നാലതിരുകളും
ചുവന്ന നൂൽകൊണ്ടു തയ്ച്ച വെള്ളത്തുണിയിൽ
തയ്യൽപ്പീരീഡ് നീ വരച്ചുതന്ന
പനിനീർപൂവായിരുന്നു
ഞാൻ വായിച്ച
ആദ്യകവിത.
പുറത്തെയിതളിൽ
വരച്ചുചേർത്ത മഞ്ഞുതുള്ളി
ഉള്ളിലിറ്റിയപ്പോഴാണ്
കവിതയുടെ തണുപ്പ്
ആദ്യമറിഞ്ഞത്.
നാലായി മടക്കിയ
വെളുത്ത കടലാസ്സിൽ
പൊതിഞ്ഞുതന്ന ഹൃദയം
നിന്നെ ഒട്ടും നോവിക്കാതെ
ഞാനതിൽ തുന്നിച്ചേർത്തൂ.
അതിന്റെ പിടപ്പ്
നമ്മളൊരുപോലെ
അറിഞ്ഞു തുടങ്ങിയപ്പോൾ
സിരകളിലുന്മാദമായി.
കാലമിട്ട ഡിസൈനുകളിൽ
അലങ്കാരത്തുന്നലുകൾ
വേണ്ടി വന്നപ്പോൾ
ഉള്ളിലെഴുതിയ കവിതയിൽ
ചോര ചുവച്ചുതുടങ്ങി.