തീ വിൽക്കുന്നവർ

മരണ വ്യാപാര നഗരത്തിലൊരുവൻ
കനൽപ്പൊട്ടിന് കാവലിരിക്കുന്നു
തീ വിറ്റ് ജീവന് ചൂട് പകരുന്നു

കുട്ടികളും കുടുംബവും തീ പൂട്ടുന്നു
പശിയടക്കി ഉറങ്ങുന്നു

തീ പിടിച്ച വിലയാണ് ഈ തീയ്ക്കെന്നും
അണഞ്ഞു പോകാതെ കാത്തു വയ്ക്കുന്ന,
കാലങ്ങളായി കെടാതിരിക്കുന്ന
ഈ കനൽത്തരിയില്ലാതിവിടെ
ചിതകളെരിയുകില്ല എന്നുമറിയുമ്പോൾ
തീ കാറ്റെടുത്തോടുന്ന ചാര പൊട്ടുകളെക്കാൾ
ജീവനാകുന്നു .

ശവദാഹങ്ങളില്ലാത്ത മോക്ഷസ്ഥലികൾ
ആത്മാവുകളുടെ അനാഥ മന്ദിരങ്ങളാവുന്നു .

അവസാനമില്ലാത്ത മോഹങ്ങളുടെ
അഭയ സ്ഥാനമാകുന്ന മണികർണ്ണികാ ഘട്ടങ്ങൾ !

അസ്വസ്ഥതയുടെ കനൽ കടുപ്പം പോലെ
തീ അടയാളപ്പെടുത്തുന്ന ജീവിതങ്ങൾ

ആയുസ്സിന്റെ കാണാ ചങ്ങലകളിലൂടെ
ആയിരക്കണക്കിന് വർഷങ്ങളായി
ജീവിക്കുന്ന ആചാരക്കണ്ണികൾ !

കെട്ടുപോകാത്ത തീ സൂക്ഷിക്കുന്നത്
ദാരിദ്ര്യത്തിന്റെ ചൂടിൽ
പൊലിഞ്ഞു പോകാതിരിക്കാനാണത്രേ.

വിലപേശി വിൽക്കുന്ന മരണ സഹായം
വിലാപത്തെക്കാൾ ദാരുണമായ ,
കൈനീട്ടി വാങ്ങുന്ന ശവദാഹ കൂലിപോലെ
അകലെ തീ പുകയുന്ന വീട് !

ചെർപ്പുളശ്ശേരി, ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയാണ്..ആനുകാലികങ്ങളിലും നിരവധി ഓൺലൈൻ മാസികകളിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാക്കിൻ്റെ വെളിപാട്, വെയിൽപ്പൂക്കൾ, അതേ വെയിൽ എന്നീ കവിതാ സമാഹരങ്ങളിലും കവിതകൾ വന്നിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി