ചെതുമ്പലുകളില്ലാതെ..

ബസ് തിരിഞ്ഞു കയറുന്ന വളവിൽ നിന്നാണ് അവൾ എന്നും കയറിയിരുന്നത്. അന്നും പതിവ് പോലെ ബസ്സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് മഴ തുടങ്ങിയത്. പെട്ടന്നുള്ള മഴയായതിനാൽ മരത്തണലത്തോട്ട് കയറി നിന്ന് നനയുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ. എന്നത്തെക്കാളും താമസിച്ചു വന്ന ബസിന് കൈ കാണിക്കുമ്പോൾ അവളുടെ ശരീരം മൊത്തം തണുപ്പിൽ വിറയ്ക്കുന്നുണ്ടായിരുന്നു.

അന്നും അവൾക്ക് സീറ്റ് കിട്ടിയില്ല. പിന്നിൽ നിന്ന് രണ്ടാമത്തെ സീറ്റിനോട് ചേർന്ന് നിൽക്കുമ്പോൾ, അവൾ മൂലയറ്റത്തെ സീറ്റിലേക്ക് ഒന്ന് പാളി നോക്കി.

“ഉണ്ട്, ഇന്നും അയാൾ അവിടെ തന്നെയുണ്ട്.” അവൾ ചുണ്ടിൽ ഒരു പുഞ്ചിരി ഒളിപ്പിച്ച് വച്ച് തിരിഞ്ഞു നിന്നു.

അധരങ്ങളിൽ നിന്ന് ജലകണികകൾ ഇറ്റു വീണുകൊണ്ടിരുന്നു, പൂവിൽ നിന്ന് തേൻകണങ്ങൾ ഇറ്റ് വീഴുന്ന പോലെ. മുടിയിൽ ചൂടിയിരുന്ന മുല്ലപ്പൂവും കനകാംബരവും ഒന്നിറങ്ങിപ്പോകൂ എന്ന മട്ടിൽ മഴത്തുള്ളികളെ ആട്ടിപ്പായിച്ചു കൊണ്ടിരുന്നു. സമയാസമയങ്ങളിൽ അവളുടെ കൈകൾ തല തുവർത്തും മുടിയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.

ഇതിനൊക്കെ ഇടയിലും അവളുടെ ഉള്ളം ഒന്ന് തിരിഞ്ഞു നോക്കുവാൻ കൊതികൊണ്ട് നിൽക്കുകയായിരുന്നു.

പക്ഷേ, അവൾ തിരിഞ്ഞു നോക്കാൻ ധൈര്യപ്പെട്ടില്ല. അല്ലാതെ തന്നെ, അയാളുടെ കണ്ണുകളുടെ കാന്തവലയം വന്ന് അവളുടെ ഹൃദയത്തിൽ പതിക്കുന്നുണ്ടായിരുന്നു. അയാളുടെ ഓരോ നോട്ടത്തിലും അവളുടെ ഹൃദയം ശക്തിയായി മിടിച്ചുകൊണ്ടിരുന്നു. നെഞ്ചിടിപ്പിന്റെ താളം ഉയർന്നു കൊണ്ടിരുന്നു.

കഴിഞ്ഞ രണ്ട് മാസമായാണ് അവൾ അയാളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിനും എത്രയോ മുൻപ് തൊട്ടേ അയാൾ ഈ ബസിൽ തന്നെ ഉണ്ടായിരുന്നിരിക്കണം! തന്നെത്തന്നെ നോക്കിയിങ്ങനെ മണിക്കൂറുകളോളം ഇരുന്നിരിക്കണം. അയാളെ രണ്ട് മാസം മുൻപ് ആദ്യമായി ശ്രദ്ധിക്കാൻ ഇട വന്ന ദിവസത്തെക്കുറിച്ച് നിന്ന നിൽപ്പിൽ അവളോർത്ത് പോയി.

അന്ന് അവൾ സാരിയുടുത്ത ദിവസമായിരുന്നു. ബി.എഡ് വിദ്യാർത്ഥിനികൾക്ക് എന്നുമൊരു ഭാരമാണല്ലോ ആഴ്ചയിൽ രണ്ട് ദിവസത്തെ സാരിയെന്ന യൂണിഫോം. സാരിയുടുക്കുന്നത് വളരെ ഇഷ്ടമുള്ള സംഗതിയൊക്കെ തന്നെയായിരുന്നെങ്കിലും, ഇതും വാരിച്ചുറ്റി രാവിലെ തന്നെ തിരക്കുള്ള ബസിൽ തള്ളിയുന്തി കോളജിലേക്ക് പോകേണ്ടി വന്നപ്പോൾ മുതലാണ് അതിനെ അവൾ വെറുത്തു തുടങ്ങിയത്. ആൺകുട്ടികളോട് യൂണിഫോം എന്ന പേരിൽ ആഴ്ചയിൽ രണ്ട് ദിവസം മുണ്ടുടുത്ത് വരാൻ നിർബന്ധിക്കാത്തതിലെ പക്ഷപാതം മനസിലിട്ട് കലിയിളകി നിൽക്കുമ്പോഴാണ് അവൾ നിൽക്കുന്നതിന്റെ തൊട്ടടുത്ത സീറ്റിലെ വൃദ്ധന്റെ കണ്ണുകൾ അശ്ലീലച്ചുവയോടെ തന്റെ ശരീരത്തിലേക്ക് പായുകയാണെന്ന് അവൾ മനസിലാക്കിയത്. വിമ്മിഷ്ടത്തോടെ സാരിയുടെ പലഭാഗങ്ങളും പിടിച്ച് പിടിച്ച് മറയ്ക്കാൻ ശ്രമിച്ചുവെങ്കിലും മിനുസമായ ഉദരം തുറന്ന് തന്നെ കിടന്നു. അന്ന് അങ്ങനെ വാച്ചിലേക്കും പുറത്തേക്കും മാറിമാറി നോക്കി, ഇറങ്ങാനുള്ള സ്റ്റോപ്പ് എപ്പോൾ എത്തുമെന്ന് വെപ്രാളപ്പെടുന്നതിനിടയ്ക്കാണ് അവളുടെ നേർക്ക് ചുരുട്ടിപ്പിടിച്ച ഒരു കൈ നീണ്ടു വന്നത്. അവളത് വാങ്ങി നോക്കുമ്പോൾ, ഒരു സേഫ്റ്റി പിൻ ആണ്. ഉദരം മറച്ച് പിന്ന് കുത്തി, സമാധാനത്തോടെ ഒരു ദീർഘനിശ്വാസം വിട്ട്, അത് തന്നയാളെ നോക്കി. അയാൾ ചിരിക്കുന്നു. സുമുഖനായ ഒരു ചെറുപ്പക്കാരൻ.

അന്ന് ബസ് ഇറങ്ങുന്നതിന് മുൻപ്, ഒരു പത്ത് വട്ടമെങ്കിലും അവൾ അയാളെ പാളി നോക്കിയിട്ടുണ്ടാകും, അവൻ തിരിച്ചും. അതിനിടയ്ക്ക് നാലിലധികം തവണ അവരുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടുകയും എത്രയും വേഗം രണ്ട് പേരും പിൻവലിക്കുകയും ചെയ്തു. ബസിറങ്ങി നടക്കുമ്പോൾ തിരിഞ്ഞു നോക്കാതിരിക്കാൻ അവൾ കഷ്ടപ്പെടുന്നുണ്ടായിരുന്നു.

അതിന് ശേഷമുള്ള ഓരോ ദിവസവും അവൾ പൊട്ട് കുത്തിയതും പൂവ് ചൂടിയതും കണ്മഷി വരച്ചതുമൊക്കെ അയാൾക്ക് വേണ്ടിയായിരുന്നു. ഒരിക്കൽ അവളുടെ അടുത്ത് നിൽക്കുകയായിരുന്ന, പ്രായം കൂടിയ ഒരു സ്ത്രീക്ക് തല ചുറ്റാൻ തുടങ്ങിയപ്പോൾ, അയാൾ തന്റെ സീറ്റ് ഒഴിഞ്ഞു കൊടുക്കുകയും അവളുടെ അടുത്തേക്ക് വന്ന് നിൽക്കുകയും ചെയ്തു. അവളന്ന് നാണം കൊണ്ട് തുടുത്തു പോയി. അവൾക്കടുത്തുള്ള രണ്ട് സീറ്റുകളുടെ കമ്പികളിലും കൈകൾ പിടിച്ച്, അവൾക്ക് ചുറ്റിലുമൊരു സംരക്ഷണകവചം പോലെയാണ് അയാൾ നിന്നത്. വിടർന്നു വരുന്ന പനിനീർദളത്തിന്റേത് പോലൊരു സുഗന്ധം അവളുടെ നാസാരന്ധ്രത്തിലേക്ക് അരിച്ചു കയറി. അവൾ ആദ്യമായി അയാളുടെ ഗന്ധം അറിയുകയാണ്. അത് അയാളുടെ ഗന്ധം തന്നെയോ!? അതോ പ്രണയത്തിന്റെയോ ?

“നന്ദി.” അവൾ എന്തെങ്കിലും സംസാരിക്കണമെന്ന ആഗ്രഹത്തോടെ ഇറങ്ങാൻ അഞ്ച് മിനിറ്റ് മാത്രം ബാക്കി നിൽക്കെ പറഞ്ഞു.
“എന്തിന്?” ഹാ, അയാളുടെ ശബ്ദം. പർവ്വതത്തിലെ മഞ്ഞ്, ഉരുകിയൊലിച്ച് സമുദ്രത്തിന്റെ ഉപരിതലത്തിൽ എത്തുമ്പോഴെന്നതുപോലെയൊരു സുഖം. ആ ശബ്ദത്തിന് എന്തൊരു മധുരം! എന്തൊരു ഭംഗി!
“അന്ന് തന്ന സേഫ്റ്റിപ്പിന്നിന്.” അയാൾ അത് കേട്ട് വെറുതെയൊന്ന് ചിരിക്കുകയേയുള്ളൂവെന്ന് കരുതിയ അവൾക്ക് തെറ്റി.
“അത് തനിക്ക് തരാൻ വേണ്ടി എത്ര നാളായി ഞാൻ കാത്തിരിക്കുകയായിരുന്നു.” ആ മറുപടി കേട്ട് തിരിഞ്ഞ് നോക്കുമ്പോഴേക്ക് കണ്ടക്ടർ ബെല്ലടിച്ച് കഴിഞ്ഞിരുന്നു. അവൾക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് ആയിരുന്നു അത്.
അയാൾ പറഞ്ഞതിന്റെ അർത്ഥം എത്രയാലോചിച്ചിട്ടും അവൾക്ക് മനസിലായതേയില്ല. എങ്കിലും അയാളെ കാണാനും അയാളോട് സംസാരിക്കാനും അയാളുടെ നോട്ടം കണ്ട് നാണിച്ച് തലകുനിക്കാനുമുള്ള ആഗ്രഹം അവളുടെ മനസ്സിൽ ആഴത്തിൽ വേരോടിത്തുടങ്ങിയത് അന്ന് മുതലാണ്.

അവളുടെ മനസിലിപ്പോൾ കുളിർ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. അയാളുടെ നമ്പർ കിട്ടിയിരുന്നെങ്കിലെന്ന് അവൾ കൊതിച്ചു. എങ്കിലും ചോദിക്കാനൊരു മടി. ഹൃദയം അയാൾക്ക് വേണ്ടി തുള്ളുമ്പോഴും അതിനെ തളച്ചിടേണ്ടി വരുന്ന അവസ്ഥ! അവൾ തിരിഞ്ഞ് അയാളെ നോക്കി. ഇപ്പോൾ അയാൾ പുറത്തേക്ക് നോക്കിയിരിപ്പാണ്, ഏതോ ഭാവനാലോകത്ത് എന്നത് പോലെ. ഈറനണിഞ്ഞു നിന്ന കാറ്റ് വന്ന് അയാളുടെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു. കണ്ടക്ടർ ബെല്ലടിക്കുന്നതിന് മുൻപ് തന്നെ അവൾ ഡോറിനടുത്തേക്ക് നീങ്ങി നിന്നു. ഇപ്പോഴും പുറത്ത് ചെറിയ ചാറ്റൽ മഴയുണ്ട്. കൈയിൽ മടക്കിപ്പിടിച്ച കുട, ബസിൽ നിന്ന് ഇറങ്ങി, തുറക്കുന്നതിനിടയിലാണ്, “ഒരാള് കൂടെ ഇറങ്ങാനുണ്ടേ” എന്ന വിളിച്ചു പറയലിനു പിന്നാലെ ബസിന്റെ ഡോർ അടയുന്ന ശബ്ദം അവൾ കേട്ടത്. തിരിഞ്ഞു നോക്കുമ്പോൾ അയാളിതാ തന്റെ തൊട്ട് പിന്നിൽ. അവൾക്ക് ഒന്നും മിണ്ടാനാകുന്നില്ല. ജന്മനാ താനൊരു ഊമയായിരുന്നുവോ എന്ന സന്ദേഹത്തോടെ അവൾ നിൽക്കുമ്പോൾ, അയാൾ ഉറക്കെ ചോദിച്ചു ;
“എന്താടോ, കുടയിലേക്ക് എന്നെക്കൂടെ ക്ഷണിച്ചു കൂടെ? ഞാനിങ്ങനെ നിന്ന് നനയട്ടെ എന്നാണോ?”
താൻ സ്വപ്നം കാണുകയാണോ എന്ന് അവൾ സംശയിച്ചു. അവൾ അയാൾക്ക് നേരേ കുട നീട്ടിപ്പിടിച്ചു.
എങ്ങോട്ടാണ് നടക്കേണ്ടതെന്ന് അവൾക്ക് അറിയില്ലായിരുന്നു. ബസ് കോളേജ് സമയത്തിനും വളരെ മുൻപാണ് മിക്കവാറും ദിവസങ്ങളിൽ എത്തുന്നത്. മുൻവശത്തെ ഗേറ്റ് തുറക്കാറായിട്ടില്ല. ഒന്ന് ചുറ്റി പിൻഗേറ്റ് വഴി വേണം അകത്തേക്ക് കടക്കാൻ. അയാളോട് ഒന്നും ചോദിക്കാൻ അവൾക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. അവൾ പിന്നിലെ ഗേറ്റ് ലക്ഷ്യമാക്കി നടന്നു. അയാളും അവൾക്കൊപ്പം ഈറനണിഞ്ഞ അന്തരീക്ഷത്തിന്റെ കുളിരിൽ തൊട്ടിയുരുമ്മി നടന്നു. ഒരാൾക്ക് മാത്രം നടക്കാനാകുന്ന ഇടുങ്ങിയ വഴി കടന്ന് വേണം മുന്നോട്ട് പോകാൻ. അവിടെ എത്തിയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ അവൾ അവിടെ തന്നെ നിന്നു.

“എടൊ, ഞാനിനി അങ്ങോട്ട് വരുന്നില്ല. ” അയാൾ തൊണ്ടയനക്കി.
“തന്നോട് ഒരു കാര്യം പറയാൻ ഞാൻ ഒരുപാട് കാലമായി കൊതിക്കുന്നു. താനത് എങ്ങനെ എടുക്കുമെന്നറിയാഞ്ഞിട്ടാണ് ഇത് വരെ ഒന്നും പറയാതിരുന്നത്.” അയാൾ എന്തോ ഓർത്തെടുക്കുവാനെന്ന വണ്ണം ഒന്ന് നിർത്തി.
എന്താണ് അയാൾ പറയാൻ പോകുന്നതെന്ന് അവൾക്ക് മനസിലായിരുന്നു.
“ഉം.” അവൾ കേൾക്കുന്നുണ്ടെന്ന ഭാവത്തിൽ ഒന്ന് മൂളി.
“എടൊ, എനിക്ക് തന്നെക്കുറിച്ച് ഒന്നുമറിയില്ല. താൻ എവിടെന്ന് വരുന്നുവെന്നോ, എന്താണ് പഠിക്കുന്നതെന്നോ, എന്തിനേറെ പറയുന്നു, തന്റെ പേര് പോലും എനിക്കറിയില്ല. പക്ഷേ, കഴിഞ്ഞ കുറേ മാസങ്ങളായി ബൈക്ക് പോലുമെടുക്കാതെ ഞാനീ ബസിൽ വരുന്നത് തന്നെക്കാണാനാ. തന്റെ ഈ ചിരി, ഈ കണ്ണുകൾ, ഈ ഉടക്കി വലിക്കുന്ന നോട്ടം. തനിക്കറിയോ തന്റെയീ മുല്ലപ്പൂവും കനകാംബരവും ഒന്നിച്ച് ചേർത്ത് കെട്ടിയുള്ള പൂക്കൾ പോലും എനിക്ക് ഇഷ്ടാ. താനിപ്പൊ ഒന്നും പറയണ്ട. നന്നായിട്ട് ആലോചിച്ചിട്ട് പറഞ്ഞാ മതി. നാളെ രാവിലെ ബസിൽ കാണാം.”
അവൾ എല്ലാം കേട്ട് മതിമറന്ന് നിൽക്കുകയായിരുന്നു. കാതിൽ തിരത്തുള്ളലിന്റെ മാധുര്യം അവൾ നുകർന്നു.

പക്ഷേ, പെട്ടന്ന് ഭൂതകാലത്തിന്റെ ഓർമ്മകൾ അവളെ പ്രണയക്കുളിരിൽ നിന്ന് തിരിച്ചു വിളിച്ചു. നടന്നകലുകയായിരുന്ന അയാളുടെ പിറകേ ഓടിച്ചെന്ന് ഒന്ന് വിളിച്ചു.
“അതേ, ഒന്ന് നിൽക്കൂ.”
അയാൾ തിരിഞ്ഞ് നിന്നു.
“എന്നെക്കുറിച്ച് ഒന്നുമറിയാതെ എന്നെ ഇഷ്ടപ്പെട്ടിട്ട് കാര്യമില്ല.” അവൾ പറഞ്ഞു തുടങ്ങി.
“വേണ്ട, ഇപ്പോൾ എനിക്ക് കൂടുതലൊന്നും അറിയണ്ട.” അവനവളെ നിശബ്ദയാക്കാൻ ശ്രമിച്ചപ്പോൾ പണ്ടെപ്പോഴെങ്കിലും മുറിഞ്ഞു പോയ ഒരു പ്രണയബന്ധത്തെക്കുറിച്ചാകും അയാൾ ചിന്തിക്കുന്നതെന്ന് അവൾ നിസ്സാരമായി ഊഹിച്ചു.
“അല്ല, അങ്ങനെ അല്ല.എന്നെക്കുറിച്ച് മറ്റൊന്നും അറിഞ്ഞില്ലെങ്കിലും ഒരൊറ്റ കാര്യം നിങ്ങൾ അറിയണം. എന്നിട്ടും നിങ്ങൾക്ക് എന്നോട് ഇഷ്ടം തോന്നുന്നുണ്ടെങ്കിൽ പറയുക. അതിന് ശേഷം എനിക്ക് നിങ്ങളുടെ പേര് പോലും അറിഞ്ഞാൽ മതി.” അയാളുടെ മനസ് അവൾ പറയാൻ പോകുന്നതെന്തെന്ന് ഊഹം കിട്ടാതെ പരുങ്ങി.

“എന്റെ പേര് ജിസ. ഇപ്പോൾ എനിക്ക് ഇരുപത്തിനാല് വയസ്. ഈ ക്രൈസ്റ്റ് കോളേജിൽ ബി.എഡിന് പഠിക്കുന്നു.” അയാൾ ശരി ബാക്കി പറയൂ എന്ന ഭാവത്തോടെ തലയാട്ടി.
“എന്നാൽ പത്ത് വർഷം മുൻപ് എന്റെ പേര് ജിസ എന്നായിരുന്നില്ല.” അവളത് പറയാണമോ വേണ്ടയോ എന്നറിയാതെ നിന്നപ്പോൾ, അയാൾ ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി. ആ ഭാവം എന്തായാലും പറഞ്ഞേക്കാമെന്നൊരു ആശ്വാസം അവൾക്ക് നൽകി.
“പത്ത് വർഷം മുൻപ് ഞാൻ ജിഷ്ണു ആയിരുന്നു.” അവൾ അത് പറയുമ്പോൾ അയാൾ കേട്ടത് വിശ്വസിക്കാനാകാതെ അവളെത്തന്നെ നോക്കുകയായിരുന്നു.
“അതേ, ഞാനൊരു ട്രാൻസ്ജെൻഡർ ആണ്.” അയാൾ നാവ് തരിച്ച്, വാക്കുകൾ മരവിച്ച്, ശബ്ദത്തിന്റെ ഒരു കണിക പോലും പുറത്തേക്ക് എടുക്കാനാകാതെ നിന്നതേയുള്ളു.
തിരിഞ്ഞ് കോളജിലേക്ക് നടക്കുന്നതിന് മുൻപ് അവൾ അയാളോട് പറഞ്ഞു ;
“എന്ത് മറുപടിയായാലും പറഞ്ഞോളൂ. ഞാൻ നാളെ ബസിൽ നിങ്ങളെ തിരയും.”

അത് പറയുമ്പോഴും ആ പ്രണയം നഷ്ടമാകില്ലെന്ന് അവൾ വിശ്വസിച്ചു. അന്ന് ക്ലാസ്സിലിരിക്കുമ്പോൾ മുഴുവൻ ഒരു പ്രണയകാലത്തിലേക്ക് കടക്കുന്നതിന്റെ കുളിര് അവളുടെ ഉള്ളിലുണ്ടായിരുന്നു. നിന്റെ ശരീരമോ, സൗന്ദര്യമോ എനിക്ക് വേണ്ടെന്നും, നിന്നെയാണ് ജീവിതകാലം മുഴുവനും എനിക്ക് വേണ്ടതെന്നും, നിന്റെ ഈ ചിരി കണ്ടുകൊണ്ടിരിക്കാനാണ് എനിക്കെന്നും ഇഷ്ടമെന്നും അയാൾ പറയുമെന്ന് അവൾ സ്വപ്നം കണ്ട് കൂട്ടി. അയാൾക്കൊപ്പം ചുറ്റിക്കറങ്ങുന്നത്, ഒരുമിച്ച് ആഹാരം കഴിക്കുന്നത്, സിനിമ കാണുന്നത്, വിവാഹം കഴിക്കുന്നത്…. എല്ലാമെല്ലാം അവളുടെ മനസിലൂടെ ഓടി നടന്നു. അവളുടെ ഹൃദയത്തിൽ ഒരു പെൺപൂമ്പാറ്റ ചിറകടിച്ച് പറന്നു.

പിറ്റേന്ന് പതിവിലുമധികം പൂവ് ചൂടി, കട്ടിയിൽ കരിമഷിയെഴുതി, ഏറ്റവും പ്രീയപ്പെട്ട ചുവന്ന സാരിയുമുടുത്താണ് അവൾ ബസിൽ കയറിയത്. അയാൾ നോക്കുന്നത്, ചിരിക്കുന്നത്, എഴുന്നേറ്റ് അടുത്ത് വന്ന് നിൽക്കുന്നത്, ചുറ്റുമൊരു കവചം തീർത്ത് ചേർന്ന് നിൽക്കുന്നത് ഒക്കെ അവൾ ആഗ്രഹിച്ചു. ആഗ്രഹങ്ങൾ വിഫലമാകുന്തോറും തിരിഞ്ഞൊന്ന് നോക്കാൻ അവൾ കൊതിച്ചു. ഒടുവിൽ, രണ്ടും കല്പ്പിച്ച് തിരിഞ്ഞു നോക്കി.

അവളുടെ ഹൃദയം ശൂന്യമായിപ്പോയി. എന്നും അയാളിരിക്കുന്ന ആ ഇടത്തിൽ, നര വന്ന് മൂടിയ ഒരു വൃദ്ധനിരിക്കുന്നു. അവൾ ബസ് മുഴുവൻ അയാൾക്ക് വേണ്ടി പരതി. ഇല്ല, ഇന്ന് ഈ ബസിൽ അയാൾ കയറിയിട്ടില്ല. അയാളുടെ പ്രണയം നിറഞ്ഞ ഓരോ നോട്ടങ്ങളും അവളുടെ കണ്ണിൽ തെളിഞ്ഞു. വെറുമൊരു പെണ്ണായിട്ടല്ല അയാൾ തന്നെ പ്രണയിച്ചതെന്ന് അവൾ വീണ്ടും വീണ്ടും മനസിനോട് പറഞ്ഞുകൊണ്ടിരുന്നു. അയാൾ അടുത്ത സ്റ്റോപ്പിൽ എവിടെ നിന്നെങ്കിലും അയാൾ കയറി വരുമെന്ന് അവൾ പ്രതീക്ഷ വച്ചു. തനിക്ക് ഇറങ്ങാനുള്ള ഇടമായപ്പോൾ ആ പ്രതീക്ഷ നാളേക്ക് വേണ്ടി മാറ്റി വച്ചു. അവളുടെ ഹൃദയത്തിൽ മണിമുഴക്കമുണ്ടായി.

അഞ്ച് വർഷം മുൻപുള്ള ഒരു വസന്തകാലത്ത്, കൈ നിറയെ പൂക്കളുമായി വന്ന് തന്നോട് പ്രണയം പറഞ്ഞ്, ചുണ്ടിൽ ഉമ്മ വച്ച ചെറുപ്പക്കാരനെ അവൾ പെട്ടന്ന് ഓർത്ത്‌ പോയി. ദിവസം മുഴുവനും ചുറ്റി നടന്ന ശേഷം, ഒരു മതിൽക്കെട്ടിന്റെ ഒഴിഞ്ഞ മൂലയിൽ തന്റെ അരക്കെട്ടിനെ ചുറ്റി വരിഞ്ഞ് നിൽക്കുന്ന അവനോട് അവൾ അത്ര വലിയ കാര്യമല്ലാത്ത മട്ടിൽ പറഞ്ഞു,
“ദീപക്, ഞാനൊരു ട്രാൻസ് വുമൺ ആണ്.”
അത് കേട്ടതും അവൻ ചേർത്ത് നിർത്തിയ ആ പിടിയൊന്ന് അയച്ചു. താൻ കേട്ടതെന്താണെന്ന് ദഹിപ്പിച്ചെടുക്കാൻ അവന് അഞ്ച് നിമിഷം വേണ്ടി വന്നു.
“ഒൻപതാണെന്ന് കണ്ടാൽ തോന്നുമോ?” അവളെ, ആദ്യമായി കാണുന്ന അന്യഗ്രഹജീവിയെപ്പോലെയാണ് ആ നിമിഷത്തിൽ അടിമുടി അവൻ നോക്കിയത്.
“പ്രേമിച്ചത് ഒരു ഒൻപതിനെയാണെന്ന ഈ നാണംകെട്ട കാര്യം ലോകത്താരും അറിയില്ലേ, ഭാഗവാനേ. ത്ഫൂ” അവളെ ചുംബിച്ച ചുണ്ടിൽ തന്നെ അവനൊന്ന് ആഞ്ഞ് തുപ്പി.

ആ തുപ്പൽ കാലങ്ങളോളം അവളുടെ ചുണ്ടിലും കവിളിലും കണ്ണിലും ഹൃദയത്തിലും മനസിലും പതിഞ്ഞ് കിടന്നു. വർഷങ്ങളോളം പ്രണയമെന്ന വാക്ക് കേട്ടാൽ അവളുടെ ഉള്ളിൽ പുച്ഛം മാത്രം നിറയുന്ന ഒരു പെണ്ണായി അവൾ മാറിയത് ആ കൗമാരത്തിലാണ്. കാലം കടന്നപ്പോൾ അവൾ അതൊക്കെ മറന്നു. മറവിയുടെ ഭാഗ്യമേറിയ ദീർഘരേഖ അവളെ അനുഗ്രഹിച്ചപ്പോഴാണ്, വസന്തത്തിന്റെ കുളിർമയുമായി ആ ബസിന്റെ അങ്ങേ മൂലയിൽ അയാൾ ഇരിപ്പുറപ്പിച്ചത്. അടുത്ത ദിവസവും അയാൾ വരുമെന്ന പ്രതീക്ഷ അവളിലുണ്ടായി. ആരോ ഒരാൾ സ്നേഹിക്കാനും കാത്തിരിക്കാനും തനിക്കുമുണ്ടെന്ന തോന്നലിൽ അവൾ ഓരോ ദിവസവും കഴിച്ചു കൂട്ടി.

പക്ഷേ, അയാൾ വന്നതേയില്ല.

തങ്ങൾ കണ്ടുമുട്ടിയതിന്റെ അവസാനദിവസത്തിൽ അയാൾക്കൊരു ആക്സിഡന്റ് പറ്റിയെന്നും ലോകത്തിന്റെ ഏതോ ഒരു കോണിലിരുന്ന് അയാൾ തന്നെ സ്നേഹിക്കുന്നുവെന്നും അവൾ കരുതി. ഒരിക്കലും അവൾ അയാളെ തിരഞ്ഞ് ചെന്ന് കിട്ടാതെ പോയ മറുപടിക്ക് വേണ്ടി കാതോർത്തില്ല; തിരഞ്ഞ് പോയാൽ ഒരുപക്ഷേ മുറിപ്പെട്ട് പോയാലോ?

തിരുവനന്തപുരത്തെ കോട്ടുകാലാണ് സ്വദേശം. ഇപ്പോൾ ബാംഗ്ലൂരിൽ. Book Lover- LLNL എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന പംക്തി നടത്തി വരുന്നു. "പെൺചരിതങ്ങൾ" എന്ന കഥാസമാഹാരം പ്രഥമ കൃതി.