“പരമാവധി ഐറ്റത്തിൽ പങ്കെടുക്കാൻ നോക്കണം. നിങ്ങടെ ബാച്ചിന്റെ ആദ്യത്തെ പ്രോഗ്രാം അല്ലെ ഇത്; അങ്ങ് തകർത്തേക്ക്. കോപ്‌സിന്റെ ശക്തി എന്താണെന്ന് GECI അറിയട്ടെ.”
പ്രചോദനം തുളുമ്പുന്ന നൗഫലേട്ടന്റെ വാക്കുകളെ സാകൂതം ശ്രവിക്കുകയാണ് ഞങ്ങൾ. ആഷിഷിന്റെ മുറിക്കകത്തെ കട്ടിലിൽ ഒരു വട്ടമേശ സമ്മേളനത്തിന് സമാനമായി എല്ലാവരും ഇരിക്കുന്നു. കാര്യമിതാണ്, ഈ വരുന്ന നവംബർ – 1 നാണ് കോളേജിലെ കേരളപ്പിറവി ആഘോഷം. മാഗസിൻ പ്രകാശനത്തോടൊപ്പം നിരവധി കലാപരിപാടികളും അരങ്ങേറുന്നുണ്ട്. അതിന്റെ ഭാഗമായി ഫസ്റ്റ് ഇയർ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനുള്ള സ്റ്റുഡൻറ് യൂണിയന്റെ പ്രചോദനദൂതുമായാണ് സീനിയറായ നൗഫലേട്ടൻ ഹോസ്റ്റലിൽ (‘കോപ്സ് ’) വന്നിരിക്കുന്നത്.
കോളേജിൽ വന്നിട്ട് കഷ്ടിച്ച് 3 മാസം തികയുന്നേ ഉള്ളു . അതു കൊണ്ടുതന്നെ ആർക്കൊക്കെ ഏതൊക്കെ സർഗ്ഗസിദ്ധികളുണ്ടെന്നുള്ളത് ഞങ്ങൾക്ക് പോലും പരസ്പരം അറിയില്ല. എന്തെങ്കിലും ചെയ്യണ്ടേ എന്നാഗ്രഹത്തോടെ പയ്യൻസെല്ലാം അങ്ങോട്ടിങ്ങോട്ട് നോക്കികൊണ്ട് ഗോഷ്ടി കാണിക്കാൻ തുടങ്ങി .
“ഞാൻ ഡാൻസ് ചെയ്യാം, പഠിച്ചിട്ടുണ്ട്“ ലിബിനായിരുന്നു ആദ്യത്തെ സമ്മതമണി മുഴക്കിയത്.
“ചെറുതായൊക്കെ ഞാനും പാടും, ഒരു കൈ വേണമെങ്കിൽ നോക്കാം”. രാജേഷും തന്റെ താല്പര്യം അറിയിച്ചു.
ഞങ്ങളില്ലേ എന്ന മുഖ ഭാവത്തിൽ കലിപ്പനായ അൻവറും അമ്മാവനെന്ന് അറിയപ്പെടുന്ന ആഷിഷും കമ്പ്യൂട്ടർ ജീനിയസ്സായ വിപിനും രംഗം വിട്ടു. പൊറോട്ടയും ഗ്രേവിയും കഴിക്കാൻ പാപ്പൻസിൽ പോയ സൗരബും ഫുട്ബോൾ കളിയ്ക്കാൻ പോയ ഡാനിഷും സ്ഥലത്തുണ്ടായിരുന്നില്ല. ആരോടോ ഫോണിൽ സൊള്ളിക്കൊണ്ട് അപ്പുറത്തെ റൂമിലായിരുന്നു ഫായിസ്. ജോബിയും ഷെരീഫും ജിത്തുവും കാര്യങ്ങളെങ്ങോട്ടാണ് പോകുന്നതെന്നറിയാൻ മാത്രം അവിടെ തുടർന്നു.
എന്ത് മറുപടി പറയണമെന്നറിയാതെ ഞാനും ആശങ്കയിലായി. തിരക്കഥാകൃത്താകണമെന്ന ആഗ്രഹവുമായി ബിരുദ സമ്പാദനത്തിന് വേണ്ടി മാത്രം ഇടുക്കിയിൽ എത്തിപ്പെട്ടിരിക്കുകയാണ് ഞാൻ. കഴിവ് തെളിയിക്കാൻ പറ്റിയ അവസരമാണ് മുന്നിൽ വന്നിരിക്കുന്നത്. പ്രശസ്തരായ പല സിനിമാക്കാരും കലാലയ മത്സരങ്ങളിൽ മികവ് തെളിയിച്ചവരാണ്. ഞാനും വിട്ടുകൊടുക്കാൻ പാടില്ലല്ലോ. ഒന്നുമാലോചിക്കാതെ രണ്ടും കൽപ്പിച്ചു ഞാൻ പറഞ്ഞു .
“ഒരു നാടകമായാലോ . “
ഇതിനു മാത്രമൊക്കെ ഇവൻ വളർന്നോ എന്ന് തോന്നിക്കുന്ന ഭാവങ്ങൾ ചിലരുടെ മുഖത്ത് ഉദിച്ചുയർന്നെങ്കിലും അതൊന്നും വകവയ്ക്കാതെ ഭാവി തിരക്കഥാകൃത്ത് തുടർന്നു .
“ഏത് കാലത്തും ആൾക്കാർക്കിഷ്ടമുള്ള കലാ രൂപമാണ് നാടകം. നല്ലൊരു വിഷയം രസകരമായി അവതരിപ്പിച്ചാൽ കയ്യടി ഉറപ്പ്. ഞാനൊന്ന് ആലോചിക്കട്ടെ. “
ഇത് കേട്ടപ്പോൾ കൂടെയുള്ളവർക്കും താൽപ്പര്യം വന്നു. ചില കാര്യങ്ങൾ കൂടി ചർച്ച ചെയ്തു യോഗം പിരിഞ്ഞു.
തുടർന്നുള്ള ദിവസങ്ങളിൽ എന്ത് വിഷയം അവതരിപ്പിക്കണം എന്ന തീവ്ര ചിന്ത എന്റെയുള്ളിൽ ഉടലെടുത്തു. തിരക്കഥയും സംവിധാനവും സ്വയം ചെയ്യണം, പറ്റുമെങ്കിൽ അഭിനയവും ഒരു കൈ നോക്കാം. അഭിനവ ബാലചന്ദ്രമേനോൻ ലൈനിൽ നാടകത്തിന് പിറകെ ഞാൻ ശ്രദ്ധാപൂർവം സഞ്ചരിച്ച് തുടങ്ങി .
ഒരു ദിവസം പെട്ടന്നാണ് ആ ഐഡിയ ടോർച്ചടിച്ചു കൊണ്ട് മനസ്സിൽ പ്രകാശം വാരി വിതറിയത്. ഹിസ്റ്ററി ക്ലാസ്സിനിടയിൽ കുട്ട്യോളുടെ വെറുപ്പിക്കൽ കാരണം രമേശൻ മാഷ് പണ്ടൊരു ഒരു കഥ പറഞ്ഞു തന്നിരുന്നു. മുഴുവൻ ക്ലാസ്സിനെയും ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ ബ്രോം സ്റ്റോക്കറുടെ സൃഷ്ടിയായ ഡ്രാക്കുളയുടെ ആ ചിത്രം എന്റെ അകക്കണ്ണിൽ തെളിഞ്ഞു വന്നു. ഡ്രാക്കുള കോട്ടയിൽ വസിക്കുന്ന രക്ത ദാഹിയായ ആ ഇരുട്ടിന്റെ രാജാവിനെ ഇടുക്കിയിലേക്കൊന്ന് പറിച്ചു നട്ടാല്ലോ? രക്തക്ഷാമം അനുഭവിക്കുന്ന ട്രാൻസിൽവാനിയയിൽ നിന്ന് ഇടുക്കിയിലെ മല മുകളിൽ പുതിയൊരു കോട്ട വാങ്ങാൻ വരുന്ന രീതിയിൽ ഡ്രാക്കുളയെ അവതരിപ്പിക്കുക. കുറെ നടന്നിട്ടും കോട്ട ലഭിക്കാതെ ഒടുവിൽ ഒരു ബ്രോക്കറെ അങ്ങേർക്ക് കാണേണ്ടി വരുന്നു . അവരുടെ ഇടയിലുള്ള രസകരമായുള്ള ചില സംഭാഷണങ്ങളും ഒടുവിൽ മലയാളികളെ സഹിക്കാൻ പറ്റാതെ പേടിച്ച് ട്രാൻസിൽവാനിയയിലേക്ക് ഓടിപ്പോകുന്നതുമായ ഒരു നവ ഡ്രാക്കുള.
മഹാഭാരതത്തെ പുനർനിർവചിക്കാൻ എം ടി ക്കു പറ്റുമെങ്കിൽ ബ്രോംസ്റ്റോക്കറുടെ ഭീതിയുണർത്തുന്ന ആ കഥാപാത്രത്തെ കേരളത്തിലേക്ക് പറിച്ചു നടാൻ ഈ കോഴിക്കോട്ടുകാരനും അവകാശമില്ലേ, അല്ല പിന്നെ…. സറ്റയർ രീതിയിൽ വിഭാവനം ചെയ്തുകൊണ്ട് ആ ലഘു നാടകത്തിന്റെ രചന പെട്ടന്ന് തന്നെ ഞാൻ പൂർത്തിയാക്കി .
ഒട്ടും അമാന്തിക്കാതെ നാടകത്തിനൊരു പേരും നൽകി.
“ഡ്രാക്കുള കേരളത്തിൽ”.
എഴുതിക്കഴിഞ്ഞതിനു ശേഷമാണ് ആ കാര്യം ഞാൻ ആലോചിക്കുന്നത്. ആരഭിനയിക്കും ഡ്രാക്കുളയുടെ വേഷം ? ബ്രോക്കറുടെ റോൾ ഞാൻ തന്നെ ചെയ്യുമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. കോപ്‌സിലെ ഓരോ മുഖങ്ങളെയും ഡ്രാക്കുളയായി സങ്കൽപ്പിച്ചു നോക്കി. ആരും ശരിയാകുന്നില്ല. ഒടുവിൽ എന്റെ അന്വേഷണം അനുയോജ്യമായ ആ മുഖത്തെത്തി ചേർന്നു .
അതെ, അവൻ തന്നെ … സൗരഭ് .
ആറടി പൊക്കവും ഉറച്ച ശരീരവും സ്വന്തമായുള്ള അവനല്ലാതെ ഇടുക്കി ജില്ലയിൽ വേറാർക്കും ആ റോൾ ചെയ്യാൻ പറ്റില്ല എന്നസത്യം ഞാൻ തിരിച്ചറിഞ്ഞു. പക്ഷെ ഒരു ചെറിയ പ്രശ്നമുണ്ട്. മൂപ്പരുടെ മുഖം എപ്പോഴും ഒരു നിഷ്കളങ്കത നിറഞ്ഞ പുഞ്ചിരിയോടെയായിരിക്കും. ഭീകരരൂപിയായ രാജാവിനെ ഭാവാഭിനയം കൊണ്ട് ഉഗ്രനാക്കാൻ സൗരബിന് പറ്റുമോ എന്നൊരു ആശങ്ക എന്നിലുടലെടുത്തു. ഇതാലോചിച്ചു കൊണ്ടിരിക്കുമ്പോളാണ് കക്ഷി ആ വഴി വരുന്നത്. എന്നാൽ പിന്നെ അഭിനയ സിദ്ധി ഒന്നളന്നു നോക്കാൻ തന്നെ ഞാൻ തീരുമാനിച്ചു .
“ഡാ സൗരബേ” . പതുക്കെ ഞാൻ ചൂണ്ടയെറിഞ്ഞു.
“എന്താടാ , ഇന്ന് തീരെ മേളിലേക്ക് കണ്ടില്ലല്ലോ . ബിസിയാണോ? “
“അതേടാ ..കുറച്ച് പണികളുണ്ടായിരുന്നു, നവംബർ -1 st ന്റെ പ്രോഗ്രാം വരികയല്ലേ. അതിന്റെ കുറച്ച് തിരക്കിലാ. നീ ഒന്നിലും പങ്കെടുക്കുന്നില്ലേ?”
“ഓ…. എനിക്കതിനൊന്നും തീരെ ഇന്ററെസ്റ്റ് ഇല്ലടാ ഇപ്പോ. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഇത് തന്നെ ആയിരുന്നു പരിപാടി. എല്ലാറ്റിലും ഫസ്റ്റ് പ്രൈസ് എനിക്ക് മാത്രം കിട്ടാൻ തുടങ്ങിയപ്പോള്‍ ബോറടിച്ച് പിന്നെ ഞാൻ ആ ഐറ്റംസൊക്കെ നിർത്തി”.
“ആഹാ… അപ്പൊ നീ പണ്ട് ആർട്സ് ഫെസ്റ്റിവലിലൊക്കെ പാർട്ടിസിപെറ്റ് ചെയ്യാറുണ്ടല്ലേ. ഏതൊക്കെ ഐറ്റത്തിലാ പങ്കെടുക്കാറ്?”
എന്റെ ആശങ്കകൾ ചെറുതായി അലിഞ്ഞില്ലാതാകാൻ തുടങ്ങി.
“ഫേൻസി ഡ്രസ്സ് ആണ് നമ്മടെ മാസ്റ്റർ പീസ്. പള്ളീലച്ചൻ, തെങ്ങു കയറ്റക്കാരൻ, വേലുത്തമ്പി ദളവ… മൂന്ന് വർഷം അടുപ്പിച്ചല്ലേ സബ്ജില്ലയിൽ ഫസ്റ്റ് അടിച്ചത്. പിന്നെ, സയൻസ് ഫെയറിൽ ഹാക്കിങ്ങിൽ സ്റ്റേറ്റ് ഫസ്റ്റും കിട്ടീട്ടുണ്ട്”.
“ഹാക്കിങ് ഒക്കെ ഒരു കോംപെറ്റീഷൻ ഐറ്റം ആണോടാ ?”
“പിന്നല്ലാതെ.. ആ വർഷം മാത്രേ ഉണ്ടായിരുന്നുള്ളു. ഇപ്പോ നിർത്തി “.
കലയുടെ രക്തം പുളഞ്ഞൊഴുകുന്ന സിരകൾ ആ ആറടി ശരീരത്തിലുണ്ടെന്ന തിരിച്ചറിവ് എന്നെ കൂടുതൽ സന്തോഷവാനാക്കി. ഇനി ഒന്നും ആലോചിക്കാനില്ല. ഇവൻ തന്നെ നമ്മുടെ നായകൻ. ഞാൻ കാര്യം അവതരിപ്പിച്ചു .
“എന്നാ ഒരു കാര്യം കൂടി പറയാനുണ്ട്. അപ്പൊ നീ ആണ് നമ്മുടെ ഈ വർഷത്തെ നാടകത്തിലെ നായകൻ. ഡ്രാക്കുളേടെ റോളാടാ . സൂപ്പറാക്കണം.”
അതവൻ പ്രതീക്ഷിച്ചിരുന്നില്ല. ഞാനെന്തോ തമാശ പറയുന്ന പോലെയാണ് ആശാൻ ആദ്യം കരുതിയത്. നിഷേദ്ധമായിരുന്നു ആദ്യ പ്രതികരണം.
“ഒന്ന് പോ മഹേഷേ…. ഞാനില്ല, നീ വേറെ ആരേലും നോക്ക്”.
ലിബിന്റെ ഡാൻസ് റിഹേഴ്സൽ നടക്കുന്നിടത്ത് പോയി കോപ്‌സിലെ മറ്റുള്ളവരോടെല്ലാം കാര്യങ്ങൾ പറഞ്ഞു. എതിർപ്പുകളുടെ നേർത്ത ശബ്ദം പോലുമില്ലാതെ കൈയടിച്ചു കൊണ്ട് എന്റെ ആ തീരുമാനത്തെ എല്ലാവരും സ്വാഗതം ചെയ്തു. ഒടുവിൽ സൗഹൃദസമ്മർദത്തിന് മുകളിൽ സൗരഭ് നായക സ്ഥാനം ഏറ്റെടുത്തു. അങ്ങനെ മലയാളനാടകവേദിയുടെ ചരിത്രത്തിൽ കോപ്‌സിന്റെ നാമം സുവർണ്ണ ലിപികളാൽ അടയാളപ്പെടുത്താനായുള്ള ഞങ്ങളുടെ യാത്ര തുടങ്ങുകയാണ് സുഹൃത്തുക്കളെ….
റിഹേഴ്‌സൽ തുടങ്ങി. കഥാപാത്രത്തെ നായകന് ആഴത്തിൽ വിശദീകരിച്ചു കൊടുത്തു. ഇതിനിടയിൽ ഞാൻ സൗരബിനെ കൂടുതലായി അറിഞ്ഞു തുടങ്ങി. കുറെ സ്വഭാവ സവിശേഷതകളുള്ള ആളാണ് മൂപ്പർ. മൂന്നു നേരവും പൊറോട്ട യാണ് മിക്ക ദിവസങ്ങളിലും ആളുടെ ഭക്ഷണം. ഹാക്കിങ്ങിൽ തന്റേതായ സാങ്കേതിക സാമ്രാജ്യം സൃഷ്ടിച്ചു “ഇന്റെൽവിസ്” എന്ന ഒരു കമ്പനി സ്ഥാപിക്കുക എന്നുള്ളതാണ് അവന്റെ ജീവിത ലക്‌ഷ്യം. പഞ്ചവർണ്ണ തത്തയുടെ രൂപഭംഗിക്ക് സമാനയായ ഒരു സുന്ദരിയെ മാത്രമേ തന്റെ ജീവിത സഖിയാക്കൂ എന്ന ദൃഢ നിശ്ചയവും സൗരബിനുണ്ട്. ഇത്രയേറെ പ്രത്യേകതകൾ ജീവിതത്തിൽ വച്ചു പുലർത്തുന്ന നായകനെക്കുറിച്ചാലോചിച്ച് എനിക്കഭിമാനം തോന്നി. രണ്ടു ദിവസങ്ങൾക്കുള്ളിൽ സംഭാഷണങ്ങളെല്ലാം ഹൃദ്യസ്ഥമാക്കി ഞങ്ങൾ നാടകാവതരണത്തിനായി പൂർണ സജ്ജരായി.
നവംബർ 1. ഇന്നാണ് ആ സുദിനം. രാവിലെ തന്നെ ചെറുതോണിയിൽ നിന്ന് സ്ഥലമില്ലാത്ത ജീപ്പിൽ തൂങ്ങിപ്പിടിച്ച് എല്ലാവരും കോളേജിലെത്തി . S3 ബ്ലോക്കിലെ ഒരൊഴിഞ്ഞ ക്ലാസ് മുറിയിൽ നിന്ന് ഒരുക്കവും മേക്കപ്പും സ്വാശ്രയ സഹകരണ രീതിയിൽ പൂർത്തിയാക്കി. പൗഡർ, കണ്മഷി തുടങ്ങിയ ലൊട്ടു ലൊടുക്ക് സാധനങ്ങൾ മാത്രമായിരുന്നു ലഭ്യമായ രൂപമാറ്റ സാമഗ്രികൾ. മുണ്ടും ഷർട്ടുമായിരുന്നു എന്റെ വേഷം. കയ്യിലുള്ള ഒരു വെളുത്ത ടീ ഷർട്ടും കറുത്ത കോട്ടും ഷാളും പാന്റുമുപയോഗിച്ച് സൗരഭിനെ ഒരുക്കി. തൊലി കളഞ്ഞ രണ്ട് വെളുത്തുള്ളി കൂടി വായയിൽ ഒട്ടിച്ചു കൊടുത്തപ്പോൾ യഥാർത്ഥ ഡ്രാക്കുള ഇറങ്ങി വന്നപോലെ ഞങ്ങളും ആശ്ചര്യപ്പെട്ടു.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ പരിപാടി തുടങ്ങി. വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും കൊണ്ട് സദസ്സ് നിറഞ്ഞിരിക്കുകയാണ്. ഉദ്‌ഘാടന പ്രസംഗങ്ങൾക്ക് ശേഷം ‘INSPIRE’ എന്ന പേരിലുള്ള കോളേജ് മാഗസിൻ പ്രകാശനം പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാട് നിർവഹിച്ചു. മകനെ മലയാളമീഡിയത്തിൽ പഠിപ്പിച്ചതിന് താൻ ഇപ്പോൾ ഖേദിക്കുന്നു എന്ന് പറഞ്ഞുള്ള അദ്ദേഹത്തിൻറെ പ്രഭാഷണം പലരും അത്ഭുതത്തോടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ലിബിനും ടീമും അവതരിപ്പിച്ച ‘ചെന്നൈ സെന്തമിഴ്’ ഗാനത്തിന്റെ അകമ്പടിയോടെയുള്ള ഫ്യൂഷൻ ഡാൻസിന് നല്ല കൈയ്യടി കിട്ടി. രാജേഷും തന്റെ ഗാനം ഗംഭീരമാക്കി. കോപ്‌സിന്റെ പിള്ളേർ തുടക്കം ഉഗ്രനാക്കിയിരിക്കുന്നു. അടുത്തത് ഞങ്ങളുടെ ഊഴമാണ് !
വേദിയ്ക്ക് പിറകിലെ മറവുള്ള ഭാഗത്ത് സ്റ്റേജിലേക്കുള്ള വിളിയും കാത്തിരിക്കുകയാണ് ഞങ്ങൾ. അടുത്തതായി തിരുവാതിര നൃത്തം അവതരിപ്പിക്കാൻ പോകുന്ന സുന്ദരികളെ നോക്കി നിൽക്കുന്ന എന്നെ നോക്കി സൗരബ് പറഞ്ഞു .
“വായ് നോട്ടം മതിയെടാ, നമുക്ക് ഒരു തവണ കൂടി ഒന്നോടിച്ച് റിഹേഴ്‌സൽ ചെയ്യാം”.
അത് ശരിയാണെന്ന് എനിക്കും തോന്നി. ഒരു വട്ടം കൂടി സംഭാഷണങ്ങളെല്ലാം പരസ്പരം പറഞ്ഞു കൃത്യത ഞങ്ങൾ ഉറപ്പു വരുത്തി.
നാടകത്തിനുള്ള വിളി വന്നു. പ്രതീക്ഷകളുടെ ആവേശത്തോടെ തിരശ്ശീല ഉയർന്നു. കഥാപശ്ചാത്തലത്തെക്കുറിച്ചുള്ള ചെറു വിവരണത്തോടെ നാടകം ആരംഭിച്ചു. ആദ്യം സ്റ്റേജിൽ കയറുന്നത് ബ്രോക്കറുടെ കഥാപാത്രമാണ്. ചുവടുകൾ പിഴയ്ക്കരുതേ എന്ന പ്രാർത്ഥനയോടെ ഞാൻ അരങ്ങിലെത്തി. ചെറു സംഭാഷണങ്ങൾക്ക് ശേഷം നായകൻ വരാനുള്ള നേരമായി. പേടിപ്പെടുത്തുന്ന മുഖഭാവങ്ങളോടെ സൗരബ് രംഗപ്രവേശനം ചെയ്തു. ഒരു അസ്സൽ ഡ്രാക്കുളയെ തോന്നിപ്പിക്കും വിധമുള്ള സൗരബിന്റെ ആഗമനം കാണികളിൽ ജിജ്ഞാസ പടർത്തി. ഇനി ഞാൻ പറഞ്ഞ ഒരു ചോദ്യത്തിനുത്തരമായാണ് ഡ്രാക്കുവിന്റെ ആദ്യ സംഭാഷണം തുടങ്ങുന്നത്. ബ്രോക്കർ ചോദ്യമെറിഞ്ഞെങ്കിലും മറുഭാഗത്ത് നിന്ന് വാക്കുകളൊന്നും പൊഴിയുന്നില്ല . ഡയലോഗ് പറയെടാ എന്ന അർത്ഥത്തിൽ നവരസങ്ങളുടെ മിശ്രിത ഭാവങ്ങൾ ഞാൻ മുഖത്ത് വരുത്തി .
ഒരു രക്ഷയുമില്ല… നിറഞ്ഞു നിൽക്കുന്ന കാഴ്ചക്കാരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഒരു പ്രതിമയെ കണക്ക് നായകൻ അചഞ്ചലനായി നിൽക്കുകയാണ്. ഇടയ്ക്ക് മുഖം വലതു കൈകൊണ്ട് ഒന്ന് ചെറുതായി ചൊറിയുന്നുമുണ്ട്.
ദൈവവമേ, പണി പാളിയോ? ഞാൻ ശബ്ദം താഴ്ത്തികൊണ്ട് ഡ്രാക്കുവിനോട് പറഞ്ഞു .
“ഡയലോഗ് പറയെടാ. “
ഒരു ടാബ്ലോയിലെ കലാകാരന് സമമായി ഉണ്ണിയേശുവുവിന്റെ നിഷ്ക്കളങ്ക ഭാവത്തോടെ അവൻ എന്നെ നോക്കി ചിരിച്ചു. ഈശ്വരാ…., നാടകം എന്നത് മറന്ന് ഇത് ഫാൻസി ഡ്രസ്സ് മത്സരമാണെന്ന് ഇവൻ വിചാരിച്ചു കാണുമോ ?
കാഴ്ചക്കാർക്ക് സംഭവം പിടികിട്ടി. സംഭാഷണങ്ങളിലെ തടുർച്ചയില്ലായ്മ സ്വാഭാവികമായും അവരെ അലോസരപ്പെടുത്തി. അങ്ങനെ കാണികൾ അവരുടെ പരമ്പരാഗത കർമം ആരംഭിക്കാൻ തുടങ്ങി. നിർത്താത്ത കൂവൽ. റിക്ടർ സ്കെയിലിൽ 9 നും അപ്പുറം വരുന്ന തീവ്രതയോടെ അടുത്തുള്ള മലകളെ വരെ ആ ശബ്ദ കോലാഹലങ്ങൾ പ്രകമ്പനം കൊള്ളിച്ചു. ‘ഡയലോഗ് പറയെടാ’ എന്നുള്ള കാർക്കശ്യ ശബ്ദങ്ങൾ പലയിടങ്ങളിൽ നിന്നായി കേട്ട് തുടങ്ങി. കഷ്ടപ്പെട്ട് ചില വാക്കുകൾ പുറത്തിടുവാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും തുടക്കത്തിലേ വിഘ്‌നങ്ങൾ മാറ്റമില്ലാതെ തുടർന്നു. പടച്ച റബ്ബിനെയും ഗുരുവായൂരപ്പനെയും ഈശോ മിശിഹായെയും ഞാൻ മനസറിഞ്ഞു വിളിച്ചു നോക്കി. അവരാരും ആ വഴിക്ക് തിരിഞ്ഞു നോക്കിയതേ ഇല്ല. നാടകത്തെക്കാൾ നാടകക്കാരുടെ അവസ്ഥ കണ്ടിട്ട് വിദ്യാർത്ഥികളും അദ്ധ്യാപകരും പരിഹാസച്ചിരി തുടർന്നു . പക്ഷിപ്പനിയും വിലക്കയറ്റവും നേരിടുന്ന സമയമായതിനാൽ കോഴിമുട്ട, തക്കാളി ഇത്യാദി സാധനങ്ങൾ കൊണ്ടുള്ള ‘ജൈവ’ ആക്രമണം മാത്രം ഞങ്ങൾക്ക് നേരിടേണ്ടി വന്നില്ല.. ഹാവൂ അതെങ്കിലും ഒരു ആശ്വാസം. നോട്ടുമാല പ്രതീക്ഷിച്ചെത്തിയ നാടകക്കാർക്ക് തെറിമാലകളുടെ ചാർത്തപ്പെടലുകളോടെ, എന്തൊക്കെയോ പറഞ്ഞു കൊണ്ട് നാടകം അവസാനിപ്പിക്കേണ്ടി വന്നു.
പരിഹാസ ശരങ്ങളുടെ ആഘാതമേറ്റ്… തളർന്നു കൊണ്ട് തിരശീല താഴേക്ക് വീണു. അങ്ങനെ, കണ്ടു പഴകിയ ഒരു സിനിമാ രംഗത്തിന്റെ അതെ അവസ്ഥയിൽ അതിദാരുണമായി നാടകം അവസാനിച്ചിരിക്കുന്നു.
ഞാൻ സൗരബിനെ നോക്കി. ചെക്കൻ അപ്പോഴും അതാ ചിരിക്കുന്നു.
അടുത്ത പരിപാടി തുടങ്ങുന്നതിനു മുൻപേ ഇരുവരും പിറകു വശം വഴി പുറത്തിറങ്ങി. നടന്നതെല്ലാം ഒരു സ്വപ്നമാണോ എന്നാലോചിച്ചു നോക്കിയെങ്കിലും കൂവലിന്റെ മുഴക്കം ചെവിയ്ക്കുള്ളിൽ അവശേഷിക്കുന്നതിനാൽ ഇതാണ് യാഥാർഥ്യം എന്ന് ഞാൻ തിരിച്ചറി.
“നീ എന്താടാ ഡയലോഗ് ഒന്നും പറയാതിരുന്നത് ?” വിഷമ ഭാരത്താൽ ഞാൻ സൗരബിനോട് ചോദിച്ചു.
“അതെ മഹേഷേ, സ്റ്റേജിൽ കയറി ആൾക്കാരെ മുന്നിൽ കണ്ടപ്പോൾ ഞാൻ പഠിച്ച ഡയലോഗ്സ് ഒക്കെ മറന്നു പോയെടാ. ഇത്രയും ബുദ്ധിമുട്ടാണ് അവിടെ നില്ക്കാൻ എന്ന് ഞാനൊരിക്കലും കരുതിയില്ല”.
“കുറെ തവണ ഫാൻസി ഡ്രസ്സ് കോംപെറ്റീഷനിലൊക്കെ നീ പങ്കെടുത്തതല്ലേ. പിന്നെ ഇപ്പൊ മാത്രം എന്താ സ്റ്റേജിനെ ഒരു പേടി”.
“ഏ .. എടാ അതൊക്കെ ഒരു വെയിറ്റിനു അന്ന് ‘ഗ്യാസ്’ അടിച്ചതല്ലേ. ഞാൻ വിചാരിച്ചോ നീ എന്നെ പിടിച്ച് നാടകത്തിൽ അഭിനയിപ്പിക്കുമെന്ന്. വേറൊരു കാര്യം കൂടി, ഞാൻ ആദ്യായിട്ടാടാ സ്റ്റേജിൽ കയറുന്നത്.”
അതും കേട്ടതോടെ എന്റെ ഉള്ളിലുള്ള അവശേഷിക്കുന്ന ഗ്യാസും ഇല്ലാതായി. നാടകം പൊളിഞ്ഞെങ്കിലും സൗരബിന്റെ കാര്യമോർത്ത് എനിക്ക് ചെറിയ സങ്കടം വന്നു .
“നിനക്ക് വിഷമായോടാ”. ഞാൻ ചോദിച്ചു .
“വെഷമം ഒന്നും ഇല്ല്യ . കൂവല് കേട്ടപ്പോ ഞാൻ വേറേതോ ലോകത്തായ പോലെ തോന്നി.”
“പോട്ടെടാ ..സാരമില്ല . ജീവിതത്തിൽ വിജയിച്ച ആളുകളൊക്കെ തുടങ്ങിയത് ഇത് പോലെ തോൽവിയിലും കൂവലിലും നിന്നാണ് “
“ആ .. ഇനി ഇപ്പൊ അങ്ങനെ ഒക്കെ പറഞ്ഞാശ്വസിക്കാം. ഏതായാലും ഈ നടന്മാരെ ഒക്കെ സമ്മതിക്കണം. എങ്ങനാ അവന്മാര് ഇത്രയും വലിയ ഡയലോഗ് ഒക്കെ കാണാപ്പാഠം പഠിച്ചു പറയുന്നത്” പരാജയത്തിന്റെ കയ്പ്പുനീർ മറക്കാൻ ശ്രമിച്ചുകൊണ്ട് പരസ്പരം ആശ്വസിപ്പിച്ച് ഞങ്ങൾ ഹോസ്റ്റലിലേക്ക് തിരിച്ചുപോയി. നേരെ ചെന്ന് കയറിയത് പാപ്പൻസിലേക്കാണ്. സൗരബിന് പൊറോട്ടയും കോഴിക്കറിയും എനിക്ക് ഹാഫ് ചിക്കൻ ബിരിയാണിയും ഓർഡർ ചെയ്തു. മൃഷ്ടാന ഭോജനത്തോടെ നാടകത്തിന്റെ ഓർമ്മകളെ തൽക്കാലത്തേക്ക് ഞങ്ങൾ ദഹിപ്പിച്ചു കളഞ്ഞു .
പിന്നീടുള്ള ദിവസങ്ങളിൽ കോളേജിലെ പ്രജകൾ രാജാവിനെയും ബ്രോക്കറേയും എതിരേറ്റത് കൂട്ടച്ചിരികളോടെയായിരുന്നു. നാടകം പേര് തന്നില്ലെങ്കിലും നാടകത്തിലെ പേരുകൾ ഞങ്ങളെ ഒഴിയാബാധ പോലെ പിന്തുടർന്നു. പല ടീച്ചർമാരും സുഹൃത്തുക്കളും സൗരബിനെ ‘ ഡ്രാക്കൂ’ എന്ന പേരിൽ വിളിക്കാൻ തുടങ്ങി. അതിലും സഹതാപകരമായിരുന്നു എന്റെ കാര്യം. കഷ്ടകാലത്തിന് ബ്രോക്കർ കഥാപാത്രത്തിന് ഞാൻ നൽകിയിരുന്ന പേര് ‘EEE ശശി’ (എന്തിനും ഏതിനും എവിടെയും ശശി) എന്നായിരുന്നു. പരിഹാസത്തിന്റെ രക്തത്തിൽ കുറെ ശുംഭന്മാർ ചേർന്ന് ആ പേരിൽ എന്നെ മാമോദീസ മുക്കി. നാല് വർഷം കഴിഞ്ഞു ഇടുക്കിയുടെ മലകൾ തിരിച്ചിറങ്ങുന്നത് വരെ അതിൽ നിന്ന് ഞാൻ മുക്തനായിരുന്നില്ല. ഓരോ തവണ ആ നാമം കേൾക്കുമ്പോഴും വാടി വീണ എന്റെ ഡ്രാക്കുളയെയായിരുന്നു ഓർമ്മ വന്നിരുന്നത്. അതുകൊണ്ടു തന്നെ വിളിക്കുന്ന കശ്മലന്മാരുടെ പിതാവിനെ സ്മരിച്ചും ദഹിപ്പിക്കുന്ന നോട്ടം കൊണ്ടും ചെറുതായെങ്കിലും ഞാൻ ആശ്വാസം കണ്ടെത്തി.
വിട്ടുകൊടുക്കാൻ എന്റെ മനസ്സ് തയ്യാറായിരുന്നില്ല. ഒരു നല്ല നാടകമെങ്കിലും ചെയ്യണം എന്ന ആഗ്രഹം വീണ്ടും എന്റെ മനസ്സിൽ ഉടലെടുത്തു. ഫസ്റ്റ് ഇയറിന്റെ അവസാന വർഷത്തോടനുബന്ധിച്ച് നടക്കുന്ന ഒരു പരിപാടിയിൽ അടുത്ത അങ്കത്തിനുള്ള തിരി കൊളുത്താൻ മനസ്സിലുറപ്പിച്ചു. വീണ്ടും മനസ്സിലേക്ക് വന്നത് സൗരബിന്റെ മുഖമാണ്. അവനുമായി ഈ ആശയം ഞാൻ പങ്കു വച്ചു. സമ്മതിക്കില്ല എന്നറിയാമായിരുന്നെങ്കിലും ഡ്രാക്കുവിന്റെ മറുപടി എന്നെ കുറെ രസിപ്പിച്ചു .
“മഹേഷേ … ഈ ജന്മത്തിലേക്കുള്ള ഗംഭീര എക്സ്പീരിയൻസ് നീ ഒരു തവണ എനിക്ക് തന്നിട്ടുണ്ട്. ഇനി തല്ക്കാലം മറ്റൊന്ന് താങ്ങാനുള്ള കെൽപ്പില്ലെടാ. ഭാഗ്യമുണ്ടെങ്കിൽ അടുത്ത ജന്മത്തിൽ ഇതേ കോളേജിൽ വച്ച് നമുക്ക് മറ്റൊരു നാടകം ചെയ്യാം. ഞാൻ പോട്ടെ , ഇനിയും വൈകിയാൽ ഗ്രേവി തീരും”.
സ്റ്റെയർ കേസിനു പുറത്തുള്ള കമ്പി ചാടിക്കടന്ന് പൊറോട്ടയെ പ്രണയിക്കുന്ന ആ നിഷ്കളങ്ക രാജാവ് പാപ്പൻസിലേക്ക് ഓടിപ്പോയി. റാഗിങ്ങിലെ അനുഭവങ്ങൾ കൂട്ടിച്ചേർത്ത് സീനിയേഴ്‌സിനെയൊന്നു താങ്ങി മറ്റൊരു നാടകം ഞാനും സന്ദീപും അനൂപും ചേർന്ന് പിന്നീടവതരിപ്പിച്ചു. (1st ഇയർ ബ്ലോക്കിൽ വച്ചായിരുന്നു പരിപാടി. അതുകൊണ്ടാണ് ആ സാഹസത്തിന് ധൈര്യപ്പെട്ടത്). ഇത്തവണ തരക്കേടില്ലാത്ത സ്വീകാര്യത ലഭിച്ചത് എനിക്ക് വലിയ സംതൃപ്തി നൽകി. അപ്പോഴും സൗരബ് ഇതിൽ ഇല്ലല്ലോ എന്നുള്ളത് എന്നെ ചെറുതായി നൊമ്പരപ്പെടുത്തി.
ബിരുദത്തിന് ശേഷം സൗരബ് കുറെ കാലം എറണാകുളത്തായിരുന്നു ജോലി ചെയ്തിരുന്നത്. ഇക്കാലയളവിൽ സ്വപ്രയത്നത്താലും സാമ്പ്രദായിക വിദ്യാഭ്യാസത്തിനപ്പുറമുള്ള സാങ്കേതിക ജ്ഞാനം കൊണ്ടും കൂടെ പഠിച്ച മറ്റുള്ളവരെ കൊണ്ടൊന്നും സാധ്യമല്ലാത്ത രീതിയിൽ കമ്പ്യൂട്ടർ മേഖലയിൽ തന്റേതായ വിജയങ്ങൾ അവൻ സൃഷ്ടിച്ചു. മൊസില്ലയുടെ പല ഇന്റർനാഷണൽ ടെക്നിക്കൽ സെഷനുകളിലും പ്രത്യേക ക്ഷണിതാവായി തിരഞ്ഞെടുക്കപ്പെട്ടു. അതിന്റെ ഭാഗമായി ജർമ്മനി, കാനഡ, ഫ്രാൻസ്, സിംഗപ്പൂർ ഉൾപ്പെടെയുള്ള കുറെ രാജ്യങ്ങൾ സന്ദർശിച്ചു. വിവിധ ദേശക്കാർ കാഴ്ചക്കാരായുള്ള നിരവധി വേദികളെ വിജയകരമായി അഭിമുഖീകരിച്ചു. കഴിഞ്ഞയാഴ്ച കുറെ കാലത്തിനു ശേഷമാണ് ഞങ്ങൾ വാട്സാപ്പിൽ മെസ്സേജുകളയക്കുന്നത്. ഇപ്പോൾ യൂറോപ്പ്യൻ രാജ്യങ്ങളിലൊന്നായ മാൾട്ടയിലെ ഒരു സ്വീഡിഷ് ഗെയിമിങ് കമ്പനിയിൽ സോഫ്റ്റ് വെയർ ഡെവലപ്പറായി ജോലി നോക്കുകയാണവൻ. കണ്ടില്ലേ കാര്യങ്ങളൊക്കെ നന്നായി വരുന്നത്. എല്ലാം ഡ്രാക്കുള രാജാവിന്റെ അനുഗ്രഹം കൊണ്ടുള്ള ഐശ്വര്യങ്ങൾ ! പഞ്ചവർണ്ണ തത്തയുടെ ഭംഗിയുള്ള സുന്ദരിയെ ഇപ്പോഴും അന്വേഷിച്ചു കണ്ടെത്തിയിട്ടില്ല. ‘’ഇന്റെൽവിസ്’’ എന്ന കമ്പനി കൂടി യാഥാർഥ്യമാകേണ്ടതുണ്ട്. വരും വർഷങ്ങളിൽ അതും സംഭവിക്കുമെന്ന് പ്രത്യാശിക്കാം.
സൗരബുമായി സംസാരിച്ചതിന്റെ സന്തോഷത്തിൽ ബ്രോം സ്റ്റോക്കറുടെ ‘ഡ്രാക്കുള’ വീണ്ടും ഞാൻ വായിച്ചു. പക്ഷെ ഒരിടത്ത് പോലും എനിക്ക് ഭയപ്പെടേണ്ടി വന്നില്ല, ഒരു സംഭവം പോലും എന്നെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയില്ല. പകരം ഓരോ വാക്കുകളിലൂടെ കടന്നു പോകുമ്പോഴും മനസ്സിൽ നിറഞ്ഞു നിന്നത് ഡയലോഗ് മറന്നു പോയ എന്റെ പ്രിയ ഡ്രാക്കുവായിരുന്നു.