ശില്പിയാൽ തീര്‍ത്തൊരു മൃണ്മയ ശില്പങ്ങൾ
എന്തിനുവേണ്ടി നീ തച്ചുടച്ചു
ആത്മാവിനുള്ളിലെ മോഹത്താല്‍ തീര്‍ത്തൊരു
മോഹനവിഗ്രഹമായിരുന്നു
തന്ത്രികള്‍മീട്ടുന്ന തംബുരുവൊക്കെയും
എന്തിനുവേണ്ടി തകര്‍ത്തെറിഞ്ഞു
ആത്മരാഗങ്ങൾ പകരുവാനായി ഞാൻ
നിര്‍മ്മിച്ച തംബുരുവായിരുന്നു
പട്ടുതൂവാലയിൽ തുന്നിയചിത്രങ്ങൾ
എന്തിനുവേണ്ടി തീയിലിട്ടു
ആത്മാനുരാഗത്തിൻ രോമാഞ്ചമുള്‍കൊണ്ടു-
തുന്നിയചിത്രങ്ങളായിരുന്നു
മൊട്ടുവിരിഞ്ഞുള്ള റോസാദളങ്ങളെ
എന്തിനുവേണ്ടിയറുത്തെടുത്തു
ആത്മാവിനുള്ളിലായ് മെല്ലെവിടര്‍ന്നൊരു
ആര്‍ദ്രമാം സ്നേഹപ്പൂവായിരുന്നു
പുസ്തകതാളിലായെഴുതിയ കാവ്യങ്ങൾ
എന്തിനുവേണ്ടിനീ ചാമ്പലാക്കി
ഹൃദയത്തിനുള്ളിലെ രക്തത്താല്‍ തീര്‍ത്തൊരു
രമണീയ കാവ്യങ്ങളായിരുന്നു
കുടചൂടിനില്‍ക്കുന്ന പൂമരമൊക്കെയും
എന്തിനുവേണ്ടി പിഴുതെറിഞ്ഞു
ജീവിതവഴികളിലന്‍പിന്‍റെ തണലാകും
ജീവിതസ്വപ്നങ്ങളായിരുന്നു
ജൈവവൈവിധ്യമുറങ്ങുന്ന കാവുകൾ
എന്തിനുവേണ്ടിനീ വെട്ടിമാറ്റി
ജീവന്‍തുടിയ്ക്കുന്ന നിത്യനിശ്ശബ്ദമാം
ജീവിതസ്പന്ദനമായിരുന്നു.