
ചാണകംകൊണ്ട് തേച്ച് മിനുക്കിയ ഉമ്മറക്കോലായിൽ പായവിരിച്ച് കിടക്കുക പതിവാണ്, വേലായിക്ക്. അകത്ത്നിന്ന് തള്ളയുടെ വിളികേൾക്കാം. പാറിപ്പറന്ന മുടിയും കുഴിഞ്ഞ കണ്ണുകളും വേലായിയുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. കുപ്പായമിടാത്ത തള്ളയുടെ വലിയ രണ്ട് മുലകൾ തൂങ്ങിക്കിടക്കുന്നുണ്ടാവും കുഞ്ഞുനാളില് ഞാൻ കാണുമ്പോൾ എനിക്ക് വലിയ അത്ഭുതായിരുന്ന് ഈ തള്ള മാത്രം എന്താണമ്മാ കുപ്പായമിടാത്തത്?
‘തള്ളക്ക് ഇഷ്ടല്യാഞ്ഞിട്ട്.’
അതെന്താ അങ്ങനെ!
ആഹ്, എന്തെങ്കിലും ആവട്ടെ .
കൂനിക്കൂനി നടക്കുന്ന തള്ളയ്ക്ക് മുറ്റമടിക്കാനും അടുത്ത വീട്ടിൽനിന്ന് വെള്ളം കൊണ്ടുവരുവാനും വലിയ പ്രയാസമായിരുന്നു.
‘പാവല്ലേ അമ്മേ, ഞാൻ മുറ്റടിച്ച് കൊടുത്തോട്ടെ തള്ളക്ക്?’
‘മീന്വേ, യ്യ് പോണ്ടട്ടാ അങ്ങട്ട്, ഭ്രാന്തൻ വേലായി പിടിച്ച്കൊണ്ട്പോവും.’
‘ന്നിട്ടോ!’
‘അയാളെന്തെങ്കിലും കാട്ടി കൊല്ലും!’ അമ്മ പറയും.
‘ന്നാ അയാള് തള്ളയ്ക്ക് വീട്ടിലെ കാര്യങ്ങളൊക്കെ ചെയ്ത്കൊടുക്കട്ടെ.’
അച്ഛമ്മയെകൊണ്ട് രണ്ട് ഭാഗം നീളമുള്ള മുടി പിന്നിയിട്ട് തുണി കഷ്ണം കൊണ്ട് മടക്കിക്കെട്ടി നല്ല ഭംഗിയാക്കി കണ്ണാടിക്ക് മുന്നിൽ ഞാൻ പോയി നിന്നു. മാൻ പേടക്കണ്ണും, ഇരുനിറവും, ഞാവൽപ്പഴത്തിൻ്റെ ചുണ്ടുമാണെങ്കിലും ചെറിയ ഒരു സുന്ദരിയല്ലാതില്ല, ചെട്ടിച്ചി വന്നപ്പോൾ ചേച്ചി വാങ്ങിത്തന്ന ശിങ്കാറിൻ്റെ കോലെടുത്ത് നെറ്റിയിൽ ഒരൊറ്റ കുത്ത് . കുറിപ്പിന് ഏഴഴക്, സൗന്ദര്യം ഒന്ന് വർദ്ധിച്ച പോലെയുണ്ട്.
ഉമ്മറത്തെ സെറ്റിയിൽ ചാരികിടക്കുന്ന അച്ഛന് ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് തള്ളേടെ പെരേലേക്ക് ഒറ്റ ഓട്ടം. അമ്മിത്തറേമ്മേല് വെച്ചിരിക്കുന്ന ചൂലെടുത്ത് മുറ്റം അടിച്ചുവാരി. അമ്മ പറഞ്ഞപ്പോലെ വേലായിയെന്നെ പിടിച്ച് കൊണ്ട് പോവ്വോ! ആവോ!
‘തള്ളേ, ഞാൻ നീട്ടി വിളിച്ചു.
മുറുക്കാൻ തിന്ന് ചോത്ത ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി തള്ള മുറ്റത്തേക്ക് വന്നു. നിറം മങ്ങിയ മുണ്ടിൻ്റെ കോന്തലയിൽ നിന്ന് മൂന്ന് നാണയതുട്ടുകൾ എടുത്ത് എൻ്റെ നേരേക്ക് നീട്ടി. ‘
‘ഇജ്ജ്,അലേര്യാപ്ല മീനേട്ട് വരുമ്പോ തള്ളക്ക് ഇതിന് മീൻ വാങ്ങി തര്യോ’
‘ഉം.’ ഞാൻ ആനാണയത്തുട്ടുകൾ വാങ്ങി
അറബിക്കടലിൻ്റെ ആഴങ്ങളിൽ നിന്നും മത്സ്യ തൊഴിലാളികൾ പിടിച്ചെടുത്ത മത്തിയുമായി അലേര്യാപ്ല വരുന്നതും കാത്ത് ഞാനങ്ങനെ കൂട്ടുകാരോടൊപ്പം കാത്തിരുന്നു. തള്ള തന്ന നാണയത്തുട്ടുകൾ കൈയ്യിൽ മുറുകെപ്പിടിച്ചു.
ദ്രാരിദ്രത്തിൻ്റെ മൂർദ്ധന്യാവസ്ഥയിലും തള്ള സൂക്ഷിച്ച് വെച്ച നാണയത്തുട്ടുകൾക്ക് കോടികളുടെ മൂല്യമുണ്ടെന്ന് കുട്ടിയായ എൻ്റെ മനസിസിൽ അന്നേ തോന്നിയുന്നു.
മീൻ വാങ്ങി ഞാൻ തള്ളേടെ വീട്ടിലെത്തി. ‘തള്ളേ…, ഞാൻ നീട്ടി വിളിച്ചു.
മൗനം.
‘തള്ളേ….. , ൻ്റെ വിളി ഉച്ചത്തിലായി
ഉമ്മറത്തിന് കേറാനുള്ള ധൈര്യമില്ല. “അമ്മ പറഞ്ഞ കഥയിൽ ഭ്രാന്തൻ വേലായി അടുത്ത വീട്ടിലെ സരളചേച്ചിനെ ഒളിഞ്ഞു നോക്കിന്നും സരളചേച്ചിക്ക് പേടി വന്ന് അപസ്മാരം ഇളക്കിയെന്നും വായിന്ന് നുരയും പതയും വന്നെന്നും ഇരുമ്പ് കയ്യിൽ കൊടുത്തിട്ടാണ് അത് മാറിയതെന്നും അച്ഛനോട് പറയുന്നത് അച്ഛൻ്റെ മടിയിലിരുന്ന് ഞാൻ കേട്ടിരുന്ന്.
‘അല്ല ഒളിഞ്ഞ് നോക്ക്യാ അപസ്മാരം വരുമോ?’
‘ആഹ്, ഇക്കറീല.’
‘ഓ,ഒരഞ്ച് വയസുകാരിക്ക് ഇതൊക്കെ നോക്കണ്ട ആവശ്യന്താണ്?
ഉമ്മറത്ത് ഓല കൊണ്ട് ആഞ്ചാം തൂക്കിയത് കൊണ്ട് തന്നെ വേലായി അവിടെ കിടക്കുന്നത് കാണാനും ഇല്ല്യ തള്ള വിളിയും കേൾക്കുന്നില്ല. തള്ളേ ഞാൻ വടക്കുമ്പുറത്തേക്ക് മെല്ലെ നടന്നു.
ഈ അലേര്യാപ്ല ഈർക്കിലിൽ കോർത്തിതന്ന മത്തി ഇൻ്റെ വലതു കയ്യിലുണ്ട്. തള്ളക്ക് മത്തി വല്ല്യഷ്ടാണ്. തള്ളേ ഞാൻ വിളിച്ച് കൊണ്ടിരുന്നു.
വടക്കുമ്പുറത്തെ കൊലായിയിൽ തലകറങ്ങിയിരിക്കുകയാണ് തള്ള. അയൽക്കാരെല്ലാരുംകൂടി തള്ളേനെ ആസ്പത്രിലെത്തിച്ചെങ്കിലും ആ ജീവൻ ദൈവ ലോകത്തെത്തിയിരുന്നു.
അന്ന് തള്ളേരെ വീട്ടിലെ ചട്ടീല് കറി വെക്കാതെ ആ മീൻ ചീഞ്ഞ് കിടന്നിട്ടുണ്ടാവും. തളള നിധിപോലെ സൂക്ഷിച്ച ആ മൂന്നുറുപ്പിക.
രാത്രിമൊത്തം ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. പുത്തൻ വെള്ളമുണ്ട് കൊണ്ട്പുതച്ച് നിറപുഞ്ചിരിയായി നിൽക്കുന്ന തള്ള.
‘ചോത്ത ചുണ്ടുകളും വിടർന്ന കണ്ണുകളും, ഇപ്പോഴും ഉറക്കത്തിൽ വല്ലപ്പോഴുമൊക്കെ തള്ളവരും . നിറപുഞ്ചിരിയുമായി മാടി വിളിക്കും. കണ്ണും തുറക്കുമ്പോൾ എങ്ങോപോയി മറയും. തള്ളക്ക് ഒരു പേരുണ്ടാവൂല്ലേ
അറിയില്ല, എല്ലാവരും അങ്ങനെ വിളിക്കുന്നത് ഞാനും അത് കേട്ട് വിളിച്ചു. തള്ള, ഇന്നും ഉറക്കത്തിൽ തള്ള വന്നു. പഴയപോലെ തൂങ്ങിക്കിടക്കുന്ന വലിയ മുലകൾ മറച്ച് പുതിയ വെള്ളമുണ്ട് പുതച്ച് നിറ പുഞ്ചിരിയുമായി.
‘തള്ളേ, ഞാൻ ഉറക്കെ വിളിച്ച് ഞെട്ടിയുണർന്നു.
കൺ തുറന്നപ്പോൾ എന്നെ അലോസരപ്പെടുത്തിയത് കുത്തിയൊഴുകുന്ന വിയർപ്പു ചാലുകളാണ്.
