ചില ജീവിതങ്ങൾ ഇങ്ങനെയൊക്കെയാണ്

കോലായയില്‍
റാന്തലിന്‍റെ
മങ്ങിയ വെട്ടത്തില്‍
ചാരുകസേരയില്‍
തളര്‍ന്നു കിടക്കുന്നു ഒരച്ഛന്‍

അകത്തെ കീറപ്പായയില്‍
കരിമ്പടം പുതച്ച്
നാമജപമെണ്ണി തീര്‍ക്കുന്നു
ഒരു മുത്തശ്ശി

അടുക്കളയില്‍ കരിപുരണ്ട്
പുകമണത്തു നില്‍ക്കുന്നു ഒരമ്മ

സ്വപ്നങ്ങള്‍ നെയ്തുകൂട്ടി
പൊട്ടിയകണ്ണാടിയിൽ
മുഖം നോക്കി
ചുമരുകളോട് ഒട്ടിച്ചേര്‍ന്നിരിക്കുന്നു
യൗവനം ഹോമിച്ച് ഓപ്പോള്‍

വക്കുപൊട്ടിയ കവടിപിഞ്ഞാണത്തില്‍
വറ്റുകള്‍ക്കായി പരതുന്നു
ആര്‍ത്തിപൂണ്ട അനവധി വിരലുകള്‍

ഓരോ കാഴ്ചകളും
ഹൃദയത്തെ കോറിവരച്ചപ്പോഴാണ്
സ്വപ്നങ്ങളെയൊക്കെ തുറുങ്കിലടച്ച്
ചങ്കിനകത്തെ വ്യസനം
അടക്കിനിര്‍ത്താന്‍ പാടുപ്പെട്ട്
പലപല നഗരങ്ങളില്‍ തെണ്ടിയലഞ്ഞത്

ഓട്ടപാച്ചിലില്‍
കടത്തിണ്ണകളില്‍
അമര്‍ന്നു കിടന്നതും
പൈപ്പുവെള്ളച്ചോട്ടില്‍
തൊണ്ടനനച്ചതും
എച്ചില്‍ കൊട്ടയില്‍ കൈയ്യിട്ട്
ചുണ്ടോടു ചേര്‍ത്തതും
പൊള്ളുംവെയിലിൽ അലഞ്ഞതും
ആരുമറിഞ്ഞില്ല

തെരുവിൽ നിന്നും
തെരുവുകളിലേയ്ക്കുള്ള
ഓട്ടത്തിലാണ്
വിശപ്പുമാറ്റാനായി
ആളുകൾ വലിച്ചെറിയുന്ന
കുപ്പികളും പ്ളാസ്റ്റിക്കും
പെറുക്കി
വിറ്റതും
അതൊരു കച്ചവടമാക്കിയതും

നാട്ടിൽ
തിരിച്ചെത്തിയപ്പോഴാണ്
അറിഞ്ഞത്
നാടുവിട്ടോടിയതിൻ്റെ
നാലാം ദിവസം
വിശപ്പിൻ്റെ മൂർച്ചയിൽ
യൗവനം വിലപേശി വിറ്റ്
ഓപ്പോൾ കഴുത്തിൽ
ഒരു ചരട് മുറുക്കിയെന്നും…

അതിനുശേഷം
മറ്റു മൂന്നു ജീവിതങ്ങളും
നിശബ്ദമായിയെന്നും…

പലതും നേടി
തിരിച്ചെത്തിയപ്പോൾ
വിലപ്പെട്ട പലതും
നഷ്ടപ്പെട്ടിരുന്നു

തൃശ്ശൂര്‍ ജില്ലയില്‍ മാപ്രാണത്ത് മാടായിക്കോണം സ്വദേശി. ജൂഡീഷ്യറി വകുപ്പില്‍ സീനിയര്‍ ക്ളാര്‍ക്കായി സേവനമനുഷ്ഠിക്കുന്നു. വിവിധ ആനുകാലികങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും നിരവധി കവിതകളും കഥകളും അച്ചടിച്ചു വന്നിട്ടുണ്ട് . 'യാത്രാമൊഴി', 'മഴനൂല്‍ക്കനവുകള്‍', 'സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍', 'ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍' എന്നീ കവിതാസമാഹാരങ്ങളും 'വളഞ്ഞരേഖകള്‍' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.