിവാഹിതനായി തുടരുന്ന കാര്യം ഉന്നയിക്കുന്നു. വഴക്കാകുന്നത് കണ്ട നിരഞ്ജൻ പിരിഞ്ഞു പോകാൻ എല്ലാവരോടും പറയുന്നു. ഉദയും അനൂപും തമ്മിൽ അന്ന് നടന്ന കാര്യങ്ങൾ സംസാരിക്കുകയും, അനാമിക വിവാഹമോചിതയാണെന്ന് അനൂപ് ഉദയിനെ അറിയിക്കുകയും ചെയ്യുന്നു. വൈകുന്നേരം പുരുഷന്മാർ ഫുട്ബാൾ തട്ടിക്കളിക്കുന്നത് കണ്ട ശ്വേത അവർക്കൊപ്പം കൂടുന്നു.  അവളുടെ കാലിന്റെ ഉളുക്ക് .അവിടെ വെച്ച് ശ്വേതയുടെ പാട്ടിന്, അനാമിക കഥക് കളിക്കുന്നു. എല്ലാവരും ഔട്ഡോർ ബാർബിക്യുവിനു പോകുന്നു. അത് കണ്ട ശ്രേയ, ശ്വേതയോട് ബോബിയേയും രാജീവിനേയും കാർത്തികിനേയുംക്കാൾ  കുറവ് പ്രായമുള്ള നിരഞ്ജൻ എങ്ങനെ എല്ലാവരുടെയും മാനേജർ ആയി എന്നു ചോദിക്കുന്നു. ബോബിയിൽ ദുരൂഹതകൾ ഉണ്ട് എന്ന് കരുതുന്ന ഉദയ് ബോബിയെ കുറിച്ച് രാജീവിനോട് ചോദിയ്ക്കാൻ തീരുമാനിക്കുന്നു.   പരിചയക്കാർക്ക്  എല്ലാവരും ക്യാമ്പ് ഫയറിൽ പങ്കെടുത്തു കൊണ്ട് നൃത്തം ചെയ്യുകയുണ്ടായി.



നിരഞ്ജന്റെ ടീം രാവിലെ തന്നെ ട്രെക്കിങ്ങ് നടത്തുന്നു.

ഏറ്റവും മുന്നിൽ നടന്നിരുന്നത് രാജീവും ഉദയും ആയിരുന്നു.

ഉദയ്: നമ്മളാണ് ഏറ്റവും  മുമ്പിൽ നടക്കുന്നത്. മറ്റുള്ളവർ നമ്മുടെ ഒപ്പം എത്തുന്നതിനു മുമ്പേ എനിക്ക് രാജീവിനോട് ചില കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ഉണ്ടായിരുന്നു.

രാജീവ്: ചോദിച്ചോളൂ, ഉദയ്.

ഉദയ്: ബോബി, രാജീവിന്റെ കൂടിയാണല്ലോ വർക്ക്  ചെയ്തിരുന്നത്. എന്റെ ചോദ്യങ്ങൾ ബോബിയെ പറ്റിയാണ്. ചില ചോദ്യങ്ങൾ എന്റെ മനസ്സിൽ രൂപപെട്ടു കഴിഞ്ഞാൽ അത് എന്നെ വല്ലാതെ ബാധിക്കും. ഉറങ്ങാൻ കഴിയില്ല. ബോബിയെ പറ്റി ചോദിക്കുന്നത് തെറ്റാണോ എന്നറിയില്ല.

രാജീവ്: കഴിഞ്ഞ കമ്പനിയിലും ബോബി എന്റെ കൂടെയാണ് ജോലി  ചെയ്തതെങ്കിലും നമ്മൾ സുഹൃത്തുക്കളൊന്നും ആയിരുന്നില്ല. ചിലപ്പോൾ, ബോബിയുടെ ചില പ്രവർത്തികൾ എനിക്ക് പല പ്രയാസങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഞാൻ ചോദിക്കാതെ തന്നെ അവൻ പല പേർസണൽ കാര്യങ്ങളും എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാൽ, ജോലി  സംബന്ധമായ പല കാര്യങ്ങളും അവൻ എന്നോട് മറച്ചു വെച്ചിട്ടുമുണ്ട്. ബോബി കാരണം പലപ്പോഴും ഞാൻ നിരഞ്ജന്റെ മുന്നിൽ, അവൻ ചെയ്തു വെച്ച കാര്യങ്ങൾക്ക് കുറ്റം ഏറ്റെടുത്തിട്ടുണ്ട്. ഇനി വയ്യ. ഉദയ് ചോദിച്ചോളൂ. ഞാൻ പറയാം.

ഉദയ്: ബോബി അവിവാഹിതനായി തുടരാൻ കാരണമെന്താണ് ?

രാജീവ്: ഹൈസ്കൂൾ മുതൽ ബോബിയ്ക്ക് ഒരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു. അന്ന് ഇമെയിൽ മുതലായ സംഭവങ്ങളൊന്നും അത്ര പ്രചാരത്തിലുണ്ടായിരുന്നില്ല. അവൾ, അവന്റെ പെൻ ഫ്രണ്ട്, അഥവാ തൂലികാ സുഹൃത്ത് ആയിരുന്നു. അവൻ കുറെ കാലമെടുത്ത് ഒരു നോവൽ എഴുതിയിരുന്നു. അവളോട് അഭിപ്രായം ചോദിച്ചു, അവൾക്ക് അയച്ചു കൊടുത്തു. അവൾ അത് അവളുടെ പേരിൽ പ്രസിദ്ധീകരിച്ചു കളഞ്ഞു.  

ഉദയ്: ദൈവമേ! കഷ്ടമായി പോയല്ലോ.

രാജീവ്: അതെ. അവന് അവളോട് പ്രണയമായിരുന്നു. ആ സംഭവം, അവന് പ്രണയത്തോടും സൗഹൃദയത്തോടും തന്നെയുള്ള വിശ്വാസം തകർത്തു കളഞ്ഞു.

ഉദയ്: ബോബി, എന്തൊ അന്വേഷിക്കാനുള്ള ശ്രമം പോലെ തോന്നുന്നു. ശരിയാണോ?

രാജീവ്: അതെ. ഉദയ്, ഹെർമൻ ഹെസ്സേ എന്ന എഴുത്തുകാരനെ കുറിച്ചു കേട്ടിട്ടുണ്ടോ?

ഉദയ്: ഇല്ല. (ചിരിച്ചു കൊണ്ട്) ഹെർമൻ ഗുണ്ടർട്ടിനെ കുറിച്ച് കേട്ടിട്ടുണ്ട്.

രാജീവ്: ഹെർമൻ ഹെസ്സേ, ഹെർമൻ ഗുണ്ടർട്ടിന്റെ കൊച്ചു മകനാണ്.

ഉദയ്: അതെയോ?

രാജീവ്: അതെ. അദ്ദേഹം സാഹിത്യത്തിനുള്ള നോബേൽ സമ്മാനം ജയിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഒരു കൃതിയാണ്, “സിദ്ധാർത്ഥ”.

ഉദയ്: ബുദ്ധനെ കുറിച്ചാണോ അത്?

രാജീവ്: ബുദ്ധനാൽ പ്രഭാവിതനായ സിദ്ധാർത്ഥ  എന്നു പേരുള്ള മറ്റൊരു വ്യക്തിയെ കുറിച്ചാണ് അത്.

ഉദയ്: ഓക്കെ. ഇത് ഇവിടെ പറയാൻ കാരണം?

രാജീവ്: ബോബി, “സിദ്ധാർത്ഥ” വായിച്ചു. തന്റെ ജീവിതവുമായി ബന്ധപ്പെടുത്തി ഒരു ഗഹനമായ വായനയായിരുന്നത്രെ അത്. വായിച്ചു കൊണ്ടിരിക്കെ, തനിക്ക് ബോധോദയം ഉണ്ടായി എന്നാണ് ബോബി അവകാശപ്പെടുന്നത്. ശരീരം മുഴുവൻ വിയർത്തൊഴുകിയത്രെ. ഒരു വീണുറക്കം നടത്തി. ഒരു ദിവസം മുഴുവനും ഉറങ്ങി. എഴുന്നേറ്റപ്പോൾ വേറൊരു മനുഷ്യനായതു പോലെ.

ഉദയ്: ഹൊ! എന്നിട്ട്?

രാജീവ്: ആത്മീയ ഗുരുവാകാനുള്ള പാതയിലാണത്രെ. അതിന് കുറച്ചു കൂടി പുസ്‌തകങ്ങൾ വായിക്കണം. ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുകയാണ്. ഇനി കുറച്ചു യാത്രകൾ കൂടി ചെയ്യണം. അതോടെ തന്റെ  അന്വേഷണം പൂർത്തിയാകും എന്നാണ് ബോബി കരുതുന്നത്. അത് കഴിഞ്ഞാൽ അവൻ ജോലി ഉപേക്ഷിച്ചു ഒരു ആശ്രമം തുടങ്ങുമത്രെ.

പിന്നിൽ, മറ്റുള്ളവർ നടന്നു വരുന്ന ശബ്ദം ഉദയ് ശ്രദ്ധിക്കുന്നു.

ഉദയ്: ശരി, നമുക്ക് ഇതിനെ പറ്റി , പിന്നെ സംസാരിക്കാം.

ഉത്സാഹത്തോടെ എല്ലാവരും മുന്നിലേക്ക് നീങ്ങിയപ്പോൾ നിരഞ്ജനും അനാമികയും ഏറ്റവും പുറകിലായി.

അനാമിക: നിരഞ്ജന്റെ ഫ്രണ്ട് അല്ലെ, പാർവതി?

നിരഞ്ജൻ: അതെ, അനാമികയ്ക്കു പാർവതിയെ അറിയാമോ?

അനാമിക: ഉവ്വ്. പാർവതിയുടെ മകളും എന്റെ മകളും കമ്പനി ക്രഷിൽ ആണ്. അങ്ങനെ ഉള്ള പരിചയമാണ്.

നിരഞ്ജൻ: ഓക്കേ. പാർവതിയുടെ രണ്ടാമത്തെ കുട്ടി, മകനാണ്. പാർവതി മറ്റേർണിറ്റി ലീവിൽ ആണ്.

അനാമിക: അറിയാം. എന്നാണ് തിരിച്ചു വരുന്നത്?

നിരഞ്ജൻ: നാളെ.

അനാമിക: ഓ, നാളെയോ. ആഹാ, വീണ്ടും കാണാമല്ലോ. അവർ ക്രഷ് ഓഫീസിന്റെ അടുത്ത് നിന്നും മാറ്റാൻ ഒരു ശ്രമം നടത്തിയിരുന്നു. കുറച്ചു ഉള്ളോട്ടു ഉള്ള സ്ഥാലത്തായിരുന്നു അത്. ചെറിയ റോഡ്. അവിടേയ്ക്കു ഓട്ടോ റിക്ഷയൊന്നും റിട്ടേൺ യാത്ര ഉണ്ടാകില്ല എന്നു പറഞ്ഞു പോകില്ല. പാർവതിക്ക് കാർ ഒക്കെ ഉണ്ട്. പക്ഷേ, മറ്റുള്ളവരുടെ കാര്യം അറിഞ്ഞു അവർ ശക്തമായി പ്രതികരിച്ചത് കൊണ്ട് ക്രഷ് മാറ്റിയില്ല.

നിരഞ്ജൻ: ആഹാ, പാറൂ കലക്കി! ഓ നമ്മൾ, ഫ്രണ്ട്‌സ് അവളെ പാറൂ എന്നാണ് വിളിക്കാറ്.

അനാമിക (ചിരിച്ചു കൊണ്ട്): അത് ശരി.

നിരഞ്ജൻ: പാറൂ പഠിക്കുന്ന സമയത്തെ ഇങ്ങനെ ആയിരുന്നു. മറ്റുള്ളവർക്കു വേണ്ടിയും ശബ്ദമുയർത്തും.

അനാമിക: അതെ, നമ്മൾ എല്ലാവരും അവരോടു അടുത്തു. അവർ ഫീനിക്സിൽ ഉണ്ടായിരുന്നല്ലോ. ഒരിക്കൽ നമ്മൾ ചോദിച്ചിട്ടു, അവർ ആ വിശേഷങ്ങൾ ഒക്കെ പങ്കു വെച്ചു. കാര്യം പറഞ്ഞാൽ, നമ്മൾ എല്ലാവരും അസൂയപെട്ടു.

നിരഞ്ജൻ: ഫീനിക്സ് ഒരു നല്ല സ്ഥലം തന്നെ. പക്ഷെ, അതൊരു ഡെസ്സേർട് ഏരിയ ആണ്. മരുഭൂമി എന്നു പറയുമ്പോൾ, നമ്മൾ മലയാളികൾക്ക് ഗൾഫ് മരുഭൂമികളാണല്ലോ ഓർമ്മ വരിക. പരന്നു കിടക്കുന്ന മണൽകൂനകൾ! പക്ഷെ, ഫീനിക്സ് ഒരു ഗ്രീൻ ഡെസേർട് എന്നു വേണമെങ്കിൽ പറയാം. അതായത്, ഡെസേർട് പ്ലാന്റ്സ് നിറഞ്ഞ ഒരു പ്രദേശം. അതിലും ഭംഗിയുള്ള പ്രദേശങ്ങൾ അമേരിക്കയിലുണ്ട്.

അനാമിക: ഒരു നിമിഷം, നിരഞ്ജൻ. നമ്മൾ അസൂയപ്പെട്ടത് പാർവതി കണ്ട ഫീനിക്സിലെ ഭൂപ്രകൃതിയോ, കെട്ടിടങ്ങളോ, ഒന്നും ഓർത്തിട്ടല്ല.

നിരഞ്ജൻ: പിന്നെ?

അനാമിക: വീട്ടമ്മ എന്ന നിലയിലും വർക്കിംഗ് വുമൺ എന്ന രീതിയിലും, നമ്മൾ ചെയ്യുന്ന ഈ ഡബിൾ റോൾ ഉണ്ടല്ലോ. അതിനു അനുഭവിക്കുന്ന പ്രഷർ ഉണ്ടല്ലോ. അതൊക്കെ വിട്ടു നമ്മുടെ സ്വാതന്ത്രത്തിൽ ജീവിക്കാൻ കഴിയുന്ന ആ അനുഭവം പാർവതിക്ക് കിട്ടിയിരുന്നല്ലോ. കുറച്ചു ദിവസത്തേക്കാണെങ്കിലും അങ്ങനെ ഒരു ജീവിതം നയിക്കാൻ അവർക്കു കഴിഞ്ഞല്ലോ. – അതിനായിരുന്നു അസൂയ.

അപ്പോഴേക്കും അവർ രണ്ടു പേരും ട്രെക്കിങ്ങ് കഴിഞ്ഞു അവരെ കാത്തിരിക്കുന്ന ടീമിലെ മറ്റുള്ളവരുടെ കൂടെ എത്തി. എല്ലാവരും ഭക്ഷണം കഴിച്ചു, റൂമിൽ പോയി തങ്ങളുടെ സാധനങ്ങൾ എടുത്തു മടക്കയാത്രയ്ക്കുള്ള പുറപ്പാട് തുടങ്ങി. റിസോർട്ടിൽ ഉള്ള ജീവനക്കാരോട് യാത്ര പറഞ്ഞു, അവരുടെ വണ്ടിയിൽ കയറി പുറത്തേക്ക് പോയി. അവിടെ കാത്തിരുന്ന രണ്ടു ജീപ്പുകളിലായി തങ്ങളുടെ കാറുകൾ വെച്ചയിടത്തേക്കു പോയി.

അവിടെ എത്തി, തന്റെ കാർ സുരക്ഷിതമായി കിടക്കുന്നതു കണ്ട രാജീവ്:
ഹോ, ഇപ്പോഴാണ്, ശ്വാസം തിരികെ വീണത്. എന്റെയും, നിരഞ്ജന്റെയും കാറുകൾ സേഫ് ആയി തന്നെ ഇവിടെയുണ്ട്.

ശ്വേത: ശരിക്കും, രാജീവ്? രാജീവ് കാറിന്റെ സേഫ്റ്റിയെ കുറിച്ച് ചിന്തിച്ചു കൊണ്ടാണോ റിസോർട്ടിൽ കഴിഞ്ഞത്?

രാജീവ്: സത്യം പറഞ്ഞാൽ, അതെ.

ശ്വേത: ഇനി ഏതായാലും ആ ചിന്ത വേണ്ട. ഞാനിതാ വേറൊരു പാട്ട് പാടുന്നു.

എല്ലാവരും ചിരിക്കുന്നു. ശ്വേത പാട്ടു പാടി കൊണ്ട് രാജീവിന്റെ കാറിൽ കയറുന്നു. രണ്ടു കാറുകളിലും എല്ലാവരും കയറുന്നു. കാറുകൾ പുറപ്പെടുന്നു. നടുവിൽ വെച്ച്, നിരഞ്ജന്റെ കാർ, രാജീവിന്റെ കാറിനെ കടത്തുന്നു. ശ്വേത അതിനെ നിർത്തിക്കുന്നു. ശ്വേത നിരഞ്ജന്റെ കാറിൽ കയറുന്നു. പകരം ഉദയ്, രാജീവിന്റെ കാറിൽ കയറുന്നു. ശ്വേത തന്റെ പാട്ടു തുടരുന്നു. എല്ലാവരും താളം പിടിക്കുന്നു. ബാംഗ്ലൂർ ലക്ഷ്യമാക്കി കാറുകൾ മുന്നോട്ടു പോകുന്നു .

പിറ്റേന്ന് രാവിലെ, നിരഞ്ജൻ തന്റെ ക്യാബിനിൽ ഇരുന്നു ജോലി ചെയ്യുന്നു.

ഒരു ചെറു പുഞ്ചിരി മുഖത്തുണ്ട്. പെട്ടെന്ന്, കതക് തുറന്ന് ഒരു സ്ത്രീ ഉള്ളിൽ വരുന്നു. ഏതാണ്ട് ഉള്ളിൽ കടന്നു സീറ്റിന്റെ അടുത്ത് എത്തിയപ്പോൾ, “മേയ് ഐ കമിന്, സാർ” എന്ന് ചോദിക്കുന്നു.

ലാപ്ടോപ്പിൽ നിന്നും തല പൊക്കി നോക്കുന്ന നിരഞ്ജൻ: പാറൂ!

നിരഞ്ജൻ സന്തോഷത്തോടെ എഴുന്നേറ്റു പാർവതിയെ ആശ്ലേഷിക്കുന്നു.

പിന്നീട്, രണ്ടു പേരും കസേരയിൽ ഇരിക്കുന്നു.

പാർവതി: പിന്നെ, എന്തൊക്കെയുണ്ട് കൂട്ടുകാരാ…

നിരഞ്ജൻ: എനിക്കെന്തു വിശേഷം, പാറൂ. നിൻറെ കാര്യം പറ. കെട്ടിയൊനും മക്കൾക്കുമെല്ലാം സുഖം തന്നെയോ?

പാർവതി: എല്ലാവർക്കും സുഖം. നിന്റെ ടൂറിന്റെ കാര്യമൊക്കെ അറിഞ്ഞു. എങ്ങനെ ഉണ്ടായിരുന്നു?

നിരഞ്ജൻ: എങ്ങനെ അറിഞ്ഞു? അനാമിക പറഞ്ഞോ?

പാർവതി: അനാമികയോ? അവളെയും കൂടിയോ? ആ അമിതാഭ് എങ്ങനെ സമ്മതിച്ചു?

നിരഞ്ജൻ: അപ്പോൾ അനാമികയല്ലേ, പാറൂനോട് പറഞ്ഞത്?

പാർവതി: അല്ല. ഞാൻ ഇന്ന് ശശിയുടെ കൂടെയാണ് ഓഫീസിൽ വന്നത്. കാറിൽ വെച്ചു ശശി പറഞ്ഞതാണ്. ദേവാല ട്രിപ്പ് എങ്ങനെ ഉണ്ടായിരുന്നു?

നിരഞ്ജൻ: ഔവസം, പാറൂ! വളരെ നല്ല അനുഭവം. കാര്യം പറഞ്ഞാൽ, പല കാര്യങ്ങളും പഠിച്ചു. മനസ്സിലാക്കി.

പാർവതി: ഇനി എല്ലാ ടീമിലുള്ളവരും ഇതു പോലെ മാനേജർമാരോട് പറയുമല്ലോ എന്നാണ് ശശി പറയുന്നത്.

നിരഞ്ജൻ: അങ്ങനെ പോയാൽ എന്താണ്, പാറൂ? അത് ജോലിയെ കൂടുതൽ സഹായിക്കുകയേ ഉള്ളൂ.

പാർവതി: ശരിയായിരിക്കും, നിരഞ്ജൻ. ഞാൻ ഒന്ന് റീസെറ്റിൽ ആകട്ടെ. ഞാനും ടീമിനെ കൊണ്ട് പോകും.

നിരഞ്ജൻ: വെരി ഗുഡ്, പാറൂ. പോകുന്നതിനു മുൻപേ ശശിയും ഞാനും കുറച്ചു സംസാരിച്ചിരുന്നു.

ശശിയുടെ ഒരു ചോദ്യത്തിനു മാത്രം എനിക്ക് ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു പക്ഷേ, പാറുവിനു സഹായിക്കാൻ പറ്റിയേക്കും.

പാർവതി: എന്ത് ചോദ്യം?

ആ സമയത്ത്‌ ശശി ഡോർ തുറന്നു അകത്തു വരുന്നു.

ശശി: ആ, പാറൂ! നേരെ ഇങ്ങോട്ടു വന്നോ?

പാർവതി: ആ, ശശി. നിരഞ്ജനെ കൂടി കണ്ടിട്ട് ഒന്ന് പോകാം എന്ന് കരുതി.

ശശി: അപ്പോൾ ഞാൻ വന്നത് ഡിസ്റ്റ്ർബൻസ് ആയോ?

പാർവതി: കാര്യം പറഞ്ഞാൽ നമ്മൾ രണ്ടു പേരും വന്നത് നിരഞ്ജന് ഡിസ്റ്റ്ർബൻസ് ആയിരിക്കുകയാണ്.
കാരണം, നിരഞ്ജൻ ഇപ്പോഴും ദേവാലയിലാണ്. മനസ്സ് കൊണ്ട്.

എല്ലാവരും ചിരിക്കുന്നു.

നിരഞ്ജൻ: ശശി ഇപ്പോൾ വന്നത് നന്നായി. ഞാൻ പാറുവിനോട് നമ്മുടെ ഉത്തരം കിട്ടാത്ത ചോദ്യത്തിന്റെ ഉത്തരം ആരായുകയായിരുന്നു.

ശശി: അതേതു ചോദ്യം?

നിരഞ്ജൻ: എന്ത് കൊണ്ടാണ് എന്റെ ടീമിലെ പെൺകുട്ടികൾ ടൂറിനു വരണം എന്ന് എന്നെ നിർബന്ധിച്ചത്, എന്നത്.

ശശി: വാസ്തവം പറയട്ടെ. ഈ ചോദ്യത്തിന് ടൂർ കഴിഞ്ഞപ്പോൾ ഉത്തരം കിട്ടിയോ എന്നറിയാനായിരുന്നു ഞാൻ ഇവിടെ ഇപ്പോൾ വന്നത്.

പാർവതി: ശരിക്കും എന്താണ് ചോദ്യം? ബോസ് ആയ താങ്കൾ വരണം എന്ന് ടീമിലെ പെൺകുട്ടികൾ നിരഞ്ജനോട് നിർബന്ധമായി പറഞ്ഞതെന്തിന് ആണെന്നോ?

നിരഞ്ജനും ശശിയും: അതെ.

ശശി: നിരഞ്ജൻ വരാത്തതെല്ലേ, അവർക്കു കൂടുതൽ സ്വാതന്ത്ര്യം? പിന്നെ അവർ നിർബന്ധം പിടിക്കാൻ കാരണം?

പാർവതി ഒന്ന് പുഞ്ചിരിക്കുന്നു. ശശിയും നിരഞ്ജനും പരസ്പരം നോക്കുന്നു.

പാർവതി: എനിക്കു കാര്യം മനസ്സിലായി. മാനേജർ കൂടി വരുന്നുണ്ട് എന്നു പറഞ്ഞാൽ മാത്രമേ, ആ പെൺകുട്ടികൾക്ക് വീട്ടിൽ നിന്നും അനുവാദം കിട്ടുകയുള്ളൂ.

പാർവതി പുഞ്ചിരിച്ചു കൊണ്ട് എഴുന്നേൽക്കുന്നു. എന്നിട്ടു നിരഞ്ജന്റെ മുടിയിൽ തടവുന്നു.

പാർവതി: നിരഞ്ജന് ഇവിടെ ഒരു രക്ഷാകർത്താവിന്റെ സ്ഥാനമാണ്. ആ വിശ്വാസം ആ പെൺകുട്ടികൾക്ക് മാത്രമല്ല. അവരുടെ കുടുംബത്തിനും ഉണ്ട്.

ഇത്രയും പറഞ്ഞു കൊണ്ട് പാർവതി, തികഞ്ഞ ആത്മവിശ്വാസത്തിന്റെ ചുവടുകളോടെ, പുറത്തേയ്ക്കു പോകുന്നു.

നിരഞ്ജനും ശശിയും അല്പം ആദരവും, അല്പം ആരാധനയും കലർന്ന ഭാവത്തോടെ അവൾ പോകുന്നത് നോക്കുന്നു.

ബാംഗ്ലൂരിൽ ഐ ടി രംഗത്ത് ജോലി ചെയുന്നു. 2009-ൽ പ്രസിദ്ധീകരിച്ച "കൾച്ചർ ചെയ്ഞ്ച്" എന്ന ചെറുകഥാ സമാഹരണമാണ് ആദ്യത്തെ പുസ്തകം. പിന്നീട്,കുട്ടികളുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ കഥകൾ എഴുതുകയുണ്ടായി. 2020-ൽ പ്രസിദ്ധീകരിച്ച "ലോങ്ങ് സ്റ്റോറി ഷോർട്ട് - ടേർണിങ്ങ് ഫേമസ് ബുക്ക്സ് ഇൻടു കാർട്ടൂൺസ്" എന്ന പുസ്‌തകത്തിൽ ചിത്രകാരനായും രംഗത്തു വന്നു. മലയാളകഥകൾ ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.