ദമാസ്‌ക്കസ്

മൊയ്തീന്‍ നാട്ടിലേക്ക് പോവുകയാണ്, നാലു വര്‍ഷം കൂടി. അതോ അഞ്ചോ, അതില്‍ കൃത്യതയുണ്ടാക്കാന്‍ അയാള്‍ മിനക്കെട്ടില്ല. സനാ എന്ന് ഓമനപ്പേരിൽ വിളിക്കുന്ന കുട്ടിക്ക് എട്ടാം വയസില്‍ വയസ്സറിയിച്ചപ്പോഴാണ് അയാള്‍ ജോര്‍ദാനിലെത്തുന്നത്. അവിടെ സിറിയയോട് അതിര്‍ത്തി പങ്കിടുന്ന ജാബര്‍ ബോര്‍ഡര്‍ ക്രോസിങ്ങിനോടു ചേര്‍ന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ പണിയെടുക്കുന്നു. അമാനില്‍ നിന്നും ഒരു വെള്ളിയാഴ്ച പുലര്‍ച്ചെ അയാളെ അവിടേക്ക് കൊണ്ടുവിടുകയായിരുന്നു, അങ്ങനെ പറഞ്ഞാല്‍ ശരിയാവില്ല. ഒരു പിക്ക് അപ്പ് വാനില്‍ തണുത്തുവിറച്ചു മരവിച്ച് വിശന്നവശനായി കൊണ്ടു തള്ളുകയായിരുന്നു. അന്നു തുടങ്ങിയതാണ്, രാവെന്നോ പകലെന്നോ ഇല്ല. വെള്ളിയാഴ്ചകളെന്നോ തിങ്കളാഴ്ചകളെന്നോ ഇല്ല. കിട്ടിയ കാശത്രയും അയാള്‍ കൂട്ടി വച്ചു. ഒരിക്കൽ നാട്ടിലേക്ക് മടങ്ങാനായി അമാനിലേക്ക് പോയതാണ്. പക്ഷേ, അവിടെ സ്‌പോണ്‍സറുടെ കൈയില്‍ കൊടുത്തിരുന്ന പാസ്‌പോര്‍ട്ട് വാങ്ങാന്‍ അയാള്‍ക്ക് യോഗമുണ്ടായില്ല. അയാള്‍ ദമാസ്‌ക്കസിലേക്ക് പോയിരിക്കുകയാണത്രേ. ചിലപ്പോള്‍ ആഴ്ചകള്‍ കഴിഞ്ഞേ വരൂ, ചിലപ്പോള്‍ മാസങ്ങളായേക്കാം. അന്നവിടെനിന്നു കുറച്ച് പൊന്നു വാങ്ങി തിരിച്ചു ജാബറിലേക്കു പോന്നു. അതങ്ങനെ സൂക്ഷിച്ച് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. കൂടെയുള്ള ബീഹാറുകാരന്‍ അബ്ദുവിനു പോലും പൊന്ന് കൈയിലുണ്ടെന്ന് അറിയില്ല. ബാക്കി കഥകളൊക്കെയും അബ്ദുവിനറിയാം. അയാള്‍ അത് എപ്പോഴും പറയും; പണിയെടുക്കുമ്പോള്‍, നിസ്‌ക്കരിച്ച് കഴിഞ്ഞ്, പിന്നെ ചപ്പാത്തി കുഴയ്ക്കുന്ന വേളയില്‍, തിന്നിട്ട് സ്വപ്‌നം കാണുന്ന തിരക്കിനിടയിലൊക്കെയും. ഇപ്പോള്‍ അബ്ദുവിനെല്ലാം അറിയാം, കോഴിക്കോടും കൊണ്ടോട്ടിയും സനയും മൊയ്തീന്റെ ഉമ്മായെയുമൊക്കെ അവനറിയാം.

നാട്ടിലെത്തിയാലുടന്‍ സനയുടെ നിക്കാഹ്. അവള്‍ടെ മൊഞ്ചുള്ള മുഖത്ത് ഒരു മൂക്കുത്തി വേണം, കഴുത്ത് നിറഞ്ഞ് വലിയൊരു നെക്ലേസ് വേണം. അത് മൊയ്തീന്റെ ആഗ്രഹമാണ്. അവള്‍ടെ ഉമ്മ വളരെ ചെറുപ്പത്തിലേ മരിച്ചു പോയി. രണ്ടാം കെട്ടിയതും മൂന്നാം കെട്ടിയതും മൊഴി ചൊല്ലിയതോടെ മൊയ്തീന്‍ ഒന്നു തീരുമാനിച്ചു. ഇനി ഈ ജീവിതത്തില്‍ ഒരു നിക്കാഹ് ഇല്ല. അത് പടച്ചോന്‍ തീരുമാനിച്ചതായിരിക്കണം. അത്തരമൊരു ചിന്ത അയാളില്‍ ഒരിക്കല്‍ പോലും പിന്നീടുണ്ടായില്ല. മോനെ, നീ പോയ് പൊന്ന് ഉണ്ടാക്കീട്ട് വരീന്‍, അന്റെ മോളെ ഞാന്‍ പൊന്നു പോലെ നോക്കിക്കോളാം എന്ന് മൊയ്തീന്റെ ഉമ്മ പറഞ്ഞതോടെ അയാള്‍ വിമാനം കയറി. പറമ്പ് പണയം വച്ച് കിട്ടിയ വിസയാണ്. പണയപ്പെടുത്തിയ പറമ്പ് തിരിച്ചു പിടിക്കണം, നല്ല രീതിയില്‍ ജീവിക്കണം, സനയെ കെട്ടിച്ചയയ്ക്കണം. പിന്നെ പൊന്നാനിയില്‍ ചെന്ന് ഹജ്ജിനു പോണം. അത്രമാത്രമാണ് ഇതുവരെ അയാള്‍ ചിന്തിച്ചു വച്ചിരിക്കുന്നത്. അതിലൊന്നും വലിയ കാര്യമില്ല. എന്ത് ചിന്തിച്ചാലും എന്ത് നടക്കണമെന്നു പടച്ച തമ്പുരാന്‍ തീരുമാനിക്കും. അല്ലെങ്കില്‍ പിന്നെ രണ്ടു വര്‍ഷം കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊടുത്ത് ദമാസ്‌ക്കസിലേക്ക് പോകാന്‍ തയ്യാറെടുത്തത് അങ്ങനെ ഇല്ലാതാകുമോ?

മൊയ്തീന്‍ ഇടയ്ക്കിടയ്ക്ക് സിറിയയിലേക്ക് പോകും. അയാള്‍ പണിയെടുക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉടമയ്ക്ക് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന തയ്ബ നഗരത്തില്‍ ഡ്രൈഫ്രൂട്‌സിന്റെ ബിസിനസ്സുണ്ട്. മൊയ്തീനൊപ്പം അബ്ദുവും മറ്റു മൂന്നു പേരുമുണ്ട്. മൊയ്തീനോട് അതിര്‍ത്തി കടക്കുമ്പോഴൊന്നും ആരുമൊന്നും ചോദിക്കാറില്ല. പണിക്കാര്‍ക്കൊപ്പം അയാളും പിക്കപ്പ് വാനില്‍ മാനം നോക്കി കിടക്കും. തിരികെ വരുമ്പോഴും അങ്ങനെ തന്നെ. തയ്ബയില്‍ നിസ്‌ക്കാരപ്പള്ളിയുണ്ട്. അവിടെ നിസ്‌ക്കരിക്കാന്‍ പറ്റുമെന്നതാണ് വലിയ കാര്യം. തീവ്രവാദികള്‍ തോക്കും ചൂണ്ടിയൊക്കെ നില്‍ക്കും. പക്ഷേ, മൊയ്തീന്റെ മുതലാളിക്ക് വലിയ പിടിയാണ്. അവിടെ വച്ച് പരിചയപ്പെട്ടയാളാണ് പറഞ്ഞത്, മൊയ്തീനേ നീ ദമാസ്‌ക്കസിലേക്ക് പോകു. അവിടെ നാലിരട്ടി ശമ്പളം കിട്ടുമെന്ന്. നാലു ദിവസമേ പണിയുണ്ടാവു, സുല്‍ത്താനെ പോലെ ജീവിക്കാമെന്ന്. അന്നു തൊട്ടു തുടങ്ങിയ മോഹമാണ്. അങ്ങനെ നിസ്‌ക്കരിച്ചിറങ്ങിയ ഒരു ദിവസം അയാള്‍ ചോദിച്ച പണം മൊയ്തീന്‍ കൊടുത്തു. പിറ്റേ ആഴ്ചയില്‍ പോകാന്‍ തയ്യാറായി വരാന്‍ പറഞ്ഞു. പക്ഷേ, ആ ആഴ്ച മൊയ്തീനെയും അബ്ദുവിനെയും പടച്ചോന്‍ മുതലാളിക്കൊപ്പം കൂടെക്കൂട്ടിയില്ല. അതിര്‍ത്തി കടന്ന മുതലാളിയും മറ്റു മൂന്നു പേരും പിന്നെ തിരിച്ചുവന്നുമില്ല. മയ്യത്ത് നമസ്‌ക്കാരത്തിനു പോലും ശരീരം കിട്ടിയില്ലെന്നാണ് അറിഞ്ഞത്. ബോംബു വച്ചു തകര്‍ത്തു കളഞ്ഞത്രേ. ഉണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ പോയി, മുതലാളിയുടെ നാലാമത്തെ മകനാണ് പിന്നെ സൂപ്പര്‍ മാര്‍ക്കറ്റ് നോക്കാന്‍ വന്നത്. ആദ്യം കണ്ടപ്പോള്‍ തന്നെ മൊയ്തീന്റെ അടിവയറ്റിലേക്ക് അയാള്‍ കാലുമടക്കി ഒരു തൊഴിയായിരുന്നു. ആ തൊഴിയുടെ ഊക്കില്‍ മൂന്നു ദിവസത്തേക്ക് മൊയ്തീനു മൂത്രം പോയില്ല. ആ മകന്‍ ചരക്കെടുക്കാന്‍ ജാബര്‍ ബോര്‍ഡര്‍ കടന്നതാണ്. പിന്നെ തിരിച്ചു വന്നില്ല. അതു മൊയ്തീന്റെ പ്രാക്ക് പടച്ചതമ്പുരാന്‍ കേട്ടിട്ടാണെന്ന് അബ്ദു പറയും. എന്തായാലും, അതില്‍ പിന്നെയാരും ജാബര്‍ കടന്ന് നസീബിലേക്കോ തയ്ബയിലേക്കോ പോയിട്ടില്ല. അതോടെ, മൊയ്തീന്റെ പള്ളിനമസ്‌ക്കാരം മുടങ്ങി. അങ്ങനെ ശവ്വാലിന്‍ ചന്ദ്രിക കണ്ട ഒരു രാത്രിയില്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചതിനു ഫലമുണ്ടായി. പടച്ചതമ്പുരാന്‍ മൊയ്തീനോട് നാട്ടിലേക്ക് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. അമാനിലേക്ക് വ്യാഴാഴ്ച രാത്രി ട്രെയ്‌ലര്‍ പോകുന്നുണ്ട്. അതില്‍ കടന്നുകൂടാനുള്ള പണം നേരത്തെ കൊടുത്തു. അവിടെ ചെന്നിട്ടു വേണം പാസ്‌പോര്‍ട്ട് തിരികെ വാങ്ങാന്‍, പിന്നെ നേരെ കോഴിക്കോട്ടേക്ക്. സ്‌പോണ്‍സര്‍ വന്നുവെന്നും വിമാനടിക്കറ്റ് ഉണ്ടെന്നും സൂപ്പര്‍വൈസര്‍ പറഞ്ഞു. മൊഞ്ചത്തികുട്ടിക്ക് കുറച്ച് സാധനങ്ങള്‍ വാങ്ങണം, ഒക്കെയും അമാനില്‍ നിന്നും. സൂപ്പര്‍വൈസര്‍, കടയില്‍ നിന്നും കൊണ്ടുപോകാന്‍ പറ്റുന്ന സാധനങ്ങളെടുത്തോ, ചെന്നാലുടന്‍ തിരിച്ചു പോന്നേക്കണമെന്നും തിരികെ പോരുമ്പോ ബീവിയെക്കൂടി കൊണ്ടുവരണമെന്നും ആജ്ഞാപിച്ചു. അയാള്‍ തലകുലുക്കി. മുടിയൊക്കെ നരച്ചിരിക്കുന്നു. അയാള്‍ മുടി കറുപ്പിച്ചു, മുഖം നന്നായി ഷേവ് ചെയ്തു മിനുക്കി. ഒരു പെട്ടി സംഘടിപ്പിച്ച് അതില്‍ സാധനങ്ങള്‍ കുത്തിനിറച്ചു. അയാള്‍ക്ക് ആവശ്യമില്ലാത്ത സാധനങ്ങളൊക്കെ അബ്ദുവിനു കൊടുത്തു. കണ്ണാടിയെടുത്ത് പലതവണ മുഖം നോക്കി. എത്രനാളായി സനയോടൊന്നു മിണ്ടിയിട്ട്, അവള്‍ ബാപ്പായെന്നു പറഞ്ഞ് ഓടിവന്നു കെട്ടിപ്പിടിച്ചിട്ട്, ചേര്‍ത്തു പിടിച്ചിട്ട്, ഓമനമുഖത്ത് മുത്തം കൊടുത്തിട്ട്. അയാളുടെ കണ്ണുകള്‍ ഓര്‍ത്തോര്‍ത്ത് വരവേ നിറഞ്ഞു വന്നു. അവള്‍ക്കുള്ള പഹയന് നല്ല അത്തറു കുപ്പിയൊരെണ്ണം സംഘടിപ്പിച്ചു പെട്ടിയിലാക്കിയിട്ടുണ്ട്. ഇനി ഇവിടേക്കില്ല. മതിയായി, മരുഭൂമിയുടെ മണമടിച്ചു മടുത്തു. മൂക്കിലും വായിലും എന്തിന് ആമാശയം മുഴുവന്‍ മണ്ണാണ്. അഞ്ചുനേരം നിസ്‌ക്കരിക്കാന്‍ കഴിയുന്നൊരു ജോലി നാട്ടില്‍ സംഘടിപ്പിക്കണം.

അയാള്‍ പുറത്തേക്ക് നോക്കി. ഒരു പൊടിക്കാറ്റ് മാനത്ത് പടമെഴുതുന്നു. ജനാല വലിച്ചടയ്ക്കാന്‍ തുടങ്ങുമ്പോഴാണ് അബ്ദു വന്നു പറഞ്ഞത്, ദമാസ്‌ക്കസില്‍ നിന്നും വന്ന ട്രെയ്‌ലര്‍ ബോര്‍ഡറില്‍ പിടിച്ചിട്ടിരിക്കുന്നു. അതിലൊരു പെണ്ണ് ഉണ്ട്. അതും പ്രായം തികയാത്തത്, കണ്ടാല്‍ നിങ്ങള്‍ടെ മോളെ പോലെയുണ്ട്. അതേ ഛായ. നാലു വര്‍ഷത്തോളമായി അതിര്‍ത്തിയില്‍ താമസിക്കുന്നു. എത്രയോ ചരക്കുവണ്ടികള്‍ അതിര്‍ത്തി കടന്നു പോകുന്നു, വരുന്നു. പക്ഷേ ഇത്രയും കാലം ഇത്തരമൊരു വാര്‍ത്ത കേട്ടിട്ടില്ലല്ലോ. ഇതെന്താണ്? ട്രെയ്‌ലറില്‍ ഒരു പെണ്‍കുട്ടി. കാണാന്‍ വരുന്നോയെന്നു അബ്ദു ചോദിച്ചപ്പോള്‍ മൊയ്തീന്‍ മറുത്തൊന്നും പറഞ്ഞില്ല. മുഖം മൂടുന്ന നീണ്ട വലിയ ഷാളെടുത്തു അബ്ദുവിനോടൊപ്പം വലിഞ്ഞു നടന്നു. അല്ല, അയാള്‍ അബ്ദുവിനേക്കാള്‍ മുന്നില്‍, ബോര്‍ഡറില്‍ നിന്നും മാറ്റി ട്രെയ്‌ലറുകള്‍ പാര്‍ക്ക് ചെയ്യുന്നിടത്തേക്ക് ഓടുകയായിരുന്നു.

ശരിയാണ്, ട്രെയ്‌ലറിന്റെ പാതിതുറന്ന വാതില്‍പ്പാളിയിലൂടെ അയാള്‍ കണ്ടു, ഒരു പെണ്‍കുട്ടി. അതിനെ തിരികെ സിറിയയിലേക്ക് പറഞ്ഞുവിടുകയാണ്. അതായത് നസീബിലെ ബോര്‍ഡര്‍ ഏജന്‍സിയെ ഏല്‍പ്പിക്കും. അവരതിനെ കൊല്ലുകയോ തിന്നുകയോ ചെയ്യും. അതൊന്നും ജാബറിലെ ഉദ്യോഗസ്ഥര്‍ക്ക് അറിയേണ്ടതില്ല. അയാള്‍ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ആ കുട്ടി നിര്‍വികാരതയോടെ ഇരിക്കുകയാണ്. കണ്ണീര്‍ചാലുകള്‍ മുഖത്ത് പ്രകടം. പക്ഷേ, അതു കരയുകയല്ല.

മൂന്നു ഉദ്യോഗസ്ഥര്‍ ട്രെയ്‌ലറിന് അടുത്തു കൂടി നിന്നു ഉച്ചത്തില്‍ തര്‍ക്കിക്കുന്നുണ്ട്. കാഴ്ച കാണാന്‍ ഏതാനും ആളുകള്‍ കൂടിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ വണ്ടിക്കരികിലേക്ക് വന്നു, ആളുകള്‍ മാറിനിന്നു, മൊയ്തീന്‍ ഒന്നു കൂടി നോക്കിയിട്ട് നിസംഗതയോടെ തിരിച്ചു നടക്കാന്‍ തുടങ്ങവേ, അതിലൊരാള്‍ അവളെ വലിച്ചു താഴെ പൂഴിമണ്ണിലേക്ക് ഇട്ടു. അയാള്‍ കട്ടിയുള്ള ബൂട്ട് കൊണ്ട് അവളുടെ ശരീരത്തിലൊരു തൊഴി കൊടുത്തു. വേദന കൊണ്ട് അലറിക്കരഞ്ഞ് വേച്ച് എഴുന്നേല്‍ക്കാന്‍ ശ്രമിച്ച അവള്‍ പിന്നെയും താഴേയ്ക്ക് വീണു. പിന്നെയും ചവിട്ടാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ അയാളുടെ കാലില്‍ പിടിച്ചു. അതയാള്‍ക്ക് രസിച്ചെന്നു തോന്നുന്നു. അതോടെ അയാള്‍ കാല്‍ നിലത്തുറപ്പിച്ചു. ആ പെണ്‍കുട്ടി തല കുമ്പിട്ട് അയാളുടെ കാലുകളില്‍ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു, ഏങ്ങലടി ശബ്ദം അവിടെയെല്ലാം കേള്‍ക്കാം. ആരും ഒന്നും മിണ്ടിയില്ല.

എല്ലാവരും പകച്ചു നില്‍ക്കുകയാണ്. മൊയ്തീന് തന്റെ ഹൃദയം നിലച്ചെന്നു തോന്നി. അയാളുടെ ശരീരം വല്ലാതെ തണുത്തു. പൊടിക്കാറ്റ് മരുഭൂമിയില്‍ തകര്‍ക്കുന്ന ഹുങ്കാരം അവിടെ മുഴങ്ങി നിന്നു. നീളമുള്ള തോക്കിന്റെ മുനകൊണ്ട് വേറെയൊരാള്‍ മുതുകില്‍ കുത്തിയതും അവള്‍ പിടഞ്ഞു മണ്ണിലേക്ക് മലര്‍ന്നു വീണു. അയാള്‍ അവളുടെ മുഖപടം വലിച്ചെറിഞ്ഞു, മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തി.

മൊയ്തു കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി, അല്ലാഹു അക്ബര്‍, പടച്ചോനെ ഉള്ളുരുകി വിളിച്ചു. മുഖപടം മാറിയ പെണ്‍കുട്ടിയുടെ മുഖം അയാളുടെ മുന്നില്‍ അനാവൃതമായി. അബ്ദു പതുക്കെ മൊയ്തുവിന്റെ കൈയില്‍ പിടിച്ചു വലിച്ചു, തിരിച്ചു പോകാം എന്നുള്ളതിന്റെ സൂചനയായിരുന്നു അത്. പക്ഷേ, അയാള്‍ ആ കുട്ടിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഏറിയാല്‍ എട്ടുവയസു കാണും, സനയുടെ അതേ രൂപം. അതേ ഭാവം, ആ പെണ്‍കുട്ടി ബാപ്പാ എന്നെ രക്ഷിക്കൂ എന്നു വിളിച്ചു പറയുന്നതു പോലെ. സര്‍വ്വധൈര്യവും സംഭരിച്ചു മൊയ്തീന്‍ ഉദ്യോഗസ്ഥരുടെ അടുത്തു ചെന്ന്, ഇവളെ എനിക്ക് വളര്‍ത്താന്‍ തരുമോയെന്നു ചോദിച്ചു. അബ്ദു അതുകണ്ട് അന്തംവിട്ടു നില്‍ക്കുകയായിരുന്നു. ഉദ്യോഗസ്ഥന്‍ മൊയ്തീനോട് ഐഡി കാര്‍ഡും പെര്‍മിറ്റും ചോദിച്ചു. അയാള്‍ അതു കഴുത്തില്‍ നിന്നും ഊരാറേയില്ലായിരുന്നു. നീളമേറിയ കുപ്പായത്തിനിടയിലൂടെ അയാളത് അവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

അറബിഭാഷയില്‍ ഉദ്യോഗസ്ഥര്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു, മൊയ്തീന്‍ അതിനൊക്കെ ഉത്തരം പറയുകയും കരയുകയും ചെയ്തു. അവളെ നിക്കാഹ് കഴിക്കാനാണ് അവര്‍ ആവശ്യപ്പെടുന്നതെന്നു മാത്രം അബ്ദുവിനു മനസ്സിലായി. നാളെ നാട്ടിലേക്ക് മകളുടെ നിക്കാഹ് നടത്താന്‍ വേണ്ടി പോവുന്ന ഒരു മനുഷ്യനാണ്, ഇങ്ങനെ കെഞ്ചുന്നത്. മൊയ്തീന് എന്തു പറ്റിയെന്നു വിചാരിക്കവേ, അബ്ദു കാണുന്നത്, അയാള്‍ ഒരു ഉദ്യോഗസ്ഥന്റെ കാലില്‍ വീണു കരയുന്നതാണ്.

ആ പെണ്‍കുട്ടി മണ്ണില്‍ തന്നെ കിടക്കുകയായിരുന്നു. ഏതു സമയത്തു വേണമെങ്കിലും പൊടിക്കാറ്റ് അവിടെയും എത്തുമായിരുന്നു. ഉദ്യോഗസ്ഥര്‍ ധൃതികൂട്ടി. അതിലൊരാള്‍ ആ പെണ്‍കുട്ടിയുടെ കാലില്‍ പിടിച്ച് മണ്ണിലൂടെ ബോര്‍ഡര്‍ ഓഫീസിലേക്ക് വലിക്കാന്‍ തുടങ്ങി. മൊയ്തീന്റെ കരച്ചില്‍ നിലവിളിയായത് പെട്ടെന്നായിരുന്നു. മരുഭൂമിയില്‍ നിലാവുള്ള രാത്രികളില്‍ ജിന്നുകളിറങ്ങുമ്പോള്‍ കുറുക്കന്മാര്‍ ഓലിയിടുന്നതു പോലൊരു ശബ്ദമാണ് മൊയ്തീനില്‍ നിന്നും വന്നത്!

പെട്ടെന്നാണ് ഉദ്യോഗസ്ഥന്‍ തോക്കുയര്‍ത്തി മുകളിലേക്ക് വെടിപൊട്ടിച്ചത്. അതിനര്‍ത്ഥം, അബ്ദുവിനറിയാം. അവന്‍ ജീവന്‍ കൈക്കുമ്പിളിലാക്കി തിരികെ ഓടി, അല്ല ചിറകില്ലാത്തൊരു പക്ഷി പായുന്നതു പോലെ പറക്കുകയായിരുന്നു. ആ പാച്ചിലിലും അവന്‍ മൊയ്തീനെ ഓടിക്കോ എന്ന് അലറുന്നുണ്ടായിരുന്നു. അപ്പോഴേയ്ക്കും പിന്നെയും വെടിപൊട്ടി. ഒന്നല്ല തുടരെ, തുടരെ. മൊയ്തീന്റെ കരള്‍ പിളരുന്നതു പോലെയുള്ള കരച്ചില്‍ കേട്ട് അബ്ദു തിരിഞ്ഞു നോക്കുമ്പോഴേയ്ക്കും അവിടെയാകെ പൊടിക്കാറ്റ് മൂടിയിരുന്നു. ഒന്നും കാണാന്‍ വയ്യ, എല്ലാം അപ്രത്യക്ഷമായിരിക്കുന്നു.

ആ പൊടിക്കാറ്റ് അതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലൊരു പെണ്‍കുട്ടിയുടെ രൂപം അന്തരീക്ഷത്തില്‍ വരച്ചു. അതിന് മൊയ്തീന്‍ മിക്കപ്പോഴും അബ്ദുവിനെ കാണിക്കുന്ന സന എന്ന പെണ്‍കുട്ടിയുടെ രൂപമായിരുന്നുവെന്ന്‍ അയാള്‍ തിരിച്ചറിഞ്ഞു. ഹുങ്കാരശബ്ദത്തിനിടയിലും ജിന്നുകള്‍ പൊട്ടിച്ചിരിച്ചു.

ഓർമ്മകളുടെ ജാലകം, അബ്സല്യൂട്ട് മാജിക്, പുരുഷാരവം (എഡിറ്റർ) എന്നീ കഥാസമാഹാരങ്ങളും മണൽനഗരത്തിലെ ഉപ്പളങ്ങൾ എന്ന ഓർമ്മകുറിപ്പും പ്രസിദ്ധീകരിച്ചു. ഓർമ്മ കഥാ പുരസ്കാരം, മെഹ്ഫിൽ ഇന്റർനാഷണൽ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ പുരസ്‌കാരം, കേസരി നായനാർ പുരസ്‌കാരം, അക്കാഫ് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.