ഞാനും വേതാളവും

എന്നും
വേട്ടയാടുന്നതാണ്
ഇപ്പൊ പോകും
നിന്നെ വിട്ടെന്ന മട്ടിൽ
ഈ നിഴലെന്നെ.

തോന്നുമ്പോ തോന്നുമ്പഴെല്ലാം
കിഴക്കുതൊട്ടെന്നെ പിന്തുടർന്നും
മുന്നിൽ ജലം മാതിരി
ഒഴുകിപ്പരന്ന്
മെലിഞ്ഞും കുറുകിയും
പിന്നിൽ തടിച്ചും പൊക്കം കൂടിയും
ഇടതും വലതും
കുനിഞ്ഞും നിവർന്നും
പടിഞ്ഞാറെ
മലഞ്ചരുവിലെത്തുമ്പോൾ
മുന്നിലേക്കിടയ്ക്ക്
കവച്ച് വെച്ച്
അതതിന്റെ പാട്ടിനു പോകുന്നു.
കൂടെ കൊണ്ടുപോകുന്നു,
ചൂളംകുത്തി
തണുത്ത കാറ്റൊരു
മെലിഞ്ഞ മഴയെ.

അപ്പോഴെല്ലാം
കൂടെയാരുമില്ലേയെന്ന്
കൊഞ്ഞനംകുത്തി
വേട്ടയാടും
ഇടം വലം നിന്ന്
ശൂന്യമായ നിലം.

ഉറക്കത്തിൽ
സുഖമില്ലാത്ത സ്വപ്നച്ചേറിൽ
കുഴഞ്ഞുമറിഞ്ഞ്
പുലർച്ചെ
പൊളിഞ്ഞ ജനാലപ്പടിമേലേക്ക്
മതിലും ചാടിവരും
മരിച്ചുപോയ പൂച്ചക്കുഞ്ഞിന്റെ
കാൽപ്പാദം പോലെ
ഇലകളുടെ ചെറുനിഴലുകൾ.

തകർന്ന വെളിച്ചത്തിന്റെ
മഞ്ഞിച്ച പുറ്റ് വിട്ട്
നിഴലിഴഞ്ഞ്
ചില്ലകളിൽ ഊർന്നിറങ്ങി
ഇലകളോടതിൻ മറവിൽ വെച്ച്
അൻപായിരുന്ന്
സൊറയുടെ മർമ്മരം.

നോക്കിനോക്കിയിരിക്കവെ
പുറകിൽ
നിലാവത്തെൻ
നിഴലിൻ കവാത്ത്,
വേതാളമെന്നു തോന്നി.

ഒരു പുലർച്ചയിൽ
പൊടുന്നനെ
പടുനിഴലിൻ-
ഉറയഴിച്ചൂർന്നിറങ്ങി
എങ്ങോ
ബാഷ്പീകരിച്ചുപോയ്‌
ഞാൻ.

കണ്ണൂർ സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്.