തണുപ്പ്

മുറിവേറ്റ് നിണം തൂവിയ  
ഉടൽ ഹൃദയവുമായി
ഇരുൾ താണ്ടി
കടൽ കടന്ന്
നാട് കടന്ന്
കാടകത്ത്
കൊല്ലപ്പെട്ട പെൺകുട്ടി
ആത്മഹത്യ ചെയ്ത യുവാവ്
ഇനിയും ജനിച്ചിട്ടില്ലാത്ത കുഞ്ഞ്

സ്നേഹം പകുത്ത
നിലാവെള്ളികളില്ലാത്ത
നിഴലുകളില്ലാത്ത രാവിൽ
വഴി തെറ്റി വഴി മാറി
നടന്നു കുഴഞ്ഞ തളർന്ന
മണ്ണിൽ പുതഞ്ഞ കാലുകളാൽ
പറിച്ചെടുത്തോടാൻ പരാജിത ശ്രമം
ചിത്രത്തിലെന്നപോലെ കറുപ്പ്

ഇന്നില്ലാത്തവർക്കൊപ്പമുള്ള  
കിനാചുഴിവിട്ടുണരാൻ
ഉപേക്ഷിച്ച് രക്ഷപ്പെടാൻ
ഓർമ്മയെവിടെയോ മറന്ന മുഖഛായയുള്ള
പ്രിയപ്പെട്ടവരായിരുന്നവരുടെ-
വിളികേൾക്കാനായി തിടുക്കപ്പെട്ടു
അവർ മറ്റാരുടെയോ സ്വപ്നത്തിലെ-
മരണപര്യന്തം തടവുകാർ

വേഗം ഉറഞ്ഞുപോയ നിശ്ചലതയിൽ
മഴയിൽ കുതിർന്ന കരിയിലകളിൽ  
ഇഴയുന്ന തണുപ്പ്
നാഗവിഷദംശന ശബ്ദം
ശ് ……..ശ് ………..

കൊച്ചി സർവകലാശാലയിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ ആണ്. സാമ്പത്തിക ശാസ്ത്രം , രാഷ്ട്രതന്ത്രം, ലൈബ്രറി സയന്‍സ് തുടങ്ങിയവയില്‍ ബിരുദാനന്തര ബിരുദം, ലൈബ്രറി സയന്‍സില്‍ യു ജി സി ലെക്ച്ചര്‍ഷിപ്പ്, എം.ഫില്‍. ഒരു കവിത സമാഹാരം പ്രസിദ്ധീകരിച്ചു (സത്യസന്ധമായ മോഷണങ്ങൾ : ഇൻസൈറ്റ് പബ്ലിക്ക കോഴിക്കോട്). ആകാശവാണിയിൽ കവിത, പ്രഭാഷണങ്ങൾ തുടങ്ങിയവ അവതരിപ്പിക്കാറുണ്ട്. ഓൺലൈൻ / ഓഫ്‌ലൈൻ പ്രസിദ്ധീകരങ്ങളിൽ എഴുതുന്നു .