വെളുപ്പാൻകാലത്ത് ചുവന്ന്
അവനവന്റെ ശബ്ദം മാത്രം
കേൾക്കാൻ പറ്റുന്ന അസമയത്ത്
കലാപത്തിൽ നൊന്ത
കരുവാളിച്ച ചുണ്ടുമായി
വെയിലിനും നിഴലിനും
നീളം വയ്ക്കുന്നു.
വഴി തെറ്റിക്കും
രാത്രിയൊരു കൂളിക്ക്
വിശന്ന വയറ്
എരിഞ്ഞ കണ്ണ്.
അണയാറായ ഓലച്ചൂട്ടുമായി
വഴിവക്കിലെ പടിഞ്ഞാറിനെ
കിഴക്കോട്ടേക്ക് നീക്കി വെക്കുന്ന
കൂളി കാണാതെ
ഒളിച്ചു പോകുന്നു ഞാൻ.
സന്ധ്യയ്ക്കടുപ്പിൽ
തെക്കുവടക്കോടും
അരിമണികൾ വെന്തുചീഞ്ഞ്
മനസ്സാകെ തിളച്ച്തൂവുന്നുണ്ടുള്ള്.
മേലാകെ പൊള്ളിയ പാട്,
മണ്ണിൽ
ഇലകളുടെ നിഴൽപോലെ.
മലമുടിയിലെ പാതയിൽ
അലഞ്ഞു തിരിയുന്ന
സൂര്യനൊപ്പം
അന്തിയിലെ ഗ്രാമക്കവലയിൽ നിന്ന്
എന്റെ കൂടെ
ഒരു ഉണക്കയില
വിയർത്ത ഉഷ്ണക്കാറ്റ്
ഒരു പറ്റം വീടില്ലാത്ത കിളികൾ
പറന്ന് വരുന്ന കലപിലയൊച്ച.
ഞാൻ *ധൂളിപടല സമൃദ്ധമാം
നഗരവനാതിർത്തിയിൽ ജീപ്പിറങ്ങുന്നു.
കുനിഞ്ഞ്
കൊളുന്ത് നുള്ളും
കറുത്ത പെൺപക്ഷികളുടെ മുതുകിൽ
വറുതിയുടെ കൂന്.
അസമയത്തവർ ഈണത്തിൽ
“നേരംപോയ് നേരം പോയ്
പൂക്കൈത മറപറ്റി ” പാടുന്നു.
പാട്ടിനൊപ്പം
എന്നെ കാണാത്ത മട്ടിൽ
കൃത്യമായി
ഞാൻ പോകും വഴിയിൽ
അപ്രതീക്ഷിതമായൊരു
ചാറ്റൽമഴയുടെ നിസ്സംഗമാർന്ന
തിടമ്പ് നൃത്തം
ചടുലതാളം.
അതിസൂക്ഷ്‌മവും ഏകാന്തവുമായി
കൊളുന്ത് നുള്ളും പെണ്ണുങ്ങൾ
കൂനിന്മേൽ കുരുവും
ദുഃഖക്കനികളും
ഇടുപ്പിലൊളിപ്പിച്ച്
നഗരവനത്തിൽ നിന്ന്
കള്ളക്കടത്ത് നടത്തും
നിശബ്ദപദയാത്ര.
ഞാനെന്റെ
സ്വകാര്യ ദുഃഖക്കനികളുമായി
കുട്ടിക്കാലത്ത് നട്ട
പേരറിയാത്ത ഇലപ്പൂമരച്ചോട്ടിൽ
അരൂപിയായ
ആരോ വരുമെന്നോ
അവരുടെ കൈയ്യിൽ
കുടയുണ്ടാകുമെന്നോ നിനച്ച്
വെയിലും മഴയും നനഞ്ഞ് നിൽക്കും
ഏകാകിത.
ഞാൻ ആരും കാണാത്ത മട്ടിൽ
നടത്തം തുടരുന്നുണ്ടെങ്കിലും
എന്റെ നീളം കൂടിയ നിഴൽ
കൊളുന്ത്നുള്ളും പെണ്ണുങ്ങളുടെ
ഇടുപ്പിലേക്ക്
ഏറുകണ്ണിട്ട് നോക്കുന്നു.
അവരുടെ നെഞ്ചിൽ
തേരട്ടവിരലുകളുടെ
അപഥസഞ്ചാരപാതകൾ
കത്തും വരളികൾ
എന്റെ നിഴൽനോട്ടത്തെ കരിച്ചുകളഞ്ഞു.
എന്റെയും അവരുടെയും
കണ്ണൻചിരട്ടകൾക്കിടയിൽ
നേരമിരുട്ടുന്നുവെന്ന ഒരേ മിടിപ്പ്.
മലമുകളിലെ സൂര്യൻ
പൊടുന്നനെ മുങ്ങിക്കളഞ്ഞ്
വഴി നീളെ
നീണ്ട കറുത്ത നോക്കുകുത്തികൾ
നാട്ടുമ്പോൾ
നിഴലുകൾ കോലം കെട്ടുന്നു.
എന്റെ കണ്ണിലെ
പരൽമീനുകൾ പിടയുന്നു
ആരോ കാത്തിരുന്ന
ചൂണ്ടയിൽ കൊളുത്തിയതുപോലെ.
ഞാൻ പിന്നെയും നോക്കുമ്പോൾ
കൊളുന്ത് നുള്ളുമൊരുവൾ
ദുഃഖക്കനികൾ കൊണ്ട്
പായസം വയ്ക്കുന്നു.
മറ്റൊരുവൾ സൂപ്പും
വേറൊരുവൾ കട്ടനുമിടുന്നു.
ഇടയിലൊരുവളതിനെ
എണ്ണയിൽ മൊരിച്ചെടുത്തു
കറുമുറാ കൊറിക്കുന്നു.
കൂട്ടം തെറ്റിയൊരുവൾക്കത്
അവസാനത്തെ അത്താഴം.
ഗ്രാമക്കവലയിൽ നിന്നും
അസമയത്ത് എന്നോടൊപ്പം
പുറപ്പെട്ടു വന്ന
ഒരു ഉണക്കയില
വിയർത്ത ഉഷ്ണക്കാറ്റ്
ഒരു പറ്റം വീടില്ലാത്ത കിളികൾ
പറന്ന് വരുന്ന കലപിലയൊച്ച.
ഞാൻ ചുറ്റിയ
തവിട്ടുനിറമുള്ള സാരിയിലേക്ക്
ചിറകരിഞ്ഞു വീണ്
ചുവന്ന നിറത്തിലവർ
പലതരം ഡിസൈൻ വരച്ചു.
നഗരവനരാത്രിയിൽ വെച്ചൊരു
യാനത്തിൽ
കൊളുന്ത് നുള്ളിക്കൊണ്ടിരുന്ന
കറുത്ത പെൺപക്ഷിയെ
വനവേടൻ റാഞ്ചിക്കൊണ്ട് പോയ
റൂട്ട്മാപ്പ് പക്ഷികളെനിക്ക്
വരച്ചു തരുന്നു.
അസമയത്ത് *ജടായുവെന്ന് പേരായ
അവരുടെ മുതുമുത്തച്ഛന്റെ
കഥയും പറഞ്ഞു തരുന്നു.
ഞാൻ പിന്നെയും
അസമയത്തിൽ
തൂക്കുപാലം കടന്ന്
റോഡിലേക്കിറങ്ങുന്നു.
ബസ്റ്റോപ്പിൽ
*രാജാവിനെ മറഞ്ഞിരുന്ന്
വെടിവെച്ചിട്ട രണ്ട് ചാവേറുകൾ
ഇരുട്ടിൽ
കറുത്തപെൺപക്ഷിയിലൊരുവളുടെ
കൊക്കറക്കുന്നു.
കൊളുന്ത് നുള്ളുമവൾ
*മുറപോലെ നഖമുള്ളൊരുത്തി
അലറിത്തുള്ളി
നഗരവനത്തിനുള്ളിൽ ഓടി മറയുന്നു.
എനിക്കിപ്പോൾ ഗൂഗിൾമാപ്പ് നോക്കി
തൂക്കുപാലം കടന്ന്
മെയിൻ റോഡിലേക്കിറങ്ങിയ
പേടിയുടെ പേരാണ്.
ഇരുട്ടിലെന്റെ കാലിൽ തടഞ്ഞു,
നർമദയിൽ നിന്നൊഴുകിയെത്തി
കമിഴ്ന്ന് വീണുടഞ്ഞ
ചൂടാർന്ന് നനവുള്ള കണ്ണൻചിരട്ട.
- ദണ്ഡകാരണ്യത്തിലെ രാജാവായ ദണ്ഡൻ ശുക്രാചാര്യരുടെ മകളെ ബലാത്സംഗം ചെയ്യുകയുo മഹർഷിയുടെ ശാപത്താൽ ദണ്ഡകാരണ്യം പൊടികൊണ്ട് മൂടപ്പെടുകയും ചെയ്തു.
- ദണ്ഡകാരണ്യത്തിൽ വെച്ച് സീതയെ രാവണൻ അപഹരിച്ചു കൊണ്ട് പോകും വഴി ജടായു രാവണനുമായി യുദ്ധം ചെയ്ത് ഈ വനത്തിൽ ചിറകരിഞ്ഞു വധിക്കപ്പെട്ടു.
- ബാലി – സുഗ്രീവ യുദ്ധത്തിനിടെ ശ്രീരാമൻ ബാലിയെ മറഞ്ഞിരുന്നു അമ്പെയ്ത് വധിച്ചു
- ദണ്ഡകാരണ്യത്തിൽ വെച്ചാണ് ശൂർപ്പണഖ രാമ – ലക്ഷ്മണന്മാരാൽ അംഗ വിഛേദം ചെയ്യപ്പെടുന്നത്.