
തിങ്ങി നിൽപ്പാണു
കാഴ്ചകൾ കൺകളിൽ
വിങ്ങി നിൽപ്പാണു
കാലമെന്നോർമ്മയിൽ.
എന്റെയുള്ളം
കരിഞ്ഞു കടന്നുപോയി
നിയെരിഞ്ഞുരുവാർന്നൊരാ
വാക്കുകൾ.
ഒറ്റവെയിൽച്ചൂടിന്നിരുപുറമായി നാം
അത്രമേലുരുകിയുറഞ്ഞ
ലാവാഗ്നികൾ.
ശൈത്യശ്യംഗങ്ങളുളളിൽ
ചുമക്കുന്ന
മൗനദീപുകളായെന്നു മാറി നാം?
ആർത്തിരമ്പുന്ന നാളെകൾ
കോർത്തൊരു
തീർത്ഥപാതയൊരുക്കിടാം, ജീവനേ…
പുത്തനാം
സ്നേഹവർഷസൗഭാഗ്യത്തിൽ
ചേർന്നുപോയിടാമേറെയിടങ്ങളിൽ..
ഇനി വരും പുതുവത്സരസന്ധ്യകൾ
മധുരമേകു,മെനിക്കില്ല സംശയം.
ചേർന്നിരിക്കുവാനാകാതെ പോകിലോ…
ചോർന്നുപോകുമീയാത്മാവു പോലുമേ…
