ചുമടൊഴിയും നേരം

യാത്രയിൽ
വീട് മാറുമ്പോൾ തേടുമ്പോൾ
ജോലി തേടുമ്പോൾ മാറുമ്പോൾ
ഭാണ്ഡങ്ങൾ എത്രയും
കുറയ്ക്കാൻ ശ്രമം

ഉടുപട പണം രഹസ്യങ്ങൾ
ഓർമ്മകൾ സ്വപ്നങ്ങൾ
മറവി സൗഹൃദം
ഒച്ച മൗനം ശൂന്യത
മുറിവുകൾ ഉന്മാദം മോഹം

നിരാശ അനാഥത്വം
ശോകം സംശയം
പക കോപ പാപങ്ങൾ
പോയ നാളുകൾ

കടക്കണക്കുകൾ
ആരും കാണാതെ
പൂട്ടിവെക്കാൻ
ബാഗ് മേശ അലമാരകൾ,  

വിശപ്പ് ദാഹം-
വേവിച്ചാറ്റിയ പാത്രങ്ങൾ
അരി ബാക്കി,  

കഥാജീവിത രാഗമുണർത്തിയ
പുസ്തകതാളുകൾ,
ഏറെ എപ്പോഴും
പലതുകൾ
ജന്മഭാരം കൂട്ടുപോരും

ഒരു നാൾ
അതെല്ലാം മറന്ന്
കൂടൊഴിഞ്ഞൊരു
യാത്ര ശൂന്യമാക്കിയ  
ശിരസ്സിൽ ഭുജ പാദങ്ങളിൽ
പുതിയ താളം കാലം സ്ഥലം
അനന്തതയുടെ അനായാസം

കൊച്ചി സർവ്വകലാശാലയിൽ സീനിയർ സ്കെയിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ. രണ്ട് കവിതസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.