തിലക് കാമോദ്

മഞ്ഞിൻ്റെ പുതപ്പുള്ള ശീതക്കാറ്റ് മുഖത്തേക്ക് വീശിയടിച്ചു കൊണ്ടിരുന്നു. തീവണ്ടിയുടെ ജന്നാലയ്ക്കരികെ ഇരുന്ന് അവൻ പുറത്തേക്ക് നോക്കി. കൂരിരുട്ടാണ് . തണുത്ത കാറ്റ് ചെവിയിൽ തുളച്ചു കയറി പാട്ടുമൂളുന്നു. ചക്രങ്ങള്‍ പാളങ്ങളുമായുള്ള സംഘര്‍ഷത്തില്‍ ഒച്ചപ്പാടുണ്ടാക്കുന്നുണ്ട്. ആളില്ലാത്ത കൂപ്പയില്‍ ദീര്‍ഘയാത്രയുടെ ക്ഷീണത്തിലും ഉറക്കമില്ലാത്ത രാത്രി. എവിടെ നിന്നോ ഒരാലാപനം ഒഴുകിയെത്തി. തിലക് കാമോദിൻ്റെ ഛായയുള്ള ഒരു ഈണം. സ്ത്രീ ശബ്ദം. സാവ്‌നിയുടെ ശബ്ദം പോലെ.. അവള്‍ ഒരു വരി പൂർണമായും പാടി കേട്ടിട്ടില്ല. പക്ഷേ , എപ്പോഴും മൂളും.

കാറ്റിലൊഴുകിവന്ന ആലാപാനം, ചെവികളിലെത്തുമ്പോഴേക്കും വണ്ടിച്ചക്രങ്ങളുടെ ശബ്ദത്തില്‍ കയറിയിറങ്ങി അവ ചതഞ്ഞരഞ്ഞിരുന്നു. “പിയ തോസേ നൈന ലാഗ് രേ..” എന്ന പഴയ ഹിന്ദി സിനിമാഗാനത്തിന്റെ ഈണം ആലാപനത്തില്‍ ഉണ്ടായിരുന്നു. പിന്നേയും കേട്ടപ്പോള്‍, മലയാളത്തിന്റെ ആ മധുര ഗാനം.. “നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ … “

മനസ്സില്‍ ഉറഞ്ഞുപോയ ഈണങ്ങളുടെ ഉറക്കമുണരലായിരിക്കും. വലിയ സംഗീതമൊന്നും വശമില്ല. സാവ്‌നിയുടെ സംഗീതം പകര്‍ന്നു തന്ന ചില അറിവുകള്‍.. അവളുടെ മൂളലുകള്‍.. ശാസ്ത്രീയ സംഗീതം പഠിക്കാത്ത അവളുടെ അറിവ് അവനെ എന്നും അത്ഭുതപ്പെടുത്തിയിരുന്നു.

സംഗീതം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതായിരിക്കും. ഹാര്‍മോണിയം വായിച്ച് പാടുന്ന മുത്തച്ഛന്റെ ചിത്രം അവള്‍ ഒരിക്കല്‍ കാണിച്ചു തന്നിട്ടുണ്ട്. തിലക് കാമോദ് എന്ന ഹിന്ദുസ്ഥാനി രാഗത്തെക്കുറിച്ച് അവള്‍ പറഞ്ഞുതന്ന അറിവാണ്. രാത്രിയുടെ ആദ്യയാമത്തില്‍ പാടുന്ന രാഗം.

അത്താഴമൊക്കെ കഴിഞ്ഞ് മൊഹാലിയിലെ ഗോതമ്പു പാടങ്ങളെ തഴുകി വരുന്ന കാറ്റില്‍ അലിഞ്ഞ് തിലക് കാമോദ് ഉയരും. സരോദ്, ചിലപ്പോള്‍ സന്തൂര്‍. വായ്പ്പാട്ട് അവള്‍ കേള്‍ക്കാറില്ല. ഏറെയിഷ്ടം, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്.

മനുഷ്യനേക്കാളും ആത്മസംഗീതം അവന്റെ കൈയ്യിലെ ഉപകരണങ്ങള്‍ക്കുണ്ടെന്ന് സാവ്‌നി പറയുമായിരുന്നു. തണുത്ത കാറ്റടിക്കുമ്പോള്‍ മുറിയിലെ മ്യൂസിക് പ്ലെയറില്‍ നിന്ന് തിലക് കാമോദിന്റെ സ്വരങ്ങള്‍, സന്തൂറിന്റെ ശതതന്ത്രികളില്‍ മരത്തിന്റെ കൊട്ടുകോലുകള്‍ വീഴുമ്പോള്‍ ഉയരുന്ന സ്വരങ്ങള്‍.

സാവ്‌നിയുടെ ഇഷ്ട സംഗീതോപകരണമായിരുന്നു സന്തൂര്‍. ശതതന്ത്രികളില്‍ നിന്ന് ഇമ്പമുള്ള സംഗീതം. മഞ്ഞുവീണ മലനിരകള്‍, പച്ചവിരിച്ച പാടങ്ങള്‍, അരുവികള്‍ … ഇതെല്ലാം സന്തൂര്‍ സംഗീതത്തിലലിഞ്ഞിട്ടുണ്ടെന്ന് ചാരുകസാലയില്‍ കാലുനീട്ടി കിടന്ന് കൊണ്ട് അവള്‍ പറയും. തണുപ്പ് അരിച്ചിറങ്ങിയ വരാന്തയില്‍ വെറും നിലത്ത് ഇരുന്നും ചിലപ്പോള്‍ കിടന്നും അവളുടെ കൂട്ടിന് അവനുമുണ്ടാകും.

തിലക് കാമോദ് കേട്ട് ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ അവളെ വാരിയെടുത്ത് മുറിയിലെത്തും. കിടക്കയില്‍ നല്ല കട്ടിയുള്ള കരിമ്പടം പുതപ്പിച്ച് കിടത്തും. പതിവുകളില്‍ അവനും പങ്കാളിയാണ്. ഈ ശീലങ്ങള്‍ എന്തിനെന്ന് പലകുറി ചോദിച്ചിട്ടുണ്ട്. പകലൊടുങ്ങുമ്പോള്‍ നഗരത്തിരക്കില്‍ നിന്ന് നാലര മണിക്കൂര്‍ വണ്ടിയോടിച്ച് എത്തി ഗ്രാമക്കുളിരില്‍ ഉറങ്ങണമെന്നത് അവളുടെ വാശിയായിരുന്നു.

സിര്‍കപൂരിലോ, സെക്ടര്‍ 66 ലോ ഒരു ഫ്‌ളാറ്റെടുത്താല്‍ ഈ യാത്രാദുരിതം അവസാനിപ്പിക്കാമല്ലോ എന്നു പലവട്ടം പറഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ നാലുമണിക്ക് ഉണര്‍ന്ന് അഞ്ചിന് യാത്ര തിരിക്കും. ഒമ്പതരയ്ക്ക് സെക്ടര്‍ 66 ലെ ഓഫീസില്‍. അവളെ ഇറക്കി 18-20 മിനിറ്റ് വീണ്ടും വണ്ടിയോടിച്ച് ചണ്ഡിഗഡിലെ സെക്രട്ടറിയേറ്റില്‍. ഇടയ്ക്ക് ധാബകളിൽ ഇറങ്ങി മസാലച്ചായകുടിച്ചില്ലെങ്കില്‍ സത്യമായിട്ടും ഉറങ്ങിപ്പോകും. അത്രയ്ക്കുണ്ടാകും ക്ഷീണം.

വൈകീട്ട് നാലരയോടെ ഇറങ്ങും. അവളേയും കൂട്ടി മടക്കം. രാവിലെ ചായ കുടിച്ച ഏതെങ്കിലും ധാബയിലാകും അത്താഴം. ഒമ്പതരയോടെ വീട്ടിലെത്തും. കുളി കഴിഞ്ഞ് പത്തരയോടെ ഉമ്മറത്ത് എത്തും. ഉറക്കത്തിലേക്കുള്ള ഗേറ്റ് വേ അവിടെയാണ്. തിലക് കാമോദും കൂട്ടിന് താരാട്ടായി ഉണ്ടാകും.

സംഗീതം കേട്ടുള്ള ഈ ഉറക്കമാണ് അവളുടെ ഊര്‍ജ്ജം. അവനും അതിന്റെ സുഖമെല്ലാം കിട്ടിയിട്ടുണ്ട്. ബലിയാലിയെന്ന ഗ്രാമവും, ആ വീടും, അവിടുത്തെ കാറ്റും.. സാവ്‌നിയെ തളച്ചിട്ടിരിക്കുകയാണ്. ശനിയും ഞായറും മാത്രം ഇവിടെ എത്താമെന്നും രണ്ടു ദിവസ്‌ത്തെ താമസം ഉണര്‍വ്വും ഊര്‍ജ്ജവും പകരും എന്നൊക്കെയുള്ള അവന്റെ സാരോപദേശമൊന്നും അവള്‍ കേട്ടില്ല.

വയനാട്ടിലെ കേണിച്ചിറയിലെ തണുപ്പും കാറ്റുമൊക്കെ കൊണ്ട് ബലിയാലി അവന് അപരിചിതമായിരുന്നില്ല. അച്ഛനൊപ്പം പട്ടാളക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോഴാണ് അയല്‍ക്കാരിയായ സാവ്‌നി മെഹ്‌റയെ പരിചയപ്പെട്ടത്. കോളേജിലേക്കുള്ള പ്രവേശന സമയത്ത് മീനങ്ങാടിയിലെ പോളിയില്‍ ചേരാന്‍ കൂട്ടുകരുമായി പദ്ധതിയിട്ടിരിക്കുമ്പോഴാണ് അവധിക്കെത്തിയ അച്ഛന്‍ പട്ടാളത്തില്‍ ചേരണമെന്ന വാശിയില്‍ എന്‍ഡിഎ പരീക്ഷയെഴുതിക്കാനായി പഞ്ചാബിലേക്ക് കൊണ്ടുപോയത്.

ജയനും ജോസഫും മീനങ്ങാടിയില്‍ അഡ്മിഷന്‍ കിട്ടിയിരുന്നു. അവരുടെ കൂടെ അടിച്ചുപൊളിച്ചുള്ള പോളി പഠനമെന്ന സ്വപ്‌നം മൊഹാലിയിലേക്കുള്ള ട്രെയിനില്‍ കയറിയപ്പോഴേ അവസാനിച്ചു. സ്റ്റേഷനില്‍ വന്നു നിന്ന അവരുടെ മുഖം അവന് ഇപ്പോഴും ഓര്‍മ്മയുണ്ട്. പിന്നീട്, രണ്ടും മൂന്നും വര്‍ഷം കൂടുമ്പോഴേ നാട്ടിലേക്ക് വന്നിരുന്നുള്ളു. എന്‍ഡിഎ പഠിച്ച് ജെസിഒ ആയി നിയമനം കാത്തുകഴിയുമ്പോഴാണ് ഫിസിക്കലി അണ്‍ഫിറ്റായ ഒന്നു രണ്ടു പ്രശ്‌നം അവനെ അലട്ടിയത്. ചുഴലി ദീനം. ആസ്തമ. ഒടുവില്‍ അവന്‍ ബിരുദം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അച്ഛന്റെ സ്വപ്‌നം തകര്‍ന്നു തരിപ്പണമായി.

അന്ന് പട്ടാളക്കാരന്റെ മകന്റെ പേരില്‍ ലഭിച്ച സൗജന്യമാണ് സെക്രട്ടറിയേറ്റിലെ ഉദ്യോഗം. സാവ്‌നി എംസിഎ പഠിച്ച് ടെക്കിയായി. പ്രണയം മൂത്ത് വിവാഹം. പഞ്ചാബി പെണ്ണിനെ കെട്ടിയത് നാട്ടിലുള്ളവര്‍ വൈകിയാണ് അറിഞ്ഞത്. പ്രേമ വിവാഹം അവന്റെ അച്ഛനും അത്രയ്ക്ക് ഇഷ്ടമായിരുന്നില്ല.

മെഹ്‌റ ഫാമിലി കര്‍ഷകരായിരുന്നു. സാവ്‌നിയുടെ അച്ഛന്‍ പട്ടാളത്തിലും. ഒരേ റെജിമെന്റുകാരായ, കൂട്ടുകാരുമായ മക്കളുടെ സൗഹൃദം വലിയ പ്രണയമാകുമെന്നും അവരും കരുതിയിരിക്കില്ല. വലിയ വഴക്കില്ലാതെ വിവാഹം നടന്നു. പെട്ടെന്നായിരുന്നു സാവ്‌നിയുടെ അച്ഛന്റെ വിയോഗം. രാവിലത്തെ പരേഡിനിടയില്‍ കുഴഞ്ഞുവീണ മെഹ്‌റയങ്കിള്‍ പിന്നീട് എഴുന്നേറ്റില്ല. കുറച്ചു ദിവസം കോമയില്‍. പിന്നെ മരണം. സാവ്‌നിക്ക് ചെറിയ ഷോക്കായി സംഭവം.

ബലിയാലി വിട്ട് അവള്‍ പുറത്തുവന്നില്ല. ജോലി കളയാനും അവള്‍ക്ക് മടിയായി. പട്ടാളക്കാരന്റെ മകളെന്ന നിലയില്‍ സൗജന്യമൊന്നും സ്വകാര്യ ടെക്കികമ്പനികള്‍ നല്‍കില്ലല്ലോ. ഒടുവിലാണ് നിത്യവുമുള്ള യാത്രയ്ക്ക് അവള്‍ തീരുമാനിച്ചത്. വാഹനം മാറിമാറിയോടിക്കും. രണ്ടുപേര്‍ക്കും ഡ്രൈവിംഗ് ഹരവുമാണ്. പച്ചവിരിച്ച പാടങ്ങളെ കീറിമുറിച്ചുള്ള ഹൈവേയിലൂടെ യാത്ര വളരെ രസകരമായിരുന്നു. സാഹസികവും.

നാലഞ്ചു മാസം കഴിഞ്ഞപ്പോള്‍ യാത്ര മടുപ്പായി. മടക്കയാത്രകളില്‍ പല പല വഴികള്‍ മാറിമാറി മടുപ്പു മാറ്റി. സമയം കൂടുതലെടുത്തും മറ്റും യാത്ര ദുഷ്‌കരമായി. ക്ഷീണം കൂടി. എന്നാലും രാത്രിയില്‍ തിലക് കാമോദിന്റെ തലോടലില്‍ കുളിരും കോരിയുള്ള കിടപ്പ് എല്ലാ ക്ഷീണവുമകറ്റി.

ഡിസംബറിലെ ഒരു രാത്രി. അന്ന് പതിവിലേറെ തണുപ്പായിരുന്നു. പുകമഞ്ഞിന്റെ കരിമ്പടം മൂടി രാത്രിയെത്തി. യാത്രയുടെ ക്ഷീണത്താല്‍ സാവ്‌നി ചാരുകസാലയില്‍ കൂര്‍ക്കം വലിച്ചു. തിലക് കാമോദിന്റെ സ്വരങ്ങള്‍ തീര്‍ത്ത് പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ താരാട്ടുമീട്ടി. അല്പനേരം പാട്ടുകേട്ട് അവനും മയങ്ങി.. തണുപ്പ് അരിച്ചെത്തി അവന്റെ അസ്ഥികളിലേക്ക് ഇറങ്ങിയപ്പോള്‍ ഉറക്കമുണര്‍ന്നു, സന്തൂർ നാദം നിലച്ചിരുന്നു. തണുത്ത മഞ്ഞുകാറ്റിൻ്റെ മൂളൽ മാത്രം.

പതിവുപോലെ സാവ്‌നിയെ അവന്‍ കോരിയെടുത്തു. തണുത്ത കാറ്റടിച്ച് അവളുടെ ശരീരം ഐസ്‌കട്ട പോലെയായെന്നു അവന് തോന്നി. കട്ടിലില്‍ കിടത്തി, വിളക്കുകള്‍ അണയ്ക്കും മുമ്പ് കരിമ്പടം മേലാകെ മൂടി. ചുണ്ടുകള്‍ പാതി വിടര്‍ന്നിരുന്നു. മുഖത്ത് ഒരു ചെറുചിരിയുമായാണ് അവള്‍ ഉറങ്ങുന്നതെന്ന് അവന് തോന്നി. ഏതോ സ്വപ്‌നത്തിലായിരിക്കുമെന്ന് കരുതി വിളക്കുകള്‍ അണച്ച് അവനും ഉറങ്ങി. പിറ്റേന്ന് അവധിയായിരുന്നു. ആ ഉറക്കം നീണ്ടു പോയി. എപ്പോഴോ ഉണര്‍ന്നപ്പോള്‍ രാവിലെ പതിനൊന്നായിരുന്നു. സാവ്‌നിയെ വിളിക്കാതെ തന്നെ അടുക്കളയിലെത്തി കാപ്പിയിട്ടു കുടിച്ചു. വീണ്ടും അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍, സാവ്‌നിയുടെ മൊബൈല്‍ ശബ്ദി്ച്ചു. ഓഫീസില്‍ നിന്നാണ്. അവള്‍ വാഷ്‌റൂമിലാണെന്ന് അവന്‍ കളവു പറഞ്ഞു. ഉടനെ തിരികെ വിളിക്കണമെന്ന ടീം ലീഡറുടെ ശാസന.

അവധി ദിനത്തിന്റെ ആലസ്യമൊന്നും ഈ കമ്പനികളില്‍ ഇല്ലേ… സാവ്‌നിയെ ഉണര്‍ത്താനായി ശ്രമം. വിളിച്ചിട്ടും ഉണര്‍ന്നില്ല. അവന്റെ വിളി ചെറിയൊരു നിലവിളിയായി ഉടനെ മാറി. ആംബുലന്‍സിന്റെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിപോയി. ആശുപത്രിയിലെ എമർജൻസി കെയറിൽ മിനിട്ടുകൾ കൊണ്ട് ഡോക്ടർ പരിശോധിച്ച് വിധിയെഴുതി. സാവ്നി ഒരിക്കലുമുണരില്ലെന്ന ഡോക്ടറുടെ മൊഴി കേട്ടതോടെ അവന് മോഹാലസൃമുണ്ടായി .

ബോധം വന്നപ്പോള്‍ സാവ്‌നിയുടെ പോസ്റ്റ്‌മോര്‍ട്ടത്തെക്കുറിച്ച് ആരോ പറയുന്നത് അവന്‍ കേട്ടു കരിമൂർഖൻ്റെ വിഷമേറ്റിരുന്നു. വരാന്തയില്‍ കിടന്നുറങ്ങിയ തന്നെയും കടന്ന് മൂർഖൻ ചാരുകസാലയില്‍ കിടന്ന അവളെ എങ്ങിനെ കടിക്കും. ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലായിരുന്നു.

ബലിയാലിയിലെ വീട്ടില്‍, ഒരിക്കല്‍ കൂടി അവളെത്തി ചേതനയറ്റ്. ഗോതമ്പു പാടങ്ങളെ തഴുകിയെത്തുന്ന കാറ്റേറ്റ് ഒരിക്കലും ഉണരാതെ ഉറക്കം. പാടത്ത് ചന്ദനമുട്ടികൾ ചേർത്ത് വെച്ച് അവൾക്ക് കിടക്കയൊരുക്കി . തണുപ്പകറ്റാൻ നെരിപ്പോടിന് തീ കൊളുത്തി .

അന്നു രാത്രി തിലക് കാമോദ് രാഗാലാപനം ഉണ്ടായില്ല. ഉറക്കമുണരാതെ അന്ന് രാവിലേയും അവള്‍ കിടന്ന കിടക്കയില്‍, അതേ കരിമ്പടം പുതച്ച് അവൻ ഉറങ്ങി.

കുറച്ചു ദിവസങ്ങള്‍ കൂടി അവിടെ തങ്ങി. സാവ്‌നിയുടെ അമ്മയും സഹോദരങ്ങളും അവനെ ആശ്വസിപ്പിക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. അവളില്ലാത്ത മോഹാലിയും ചണ്ഡിഗഡിലേക്കുള്ള യാത്രകളും , ഒരിക്കലും ഉൾക്കൊള്ളാനാവില്ലെന്ന ബോധ്യം.

നാട്ടിലേക്കുള്ള ടിക്കറ്റുമെടുത്തു യാത്രയ്‌ക്കൊരുങ്ങിയപ്പോള്‍, കൂടെ ആരുമില്ലെന്ന യഥാര്‍ത്ഥ്യം അവന്‍ തിരിച്ചറിഞ്ഞു. പണ്ട് മൊഹാലിയിലേക്ക് പോരുമ്പോള്‍ അച്ഛന്‍ കൂടെയുണ്ടായിരുന്നു. പിന്നീട് നാട്ടിലേക്ക് പോകുമ്പോഴും അവധി കഴിഞ്ഞ് മടങ്ങുമ്പോഴും അച്ഛനോ സാവ്‌നിയൊ ഒക്കെ കൂടെക്കാണും.

ഇപ്പോള്‍, ഈ യാത്ര ഒറ്റയ്ക്കായി. ഒടുങ്ങാത്ത ഓർമ്മകളാണ് കൂട്ടിന്. പക്ഷേ, നോവിന് ആശ്വാസമായി ഒരാലാപനം ഒഴുകിയെത്തുന്നു.

അത് തിലക് കാമോദ് ആയിരിക്കുമോ.. ? അതു പോലെ സാമ്യമുള്ള ഏതെങ്കിലും രാഗമായിരിക്കുമോ…? വായ്പാട്ടാണ് , ഉപകരണ സംഗീതമല്ല. സന്തൂറിലായിരുന്നുവെങ്കില്‍ ആ സ്വരങ്ങള്‍ അവന് മനപാഠമായിരുന്നു. കുതിച്ചു പായുന്ന ട്രെയിനിന്റെ ജനലുകളിലൂടെ തണുപ്പ് അരിച്ചെത്തി. അത് അവന്റെ അസ്ഥികളിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരുന്നു.