
പണ്ടുതൊട്ടേയവൾക്കുള്ളിൽ-
കെട്ടിയിട്ട കുതിര
ചിനയ്ക്കുന്നതു കേൾക്കുന്നു.
അതിൻ കുളമ്പൊച്ച കണക്കെ
മിടിക്കും ഹൃത്തടം.
ഒരു കുറുനരിപോൽ
ചീറിയടുക്കുമിരുൾമേഘ-
ത്തലപ്പത്തിരുന്നാരോ അവളുടെ
ഉരിഞ്ഞിട്ട മോഹത്തിൻ
ഉടൽഛേദം കണക്കെ
സൂര്യത്തലയൊഴുകും നടുക്കടല്
ഉള്ളിലിപ്പഴുമുണ്ടവൾക്കു മുരൾച്ചയായ്.
ഫലമില്ലാതെയേറെ വർഷങ്ങളായി
നൃത്തയുദ്ധത്തിലേർപ്പെട്ടപോലൊരുവൾ
നെഞ്ചിലൊരായിരം
കാൽച്ചിലമ്പുകെട്ടിയാടിത്തിമിർക്കവേ
ചിതറിത്തെറിച്ച് മുത്തുപോലുരുണ്ട്
തിളങ്ങിയിരുട്ടിൽ
വിയർപ്പുതുള്ളിക്കരുക്കൾ.
*എരിയും മധുര
വീടകങ്ങൾ ചതുരംഗപ്പലകകൾ.
ഉലയും നൃത്തത്തിൻ
അഴിയുമുടയാട.
കളിക്കളത്തിലഴിഞ്ഞേ പോകുന്നു
ജന്മനാ വിലക്കിൻ
രോഗഹസ്തമാം –
മെല്ലിച്ച കാൽ,ച്ചിലമ്പ്.
വൈകുന്തോറുമവൾക്കുള്ളിലുണ്ട്
പരകായമാമൊരു നിഴലിൻ
*പൊയ്ക്കാൽ കുതിരയാട്ടം,
പിന്നെയും മനമതാടി-
തളരും തട്ടകം.
പൂഴിയിൽ പിൻകാൽക്കുതിപ്പ്
ലായത്തിൽ മടങ്ങും മനക്കുതിരയവൾ .
കടൽത്തിരപോൽ നീണ്ടുവന്ന്
രണ്ട് നീർച്ചാൽ
കൺതടത്തിൽ പുരട്ടുമുപ്പുതരികൾ,
ചങ്ങലമുറുകിയ കുളമ്പിൻ –
നിശബ്ദ മുറിവിൽ.
പാതിയുറക്കത്തി-
ലയവിറയ്ക്കുമുടലിന്
നൃത്തഭാഷയിൽ വിവർത്തനം.
അതോ,
മനക്കോട്ടയിലെ സ്വപ്നാടനമൊ?
എരിയും ചിതയൊരു
ചതുരംഗപ്പലക
പെരുംതീയായതിൽ
ആടിത്തിമിർത്തവളുടെ മനക്കുതിര.
ചിനച്ച് മുൻകാലുയർത്തി
നൃത്തശിലപോൽ
ആദ്യമായ് നിൽക്കുന്നവൾ
രാജാവിനു നേർക്കുനേർ,
ചെക്ക്!
പിന്നിലൊരാരവം
മതിഭ്രമംപിടിപെട്ടിരമ്പും
ട്രോജൻ കാലാൾപ്പട,
അവർക്ക് ജയിച്ചെന്ന മരീചിക.
ട്രോജൻ കുതിരയെപ്പോലവളെ
ചൂതാട്ടക്കളത്തിൽ കടിഞ്ഞാണിടാൻ
നീയുമുണ്ടവർക്ക് മുമ്പനായ്.
*ട്രോജൻ കുതിര- ഗ്രീക്കുകാർ ട്രോയ് നഗരത്തെ കീഴ്പ്പെടുത്താൻ യുദ്ധതന്ത്രമായി നിർമ്മിച്ച തടിക്കുതിര. ഇതിൽ സൈനികരെ ഒളിപ്പിച്ചാണ് ഗ്രീക്ക് സൈന്യം ട്രോയ് നഗരത്തെ കബളിപ്പിച്ച് പരാജയപ്പെടുത്തിയത്.
** എരിയും മധുര- രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെട്ട ഭർത്താവിനു വേണ്ടി സത്യം തെളിയിച്ച ശേഷം ചിലമ്പെറിഞ്ഞ് കണ്ണകി മധുരാനഗരം ചുട്ടുചാമ്പലാക്കിയ ഐതിഹ്യം.
***പൊയ്ക്കാൽ കുതിരയാട്ടം – തമിഴ്‌നാട്ടിലെ നാടോടി നൃത്തങ്ങളിൽ ഒന്ന് . ഒരു വ്യക്തിക്ക് നൃത്തം ചെയ്യാൻ കഴിയുന്ന തരത്തിൽ ഉള്ളിൽ വിടവുള്ള ഒരു ഡമ്മി കുതിരയെ ഉപയോഗിച്ച് നടത്തുന്ന നൃത്തം.
