ദേവാല -10 : കഥക്

ദേവാല – കഥ ഇതു വരെ
തങ്ങൾ ഉണ്ടാക്കിയ സോഫ്റ്റ്‌വെയർ പ്രൊഡക്ടിന്റെ വിജയകരമായ റിലീസിനു ശേഷം, അത് ആഘോഷിക്കാനായി എം എൻ സിയിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം സോഫ്റ്റ്‌വെയർ എഞ്ചിനിയർമാർ, ദേവാല എന്ന സ്ഥലത്തുള്ള ഒരു റിസോർട്ടിൽ പോകാൻ തീരുമാനിച്ചു. ടീമിന്റെ സീനിയർ മാനേജറായ നിരഞ്ജൻ ടീമിന് പോകാൻ അനുവാദം കൊടുത്തെങ്കിലും ടീമിലെ സ്ത്രീകൾ, നിരഞ്ജൻ തങ്ങളുടെ കൂടെ വരണമെന്ന് നിർബന്ധിക്കുന്നു. ഈ നിർബന്ധിക്കൽ, നിരഞ്ജനും സുഹൃത്ത് ശശിക്കും ഉത്തരമില്ലാത്ത  ഒരു ചോദ്യമായി തോന്നുന്നു; കാരണം മാനേജർ കൂടെയില്ലാത്തതാണല്ലോ സാധാരണ ടീമിന് കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുക. ടൂർ കഴിയുമ്പോഴേക്കും ആ ചോദ്യത്തിന് ഒരു ഉത്തരം കിട്ടിയേക്കും എന്ന് അവർ കരുതുന്നു.യാത്ര ദിവസം, ടീമിലെ സ്ത്രീകളുടെ സുഹൃത്തായ, വേറൊരു ടീമിലെ അംഗമായ അനാമികയും ഇവരുടെ കൂടെ കൂടുന്നു. ഇത്, സീനിയർ മാനേജരായ നിരഞ്ജനും, നിരഞ്ജന് റിപ്പോർട്ട് ചെയ്യുന്ന മാനേജരായ കാർത്തിക്കിനും ബുദ്ധിമുട്ടുണ്ടാക്കുന്നു.   എല്ലാ സ്ത്രീകളും രാജീവിന്റെ കാറിലും പുരുഷന്മാർ നിരഞ്ജന്റെ കാറിലും പോകുന്നു. ടൂർ സംഘാടകയായ ശ്വേതയ്ക്ക് കാൽ ഉളുക്കുന്നു. യാത്രയ്ക്കിടയിൽ അനൂപ്, താൻ മുൻപ് നടത്തിയ ഒരു ബൈക്ക് യാത്രയിൽ രാത്രിയിൽ പ്രേതങ്ങളെ കണ്ട സംഭവം വിവരിക്കുന്നു.അടുത്ത കാറിൽ, രാജീവ് താൻ സ്കൂളിൽ പഠിക്കുമ്പോൾ ഒരു ടൂറിന് പോകാൻ സ്കൂളിൽ താമസിക്കുകയും, രാത്രി പടക്കം പൊട്ടിക്കുകയും, പിടിയ്ക്കപ്പെടാതെ രക്ഷപെടുകയും ചെയ്ത  കാര്യം വർണിക്കുന്നു. മുതുമലൈയിൽ കർണാടകം – തമിഴ്നാട് അതിർത്തിയിൽ വണ്ടികൾ എത്തിയപ്പോൾ, തലേന്ന് ഉണ്ടായ കാവേരി നദി ജല കോടതി വിധി കാരണമുള്ള പ്രതിഷേധത്തിൽ കർണാടക രജിസ്‌ട്രേഷൻ വണ്ടികൾ അതിർത്തിയിൽ നിർത്തണം എന്നറിയുന്നു. അവർക്ക് ടാക്സി ജീപ്പുകളിൽ മാത്രമേ യാത്ര തുടരാൻ പറ്റൂ. ജീപ്പിൽ വെച്ച് ശ്രേയ താൻ നടത്തിയ ലഡാക്ക് യാത്രയെ പറ്റി വിവരിക്കുന്നു. വിദ്യ, ഒരു ഐ ടി പ്രൊഫെഷനലിന്റെ ജീവിതം സിനിമയിലും മറ്റും ആരും യഥാർത്ഥമായി കാണിച്ചിട്ടില്ലെന്നു പറയുന്നു. അവർ റിസോർട്ടിലെത്തുന്നു. പ്രഭാത ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ കാർത്തിക്, ഹാലോവിന് ഡേയ്ക്ക് താൻ മകൾക്ക് പ്ലേഗ്  ഡോക്ടർ വേഷം ആക്കി കൊടുത്ത കാര്യം പറയുന്നു. എല്ലാവരും റിസോർട്ടിൽ  പല കാര്യങ്ങളിലും ഏർപെട്ടപ്പോൾ അനൂപ്, ബോബി, ശ്വേത എന്നിവർ നാടൻ മദ്യം സംഘടിപ്പിക്കാൻ ശ്രമിക്കുന്നത്, നിരഞ്ജൻ കാണാൻ ഇടയാകുന്നു. സ്വയം മദ്യപിക്കാറില്ലെങ്കിലും ടീമിന് വേണ്ടി നിരഞ്ജൻ അതിനു പണം കൊടുക്കുന്നു. ശ്രേയയും നിരഞ്ജനും ഒഴികെ എല്ലാവരും മദ്യപിക്കുന്നു.  അനൂപ്, താൻ ബാംഗ്ളൂരിൽ പോയ ഒരു ക്രിസ്ത്യൻ കല്യാണ റിസെപ്ഷന്റെ കാര്യം സംസാരിക്കുന്നു. അതിനു ശേഷം മറ്റുള്ളവർ ശ്വേതയുടെ കല്യാണക്കാര്യം തിരക്കുന്നു. തന്റെ ബോയ്‌ഫ്രണ്ടും കുടുംബവും സസ്യഭുക്കുകളാണെന്നും, താൻ മാംസഭുക്കാണെന്നും, അതാണ് തടസ്സമെന്നും ശ്വേത പറയുന്നു.  . ഉദയ്, ബോബി അവിവാഹിതനായി തുടരുന്ന കാര്യം ഉന്നയിക്കുന്നു. വഴക്കാകുന്നത് കണ്ട നിരഞ്ജൻ പിരിഞ്ഞു പോകാൻ എല്ലാവരോടും പറയുന്നു. ഉദയും അനൂപും തമ്മിൽ അന്ന് നടന്ന കാര്യങ്ങൾ സംസാരിക്കുകയും, അനാമിക വിവാഹമോചിതയാണെന്ന് അനൂപ് ഉദയിനെ അറിയിക്കുകയും ചെയ്യുന്നു.

നിരഞ്ജൻ, ബോബി, അനൂപ്, ഉദയ് എന്നിവർ ഒരു ഫുട്ബോൾ തട്ടി കളിക്കുന്നു. ശ്വേത അവിടത്തേക്ക് അല്പം മൊടുന്തി എത്തുന്നു. അൽപനേരം കഴിഞ്ഞു, അനൂപ് ശ്വേതയ്ക്ക് ബോൾ തട്ടി കൊടുക്കുന്നു. ശ്വേത തിരിച്ചു തട്ടുന്നു.  ക്രമേണ, ശ്വേതയുടെ കാൽ ശരിയാകുന്നു. ശ്രേയ അവിടത്തേക്കു നടന്നു വരുന്നു. ശ്വേത കളിക്കുന്നത് കണ്ടു അത്ഭുതപ്പെടുന്നു.

ശ്രേയ: നീ എങ്ങനെയാണ് കളിക്കുന്നത്?

ശ്വേത: (ചിരിച്ചു കൊണ്ട്) കാൽ ശരിയായി.

എല്ലാവരും അവിടുത്തേക്ക്‌ വരുന്നു. കളിയിൽ പങ്കെടുക്കുന്നു. കുറച്ചു നേരത്തെ കളി കഴിഞ്ഞു എല്ലാവരും ജലതീരത്തു പോകുന്നു.

നിരഞ്ജൻ: കാൽ ശരിയായ സന്തോഷത്തിൽ ശ്വേതയുടെ വക ഒരു പാട്ട്.

ശ്വേത: ഞാൻ പാടാം. കൂടെ അനാമികയുടെ കഥക് വേണം.

ഉദയ്: അനാമിക കഥക് കളിക്കുമോ?

വിദ്യ: അനാമിക, കഥക്കിൽ പ്രൊഫെഷനലി ട്രേൻഡ് ആണ്.

ഉദയ്: ആഹാ. എന്തൊക്കെയാണ് കഥക്കിന്റെ സവിശേഷതകൾ? നമ്മൾ കൂടുതൽ കണ്ടത് മോഹിനിയാട്ടം, ഭരതനാട്യം, മുതലായ ഡാൻസുകളാണല്ലോ.

അനാമിക: കഥക്, ഉത്തരേന്ത്യയിൽ ഹിന്ദു രാജാക്കന്മാരുടെയും മുഗൾ രാജാക്കന്മാരുടെയും സദസ്സുകളിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. ജയ്‌പൂർ ശൈലി, ലക്നൗ ശൈലി എന്നിങ്ങനെ രണ്ടു ശൈലികൾ അഥവാ ഘരാനകൾ ഇതിൽ ഉണ്ട്. ഒരു പക്ഷേ, ഈ കലാരൂപം ഇന്ത്യയുടെ ഐക്യത്തിനു വരെ കാരണമാകും എന്ന് കരുതി ബ്രിട്ടീഷുകാർ അപ്രിയമനോഭാവത്തോടെയാണ്‌ വീക്ഷിച്ചത്. എങ്കിലും ഇതിനെയെല്ലാം അതിജീവിച്ച ഈ കലാരൂപം സ്വാതന്ത്ര്യാനന്തരം ഭാരതത്തിലെ ശാസ്ത്രീയനൃത്തരൂപങ്ങളിൽ ഒന്നായി സ്ഥാനം പിടിച്ചു. മോഹിനിയാട്ടം, ഭരതനാട്യം, മുതലായ മലയാളികൾക്ക് പരിചിതമായ നൃത്തങ്ങളെ വെച്ചു നോക്കുമ്പോൾ, കഥക് വ്യത്യസ്ഥമാണ്, സവിശേഷതകൾ നിറഞ്ഞതാണ്.

നിരഞ്ജൻ: ആ സവിശേഷതകൾ നമുക്കു കാണിച്ചു തന്നാലും, അനാമിക…

അനാമിക, അല്പം ഇരുട്ടുള്ള ഭാഗത്തു ഇരിക്കുന്നു. ശ്വേത, ഹിന്ദുസ്ഥാനിയിലുള്ള ഒരു ഗാനം ആലപിക്കുന്നു. അനാമിക ഇരുട്ടിൽ നിന്നും, പ്രകാശത്തേക്കു വരുന്നു. അനാമികയുടെ നൃത്തത്തിന്റെ പ്രതിഫലനം വെള്ളത്തിൽ കാണുന്നു. ഒരു കൈ ഉയർത്തിയും മറ്റേ കൈ അരയിൽ വച്ചും, കണ്ണുകൾ ഇരുഭാഗത്തേക്ക് ചലിപ്പിച്ചും, പുരികങ്ങൾ മാറി മാറി ഉയർത്തിയും, താഴ്ത്തിയും, കഴുത്തുവെട്ടിച്ചും ഉള്ള ചലനങ്ങൾ, കണങ്കാലിന്റെ ചുറ്റൽ, ഇവയൊക്കെ, കണ്ടു എല്ലാവരും അതിൽ ലയിച്ചിരിക്കുന്നു.

കഥക് കഴിഞ്ഞപ്പോൾ എല്ലാവരും കയ്യടിക്കുന്നു. വിദ്യ പോയി, അനാമികയെ ആശ്ലേഷിക്കുന്നു.
അൽപനേരം കഴിഞ്ഞു, കാർത്തിക്: ഇനിയെന്താ പരിപാടി?

ശ്വേത: ഇനി, ഔട്ഡോർ ബാർബെക്യു ഉണ്ട്. അവിടേയ്ക്കു പോകാം.

എല്ലാവരും അവിടേയ്ക്കു പോയി ഭക്ഷണം കഴിക്കുന്നു.

അവിടെ വെച്ചു, ബോബിയുടെ സ്മാർട്ട് വാച്ച് ശ്രദ്ധിച്ച രാജീവ് ബോബിയോട്: ഇത് സ്മാർട്ട് വാച്ച് അല്ലെ?

ബോബി: അതെ

രാജീവ്: എങ്ങനെ ഉണ്ട്?

ബോബി: ഇത് കഴിഞ്ഞ തവണ കോൺഫെറെൻസിന് പോയപ്പോൾ എനിക്ക് കിട്ടിയതാണ്. അവിടെ ഒരു ലക്കി ഡിപ്പിന് വേണ്ടി നമ്മുടെ വിസിറ്റിംഗ് കാർഡുകൾ ഒരു ഗ്ലാസ്സ് ജാറിൽ എല്ലാവരും ഇടുന്നുണ്ടായിരുന്നു.

രാജീവ്: ആഹാ, എന്നിട്ടു ബോബിയും കാർഡ് ഇട്ടോ?

ബോബി: ഉവ്വ്. കുറച്ചു ചെറിയ സമ്മാനങ്ങൾ ആയിരുന്നു ആദ്യം കൊടുത്തത്. കാര്യം പറഞ്ഞാൽ, എനിക്ക് എന്റെ ജീവിതത്തിൽ ഒരിക്കലും ലോട്ടറി അടിച്ചിരുന്നില്ല. അതിനാൽ കിട്ടുമെന്ന് വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു.

രാജീവ്: എന്നിട്ടോ?

ബോബി: എന്നിട്ട് സ്മാർട്ട് വാച്ചിന് ഉള്ള നറുക്കും എടുത്തു. എനിക്കില്ല. പക്ഷേ, വിന്നർ അവിടെ ഉണ്ടായിരുന്നില്ല. വീണ്ടും നറുക്കെടുക്കണം എന്ന് ഓർഗനൈസർ. ഇത്തവണ എടുത്ത കാർഡ് കണ്ടപ്പോൾ നമ്മുടെ കമ്പനിയുടെ വിസിറ്റിംഗ് കാർഡ് ആണെല്ലോ എന്ന് ദൂരെ നിന്നും അത് കണ്ട ഞാൻ വിചാരിച്ചു. പേര് വിളിച്ചപ്പോളാണ് എനിക്കാണെന്ന് മനസ്സിലായത്.

രാജീവ്: സൂപ്പർ, ബോബി. ഫൈനലി, ഒരു ലക്കി ഡിപ് കിട്ടിയല്ലോ.

ബോബി: ഫ്രീ ആയി കിട്ടിയത് കൊണ്ട് ഓക്കേ. പക്ഷെ, സ്മാർട്ട് വാച്ച് ഒരു ഫൂളിഷ് ലക്ഷറി എന്നാണ് ഞാൻ മനസ്സിലാകുന്നത്.

രാജീവ്: ബോബിയെ, ഈ ഡയലോഗ് പറയുക വഴി, തനിക്ക് വയസ്സായി വരികയാണെന്നാണ് ഞാൻ മനസ്സിലാകുന്നത്.

ബോബിയും രാജീവും പൊട്ടിച്ചിരിക്കുന്നു. അവരുടെ അല്പം പുറകെ അവർ പറയുന്നത് ശ്രദ്ധിച്ചു കൊണ്ടിരുന്ന ശ്രേയയും ശ്വേതയും പുഞ്ചിരിക്കുന്നു.

ശ്രേയ: ശ്വേത, ഞാൻ കുറച്ചു കാലമായി ഒരു കാര്യം ചിന്തിക്കുന്നു. എന്റെ അറിവിൽ, നിരഞ്ജന് ഒരു 40 വയസ്സുണ്ട്. രാജീവ്, ബോബി, കാർത്തിക് എന്നിവർക്ക് 45 വയസ്സും ഉണ്ട്.

ശ്വേത: ശ്രേയയുടെ അറിവ് ശരിയാണ്.

ശ്രേയ: പിന്നെ, എങ്ങനെ നിരഞ്ജൻ ഇവരുടെ മാനേജർ ആയി?

ശ്വേത: അതാണ് ഐ ടി രംഗത്തിന്റെ ഒരു പ്രത്യകത. പ്രായമോ സർവീസോ ഒന്നുമല്ല കാര്യം. നിങ്ങൾക്ക് കാര്യം അറിയുമോ, അതാണ് കാര്യം. ഓർക്കുക, നമ്മുടെ സി ഇ ഓ യ്ക്ക് 35 വയസ്സേ ഉള്ളൂ.

ശ്രേയ: ശരിയാണല്ലോ.

വിദ്യ, എല്ലാവരോടുമായി: നമുക്ക് ഇനി ക്യാമ്പ് ഫയറിനു പോകാം.

നിരഞ്ജൻ: ഷുവർ, ഗ്രേറ്റ് ഐഡിയ.

ക്യാമ്പ് ഫയർ നടക്കുന്നയിടത്തു എത്തിയതിനു ശേഷം എല്ലാവരും വട്ടം കൂടി നില്കുന്നു.

ശ്വേത: ഞാൻ പാട്ട് പാടുമ്പോൾ, എല്ലാവരും ഡാൻസ് ചെയ്യണം. കൂട്ടത്തിൽ നിന്നും ഒരാൾ വന്നു നടുവിൽ നിന്നും ഡാൻസ് ചെയ്യണം. ഡാൻസ് ചെയ്ത ആൾ അത് കഴിഞ്ഞു അടുത്ത ഒരാളെ തൊടും. അപ്പോൾ അയാൾ നടുവിൽ വന്നു ഡാൻസ് ചെയ്യണം. ഇങ്ങനെ റിലേ ഡാൻസിങ്ങ്. അപ്പോൾ റെഡി?

എല്ലാവരും ഒരുമിച്ചു: റെഡി!

ശ്വേത പാട്ടു പാടുന്നു. എല്ലാവരും നൃത്തം ചെയ്യുന്നു. ആദ്യം, അനാമിക, നടുവിൽ വന്നു നൃത്തം ചെയ്യുന്നു. അവൾ തിരിച്ചു പോയി, വിദ്യയെ തൊടുന്നു. അപ്പോൾ വിദ്യ നടുവിൽ വന്നു നൃത്തം ചെയ്യുന്നു. അവൾ തിരിച്ചു പോയി, നിരഞ്ജനെ തൊടുന്നു. അപ്പോൾ നിരഞ്ജൻ നടുവിൽ വന്നു നൃത്തം ചെയ്യുന്നു. അങ്ങനെ ആ റിലേ നൃത്തം തുടരുന്നു. ഒടുവിൽ, പാട്ടു പാടി കൊണ്ടിരിക്കുന്ന ശ്വേത നടുവിൽ വന്നു നൃത്തം ചെയ്യുന്നു. നൃത്തത്തിന്റെ ഒടുവിൽ എല്ലാവരോടും താണു തൊഴുതു കൊണ്ട് അവൾ നൃത്തവും പാട്ടും അവസാനിപ്പിക്കുന്നു.

എല്ലാവരും കയ്യടിക്കുന്നു. ക്യാമ്പ് ഫയറിനു ചുറ്റും ഇരിക്കുന്നു.

കാർത്തിക്: രാജീവിന് ഇരട്ട കുട്ടികൾ അല്ലെ?

രാജീവ്: അതെ, രണ്ട് പെൺമക്കൾ.

വിദ്യ: വാവ്, എനിക്കറിയില്ലായിരുന്നു. എങ്ങനെയാണ് അവരെ തിരിച്ചറിയുന്നത്?

രാജീവ്: എനിക്ക് ഒരിക്കലും ബുദ്ധിമുട്ടുണ്ടായിരുന്നില്ല.

അനൂപ് : എന്റെ  കൂടെ പഠിച്ച, എന്റെ കൂട്ടുകാരികളായ ഇരട്ടക്കുട്ടികളെ രൂപം കൊണ്ട് തിരിച്ചറിയാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.

ബോബി: ഞാൻ എന്റെ ജീവിതത്തിൽ ക്രേസി ആയി പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. എങ്കിലും ഇരട്ടകളെ ഡേറ്റ് ചെയ്തിട്ടില്ല.

അനൂപ്: ദൈവമേ, ഡേറ്റിങ്ങ് ഒന്നുമല്ല. എന്റെ കൂട്ടുകാരികൾ മാത്രമാണ്.

ഉദയ്: എങ്ങനെയാണ് ഇരട്ടകളെ മാറി പോകാതെ തിരിച്ചറിയുന്നത്?

അനൂപ്: നല്ല പരിചയമുള്ളവർക്ക് വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ അവരെ തിരിച്ചറിയാൻ പറ്റും. എന്നെ സംബദ്ധിച്ച് അവർക്ക് രണ്ട് സഹോദരിമാർ തമ്മിലുള്ള സാമ്യം മാത്രമേ ഉള്ളൂ.

അനാമിക: പക്ഷേ, സഹോദരികളായ രണ്ട് മക്കളെ വളർത്തുന്നതും ഇരട്ട സഹോദരികളായ മക്കളെ വളർത്തുന്നതും വ്യത്യാസമില്ലെ, രാജീവ്?

രാജീവ്: ഞാൻ അവരെ ഒരേ ക്ലാസ്സിലെ ഒരേ ഡിവിഷനിൽ ചേർക്കാനായിരുന്നു കരുതിയത്. പക്ഷേ, അവരുടെ അമ്മയായ എന്റെ ഭാര്യയ്ക്ക് അവരെ വ്യത്യസ്ത ഡിവിഷനിൽ ചേർക്കണം എന്ന നിർബന്ധം ഉണ്ടായിരുന്നതിനാൽ, അവർ വ്യത്യസ്ത ഡിവിഷനിൽ ആയിരുന്നു ചേർന്നത്. ഇങ്ങനെ, അവരെ വളർത്തുന്നതിൽ ഭാര്യയും ഞാനും അഭിപ്രായ വ്യത്യസ്തരായിരുന്നു.

വിദ്യ: ഒരേ ഡിവിഷനിൽ പഠിക്കുന്നതല്ലെ നല്ലത്? കാണാൻ നല്ല രസമായിരിക്കും.

രാജീവ്: എന്റെ ഭാര്യയുടെ കാഴ്ചപാടിൽ, ആ രസം, മറ്റുള്ളവർക്ക് മാത്രമേ ഉണ്ടാകൂ. അവരെ  ഒരു യൂനിറ്റ് ആയി കരുതാതെ, രണ്ട് വ്യക്തികളായി കരുതണം. രണ്ട് ക്ലാസ്സുകളിലായാൽ അവർക്ക് അവരുടേതായ സുഹൃത്തുക്കൾ, അനുഭവങ്ങൾ – എല്ലാമുണ്ടാകും.  

കാർത്തിക്: അത് ശരിയാണല്ലോ. രാജീവിന് അത് ശരിയാണെന്നു തോന്നുന്നില്ലെ? അതിനോട് പൂർണ്ണമായി യോജിക്കാത്ത പോലെ.

രാജീവ്: ശരിയായിരിക്കും. പക്ഷേ, ആ തീരുമാനം കൊണ്ട് പ്രതീക്ഷിക്കാതെ ചില ചെലവുകൾ എന്റെ ജീവിതത്തിൽ, “സ്കൂൾ ഫ്രം ഹോം” ആയതും കൂടെ ഉണ്ടായി. രണ്ട് ഡിവിഷനിലായതിനാൽ രണ്ട് ലാപ്‌ടോപ്പുകൾ. ഇവർക്കു പുറമേ ഞാനും എന്റെ ഭാര്യയും വീട്ടിൽ നിന്നും ജോലി ചെയ്യുന്നതിനാൽ, കുറച്ചു വലിയ വീട്ടിലേക്ക് താമസം മാറ്റി.

ഇതൊക്കെ, ഇവർ ഇരട്ടകളല്ലാത്ത സഹോദരിമാർ ആയിരുന്നെങ്കിലും ചെയ്യുമായിരുന്നു. പക്ഷേ, ഒരേ ഡിവിഷനിൽ ആയിരുന്നെങ്കിൽ, ഒരു പക്ഷേ ഒഴിവാക്കാമായിരുന്ന ചെലവുകളായിരുന്നു. വ്യത്യസ്ത ദിവസങ്ങളിൽ ഉള്ള സ്ക്കൂൾ പരിപാടികളും ഒരു പ്രശ്നമായിരുന്നു.

എല്ലാവരും അല്പനേരത്തേക്ക് നിശ്ശബ്ദരായി ഇരുന്നു.

നിരഞ്ജൻ: കൊള്ളാം, നല്ല അറിവുകൾ. ഇന്നുണ്ടായ എല്ലാ അനുഭവങ്ങളും അറിവുകളും ഇതു പോലെ നല്ലതു തന്നെ. നമുക്ക് കിടക്കാൻ പോയാലോ? നാളെ എന്താ പരിപാടി?

ശ്വേത: രാവിലെ തന്നെ, ട്രെക്കിങ്ങ്.

നിരഞ്ജൻ: ഫന്റാസ്റ്റിക്. എന്നാൽ, ഉറങ്ങാൻ പോകാം. രാവിലെ എഴുന്നേൽക്കണ്ടതല്ലേ?

(തുടരും…)

ബാംഗ്ലൂരിൽ ഐ ടി രംഗത്ത് ജോലി ചെയുന്നു. 2009-ൽ പ്രസിദ്ധീകരിച്ച "കൾച്ചർ ചെയ്ഞ്ച്" എന്ന ചെറുകഥാ സമാഹരണമാണ് ആദ്യത്തെ പുസ്തകം. പിന്നീട്,കുട്ടികളുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ കഥകൾ എഴുതുകയുണ്ടായി. 2020-ൽ പ്രസിദ്ധീകരിച്ച "ലോങ്ങ് സ്റ്റോറി ഷോർട്ട് - ടേർണിങ്ങ് ഫേമസ് ബുക്ക്സ് ഇൻടു കാർട്ടൂൺസ്" എന്ന പുസ്‌തകത്തിൽ ചിത്രകാരനായും രംഗത്തു വന്നു. മലയാളകഥകൾ ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.