താജ് മഹൽ

യമുനയിലെ നീലജലത്തിന്റെ
ഓളങ്ങള്‍ കലപിലകൂട്ടുമ്പോള്‍
ഞാൻ
മുംതാസിനെപ്പറ്റി ചിന്തിച്ചു :
തന്റെ പതിനാലുമക്കളുടെ
അമ്മയായ ആ വനിതയെ
ഷാജഹാൻ സ്നേഹിച്ചിരുന്നുവോ ?

അതോ, അവര്‍ മരിച്ചുപോയിട്ടും
ഒരു പ്രണയക്കല്ലറയിൽ
തടവിലിടുകയായിരുന്നുവോ അവരെ ?

ഒടുവിൽ താനും, മരണശേഷം
ആ തടവിൽകിടന്ന്
കാലത്തിന്റെ ഋതുപ്പകര്‍ച്ചകള്‍ക്ക്
സാക്ഷ്യംവഹിക്കുമെന്ന്
ആ കാല്പനികചക്രവര്‍ത്തി
എന്നെങ്കിലും ചിന്തിച്ചിരിക്കുമോ ?
(ഒരു ചക്രവര്‍ത്തിക്കും
കാലത്തെ വായിക്കാനാവില്ലെന്ന്
ആര്‍ക്കാണറിയാത്തത് ! )

വെണ്ണക്കല്ലിനാൽ തീര്‍ത്ത
ലോകാത്ഭുത്തിന്റെ മുന്നിൽ
ഇമചിമ്മാതെ നിൽക്കെ
വര്‍ഷങ്ങള്‍
ശരത്ക്കാലമെന്നപോലെ
എനിക്കുമുകളിൽ
ഇലപൊഴിച്ചുകൊണ്ടിരുന്നു!

എന്റെ മുന്നിലപ്പോള്‍,
വിനോദയാത്രയ്ക്കുവന്ന കുട്ടികള്‍
അദ്ധ്യാപകരുടെ കൂടെ
താജിന്റെ നിര്‍മ്മിതിപ്പെരുമയിൽ
അമ്പരക്കുകയായിരുന്നു.!

കാവിത്തലപ്പാവണിഞ്ഞ ഗൈഡിന്റെ
വാക്കുകള്‍ പൊടിക്കാറ്റുപോലെ
കുട്ടികളെ
വലയംചെയ്യുന്നുണ്ടായിരുന്നു !

അയാള്‍ പറയുന്നു, കുട്ടികളേ !,
ഈ വെണ്ണക്കൽ സൗധം
ഒരു ഹിന്ദുക്ഷേത്രമായിരുന്നു
അതിക്രമിച്ചുവന്ന മുഗളന്മാര്‍
പ്രതിമകള്‍ തച്ചുടച്ച്
പുഴയിലെറിഞ്ഞതാണ്!

അവരീ കെട്ടിടത്തിന്റെ നിലവറയെ
ഒരു ശ്മശാനമാക്കുകയായിരുന്നു.
ഇതു ഞങ്ങളുടെ
ചരിത്ര പാഠപുസ്തകങ്ങളിലുണ്ടെന്ന്
കുട്ടികള്‍ ആര്‍ത്തുവിളിച്ചപ്പോള്‍
ഡൈഡിന്റെ മുഖത്തൊരു
താമരപ്പൂവു വിരിഞ്ഞുവന്നു!

കുട്ടികള്‍ സന്തോഷത്തോടെ
സെൽഫികളിൽ മുഴുകുമ്പോള്‍,
ഞെട്ടിയുണര്‍ന്നുപോയ ഞാൻ
വെളിച്ചത്തെ വിഴുങ്ങുവാൻ കാത്തിരിക്കുന്ന
കൂരിരുള്‍ കണ്ട്ചാടിയെണീറ്റ്
പുറത്തേക്കുള്ള വഴിതേടി.‍

അപ്പോള്‍ ,എന്റെ മുന്നിൽ,
ഷാജഹാനെന്നൊരു വൃദ്ധൻ
മുംതാസെന്നൊരു വൃദ്ധയുടെ കൈപിടിച്ച്
ധൃതിയിൽ പുറത്തേക്ക് നടക്കുകയായിരുന്നു !

കോഴിക്കോട് ജില്ലയിലെ മൊകേരി സ്വദേശി. ഇപ്പോള്‍ ചൊക്ലിയിൽ താമസിക്കുന്നു. നരിപ്പറ്റ, രാമർനമ്പ്യാർസ്മാരക ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ആനുകാലികങ്ങളിലും,നവമാധ്യമങ്ങളിലും എഴുതുന്നു. കന്യാസ്ത്രീകള്‍,ഓർമ്മമരം എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.