
പാപത്തിൻ്റെ ഇരുണ്ട ഗലികളിലൂടെ അയാള്‍ അതിവേഗം നടന്നു. രാത്രിയുടെ അന്ത്യയാമങ്ങളിലാണ്, അതിനാല്‍ വിജനവുമാണ്. പോക്കറ്റടിക്കാരും പിടിച്ചുപറിക്കാരും ഗണികാ ഗണങ്ങളും ഈ നേരങ്ങളില്‍, ഒളിയിടങ്ങളിൽ താവളമടിച്ചിരിപ്പാണ്.
പാപത്തിന്റെ ഗലി നീളുന്നത് പാപം കഴുകിക്കളയുന്ന പുണ്യഗംഗയുടെ കടവിലേക്കാണ്. പടിക്കെട്ടുകൾ താണ്ടി ഇരുട്ടിലൂടെ നടക്കുമ്പോള്‍ കുറച്ചകലെ തീ ആളുന്നത് കാണാനാകുന്നുണ്ട്. മണികർണികാ ഘാട്ടിലേക്കാണ് നടക്കുന്നത്. സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ബാക്കിയാക്കിയ ആത്മാക്കള്‍ ഉപേക്ഷിച്ചു പോയ ശരീരങ്ങള്‍…. അവയെല്ലാം എരിഞ്ഞടങ്ങുന്ന ചിതകള്‍… കത്തിയാളുന്ന ചിതകളുടെ വെളിച്ചം. മിഥ്യകളുടെ ഇരുളൊടുങ്ങി സത്യത്തിന്റെ വലിയ പ്രഭാപൂരം . അവിടം ലക്ഷ്യമാക്കി അയാള്‍ നടന്നു.
ഗംഗയിൽ നിന്നും വീശുന്ന കാറ്റിന് വെന്തു കരിഞ്ഞ മനുഷ്യമാംസത്തിൻ്റെ ഗന്ധമുണ്ട്. എരിയുന്ന ചിതകൾ . അതിൽ പുനർജ്ജനി ഇല്ലാതെ ഒടുങ്ങുന്ന ദേഹികൾ . സമീപം ശാന്തമായി ഒഴുകുന്ന ഗംഗ…
പുറത്തു തൂങ്ങുന്നത് കനമുള്ള ഒരു ബാക് പാക്കാണ് . കുറച്ചു നാളായി ഇതും ചുമന്ന് നടക്കുന്നു. ഇതോടെ ഇതിനൊരു അവസാനമാകും. കത്തിയെരിയുന്ന ചിതകളിലേക്ക് അയാള്‍ നോക്കി. ചിതകള്‍ക്ക് കാവലിരിക്കുന്നവന് നേരെ ഒരു പൊതി നീട്ടി. കനലെരിഞ്ഞും, ആളിക്കത്തിയും അവിടമാകേ ചൂടുണ്ടായിട്ടും, അസ്ഥിയിലേക്കിറങ്ങുന്ന തണുപ്പിനെ രണ്ടോ മൂന്നോ കമ്പിളികൊണ്ടാണ് അവന്‍ തടഞ്ഞിട്ടിരിക്കുന്നത്. തലയിലെ കെട്ടഴിച്ച് നന്ദി പ്രകാശിപ്പിച്ചപ്പോള്‍ കൈയ്യിലുണ്ടായിരുന്ന നൂറിന്റെ ഒരു നോട്ട് നീട്ടി. അവന്‍ അതും വാങ്ങിച്ചു. അവര്‍ പരസ്പരം കുറച്ചു നേരം നോക്കി നിന്നു.. അയാളുടെ കണ്ണുകളില്‍ അഗ്നി ചിതറുന്നത് കണ്ടിട്ടാകണം കാവല്‍ക്കാരന്‍ പതുക്കെ നടന്നു നീങ്ങി..
ചിതയില്‍ നിന്നും പൊങ്ങിയ തീയുടെ പ്രതിഫലനമായിരുന്നു അയാളുടെ കണ്ണുകളില്‍. പുറത്തുതൂങ്ങുന്ന ബാഗ് അയാള്‍ കൈകളിലൂടെ ഊരി നിലത്തു വെച്ചു. കത്തിത്തീരാന്‍ ഇനിയും ബാക്കിയുള്ള ഒരു ചിതയിലേക്ക് അയാള്‍ ആ കറുത്ത ബാഗ് വലിച്ചെറിഞ്ഞു. ചിതയുടെ ചിലഭാഗങ്ങളില്‍ നിന്ന് തീപ്പൊരികള്‍ ചിതറി. ചിതയൊന്നുകൂടിയാളിക്കത്തി. നിസ്സംഗനായി, പടിക്കെട്ടുകൾ കയറി മുന്നിലുള്ള ഗലിയിലേക്ക് വീണ്ടും അയാള്‍ നടന്നു .
ബീറ്റ് പട്രോളിംഗ് നടത്തുന്ന പോലീസുകാരുടെ മുന്നിലേക്കാണ് ചെന്നുപ്പെട്ടത് . എല്ലാവരും മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു. അയാളെ അവർ കണ്ടതേയില്ല . ഗലികള്‍ അവസാനിച്ചിടത്ത് , പ്രധാന റോഡിന്റെ വശത്ത്, നേരത്തെ പാര്‍ക്ക് ചെയ്തിരുന്ന കാർ ലക്ഷൃമാക്കി വേഗന്ന് നടന്നു . ഗലിയിലെ ഇരുട്ട് ഇപ്പോഴില്ല, നല്ല നിയോണ്‍ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുകയാണ് പ്രധാന തെരുവ്. വാരണാസി നഗരത്തിൻ്റെ പാതിരാക്കാഴ്ച . വാഹനങ്ങളോ, മുച്ചക്ര സവാരിക്കാരോ ആരുമില്ല. പകലൊക്കെ വഴിമുടക്കികളായി നിരന്ന് നടക്കുന്ന കന്നുകാലികള്‍ പലതും റോഡിന്റെ വശങ്ങളിൽ വിശ്രമത്തിലാണ്. ഗംഗയുടെ മാറിടം തഴുകിയെത്തുന്ന കാറ്റിന് കരിഞ്ഞ ശവങ്ങളുടെ പുകയെ പുല്‍കിയെത്തിയതിന്റെ മണം മാത്രം . അയാളിൽ, അത് ഒരു ഓക്കാനത്തിന്റെ വിത്തിട്ടു ..
പാതിരാപ്പൂക്കളുടെ നറുമണം എവിടെ നിന്നെങ്കിലും ഒഴുകിവന്നിരുന്നെങ്കിൽ എന്നയാൾ ആശിച്ചു .
വിജനമായ വഴി. എത്രദൂരം കാറോടിച്ചുവെന്ന് അയാൾക്ക് ഓര്‍മയില്ല. കണ്‍പോളകള്‍ക്ക് ഭാരം കൂടിയപ്പോള്‍ പാതിരാപ്പൂക്കളുടെ മണം തേടിയുള്ള ആ യാത്ര അവസാനിപ്പിക്കുകയായിരുന്നു. ഉറക്കം തുങ്ങിയപ്പോള്‍ ഏതോ ഒരിടത്ത് വാഹനം നിര്‍ത്തി. സ്റ്റിയറിംഗില്‍ കൈകള്‍ പിണച്ചുവെച്ച് അയാള്‍ മുഖമമര്‍ത്തി. ഇനി പുലരുന്ന പ്രഭാതത്തില്‍ പുതിയൊരു ഇടം, പുതിയ ജീവിതം. ആലോചനകള്‍ക്കിടെ ഗാഢനിദ്രയിലേക്ക്.
പട്ടികളുടെ നിര്‍ത്താതെയുള്ള കുര കേട്ടാണ് അയാള്‍ ഉണര്‍ന്നെഴുന്നേറ്റത്. അരണ്ട വെളിച്ചം മാത്രം. നേരം പുലരുന്നതേയുള്ളു. ഏതാണ് സ്ഥലമെന്ന് തിരിച്ചറിയാനായില്ല. വാഹനം നിര്‍ത്തി ഉറങ്ങിയത് ഏതോ മാലിന്യ ശേഖര കേന്ദ്രത്തിന് അടുത്താണെന്നു അയാള്‍ക്ക് തോന്നി. ദുര്‍ഗന്ധം അസഹനീയമായിരുന്നു. കുറച്ചു നാളായി മൂക്കില്‍ ഈ ദുര്‍ഗന്ധം നിറയുന്നു. ഇത് വിടാതെ തന്നെ പിന്തുടരുകയാണ്. നേരിയ ഒരു സുഗന്ധം പോലും വാരണാസി നല്‍കുന്നില്ല…
അയാള്‍ കാര്‍ സ്റ്റാര്‍ട്ടു ചെയ്യാന്‍ ഭാവിച്ചു. പക്ഷേ, അനങ്ങിയില്ല. ബാറ്ററി പണി മുടക്കിയെന്നാണ് തോന്നിയത്. ഉറക്കച്ചടവും, ക്ഷീണവും മൂലം തളര്‍ന്നുറങ്ങിപ്പോയതിനിടയ്ക്ക് എന്തുപറ്റി. പുറത്തിറങ്ങി ബോണറ്റുയര്‍ത്തി നോക്കിയപ്പോള്‍ ബാറ്ററിയുടെ സ്ഥാനം കാലി. രാത്രിയുടെ മറവിലെ അരുതായ്മകള്‍ക്ക് എവിടേയും ശമനമില്ല. മൊബൈല്‍ ഫോണില്‍ പതിവു റിപ്പയറുകാരന്റെ നമ്പര്‍ ഉണ്ടായിരുന്നു. കാറിന്റെ മുന്നിലെ ഒഴിഞ്ഞ സീറ്റിലാണ് ഫോണ്‍ വെച്ചിരുന്നത്. അതും കാണുന്നില്ല. ഡാഷിലും പോക്കറ്റിലും പരതിനോക്കി. പേഴ്‌സാണ് അടുത്തതായി നോക്കിയത്. അതും കാണുന്നില്ല. ബാറ്ററി എടുത്തുകൊണ്ടുപോയവന് ഒരു രാവു വെളുത്തപ്പോള്‍ ഒരു ഫോണും കുറച്ചധികം പണവുമുള്ള പേഴ്‌സും ലഭിച്ചിരിക്കുന്നു.
അയാള്‍ മുന്നിലേക്ക് നടന്നു നീങ്ങി. ബാറ്ററിക്കട തേടി, മെക്കാനിക്കിനെ അന്വേഷിച്ചുള്ള നടപ്പ്. ഇരുപതു മിനിറ്റോളം നടന്നുകാണും. തളര്‍ന്നവശനായ അയാള്‍ കുറച്ചകലെയായി ഒരു വീടു കണ്ടു. അവിടം ലക്ഷ്യമാക്കി നടന്നു. വീടിനു മുന്നില്‍ എത്തി. ആരേയും കാണുന്നില്ല. കോളിംഗ് ബെല്‍ അടിച്ചു.
“കൊയി ഹേ..?”
വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നു. വെള്ളം കുടിക്കാതെ ഇനി ഒരു ചുവട് മുന്നോട്ട് നടക്കാനാവില്ലെന്ന് അയാള്‍ക്ക് തോന്നി. വരാന്തയിലേക്ക് കയറി വീണ്ടും വിളിച്ചു ചോദിച്ചു.
“ സുനോ, ഭായ്..അന്തര്‍ കൊയി ഹെ..?”
അയാള്‍ വാതിലില്‍ മുട്ടി. ഹാന്‍ഡില്‍ ഒന്നു തിരിച്ചപ്പോള്‍ വാതില്‍ തുറന്നു. അകത്തു നിന്നും പൂട്ടിയിട്ടില്ല. അതിന്നര്‍ത്ഥം ആരെങ്കിലും വീട്ടില്‍ ഉണ്ടാകുമെന്നു തന്നെയാണ് . എന്നാലും എന്താണ് വിളികേള്‍ക്കാത്തത്.? ഇനി ആരെങ്കിലും അടുക്കളയിലോ കുളിമുറിയിലോ ആയിരിക്കുമോ.? ഇങ്ങിനെ കയറിച്ചെന്നാല്‍
വീട്ടുകാര്‍ തന്നെ കണ്ട് ഭയക്കുമോ ? അയാള്‍ സംശയിച്ചു.
മടിച്ച് മടിച്ചാണെങ്കിലും സ്വീകരണ മുറിയിലേക്ക് കയറി.
“ഭയ്യാ.. … ദീദി..”
വിളികള്‍ക്കൊന്നും ഒരു മറുപടിയും ലഭിച്ചില്ല.
അപരിചിതനായ തന്നെ കണ്ട് ഭയന്ന് വീട്ടുകാർ ഒച്ചവെച്ചാല്‍ വെള്ളം കുടിക്കാൻ വന്നതാണെന്നും തന്റെ കാര്‍ കേടായി വഴിയിൽപ്പെട്ടു പോയതായും പറയാം. അയാള്‍ മനസ്സില്‍ ഉത്തരങ്ങള്‍ കണ്ടുവെച്ചു.
പാതിരാപ്പൂവിന്റെ മണം തേടിപ്പോയ തനിക്ക് മാലിന്യക്കൂമ്പാരങ്ങളുടെ അഴുകിയ മണമാണ് പുലര്‍ന്നപ്പോള്‍ ലഭിച്ചത്, ഓടിയ വാഹനത്തിന്റെ ഊര്‍ജ്ജത്തിന്റെ ഒരു
ഉറവിടം മോഷണം പോയി, ഒപ്പം, ചെലവിനുള്ള പണവും . വിടാതെ പിന്തുടരുന്ന ദുര്‍ഗന്ധം മാത്രമാണ് ഇപ്പോള്‍ കൂട്ടിനുള്ളത്. ദാഹജലം തേടി വന്ന വീട്ടിനുള്ളില്‍ പോലും സഹിക്കാനാവാത്ത ആ ദുര്‍ഗന്ധം പരന്നപോലെ … ഇതൊരു തോന്നല്‍ മാത്രമാണോ.. ? അയാള്‍ സംശയിച്ചു. എന്തൊരു അനിശ്ചിതത്വം. ഉദ്വേഗം. ഇതിനൊന്നും ഒരവസാനമില്ലേ..? അയാള്‍ പരിതപിച്ചു.
അടുക്കളവാതിലിനു സമീപം തീന്‍മേശയോട് ചേര്‍ന്ന് ഇറച്ചി മുറിക്കുന്ന ഒരു വലിയ കറിക്കത്തി അയാള്‍ കണ്ടു. പെട്ടെന്നാണ് താഴെ ശ്രദ്ധിച്ചത്. ചോരപ്പാടുകള്‍…
സമീപമായി ഒരു കറുത്ത ബാഗ്. വെള്ളം ചോദിക്കാന്‍ കയറിച്ചെന്ന വീട് കൊലക്കളമോ. ? ഇവിടെ നിന്നാല്‍ കൊലപാതകിയെന്ന് സംശയിക്കും. എത്രയും പെട്ടെന്ന് മടങ്ങണം. വെള്ളം വേണ്ടെന്ന് വെയ്ക്കാം. ജീവിതവും ജീവനുമാണ് വലുത്.
പക്ഷേ, ഈ കറുത്ത ബാഗ്…
പരിഭ്രമവും സംശയവും ആകാംക്ഷയും. ഇത് താന്‍ കഴിഞ്ഞ രാത്രി ചുമന്നു കൊണ്ടുപോയ… അതേ പോലൊരെണ്ണം.!
ആ കറുത്ത ബാഗ് തുറന്നു നോക്കാതെ ഇവിടെ നിന്ന് പോയാല്‍ ഒരിക്കലും തനിക്ക് മനസ്സമാധാനം കിട്ടില്ലെന്ന് അയാൾക്ക് തോന്നി . രണ്ടും കല്‍പിച്ച് ബാഗിന്റെ സിപ്പിലൂടെ വിരലോടിച്ചു. രണ്ടോ മൂന്നോ കണ്ണികള്‍ അകന്നപ്പോള്‍ തന്നെ രക്തക്കറ തെളിഞ്ഞുവന്നു. ക്ഷമനശിച്ച അയാള്‍ പെട്ടെന്ന് സിപ്പ് വലിച്ചൂരി. മുടിയിഴകള്‍ കൊണ്ട് മൂടി രക്തം വാര്‍ന്ന് കട്ടപിടിച്ച ഒരു സ്ത്രീയുടെ മുഖം.
അവന്തിക.. ! അയാളുടെ വായില്‍ നിന്ന് അറിയാതെ ഒരു അലര്‍ച്ച പുറത്തുവന്നു.
അയാളുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. വെള്ളത്തിന് വേണ്ടി ദാഹിച്ച തൊണ്ടയില്‍ ഒരു കിണര്‍ കുഴിക്കണമെന്നായിരുന്നു അയാള്‍ക്ക് തോന്നിയത്.
തല പിളര്‍ന്ന് രക്തം ഒഴുകി പടര്‍ന്ന് കണ്ണുകള്‍ പാതി തുറന്നിരുന്നു. തണുത്തുറഞ്ഞ അവളുടെ മുഖവും പാറിപ്പടര്‍ന്ന മുടിയും കടന്ന് അയാളുടെ കൈ താഴേക്ക്…
അരണ്ട വെളിച്ചത്തില്‍, ബാഗില്‍ നിന്നും വളയിട്ട ഒരു കൈ ഉയര്‍ന്നു വന്നു. വിരലുകൾക്കിടയിൽ ഒരു കടലാസ്സു തുണ്ട് ചുരുട്ടിക്കൂട്ടി പിടിച്ചിട്ടുണ്ട്. വിരലുകള്‍ അടര്‍ത്താന്‍ അയാള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മരക്കമ്പു പോലെ വിരലുകള്‍. കൊലപാതകം നടന്നിരിക്കുന്നത് ഈ കഴിഞ്ഞ രാത്രിയിലൊന്നുമല്ലെന്ന് ഉറപ്പ്.
വീണ്ടും വിരലടർത്താൻ ശ്രമം. മജ്ജ അഴുകിയ കൈയിൽ നിന്ന് വിരലറ്റു നിലത്തു വീണു. ഒപ്പം ചുരുണ്ട കടലാസു കഷ്ണവും. ചോര വറ്റിയ വിരലുകളില്‍ നിന്ന് ഏതോ കറുത്ത ദ്രാവകം പുറത്തു വന്നു . കറുത്ത മഷികൊണ്ട് അതില്‍ എഴുതിയിരിക്കുന്നത് അയാള്‍ വായിക്കാന്‍ ശ്രമിച്ചു. അഴുകിയ വിരലുകളില്‍ നിന്നും പുറത്തു വന്ന രക്തം കലർന്ന ആ ദ്രാവകം എഴുത്തിനെ മായ്ക്കാനുള്ള ശ്രമത്തിലാണ്.
” ഇവൾ അവന്തിക. എന്റെ കാമുകി. ഞങ്ങൾ ഒരുമിച്ച് ജീവിക്കുകയായിരുന്നു ഇത്രയും നാള്‍. എന്നാല്‍, പ്രണയത്തിന് പകരം ചതി സമ്മാനിച്ച അവള്‍ക്ക് എന്റെ കോടതി മരണ ശിക്ഷ വിധിച്ചിരിക്കുകയാണ്. അവളുടെ പരിഹാരമില്ലാത്ത പാപകർമ്മത്തിന് ഗംഗാമയ്യ മോചനമേകട്ടെ. അവളെ ഗംഗാതീരത്തെ മണി കർണ്ണികയിലെ ചുടലക്കടവിലേക്ക് യാത്രയാക്കുക…”
അക്ഷരങ്ങൾ അവ്യക്തമായി .. അതിലേക്ക് രാസമാറ്റം സംഭവിച്ച ജീവരക്തം ദുര്‍ഗന്ധമുള്ള ദ്രാവകത്തുള്ളികളായി ഇറ്റുവീണുകൊണ്ടേയിരുന്നു.
