
ഞങ്ങൾ മനുഷ്യരാണ്
നിലാവിന്റെ വിരലുകൾ തടവിയ
മണ്ണിൽ പിറന്നവർ,
ചോരയുടെ ചൂടുറ്റ അറിവുകൾ
അസ്ഥികളിൽ കൊത്തിവെച്ചവർ.
ഞങ്ങൾ
വിത്തുകളുടെ ഭാഷ മറികടന്ന്
വയലുകളിൽ വിയർപ്പ് വിതറിയവർ,
നഗരത്തിന്റെ ചുവരുകളിൽ
ചിരിയുടെ ഗാനങ്ങൾ എഴുതി
ദുഃഖത്തിന്റെ ഭാരമേറ്റ് നടന്നവർ.
ഞങ്ങളുടെ അമ്മമാർ
ഗർഭപാത്രത്തിന്റെ ഏഴാം യാത്രയിൽ
രക്തം കുടമ്പോലെ ചോരച്ച്,
സ്വപ്നങ്ങൾ നെറ്റിയിൽ ചാർത്തി
മറഞ്ഞുപോയവർ.
അവർ എഴുതിയ രക്താക്ഷരങ്ങൾ
ഇന്നും ഞങ്ങളുടെ ശരീരത്തിൽ
ഒരു കത്തുന്ന ഗദ്യമായി മുഴങ്ങുന്നു.
ഞങ്ങൾ
മലകളുടെ ശ്വാസം കുടിച്ചവരും,
വേരുകളുടെ രഹസ്യങ്ങൾ അറിഞ്ഞവരും,
ഒറ്റക്കുഴലായി നടന്ന
ആദിവാസികളുടെ പിന്തുടർച്ച.
ഞങ്ങൾക്കുണ്ടായിരുന്നത്
പഴയ തുണികളിൽ തുന്നിയ
ഒരു വലിയ സ്വപ്നം.
പക്ഷേ ഒരുദിനം,
സ്വർണ്ണക്കിരീടമണിഞ്ഞൊരു സർപ്പം
ഞങ്ങളുടെ വാതിൽക്കൽ വന്നു ചിരിച്ചു;
പിന്നെ,
ഞങ്ങളെ തള്ളി വീഴ്ത്തി
സ്വപ്നം പിടിച്ചെടുത്തു
വിലയ്ക്കു വിറ്റപ്പോൾ
ഞങ്ങൾ മൗനമായി നോക്കി നിന്നു.
ഇന്ന്
ഞങ്ങൾ നഗരത്തിന്റെ അരികുവീഥികളിൽ
ഒളിച്ചുനിൽക്കുന്ന തലമുറയാണ്.
പ്രസവവേദനയിൽ അവസാനിച്ച
അമ്മമാരുടെ ശ്വാസം
ഇന്നും നരക്തത്തിൽ
മിടിപ്പുകളായി മുഴങ്ങുന്നു.
ഞങ്ങൾക്ക് പ്രചാരണങ്ങളില്ല,
പ്രസ്ഥാനങ്ങളില്ല,
മുദ്രാവാക്യങ്ങളുമില്ല.
പക്ഷേ,
ഞങ്ങളുടെ കരളിലെ തീ
ഒരു അഗ്നിപർവ്വതമാണ്;
ഞങ്ങളുടെ ദാഹം
എപ്പോഴും നീതിയുടേതാണ്.
ഒരു പിടി ഭക്ഷണത്തിനായി
ഞങ്ങളുടെ രഹസ്യങ്ങളിൽ
പാമ്പുകളെ പോലെ അവർ ഇഴയുന്നു,
പഴുതാരയെ പോലെ കുത്തുന്നു.
പാതാളാഗ്നി പൊട്ടിത്തെറിക്കുന്നതിന് മുൻപ്
ഞങ്ങൾക്ക് ഞങ്ങളുടെ സ്വപ്നം തിരിച്ചുതരൂ!
ഞങ്ങളുടെ നിലം — ഞങ്ങളുടെ രക്തം!
ഞങ്ങളുടെ വിയർപ്പ് — ഞങ്ങളുടെ പതാക!
ഞങ്ങളുടെ ജലം — ഞങ്ങളുടെ ശാന്തി!
ഓർക്കുമെങ്കിൽ
ഭൂമിയെ പിടിച്ചു നിർത്താൻ,
ശ്വാസം തിരിച്ചുപിടിക്കാൻ,
സ്വപ്നങ്ങൾ വീണ്ടും എഴുതി തീർക്കാൻ..
ആദിവാസിയുടെ വിയർപ്പു തന്നെ വീഴണം!









