തോന്നലുകൾ

എന്റെ തോന്നലുകൾ കരുനീക്കുന്ന
മനസ്സിന്റെ ചതുരംഗ പലകയ്ക്ക് ചുറ്റും  
പ്രാപ്പിടിയന്മാർ വട്ടമിട്ടു പറക്കുന്നു.

വിദ്വേഷത്തിന്റെ ശവക്കച്ചയണിഞ്ഞൊരു
കൊടിയ സർപ്പക്കളം രൂപപ്പെടുന്നു നെഞ്ചിൽ,

പതഞ്ഞൊഴുകുന്ന ജലയാഴത്തിലൊരു
നീർനായയുടെ മദകേളിവിലാസങ്ങൾ ..

അരൂപങ്ങളായ ചിത്രങ്ങൾ മിന്നിമറയുന്ന
സ്വപ്നത്തിന്റെ പൊട്ടിയച്ചില്ലുകളന്റെ കണ്ണിൽ തറയ്ക്കുന്നു.

വിദ്രാമാത്മകതയുടെ ചുഴലിയിൽ
തലച്ചോറിൽ കുരച്ചു ചാടുന്ന പേനായ്ക്കൾ
കിനാക്കളെ നക്കിതോർത്തുന്നു.

ചിന്നിച്ചിതറിയ ഭാഗങ്ങൾ കൂട്ടി വെച്ച്
സ്ത്രീയുടെ നഗ്ന ശരീരം വരയ്ക്കുന്ന
ചിത്രക്കാരനാകുന്നു ഞാൻ.

ഉടഞ്ഞ വിഗ്രഹങ്ങളുടെ നെറുകിൽ
പൂ ചൂടിച്ച് ഉടൽ വേവുന്ന പാവമൊരു  
പൂജാരിയായി മാറുന്നു,  കാലം.

മുടിഞ്ഞുപോയ കുലച്ചേഷ്ട്ടകളിൽ
മനുഷ്യർ മദംപൊട്ടി കുത്തിയൊഴുകിയെത്തുന്നു.

തലച്ചോറിലെ ഉള്ളറകളിൽ
മിന്നലിന്റെ തീജ്വാലകളിൽ
കരിഞ്ഞുപോയ മുലകളിലേ
ചുവന്ന പാൽ ചുരത്തുന്നുണ്ട്
വാർദ്ധ്യക്യത്തിലുമമ്മ.

വേനൽ പിശാചിന്റെ
വെളുത്ത കുഞ്ചിരോമങ്ങളുയർത്തി
ഭൂമി നിർത്താതെചരിക്കുന്നു.

പനികൊണ്ടു പൊള്ളിയയെന്റെ
 നെറ്റിയിൽ ചാറ്റൽ മഴ കൂടുകൂട്ടിമുട്ടയിടുന്നു.

വിഷക്കായയുടെ വിത്തിലൊരു ഗർഭം,
നിറഞ്ഞ തൂവാൻ കാത്തിരിയ്ക്കുന്നു.

പടവുകൾ ചവിട്ടിക്കയറിയച്ഛൻ മലമുകളിലെത്തി
എന്നെയാകാശങ്ങളെ തൊടാൻ വിളിയ്ക്കുന്നു.

ചാരായം മോന്തിയ രാത്രിയിലെ ചർദ്ദിൽ മണം
എനിക്കു ചുറ്റുമൊരു വൃത്തം വരയ്ക്കുന്നു.

മരിച്ചുപോയ കണക്കു ടീച്ചറൊരു ചൂരൽകൊണ്ട്
കൈവെള്ളയിൽ കറുത്തക്കള്ളികളുള്ള
ജ്യാമീതിയ ചിത്രം കോറുന്നു.

വരണ്ട തൊണ്ടയിൽ കാറിയശബ്ദം
ഇരുട്ടിനെ വകഞ്ഞുമാറ്റിയെന്റെ
ഉറക്കത്തിൽ നിശബ്ദത മുറിയ്ക്കുന്നു.

തോന്നലുകൾ വലിച്ചെറിഞ്ഞു
ഞാൻ ഞെട്ടിയുണരുന്നു ….
വീണ്ടും ഞാനൊരു ഇരുകാലിയാകുന്നു.

തൃശൂർ ജില്ലയിലെ താഴെക്കാട് സ്വദേശി. കേരള പോലീസിൽ നിന്ന് സബ് ഇൻസ്‌പെക്ടറായി വിരമിച്ചു. ആനുക്കാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതുന്നു. അഭിനയം, കഥ, തിരക്കഥ എന്നിവയിലും താൽപര്യം. പത്തോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. ഷോർട്ട്ഫിംലിമുകളിലും 2023ലെ ഇറ്റ്ഫോക്കിന്റെ ഇൻറർനാഷണൽ നാടകോൽസവത്തിലും അഭിനയിച്ചു. രണ്ട് സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി . ആദ്യ കവിതാസമാഹാരം "ബോധിവൃക്ഷച്ചുവട്ടിൽ വീണ പഴുത്തരണ്ടിലകൾ".