
നീ കൊലയാളിയാണ്.
മൗനത്തിന്റെ കൊടുംമൂർച്ചയാൽ
നീ എന്നാത്മാവിനെ അരിഞ്ഞുകളഞ്ഞു.
അവസാന പിടച്ചിലിലും
നീ മൗനത്തിന്റെ വൽമീകത്തിൽ
തറഞ്ഞിരുന്നു.
അവഗണന കൊണ്ട്
എന്നാത്മചിതയ്ക്ക് തീ കൊളുത്തി.
നീ വേദാന്തി…
സ്വപ്നങ്ങളെ പരിത്യജിക്കാൻ,
അസ്പൃശ്യരായിരിക്കാൻ,
കരളിലെ ലാവാഗ്നി
കൺകോണുകളിൽ
അണഞ്ഞുതീരാൻ,
നോവുകളിൽ തപസ്സിരിക്കാൻ,
വെയിൽപ്പാടങ്ങളിൽ
കണ്ണീർ വിത്തുവിതയ്ക്കാൻ
പരിശീലിക്കുകയായിരുന്നു, ഞാൻ.
നീ വേദാന്തി.
ഇഹത്തിലും പരത്തിലും ദേവൻ.
എന്റെ കരളിൽ നിന്ന്,
കണ്ണുകളിൽ നിന്ന്
കിനാക്കളിൽ നിന്ന്
നനവെടുത്തുമാറ്റുക.
ആത്മാവില്ലാതെ ജീവിക്കാൻ വയ്യ.








