വാക്കുകൾ മൂകതയോടു വഴക്കിട്ടു ധൃതിയിൽ പടിയിറങ്ങിപ്പോയപ്പോഴാണ് കിനാവുകൾ വന്നു വാതിലിൽ മുട്ടിത്തുടങ്ങിയത്.
അങ്ങനെയങ്ങനെ സ്വപ്നങ്ങൾ ഒന്ന് രണ്ടായി, രണ്ട് നാലായി പെറ്റു കൂട്ടാൻ തുടങ്ങി. മനസ്സു നിറഞ്ഞു കവിഞ്ഞുതുടങ്ങിയപ്പോഴാണ് പുതുക്കി പുതുക്കി പഴകിയ രണ്ടു സ്വപ്നങ്ങൾ ഇടവഴിയിലേക്കിറങ്ങിയത്.
മൗനത്തിന്റെ ചീളുകൾ ചിതറി തെറിച്ചു കിടക്കുന്ന ഇടവഴിയിലൂടെ രണ്ടു സ്വപ്നങ്ങൾക്ക് മാത്രം നടന്നു പോകാവുന്ന, ഒരിക്കലും നടന്നാൽ തീരാത്ത പ്രണയ പാതകളിലൂടെ പരസ്പരം വിരലുകൾ കോർത്ത്, തോളുകളുരുമ്മി. നിശ്ശബ്ദത കുടിച്ചു വറ്റിക്കാനായി അവർ മത്സരിക്കുന്നുണ്ടായിരുന്നു. സ്വപ്നപ്പൂവുകള് പൂത്തു നില്ക്കുന്ന പ്രണയ വെളിച്ചം വീശിയെറിഞ്ഞ പാതകളിലൂടെ ഇരു സ്വപ്നങ്ങൾ മാത്രമങ്ങനെ…
ചാരത്തു ചാറിയ ചാറ്റൽ മഴയിൽ പൂക്കുന്ന ഹൃദയങ്ങളുള്ള സ്വപ്നങ്ങൾ…
ആ പ്രണയവീഥിയിൽ, ഇടയ്ക്കൊരു ചുംബന സമയത്തോളം പിണങ്ങിയും, ഒരുമ്മ കൊണ്ട് വറ്റിച്ചെടുക്കുന്ന പിണക്കം മാത്രമുള്ള സ്വപ്നങ്ങൾ.
അലക്കിയലക്കി നരച്ചു പോയ കോട്ടൺ വസ്ത്രം കണക്കെ നരച്ചിരുന്നു അവ രണ്ടും…
അങ്ങനെയൊരു സ്വപ്നം ഓർത്തു….., തന്റെയിന്നലെകളെ മടുപ്പിന്റെ ഉച്ചിയിലെ ലഹരിക്ക് മരണത്തിന്റെ ചവര്പ്പായിരുന്നത്രേ. മടുപ്പു കുടിച്ചുമദിച്ച ഈ സ്വപ്നത്തെയങ്ങു കൊന്നുകളയണം ഒരു നാൾ. എന്നാലെങ്കിലും ഈ മടുപ്പ് തീര്ന്നുകിട്ടുമല്ലോ?
പിന്നെ, എങ്ങോട്ടു നടക്കണമെന്നും എങ്ങനെ നടക്കണമെന്നും വഴികളെങ്ങനെയൊക്കെയായിരിക്കുമെന്നും പോകേണ്ട സ്ഥലങ്ങളെക്കുറിച്ചും കാണേണ്ട കാഴ്ചകളെക്കുറിച്ചുമൊക്കെ ഉന്മാദിനികളെ പോലെ സംസാരിച്ചു കൊണ്ടവർ നടക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു.
പൊടുന്നനെയെത്തിയ വാക്കിന്റെ കൂട്ടങ്ങൾ സ്വപ്നങ്ങളെ തടവിലാക്കി പരസ്പരം കാണാത്ത രണ്ടു കൽത്തുറുങ്കിലടച്ചു.
കോടതി മുറിയിൽ കണ്ണുകെട്ടിയ നീതി ദേവതയ്ക്കു മുന്നിട്ടവരെ തലങ്ങും വിലങ്ങും വചനങ്ങളുടെ ചാട്ടവാറുകളാൽ ആഞ്ഞടിച്ചു. ആ വചനപ്പെയ്ത്തിൽ സ്വപ്നങ്ങൾ മുങ്ങിയൊലിച്ചു.
നിയമ പുസ്തകത്താളുകളിലെ അക്ഷരമാലകൾ ചടുല നൃത്തമാടിത്തുടങ്ങി. കുറ്റവാളികളെന്ന് മുദ്ര കുത്തി അവരെ തൂക്കുമരത്തിന്റെ തണലിലേക്കാനയിച്ചു.
ആ നിയമ പുസ്തകത്തിലെ ചില താളുകളിൽ ചിതലുമ്മ ഒളിച്ചു താമസിച്ചിരുന്നു. ആ തുളയിലൂടെ കേറിയവർ ജാമ്യം നേടിയെടുത്തു. ഒന്നിന് രണ്ടാൾ ജാമ്യം വേണം പോലും. കിനാവുകൾക്കാര് ജാമ്യം നിൽക്കും.!
ജാമ്യം നിൽക്കാനാളില്ലാതെ വീണ്ടും ഏകാന്ത തടവിലേക്കവർ. കാതിനു ചുറ്റും വാക്ക് ഭടന്മാരുടെ അട്ടഹാസം, ശരമാരിപ്പെയ്ത്ത്.
താരങ്ങളെ തിന്നു വിശപ്പടക്കുന്ന സൂര്യന്റെ തുപ്പലിൽ തെറിക്കുന്ന വെയിൽച്ചീളുകളിൽ തട്ടി നെയ്തുകൂട്ടിയ കിനാക്കുപ്പായങ്ങൾ കീറിത്തുടങ്ങി.
അപമാനം താങ്ങാനാവാതെ തടവറയിലവർ പിഞ്ഞു തുടങ്ങിയ ഉടുതുണിയിൽ ജീവനെ പൊതിഞ്ഞയച്ചു.
സ്വപ്നങ്ങൾക്ക് കാവൽ നിൽക്കുന്നവർ അടക്കം പറഞ്ഞു, നിയമാവലി തിരുത്തിയെഴുതേണ്ട കാലമതിക്രമിച്ചെന്ന്..
അതുമൊരു കിനാവ് മാത്രമായവശേഷിക്കുന്നു അന്നും ഇന്നും, എന്നും…
അപ്പോഴും ആരുടെയോ ഉറക്കത്തിന്റെ ഗർഭപാത്രത്തിലെ ഭ്രൂണമായിരുന്നു എന്നെങ്കിലും മാറ്റിയെഴുതപ്പെടുന്ന പ്രത്യാശയുടെ സ്വപ്നകുഞ്ഞുങ്ങൾ.