ചില ആക്രിച്ചിന്തകൾ

ആക്രി എന്ന വാക്ക് എപ്പോഴാവും നമ്മുടെ നിത്യജീവിതത്തിലേക്കു കടന്നുവന്നിട്ടുണ്ടാവുക? ഈ ആക്രി ചിന്ത ഉയർന്നുവന്നത് കഴിഞ്ഞ തവണത്തെ നാട്ടിൽ പോക്കിലാണ്. പഴയ പേപ്പർ, പൊട്ടിയ ബക്കറ്റ്, ചളുങ്ങിയ അലൂമിനിയപ്പാത്രം, പഴയ ഓട്ടുപാത്രം, പിച്ചളപ്പാത്രം, തുരുമ്പെടുത്ത സൈക്കിൾ എന്നു തുടങ്ങി കുപ്പി, പാട്ട എന്നിങ്ങനെ ആക്രിക്കാർക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ കുറവാണ്. അങ്ങനെ ജീവിതം ആധുനികമാകുന്നതനുസരിച്ച് നമ്മുടെ വീടും പരിസരവും പുറന്തള്ളുന്ന ആക്രികളും വർദ്ധിച്ചു വന്നു. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത് ആക്രിക്കച്ചവടം വെറും ‘ആക്രി ബിസിനസ്’ അല്ല എന്നും എന്തിനേയും ആക്രിയാക്കാൻ കെല്പുളളവർ ആണ് പുത്തൻ ആക്രിക്കച്ചവടക്കാരിൽ ചിലരെന്നുമാണ്. മാത്രവുമല്ല, ആക്രി എന്ന ബിസിനസ്, ചില മോഷ്ടാക്കളുടെ സബ് ബിസിനസുമാണത്രേ!

ഉദാഹരണത്തിന് ഒരു കാർമോഷ്ടാവിന് പുത്തൻ ടെക്നോളജികൾ വലിയ വെല്ലവിളിയാണ്. അപ്പോൾ പിന്നെ എളുപ്പവഴി ഒരു വാഹനം മോഷ്ടിച്ചാൽ എത്രയും വേഗം അത് പാർട്സ് ആക്കണം. ഇപ്പോൾ പഴയ എഞ്ചിൻ നമ്പർ ഉരുക്കി മാറ്റി, അവിടെ പുത്തൻ നമ്പർ അടിപ്പിച്ച്, അത് വെച്ച് ആർ സി ബുക്ക് വരെ സെറ്റാക്കുന്ന വിരുതന്മാർ വരെ ഉണ്ടത്രേ. ഭാഗ്യം ഇവരുടെ വിളനിലം കൂടുതലും അയൽ സംസ്ഥാനത്താണ്. ഇനി മറ്റു ചിലർ അല്പം കൂടി കടന്നു ചിന്തിക്കുന്നവരാണ്. അവർക്ക് പ്രിയം ട്രാൻസ്ഫോർമർ, 11 കെവി ഇലക്ട്രിക് ലൈൻ, നിർത്തിയിട്ട തീവണ്ടി എഞ്ചിൻ തുടങ്ങിയവയാണ്.

ഒരു ട്രാൻസ്ഫോർമറിൻ്റെ അടുത്തുകൂടി നടന്നു പോകാൻ പോലും നമ്മളൊന്നു മടിക്കും. അല്പം വിട്ട്, റോഡിലേക്ക് ഇറങ്ങിയാവും നമ്മൾ നടക്കുക. എത്രയായാലും ട്രാൻസ്ഫോർമറിനോട് നമുക്കൊരു ബഹുമാനമൊക്കെയുണ്ട്. കാരണം, അടിച്ചാൽ പിന്നെ ചിരിക്കാൻ നമ്മളുണ്ടാകില്ലല്ലോ. എന്നാൽ ഇപ്പോൾ വരുന്ന വാർത്ത അനുസരിച്ച്, അങ്ങ് ഉത്തർപ്രദേശിലെ കാൺപൂരിൽ നല്ല ആരോഗ്യത്തോടെ പ്രവർത്തിക്കുന്ന ട്രാൻസ്ഫോർമർ പോലും മോഷ്ടിച്ച് ആക്രിയാക്കി വിൽക്കുന്ന സൈക്കോ കള്ളന്മാരുണ്ടന്നാണ്. ആ കഥയുടെ രണ്ടാം ഭാഗം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കഥയിങ്ങനെ…

ഒരു കള്ളൻ, അയാൾക്ക് താത്പര്യം ട്രാൻസ്ഫോർമറുകളുടെ ഉള്ളിലെ ചെമ്പ് കമ്പിയോടാണ്. എങ്ങനെ എന്നൊന്നും ചോദിക്കരുത്, ആ വിദ്വാൻ ഒരു ട്രാൻസ്ഫോർമർ കട്ടു. പരാതി പോയി. പോലീസ് പ്രതിയെ പിടിച്ചു. പിന്നെന്തു പറ്റിയെന്നു കഥയിൽ വിവരണമില്ലെങ്കിലും, കഥാനായകന് വീണ്ടും ട്രാൻസ്ഫോർമർ കക്കാൻ പൂതിയായി. മൂന്നു പേരെക്കൂട്ടി അദ്ദേഹം പണിക്കിറങ്ങി. കൂടെക്കൂട്ടിയ ഒരാൾ അത്ര വിദഗ്ദ്ധനായിരുന്നില്ല ഇക്കാര്യത്തിൽ. അയാൾ മോഷണശ്രമത്തിനിടയിൽ ഷോക്കേറ്റു തെറിച്ചു വീണു. ഗുരുതരമായി പൊള്ളലേറ്റ സഹപ്രവർത്തകനെ മറ്റുള്ളവർ താങ്ങിയെടുത്ത് ഗംഗയിൽ ഒഴുക്കി. തെളിവുണ്ടാകാതിരിക്കാനാണ് ആ പണി ഒപ്പിച്ചത്! ഏതായാലും ചതിപറ്റിയ കൂട്ടുകാരൻ്റെ വീട്ടുകാർ പരാതി നൽകി. അതിനു ഫലമുണ്ടായി. കൂട്ടുകാരെ പോലീസ് ചോദ്യം ചെയ്തു. അവർ കാര്യങ്ങൾ തുറന്നു പറഞ്ഞു. അങ്ങനെ ട്രാൻസ്ഫോമറുകളും കളവുപോകും എന്ന ഉറപ്പുകൂടി പോലീസിനു കിട്ടിക്കാണും.

പറഞ്ഞു വന്നത് ആക്രി കച്ചവടത്തെക്കുറിച്ചാണല്ലോ. ഓരോ ദിവസവും റീസൈക്കിൾ ചെയ്യാൻ കഴിയുന്നതും അല്ലാത്തതുമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ വീടുകളിൽ ഉണ്ടാകുന്നുണ്ട്. പാൽക്കവർ, ജ്യൂസ് ബോട്ടിലുകൾ, ഗുളിക സ്ട്രിപ്പുകൾ എന്നിങ്ങനെ ചെറുതും വലുതുമായ അനേകം തരം മാലിന്യങ്ങൾക്കൊപ്പം ഇ-വേസ്റ്റുകളും പുതുതായി ധാരാളം ഉണ്ടാകുന്നു. ഇവ കൃത്യമായി വേർതിരിക്കപ്പെടുകയോ സംസ്കരിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇത്തരം സാഹചര്യത്തിൽ ആക്രി പെറുക്കാൻ വരുന്നവർ ചെയ്യുന്ന പ്രവൃത്തി ഏറെ സഹായകരമായതാണ്. പുനരുപയോഗ സാധ്യതയുള്ള എന്തും അവർ പുനരുപയോഗിക്കും. പ്ലാസ്റ്റിക് ബോട്ടിലികൾ, ഇരുമ്പ് എന്നിങ്ങനെ ഇ-വേസ്റ്റിലെ സ്വർണ്ണത്തിൻ്റെ അവസാന തരി വരെ തിരിച്ചെടുക്കാൻ കഴിയുന്നവർ ഉണ്ട്. അതിനിടയിലാണ് അല്പം കടന്ന ട്രാൻസ്ഫോർമർ കള്ളന്മാർ വരുന്നത്. ഉപേക്ഷിക്കപ്പെട്ട ഇരുമ്പുപാലം പൊളിച്ചു വിറ്റു കാശുണ്ടാക്കിയ കഥയും, നിർത്തിയിട്ട തീവണ്ടി എഞ്ചിൻ കടത്തിക്കൊണ്ടുപോയി പൊളിച്ചു പാർട്സ് ആക്കാൻ ശ്രമിച്ചവരും, വൈദ്യുതി വിതരണം നിലച്ച സമയത്ത് ലൈൻ കമ്പി മോഷ്ടിക്കാനിറങ്ങി വീരചരമം പ്രാപിച്ചവരും ഒക്കെ ആക്രി വ്യവസായത്തിൻ്റെ അനന്തസാധ്യതകൾ മുൻകൂട്ടി കണ്ടവരാണ്.

മനുഷ്യന്റെ ‘സ്പെയർപാട്ടുകൾ’ കിട്ടാൻ ഏറ്റവും ബുദ്ധിമുട്ടായ ഇന്നത്തെ സാഹചര്യത്തിൽ ‘പ്രയോജനമില്ലെന്ന്’ തോന്നുന്ന മനുഷ്യർ ആർക്കെങ്കിലുമൊക്കെ, വിലയുള്ള ഒരു ‘ആക്രി’ ആയി മാറില്ല എന്ന് നമുക്ക് പ്രത്യാശിക്കാം!

ഓർമ്മകളുടെ ജാലകം, അബ്സല്യൂട്ട് മാജിക്, പുരുഷാരവം (എഡിറ്റർ) എന്നീ കഥാസമാഹാരങ്ങളും മണൽനഗരത്തിലെ ഉപ്പളങ്ങൾ എന്ന ഓർമ്മകുറിപ്പും പ്രസിദ്ധീകരിച്ചു. ഓർമ്മ കഥാ പുരസ്കാരം, മെഹ്ഫിൽ ഇന്റർനാഷണൽ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ പുരസ്‌കാരം, കേസരി നായനാർ പുരസ്‌കാരം, അക്കാഫ് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.